ഒഴിവുകാലം കുട്ടികളുടെ ആഘോഷ കാലമാണ്. ആഘോഷത്തെ സമ്പന്നമാക്കുന്നതില്‍ പ്രധാനമാണ് ഒഴിവുകാല ക്യാമ്പുകള്‍
ഒഴിവുകാലം കുട്ടികളുടെ ആഘോഷ കാലമാണ്. ആഘോഷത്തെ സമ്പന്നമാക്കുന്നതില്‍ പ്രധാനമാണ് ഒഴിവുകാല ക്യാമ്പുകള്‍. എന്റെ മകനും മകളും വളര്‍ന്നുവന്ന സമയത്ത് വാര്‍ഷിക പരീക്ഷ കഴിയുന്നതോടെ അവര്‍ തന്നെ താല്‍പര്യപൂര്‍വം രണ്ട് ക്യാമ്പുകള്‍ക്ക് ചേര്‍ന്നിട്ടുണ്ടാവും. ഒന്ന് ചിത്രരചന ക്യാമ്പും മറ്റൊന്ന് കോഴിക്കോട് സിജിയിലെ ക്യാമ്പും. അവരുടെ വളര്‍ച്ചയില്‍ ഈ രണ്ടു ക്യാമ്പുകളും ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഓരോ ക്യാമ്പുകളും കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്.
പുതിയ കാലത്തിന്റെ മക്കള്‍ കൂടുതല്‍ സമയം അവരറിയാതെ മൊബൈലില്‍ ആണെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്നെ നമ്മുടെ മക്കള്‍ക്ക് വളര്‍ച്ചയുടെ ഘട്ടത്തില്‍ ലഭിക്കേണ്ട വൈവിധ്യമാര്‍ന്ന അനുഭവ സാഹചര്യങ്ങള്‍ നല്‍കുന്ന വിവിധ ക്യാമ്പുകള്‍ ഇന്ന് വളരെ പ്രസക്തമാന്നെന്ന് കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്. ബാല്യവും കൗമാരവും മനുഷ്യന്റെ വളര്‍ച്ചയില്‍ നിര്‍ണായക ഘട്ടമാണ്. ശാരീരികവും ബുദ്ധിപരവും വൈകാരികവും സാമൂഹികവും ആത്മീയവും ധാര്‍മികവുമായ വളര്‍ച്ച സംഭവിക്കുന്നതും പൂര്‍ണത പ്രാപിക്കുന്നതും ഈ ഘട്ടങ്ങളിലാണ്. ഈ വിവിധ ഘടകങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് വളരെ അനിവാര്യമായ ഒന്നാണ്.
ഓരോ ക്യാമ്പുകളും കൂടിച്ചേരലുകളും കുട്ടികളുടെ അനുഭവ ലോകം വലുതാക്കുന്നു. അനുഭവ ലോകം വലുതായാല്‍ അവര്‍ വലിയവരായി. ആ അനുഭവലോകം അവരുടെ ചിന്തയെ സ്വാധീനിക്കുന്നു. വളരെ പോസിറ്റീവ് ആയിട്ടുള്ള അനുഭവങ്ങളാണ് മക്കള്‍ക്ക് ലഭിക്കുന്നതെങ്കില്‍ ജീവിതത്തെ വളരെ സുന്ദരമായി നോക്കിക്കാണാന്‍ അവര്‍ക്ക് കഴിയും. അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് എങ്ങനെ വികാസത്തിന്റെ ഘടകങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന അനുഭവങ്ങള്‍ നമ്മുടെ മക്കള്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ്.
വ്യത്യസ്ത തരം ക്യാമ്പുകള്‍
ഓരോ ക്യാമ്പുകളും വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ നല്‍കുന്നതും ആ കുട്ടിയെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതിന് ഉതകുന്നതും ആയിരിക്കേണ്ടതുണ്ട്. കുട്ടിയുടെ ബുദ്ധിപരമായ ക്ഷമത ഐ.ക്യു (Intelligence Quotient), ബന്ധങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനുള്ള കഴിവ് വൈകാരിക ബുദ്ധി EQ (Emotional Quotient), ഒരു സാമൂഹിക ജീവി എന്ന നിലയില്‍ സമൂഹത്തില്‍ ഏറ്റവും നന്നായി പെരുമാറാനുള്ള കഴിവ് SQ (Social Quotient), ദൈവിക വീക്ഷണത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്താനും നോക്കി കാണാനുമുള്ള വ്യക്തിയുടെ ബുദ്ധി TQ (Transcendental Quotient) എന്നിവ വളര്‍ത്തുന്നതിന് വിവിധങ്ങളായ ക്യാമ്പുകള്‍ നടത്തപ്പെടുന്നു. ചില സഹവാസ ക്യാമ്പുകള്‍ ഏതെങ്കിലും ഒരു വിഷയത്തെയോ മേഖലയെയോ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നവയാണ്. അവയെ പഠന ക്യാമ്പുകള്‍ എന്ന് വിളിക്കാം. കൃഷി, ജൈവവൈവിധ്യം, വാനനിരീക്ഷണം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മതപഠനം എന്നീ വിഷയങ്ങളില്‍ നടത്തപ്പെടുന്ന ക്യാമ്പുകള്‍. ഇത്തരം ക്യാമ്പുകളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഒരുക്കാറുണ്ട്. ഏതെങ്കിലും ഒരു നൈപുണി വളര്‍ത്തുന്നതിന് പ്രായോഗിക പരിശീലനം ലക്ഷ്യം വച്ചുള്ളവയാണ് പരിശീലന ക്യാമ്പുകള്‍ (Training Camp). രചന, സംവിധാനം, മാര്‍ഷല്‍ ആര്‍ട്‌സ്, കൈതൊഴിലുകള്‍, ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്, റിപ്പയറിംഗ്, കലാപരിപാടികള്‍, സ്‌പോര്‍ട്‌സ്, ഗെയിംസ്, നിര്‍മാണങ്ങള്‍, എഡിറ്റിംഗ്, പ്രഥമ ശുശ്രൂഷ തുടങ്ങി വിവിധങ്ങളായ നൈപുണികള്‍ (Skills) വളര്‍ത്താന്‍ വിദഗ്ധരായ ആളുകളുടെ കീഴില്‍ പരിശീലനം നേടുന്ന ക്യാമ്പുകള്‍ ആണ് ഇവ.
സാമൂഹിക സേവനത്തിനായി ഒരു സ്ഥലത്ത് ഒത്തുചേര്‍ന്ന് ശുചീകരണം, വീട് നിര്‍മാണം, റിപ്പയറിങ്, ബോധവല്‍ക്കരണം, ദുരിതാശ്വാസം, മാലിന്യനിര്‍മാര്‍ജനം, മരം നടല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളാണ് സേവന ക്യാമ്പുകള്‍. പ്രകൃതി നിരീക്ഷണത്തിനും പഠനത്തിനുമായി പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. പ്രകൃതി പഠനം, നിരീക്ഷണം, ജൈവ നിരീക്ഷണം, മഴയറിവ്, കാടറിവ്, പുഴ അറിവ്, കടല്‍ അറിവ്, മലയറിവ്, മണ്ണറിവ് തുടങ്ങിയ പല നിരീക്ഷണങ്ങളും ഈ ക്യാമ്പിലൂടെ നേടാവുന്നതാണ്. ഇത്തരം ക്യാമ്പുകളില്‍ ഈ മേഖലയിലെ പ്രഗല്‍ഭരുമായി സംവദിക്കാനും ഇടപഴകാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു.
നക്ഷത്ര നിരീക്ഷണത്തിന് മാത്രമായി ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. രാത്രിയോ പകലോ ആകാശ നിരീക്ഷണത്തിനായി ഒരു പ്രത്യേക സ്ഥലത്ത് ടെലസ്‌കോപ്പുകള്‍ സംഘടിപ്പിച്ച നക്ഷത്ര നിരീക്ഷണത്തില്‍ പരിചയമുള്ള ഒരാളുടെ നേതൃത്വത്തില്‍ ആകാശ നിരീക്ഷണം നടത്തുന്ന ക്യാമ്പുകള്‍ വളരെ ഹൃദ്യമായ അനുഭവങ്ങളും പ്രപഞ്ച വീക്ഷണവും പ്രദാനം ചെയ്യുന്നു.
ആരാധനാമുറകള്‍, വിശ്വാസകാര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവ പഠിപ്പിക്കുന്നതിനായി മതപഠന ക്യാമ്പുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമായി സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്തങ്ങളായ ക്യാമ്പുകള്‍ക്ക് പുറമേ വ്യക്തിത്വ വികാസ-സാമൂഹിക വികാസ ക്യാമ്പുകളും വളരെ ഉപകാരപ്രദവും ആകര്‍ഷണീയവും ആണ്.
ക്യാമ്പുകളുടെ പ്രസക്തി
ഇന്നത്തെ കാലത്ത് ഓരോ ക്യാമ്പുകളും വളരെ പ്രസക്തമാണ്. സാമൂഹികജീവിയായി വളരാനുള്ള അന്തരീക്ഷം പുതു തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബത്തില്‍ എല്ലാ സൗകര്യങ്ങളും അനുഭവിച്ചാണ് ഇന്ന് കുട്ടികള്‍ വളരുന്നത്. അവര്‍ക്ക് ഒരിക്കലും കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കേണ്ടതായും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായും വരുന്നില്ല. എപ്പോഴും കംഫര്‍ട്ട് സോണില്‍ ആണുള്ളത്. ആ കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യണമെന്ന് ഒരിക്കല്‍ പോലും അവര്‍ക്ക് തോന്നുന്നേയില്ല, അതിനവര്‍ തയാറുമല്ല. ഇത്തരം കുട്ടികളെ സഹവാസ ക്യാമ്പുകള്‍ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരും സാമൂഹിക ജീവിയും ആക്കി മാറ്റുന്നു. അവരുടെ കംഫര്‍ട്ട് സോണ്‍ പൊട്ടിച്ച് പറക്കാനും അവരെ പ്രാപ്തരാക്കുന്നു.
രണ്ടാമത്തെ വെല്ലുവിളി, എല്ലാറ്റിനും പരിഹാരം തന്റെ കൈയിലുള്ള ഫോണിലുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു തലമുറ. ഈ കാലത്ത് ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അവരുടെ കാഴ്ചയെ സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നു. നാം ഒരു കാര്യം സെര്‍ച്ച് ചെയ്താല്‍ അതിനോടനുബന്ധിച്ച വീഡിയോകളും വാര്‍ത്തകളും ഷോര്‍ട്‌സും റീല്‍സും ആയിരിക്കും പിന്നീട് നിരന്തരമായി നമ്മുടെ ഫോണില്‍ വരിക. അതായത്, ചിന്തയും കാഴ്ചയും സാങ്കേതികവിദ്യയാല്‍ നിയന്ത്രിക്കപ്പെട്ട ഒരു തലമുറയെ യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരാനും ഈ പ്രകൃതിയെയും മനുഷ്യരെയും അനുഭവിക്കാനും, വ്യത്യസ്തങ്ങളായ ചിന്താധാരകളെയും സംസ്‌കാരത്തെയും ആചാരങ്ങളെയും മനസ്സിലാക്കാനും അംഗീകരിക്കാനും ക്യാമ്പുകള്‍ സഹായിക്കും.
മൂന്നാമത്തെ വെല്ലുവിളി, നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളെ സ്വാധീനിക്കുന്ന സ്വതന്ത്ര ലൈംഗികത, വാദങ്ങളാണ്. നാം ഒരു സാമൂഹിക ജീവിയാണ് എന്ന ബോധം പോലും മറന്നുകൊണ്ടുള്ള മൈ ബോഡി മൈ ചോയ്‌സ്, മൈ ഫ്രീഡം തുടങ്ങിയ അരാജക മുദ്രാവാക്യങ്ങള്‍ കുട്ടികള്‍ നിരന്തരമായി കാണുന്ന ഷോര്‍ട്‌സുകളിലൂടെയും വീഡിയോകളിലൂടെയും ഭീകരമായി സ്വാധീനിക്കപ്പെടുന്നു. ഇത് അവരെ കുത്തഴിഞ്ഞ, ഉത്തരവാദിത്വ ബോധമില്ലാത്ത ജീവിതത്തിലേക്കും തെറ്റായ പൗരബോധത്തിലേക്കും നയിക്കുന്നു. ഞാന്‍ ആരാണ്? എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്ത്? ഈ ജീവിതത്തിനു ശേഷം എന്ത്? ധാര്‍മിക ജീവിതത്തിന്റെ പ്രസക്തി എന്നിവയെ കുറിച്ചുള്ള ക്യാമ്പുകള്‍, പഠന സഹവാസങ്ങള്‍ വളരെ ഇന്ന് പ്രസക്തമായിട്ടുള്ളതാണ്.
നാലാമത്തെ വെല്ലുവിളി, ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാതെ പോകുന്ന ഒരു തലമുറ. തന്റെ സുഖം മാത്രം ചിന്തിക്കുകയും പങ്കുവെക്കലിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാത്ത കൂടി ചേരലുകള്‍ അവരുടെ സുഹൃത്തുക്കളില്‍ മാത്രമാവുകയും കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും മറന്ന പുതിയ കുട്ടികള്‍ പലപ്പോഴും ഇന്ന് വിവാഹം, കുടുംബം, പ്രസവം, കുട്ടികള്‍ എന്നിവയെല്ലാം വളരെ ഭയത്തോടു കൂടി സമീപിക്കുന്ന ഒരു കാഴ്ചപ്പാട് രൂപം കൊണ്ടിരിക്കുന്നു. മാത്രമല്ല താന്‍ ജീവിക്കുന്ന ഈ പ്രകൃതി, ഭൂമി, അന്തരീക്ഷം, പ്രപഞ്ചം, വിവിധങ്ങളായ ജീവജാലങ്ങള്‍ എന്നിവയെ കുറിച്ച് ശരിയായ ഒരു സമഗ്ര കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥയും ഭീകരമാണ്. അതുകൊണ്ടുതന്നെ ഇന്ന് വെക്കേഷനുകളില്‍ നടത്തപ്പെടുന്ന സഹവാസ ക്യാമ്പുകള്‍, പ്രകൃതി പഠന ക്യാമ്പുകള്‍, വ്യക്തിത്വ വികാസ ക്യാമ്പുകള്‍ വളരെ പ്രസക്തമാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
നമ്മുടെ കുട്ടിക്ക് വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍, സ്വഭാവ ഗുണങ്ങള്‍ എന്നിവയെ കുറിച്ച് നമുക്ക് നല്ല ധാരണ ഉണ്ടായിരിക്കണം. ഫുട്‌ബോള്‍ കളിയില്‍ താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ അവന്റെ ആ കഴിവ് വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ക്യാമ്പ് ആയിരിക്കണം അവന് നില്‍ക്കേണ്ടത്. കുട്ടിയെ അറിഞ്ഞ് ക്യാമ്പ് തെരഞ്ഞെടുക്കുക.
ജീവന്‍ രക്ഷ നൈപുണികള്‍ (life saving skills) അതായത് മാര്‍ഷല്‍ ആര്‍ട്‌സ്, നീന്തല്‍, ഡ്രൈവിങ്, ഫസ്റ്റ് എയ്ഡ്, സൈക്ലിങ്, എന്നിവയില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കിയിരിക്കണം.
ക്യാമ്പ് എങ്ങനെയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് നാം ശ്രദ്ധിക്കണം. ഒരു ക്യാമ്പിന്റെ സംഘാടനമാണ് പ്രധാനം. ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കുന്നത് അവിടെ നല്‍കപ്പെടുന്ന അറിവുകളെക്കാള്‍ ആ ക്യാമ്പ് എങ്ങനെയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്നതില്‍ നിന്നും ക്യാമ്പിന്റെ ജൈവിക അന്തരീക്ഷത്തില്‍ നിന്നും കിട്ടുന്ന അനൗപചാരിക അറിവുകളാണ്. ആ ക്യാമ്പില്‍ കുട്ടികള്‍ക്ക് എല്ലാം ഒരുക്കിക്കൊടുക്കുന്നതിനു പകരം ഓരോ കുട്ടിക്കും ഉത്തരവാദിത്വങ്ങള്‍ വീതിച്ചു നല്‍കിയിട്ടുണ്ടോ എന്ന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. അവനു കിട്ടുന്ന ആ ഉത്തരവാദിത്വങ്ങളാണ് അവനെ നല്ല വ്യക്തിത്വം ആക്കുന്നത്. ക്യാമ്പില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനുള്ള ഉത്തരവാദിത്വം അവള്‍ക്ക് നല്‍കപ്പെടുമ്പോള്‍ അതിലൂടെ വളരുന്ന സാമൂഹിക ബോധം വളരെ വലുതാണ്. ക്യാമ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടോ എന്നുള്ളതല്ല പ്രധാനം. ഉള്ള സൗകര്യത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാന്‍ നാം മറക്കരുത്.
ക്യാമ്പുകള്‍ ഡിജിറ്റല്‍ ഫാസ്റ്റിംഗിന്റെ ഇടങ്ങളായി മാറാന്‍ എപ്പോഴും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുന്നതാണ് ക്യാമ്പുകളില്‍ നല്ലത്.
ഓരോ ക്യാമ്പ് കഴിയുമ്പോഴും കുട്ടികളോട് അവയുടെ പോസിറ്റീവ്‌സിനെ കുറിച്ചും അവര്‍ നേടിയ കഴിവുകളെ സംബന്ധിച്ചും ധാരാളമായി സംസാരിക്കുന്നതാണ് ജീവിതത്തില്‍ ആ സഹവാസ ക്യാമ്പ് ഉപകാരപ്പെടാന്‍ ഏറ്റവും നല്ലത്.
ഫുട്‌ബോള്‍ പരിശീലനം, റോളര്‍ സ്‌കേറ്റിങ്, മാര്‍ഷല്‍ ആര്‍ട്‌സ്, ഗെയിംസുകള്‍, മ്യൂസിക് ഇന്‍സ്ട്രുമെന്റ്‌സ് പരിശീലനം തുടങ്ങി വ്യത്യസ്തങ്ങളായ ക്യാമ്പുകള്‍ നടത്തുന്നു. ഈ അവസരങ്ങള്‍ ഒരിക്കലും കുട്ടിക്ക് നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. പലപ്പോഴും നാം കുട്ടികളുടെ സര്‍തോമുഖമായ വികാസത്തിന് വേണ്ട ഒരു പ്രവര്‍ത്തനവും ചെയ്യുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ജീവിതത്തെ നിര്‍ഭയം ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയാതെ വരുന്നു. വ്യക്തിത്വ വികാസത്തിനും ജീവിതപാഠങ്ങള്‍, കഴിവുകള്‍, സഹവര്‍ത്തിത്വം, ടീം സ്പിരിറ്റ്, കരിയര്‍ അവബോധം, സാമൂഹിക ബോധം എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം സിജി സംഘടിപ്പിക്കുന്ന വേനല്‍ കാല ക്യാമ്പ് ഉത്സവം കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസര്‍കോട്, ഇടുക്കി എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു. ഈ ക്യാമ്പുകള്‍ കുട്ടികളുടെ ക്ലാസ് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.
എസ്.ഐ.ഒ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ്, ജി.ഐ.ഒ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി പ്രോ ടീനും പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി Higher meet ഉം സംഘടിപ്പിക്കുന്നു. ഈ ക്യാമ്പുകള്‍ കുട്ടികളുടെ സാമൂഹിക ബോധവും (SQ), ധാര്‍മിക-സദാചാര-ദൈവിക ബോധങ്ങളും ജീവിതത്തെ കുറിച്ച ശരിയായ ചിന്തയും (TQ) ഉം വളര്‍ത്താന്‍ വളരെ ഉപകാരപ്രദമാണ് എന്നത് അനുഭവ സാക്ഷ്യമാണ്.
മെയ് മാസത്തില്‍ മലര്‍വാടിയും ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ബാലോത്സവും ടീന്‍ എക്‌പോയും pre KG മുതല്‍ ഹൈസ്‌കൂള്‍ പ്രായത്തിലെ കുട്ടികള്‍ക്കും കുടുംബത്തിനും പങ്കെടുക്കാവുന്ന ഗ്രാമോത്സവമാണ് ഈ വര്‍ഷം. ടീന്‍ ഇന്ത്യയുടെ റബ്വ ക്യാമ്പ്, വാനനിരീക്ഷണ പ്രകൃതി പഠന, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഡിങ് ക്യാമ്പുകള്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഇവ കൂടാതെ വിവിധങ്ങളായ സര്‍ക്കാര്‍ എജന്‍സികളായ പ്ലാനിറ്റോറിയം, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് യൂത്ത് ഡെവലപ്‌മെന്റ് ഫോറം വയനാട്ടിലെ എം.എസ് സോമനാഥന്‍ ഫൗണ്ടേഷന്‍ അമ്പലവയലില്‍ സംഘടിപ്പിക്കുന്ന പ്രകൃതി പഠന ക്യാമ്പ്, വിവിധ നാടക കലാസമിതികളുടെ അഭിനയ കളരികള്‍ എന്നിവ വ്യത്യസ്തമായ അനുഭവങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.