പെണ്ണിടങ്ങളെക്കുറിച്ച് പറയാതെവയ്യ

റുക്‌സാന പി. No image

'മുസ്‌ലിം സമൂഹത്തില്‍ സ്ത്രീ പ്രശ്‌നം പോലെ സത്യവും അസത്യവും തെറ്റും ശരിയും കൂട്ടലും കുറക്കലും എല്ലാം കൂടിക്കുഴഞ്ഞ മറ്റൊരു പ്രശ്‌നമില്ല.' പ്രമുഖ പണ്ഡിതനായ യുസുഫുല്‍ ഖറദാവി ഒരു ചോദ്യകര്‍ത്താവിന് നല്‍കിയ മറുപടിയുടെ ആദ്യവരികളാണിത് ചില ഖതീബുമാരും മതപ്രസംഗകരും നിരന്തരമായി സ്ത്രീകളുമായി ബന്ധപ്പെട്ടു നടത്തുന്ന ചില പരാമര്‍ശങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ചോദ്യം. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെപ്പോലെ സ്ത്രീയെ ബഹുമാനിക്കുകയും അവളോട് നീതിപുലര്‍ത്തുകയും അവളെ സംരക്ഷിക്കുകയും ചെയ്യുന്ന മതമോ തത്വശാസ്ത്രമോ വേറെയില്ല. ദൗര്‍ഭാഗ്യവശാല്‍ മതത്തിന്റെ പേരുപറഞ്ഞുകൊണ്ടുതന്നെ ഇസ്‌ലാം പെണ്ണിന് നല്‍കിയ അവകാശങ്ങള്‍ മുസ്‌ലിം സ്ത്രീക്ക് നിഷേധിക്കപ്പെടുന്നു. സ്ത്രീ പരീക്ഷണമാണെന്നും തിന്മയാണെന്നും പാപത്തിനു പ്രേരിപ്പിക്കുന്നവളാണെന്നും സകല കുഴപ്പങ്ങള്‍ക്കും ഹേതു സ്ത്രീയാണെന്നും മറ്റുമുള്ള ഫത്‌വകള്‍ നിരന്തരമായി അവളുടെ നേര്‍ക്ക് തൊടുത്തുവിട്ടുകൊണ്ടേയിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളിലൊന്നായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് യുവപണ്ഡിതനായ സിംസാറുല്‍ഹഖ് നടത്തിയ പ്രഭാഷണം.

മുസ്‌ലിം സ്ത്രീകള്‍ ഇലക്ഷനില്‍ മത്സരിക്കുന്നത് ഹറാമാണെന്നും അത്തരത്തില്‍ തന്റെ സഹോദരിമാരെയോ, ഭാര്യമാരെയോ സ്ഥാനാര്‍ഥിയായി നിര്‍ത്തുന്ന പക്ഷം അവന്‍ ദയ്യൂസ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബഹുഭാര്യത്വവുമായും ശൈശവ വിവാഹവുമായും മുസ്‌ലിം പെണ്ണിന്റെ വിവാഹപ്രായവുമായി ബന്ധപ്പെട്ടും കേരളത്തില്‍ ചര്‍ച്ച നടന്നപ്പോള്‍, ഇസ്‌ലാമിന്റെ ഉജ്ജ്വല ആശയങ്ങള്‍ക്കും ആദര്‍ശത്തിനും കോട്ടം തട്ടുന്ന പല പ്രസ്താവനകളും ഇത്തരത്തില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

അനീതീയുടെയും ആട്ടിയകറ്റലിന്റെയും ആധിപത്യമനോഭാവത്തിന്റെയും അക്രമണത്തിന്റെയും അന്ധകാരമായ ജാഹിലിയ്യ കാലഘട്ടത്തില്‍നിന്നും ഇരുപത്തിമൂന്നു വര്‍ഷക്കാലത്തെ പ്രവാചക ജീവിതം നയിച്ചത് നീതിയുടെയും സത്യത്തിന്റെയും ഒരു വ്യവസ്ഥയിലേക്കാണ്. അതുകൊണ്ടുതന്നെയാണ് തന്റെ അനുചരന്‍ വേറെ സ്വഹാബിയെ കറുത്തവളുടെ മകനേ എന്നുവിളിച്ചപ്പോള്‍ കോപത്തോടെ പ്രവാചകന്‍ നിന്നിലിപ്പോഴും ജാഹിലിയ്യത്തിന്റെ അംശമുണ്ട് എന്ന് പറഞ്ഞത്. യഥാര്‍ഥത്തില്‍ ഈ അംശമാണ് ഇന്നും കേരളത്തിലെ മതപുരോഹിതന്മാരില്‍നിന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഇടക്കിടെ നേരിടേണ്ടിവരുന്നത്. സ്ത്രീയെ പുരുഷന്റെ അധികാരത്തിനു കീഴിലുള്ള അടിമയായി കാണുകയും അവള്‍ക്ക് അനന്തര സ്വത്ത് നിഷേധിക്കുകയും ഒരാള്‍ ഒരേ സമയം ഒന്‍പതോ പത്തോ ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിന്റെ അംശം പലരൂപത്തിലും ഭാവത്തിലും ഇന്നും മുസ്‌ലിം സമുദായത്തില്‍ നമുക്ക് കാണാം.

തന്റെ ഭര്‍ത്താവിന്റെ വിയോഗാനന്തരം ഭര്‍ത്താവിന്റെ പുത്രന്റെ വധുവാകേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥ (നിസാഅ്: 22), ഭര്‍ത്താവ് നീയെന്റെ ഉമ്മയുടെ മുതുക് പോലെയാണെന്ന് ഭാര്യയോട് പറയുന്ന പ്രതി വിവാഹബന്ധം മുറിക്കപ്പെടുന്ന രീതി (മുജാദല: 2), രണ്ടു സഹോദരിമാര്‍ ഒരു ഭര്‍ത്താവിനു കീഴില്‍ ഭാര്യമാരായി ജീവിക്കേണ്ടിവരുന്ന അവസ്ഥ (നിസാഅ്: 23), ഭര്‍ത്താവിന്റെ മരണാനന്തരം വിധവയായ സ്ത്രീയെ അനന്തരസ്വത്തായി പരിഗണിച്ച് ഭര്‍ത്താവിന്റെ സഹോദരന്മാരോ മറ്റ് അവകാശികളോ അധീനപ്പെടുത്തുന്ന രീതി (നിസാഅ്: 19) ഇത്തരത്തില്‍ ഇവിടെ എണ്ണപ്പെട്ടതും അല്ലാത്തതുമായി ജാഹിലിയ്യാ അനീതികള്‍ക്കെതിരെയാണ് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി ഇടപെട്ടത്.

ഏതൊരു വ്യക്തിയുടെയും ആത്മസമര്‍പ്പണത്തെയും ആദര്‍ശധീരതയെയും സര്‍വാത്മനാ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു ദീനുല്‍ ഇസ്‌ലാം. അതുകൊണ്ടാണ് പെണ്ണാണെന്ന മാറ്റിനിര്‍ത്തലുകളില്ലാതെ മറിയം ബീവിയുടെയും ഹാജറയുടെയും ആസിയയുടെയും ചരിത്രം അല്ലാഹുവിന്റെ വചനങ്ങളില്‍ ഇടംപിടിച്ചത്. ഇസ്‌ലാമിന്റെ ആദ്യരക്തസാക്ഷിയായ സുമയ്യ നെഞ്ചോട് ചേര്‍ത്തത് നീതിയിലധിഷ്ഠിതമായ ഇസ്‌ലാമിനെയാണ്. ആ പ്രത്യയശാസ്ത്രം നല്‍കിയ കരുത്താണ് കറുത്തവളായ അടിമയെ ക്രൂരമര്‍ദനങ്ങളും പരിഹാസങ്ങളും ജീവന്‍ വെടിയും വരെ സഹിക്കാന്‍ പ്രാപ്തയാക്കിയത്. സ്വേച്ഛാധിപതിയായ ഫിര്‍ഔനിന്റെ പത്‌നി ആസിയയുടെ സഹനവും അതില്‍നിന്നും ഉരുത്തിരിഞ്ഞ ''നാഥാ നിന്റെ സ്വര്‍ഗത്തില്‍ എനിക്ക് നീ ഒരു ഗേഹം പണിതു തരേണമേ'' എന്ന പ്രാര്‍ഥനയും കാലാതീതമാണ്. നിങ്ങള്‍ വീടകങ്ങളില്‍ അടങ്ങിയൊതുങ്ങി കഴിയുക എന്ന് പറയുന്നവര്‍ കണ്ണടക്കുന്നതും മറച്ചുവെക്കുന്നതും ഇത്തരം ചരിത്രങ്ങളെയാണ്.

പ്രവാചകലബ്ധിയുടെ ആദ്യനാളുകളില്‍ ആത്മസംഘര്‍ഷത്തിലകപ്പെട്ട പ്രവാചകന് സര്‍വ പിന്തുണയും നല്‍കിയത് നബിപത്‌നി ഖദീജായിരുന്നുവെന്ന് ഇസ്‌ലാമിക ചരിത്രം പഠിപ്പിക്കുന്നു. പിന്നീട് മക്കയില്‍നിന്ന് ഉപരോധം നേരിട്ട് ശിഅ്ബു അബീത്വാലിബില്‍ പ്രവാചകരും അനുയായികളും അഭയം തേടിയപ്പോള്‍ കച്ചവടക്കാരിയായ ഖദീജയുടെ സാമ്പത്തിക ഭദ്രതയാണ് അദ്ദേഹത്തിന് ആശ്വാസമേകിയത്. ഖുര്‍ആനിലും ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും കവിതയിലും നിപുണയായ അസാമാന്യ ബുദ്ധിശക്തിയുള്ളവള്‍ എന്ന് വിശേഷിപ്പിച്ച പ്രവാചകപത്‌നി ആയിശയും മുസ്‌ലിം സ്ത്രീകള്‍ക്ക് മാതൃകയാണ്. പ്രമുഖരായ സ്വഹാബികളെ അണിനിരത്തി ജമല്‍യുദ്ധത്തിന് നേതൃത്വം നല്‍കിയ അവര്‍ ഏത് ഘട്ടത്തിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുകയും ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളുംകൊണ്ട് അതിനെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ജമല്‍യുദ്ധാനന്തരം താന്‍ എടുത്ത നിലപാടിനെക്കുറിച്ച് അവര്‍ ആത്മവിശകലനം നടത്തി എന്ന് ചരിത്രം പറയുന്നുണ്ടെങ്കിലും പ്രവാചകന്‍ ക്രമാനുഗതമായി വളര്‍ത്തിയ ആയിശ എന്ന മഹതിയെ, അവരുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇസ്‌ലാം അനുശാസിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമേ ഒരു വിശ്വാസിക്ക് തന്റെ സാമൂഹ്യ ഇടപെടലുകളുമായി മുന്നോട്ടുപോവാന്‍ സാധിക്കുകയുള്ളൂ. വ്യക്തി, കുടുംബം എന്നതുപോലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഒരു വിശ്വാസിയുടെ ജീവീതവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമാണ്. ആണിനും പെണ്ണിനും ഒരുപോലെ ബാധകമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഇവ. ഇതിന്റെ ലംഘനങ്ങളെക്കുറിച്ച് പ്രപഞ്ചസൃഷ്ടാവ് കടുത്ത രീതിയില്‍ താക്കീതുനല്‍കുന്നത് ഇത്തരം മൂല്യങ്ങളുടെ ലംഘനങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്നില്‍വെച്ചുകൊണ്ടാണ്. ഈയര്‍ഥത്തിലുള്ള വിശാലമായ വായനകളാണ് ഇസ്‌ലാം സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത് എന്നിരിക്കെ സദാചാരം എന്ന സംജ്ഞയില്‍ മാത്രം മുസ്‌ലിം സ്ത്രീയെ വായനക്ക് വിധേയമാക്കുമ്പോഴാണ് ഇസ്‌ലാമേതര സംസ്‌കാരങ്ങളും സങ്കല്‍പങ്ങളും നമ്മുടെ വിധിതീര്‍പ്പുകളില്‍ പ്രതിഫലിക്കുന്നത്. അല്ലാഹു പറയുന്നു: ''പ്രവാചകന്മാരേ വിശ്വാസികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇത് അവര്‍ക്കുള്ള ഏറ്റവും പരിശുദ്ധമായ നടപടിയാകുന്നു. അവര്‍ പ്രവൃത്തിക്കുന്നതെന്തോ അത് അല്ലാഹു കണ്ടുകൊണ്ടിരിക്കും. വിശ്വാസിനികളോടു പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്.''

രോഗാതുരമായ ഹൃദയമുള്ള പുരുഷന്മാരുടെ രോഗത്തെ അധികരിപ്പിക്കുന്ന രീതിയിലുള്ള കൊഞ്ചിക്കുഴഞ്ഞ സംസാരത്തെ ഇസ്‌ലാം വിലക്കുന്നു. കാര്യങ്ങള്‍ ഗൗരവപൂര്‍വം വ്യക്തമായി പറയാനും ഇസ്‌ലാം കല്‍പിക്കുന്നു.

ഇസ്‌ലാമികമായ കുടുംബത്തെ കെട്ടിപ്പടുക്കുക എന്നത് മാതാപിതാക്കളുടെ ധര്‍മമാണ്. കുടുംബത്തിന്റെ ക്രിയാത്മകമായ വളര്‍ച്ചക്കും ആരോഗ്യപരമായ കുടുംബാന്തരീക്ഷത്തിനും വേണ്ടി പ്രയത്‌നിക്കേണ്ടുന്ന ബാധ്യത രണ്ടുകൂട്ടര്‍ക്കുമുണ്ട്. ഇത് സ്ത്രീ-പുരുഷപ്രകൃതമനുസരിച്ച് തീര്‍ത്തും വ്യത്യസ്തമാണുതാനും. കുറഞ്ഞത് നാലു വയസ്സിന് ശേഷം ഒരു കുഞ്ഞ് സമൂഹത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. അതിനുശേഷമുള്ള അവന്റെ വളര്‍ച്ചയും വികാസവും സമൂഹവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ സമൂഹത്തിന്റെ പുനനിര്‍മിതിയില്‍ ഒരു വിശ്വാസി തന്റെ പങ്ക് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളും, വിശ്വാസിനികളും പരസ്പരം സന്തതസഹചാരികളാണ്, അവര്‍ നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു'' (തൗബ: 71). സാമൂഹികവും സാംസ്‌കാരികവുമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഗതി അനുസരിച്ച് വ്യക്തികളില്‍ ഈ ബാധ്യതയുടെ ഭാരം ഏറിയും കുറഞ്ഞുമിരിക്കും. ഇങ്ങനെ തന്റെ ദൗത്യപൂര്‍ത്തീകരണത്തിന് ഇറങ്ങിത്തിരിച്ചവരുടെ പ്രതിഫലം അല്ലാഹു സ്ത്രീയാണെന്ന കാരണത്താല്‍ നഷ്ടപ്പെടുത്തുകയില്ല എന്ന് അല്ലാഹു പറയുന്നു. ''അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി. സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍ എനിക്കു വേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്ന് കുടിയിറക്കപ്പെടുകയും, മര്‍ദിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും, വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകലപാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നു'' (ആലുഇംറാന്‍: 195). ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്തത് ഇസ്‌ലാമിന്റെ നീതിയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയാണ്. നിങ്ങളെല്ലാവരും മനുഷ്യരാണെന്നും മനുഷ്യരെന്ന നിലയില്‍ എന്റെ ദൃഷ്ടിയില്‍ സമന്മാരാണെന്നും അല്ലാഹു അരുളുന്നു. സ്ത്രീ-പുരുഷന്‍, അടിമ-ഉടമ, കറുത്തവന്‍-വെളുത്തവന്‍, കുലീനന്‍- കുലഹീനന്‍ എന്നിത്യാദി വകഭേദങ്ങളുടെ പേരില്‍ നീതിയുടെ തത്വങ്ങള്‍ വ്യത്യസ്തമായിരിക്കുകയെന്ന സമ്പ്രദായം ലോകരക്ഷിതാവ് സ്വീകരിച്ചിട്ടില്ല.

പ്രാവചകപത്‌നിമാരിലോ മക്കളിലോ മാത്രം ഒതുങ്ങുന്നതല്ല ഇസ്‌ലാമികചരിത്രം. പ്രവാചകപത്‌നി ആയിശയുടെ സഹോദരിയും ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ധീഖ് (റ)ന്റെ മകളുമായ അസ്മാ ബിന്‍ത് അബീബക്‌റിനെക്കുറിച്ച് ചരിത്രം പറയുന്നുണ്ട്. ഇസ്‌ലാം അതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും അനുചരന്മാര്‍ക്കു പിറകേ പ്രവാചകനും അബൂബക്ര്‍ സിദ്ധീഖ്(റ)വും പുറപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ അബൂബക്ര്‍ തന്റെ മകളെയും മകനെയും ഏല്‍പിച്ചത് നിര്‍ണായക ദൗത്യമായിരുന്നു.

സഹോദരനെപ്പോലെതന്നെ തന്റെ ദൗത്യനിര്‍വഹണത്തില്‍ ബുദ്ധിയും കാര്യശേഷിയും പ്രകടിപ്പിച്ച അവര്‍ പ്രവാചകന്റെ പ്രശംസക്ക് പ്രാത്രമാവുകയും ചെയ്തു. നൂറാമത്തെ വയസ്സിലും ജരാനര ബാധിക്കാത്ത അവരുടെ ഈമാനും വിപ്ലവവീര്യവും പ്രകടിപ്പിക്കുന്ന ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. തീര്‍ത്തും അനിസ്‌ലാമിക സ്വോച്ഛാധിപത്യഭരണം കാഴ്ചവെച്ച ഹജ്ജാജുബ്‌നു യൂസുഫ് എന്ന ഭരണാധികാരിയുമായി അവര്‍ നടത്തിയ സംഭാഷണവും അദ്ദേഹത്തിനോട് യുദ്ധം ചെയ്യാന്‍ തന്റെ ഏക ആശ്രയമായ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ അയക്കുകയും ചെയ്തത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിക രാഷ്ട്രത്തിനു തുടക്കം കുറിക്കുകയും സത്യപ്രബോധനത്തിന്റെ ഗതിമാറ്റുകയും ചെയ്ത അഖബാ ഉടമ്പടിയില്‍ പങ്കാളിയായ ഉമ്മുഅമ്മാറ, മുസ്‌ലിം സ്ത്രീയുടെ സാമൂഹിക രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ഉത്തമോദാഹരണമാണ്. അര്‍ധരാത്രി രഹസ്യമായി അഖബ ഉടമ്പടിയില്‍ ഏര്‍പ്പെട്ട എഴുപത്തിമൂന്ന് പുരുഷന്മാരോടൊപ്പം ഉണ്ടായ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഉമ്മുഅമ്മാറയായിരുന്നു. പിന്നീട് തന്റെ കരാര്‍ പൂര്‍ത്തീകരണത്തിനായി ഉഹ്ദ് യുദ്ധത്തിന്റെ വേളയില്‍ പോര്‍ക്കളത്തിലേക്ക് നേരിട്ടിറങ്ങുകയും പ്രവാചകനെ പത്തോളം വരുന്ന സ്വഹാബിമാര്‍ക്കൊപ്പംനിന്ന് പൊരുതി സംരക്ഷിക്കുകയും ചെയ്തു അവര്‍. പതിമൂന്ന് മുറിവുകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ അവരോട് പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്: ''ഉമ്മു അമ്മാറ, നിനക്ക് കഴിയുന്നത് ആര്‍ക്ക് കഴിയും.''

ഇസ്‌ലാം ഇത്തരം ത്യാഗോജ്ജ്വലമായ മുസ്‌ലിം സ്ത്രീ ചരിത്രം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ ഇസ്‌ലാമിന്റെ പ്രൗഢഗംഭീരമായ ചരിത്രത്തെ സമൂഹത്തിലേക്ക് സത്യപ്രബോധനം ചെയ്യേണ്ടുന്നവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചില സംഭവങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുമ്പോള്‍ ഇസ്‌ലാമിനേല്‍ക്കുന്ന ആഘാതം ചെറുതല്ല. ഇസ്‌ലാമിന്റെ മൂല്യപ്രമാണങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുകയും സാമൂഹ്യ രാഷ്ട്രീയ തലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന അഭ്യസ്ത വിദ്യരായ മുസ്‌ലിം സ്ത്രീകള്‍ ഇന്ന് തങ്ങളുടെ ദൗത്യനിര്‍വവഹണത്തില്‍ കര്‍മനിരതരാണ്.

ക്രമസമാധാനം ഒഴികെ ഒരു പഞ്ചായത്തിനകത്തെ മുഴുവന്‍ ഭരണ നിര്‍വഹണത്തിന്റെയും കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ യാഥാര്‍ഥത്തില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജനസേവന പ്രവര്‍ത്തനത്തിന്റെ ഉത്തമ മേഖലയാണ്. കുടിവെള്ളം, ഭവനനിര്‍മാണം, ഗതാഗത സൗകര്യം, തൊഴില്‍ സംരംഭം, മാലിന്യ നിര്‍മാര്‍ജനം, വിദ്യഭ്യാസം, ഭക്ഷ്യോല്‍പാദനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ദേശജീവിതത്തെ രൂപപ്പെടുത്തുന്ന സര്‍വകാര്യങ്ങളിലേക്കുമാണ് ഒരു വിശ്വാസിനിയുടെ ഭാവനയെയും ഇടപെടലുകളെയും ക്രിയാത്മകതയെയും ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിക അധ്യാപനങ്ങള്‍ യഥാവിധി നെഞ്ചേറ്റുന്ന മുസ്‌ലിം സ്ത്രീകള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ ഹറാമാണോ ഹലാലാണോ എന്നതിനെ കുറിച്ചല്ല. മറിച്ച്, നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴക്കിക്കൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും അവരുടെ കഴിഞ്ഞകാല രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും അവതരിപ്പിക്കപ്പെട്ട  പ്രമേയങ്ങളെക്കുറിച്ചുമാണ്. ഇനിയും സാധ്യമായിട്ടില്ലാത്ത സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ് അവര്‍ സംവദിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top