(ആമിനുമ്മയുടെ ആത്മകഥ - 5)
ജനവാടിയില്‍ ആര് വന്നാലും അങ്ങനെയാണ്. ഒരിടത്തും ഇരിക്കാന്‍ തോന്നില്ല. ചുറ്റിക്കറങ്ങണം. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അലഞ്ഞു നടക്കണം. സുനിതയും മേരിയും കൂടെയുണ്ടെങ്കില്‍ ജോറായി. ഇടുങ്ങിയ തെരുവുകളിലൂടെയാണ് നടക്കേണ്ടത്. പക്ഷേ, ചരിത്രമുറങ്ങുന്ന മണ്ണാണ്. പടയോട്ടങ്ങളുടെ ഇരമ്പലുകള്‍ ആര്‍ക്കും കേള്‍ക്കാനാവും. പോര്‍ച്ചുഗീസുകാരുടെ കരവിരുതുള്ള കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടതാണ് തെരുവുകള്‍. നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള ശത്രുത മുതലെടുത്താണ് പോര്‍ച്ചുഗീസുകാര്‍ ഇവിടെ കാലുകുത്തിയത്. ആമിനുമ്മക്ക് പോര്‍ച്ചുഗീസുകാരോട് വെറുപ്പാണ്. അവരോട് മാത്രമല്ല, അവര്‍ക്ക് ശേഷം നാട്ടിലെത്തിയ എല്ലാ വെള്ളപ്പട്ടാളത്തോടും തീര്‍ത്താല്‍ തീരാത്ത അരിശം. സുനിത ഇടക്കിടക്ക് വെള്ളക്കാര്‍ പണിത കെട്ടിടങ്ങളെക്കുറിച്ച് പൊക്കിപ്പറയും.
പ്രത്യേകിച്ചും കപ്പല്‍ കടന്നുപോകുമ്പോള്‍ പകുതി പൊങ്ങുന്ന പാലത്തെക്കുറിച്ച് വാചാലമാകും. അതു കേള്‍ക്കുമ്പോള്‍ പക്ഷേ, ആമിനുമ്മ പൊട്ടിത്തെറിക്കും.
ങ്ഹാ... വെള്ളക്കാര് സുവറുകള് നാട്ടാരുടെ വേര്‍പ്പ് ചോരയാക്കി ഇണ്ടാക്കിയതാണതൊക്കെ. അറിയാവോ....അയ്‌ന്റെ കല്ലുമ്മല് കാത് ചേര്‍ത്ത് വെച്ച് നോക്ക്. കരച്ചില് കേക്കാം. കരച്ചില്... ആരദ്... ന്റേം നിന്റേം കാര്‍ന്നോമ്മാരുടെ.
ആമിനുമ്മയുടെ ഉപ്പ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മരക്കാന്മാരുടെ വംശാവലിയില്‍ പെട്ടവരാണ്. അതിപുരാതന കാലം മുതല്‍ക്കേ അറബികള്‍ക്ക് മലയാളനാടുമായി കച്ചവടബന്ധമുണ്ടായിരുന്നുവല്ലോ. അറബികള്‍ കോഴിക്കോടും കൊടുങ്ങല്ലൂരുമൊക്കെ വന്നുപോവുക പതിവായിരുന്നു. കടല്‍വഴികളെ സംബന്ധിച്ച് അറബികളോളം അറിവ് ആര്‍ക്കും അന്നുണ്ടായിരുന്നില്ല. അതുവഴി അവരുടെ കച്ചവടവും പൊടിപൊടിച്ചു. ഇതു പോര്‍ച്ചുഗീസുകാര്‍ക്ക് രസിച്ചിരുന്നില്ല. ചന്തകള്‍ കൈയടക്കാന്‍ അവര്‍ അറബികളെ ശത്രുപക്ഷത്ത് നിറുത്തി. അറബികള്‍ പക്ഷെ ആയുധം കൊണ്ടായിരുന്നില്ല മാന്യമായ പെരുമാറ്റം കൊണ്ടായിരുന്നു നാട്ടുകാരെ കൈയിലെടുത്തിരുന്നത്. പഴയ കാലത്ത് ജനവാടിയുടെ അടുത്ത പ്രദേശത്ത് ജനിച്ച ഒരു വീരന്‍ പോര്‍ച്ചുഗീസുകാരുടെ പടയോട്ടങ്ങള്‍ക്കെതിരെ പുസ്തകങ്ങള്‍ രചിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ പിതാവ് യമനില്‍ നിന്നും കുടിയേറിയ പരമ്പരയില്‍പ്പെട്ടവരായിരുന്നു. അവര്‍ പിന്നീട് പൊന്നാന്നിയിലേക്ക് യാത്രയായി. മഖ്ദൂം എന്ന പേരിലാണ് ആ മഹാന്‍ അറിയപ്പെട്ടിരുന്നത്. അറബ് നാടുകളില്‍ പോയി അദ്ദേഹം വിദ്യ അഭ്യസിച്ചിരുന്നു.
പറങ്കികളുടെ നായകനായ ഗാമക്ക് കപ്പലോട്ടം പോലെ തന്നെ യുദ്ധവും ലഹരിയായിരുന്നു. പിടിച്ചുപറിയും കൊള്ളയും കൊള്ളിവെപ്പും നിത്യവാര്‍ത്തകളായി. തീരദേശകച്ചവടം അക്കാലത്ത് മരക്കാന്മാര്‍ എന്നു വിളിക്കപ്പെടുന്ന മുസ്‌ലിംകളുടെ നേതൃത്വത്തിലായിരുന്നു. വാണിജ്യ മാര്‍ഗങ്ങള്‍ അറബികളുടെ കുത്തകയും. ഇതു ഗാമയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. ഗാമ പ്രതികാര നടപടികളാരംഭിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തല്‍, വിശുദ്ധ ഖുര്‍ആന്‍ കത്തിക്കല്‍, പണ്ഡിതന്മാരേയും തങ്ങന്മാരേയും ബന്ദികളാക്കല്‍, മതംമാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായി. കൂട്ടത്തില്‍ ഏറെ വേദനിപ്പിക്കുന്ന സംഭവമായിരുന്നു, ഹജ്ജ് കര്‍മം കഴിഞ്ഞു മടങ്ങിവന്ന ഒരു കപ്പല്‍ ഗാമ ആക്രമിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാനൂറോളം പേര്‍ കപ്പലിലുണ്ടായിരുന്നു. ചരക്കുകളും സ്വര്‍ണവും വേറെയും. സമ്പത്ത് മുഴുവനും മോചനദ്രവ്യം വേറെയും തരാമെന്ന് യാത്രികര്‍ ഗാമയോട് കെഞ്ചി. പക്ഷേ, ക്രൂരനായ അയാള്‍ സമ്പത്ത് കൊള്ളയടിച്ചു. യാത്രക്കാരെ ബന്ധനസ്ഥരാക്കി. കപ്പല്‍ കത്തിക്കുകയും ചെയ്തു. പറങ്കികളോട് വിരോധമുള്ള അരിക്കച്ചവടക്കാരായ കുറേ മരക്കന്മാര്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്നു. അവരും ഗാമയുടെ ക്രൂരതയുടെ ഇരകളായിരുന്നു. അവര്‍ പിന്നീട് താവളം പൊന്നാനിയിലേക്ക് മാറ്റി. ഉശിരുള്ള മരക്കാന്മാരെല്ലാവരും ചേര്‍ന്ന് ഒരു നാവികപ്പട രൂപീകരിച്ചു.
പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ മനംമടുത്ത സാമൂതിരി രാജാവ് ഈ നാവികപ്പടയുടെ സഹായം തേടി. പടത്തലവന് അദ്ദേഹം കുഞ്ഞാലി എന്ന പദവിയും നല്‍കി. ഇപ്രകാരം സാമൂതിരിയാല്‍ തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലി മരക്കാരുടെ ജന്മവും കൊച്ചി രാജ്യത്തായിരുന്നു. ഗാമ പക്ഷേ, പിന്നീട് അധികകാലം ജീവിച്ചില്ല. കൊച്ചി രാജ്യത്ത് വെച്ചു തന്നെ അയാളുടെ അന്ത്യം കണ്ടു. മരക്കാന്മാര്‍ ആ മരണം വലിയ ആഘോഷമാക്കിയിരുന്നു. കൊച്ചി രാജ്യത്ത് തന്നെയാണ് അയാളെ കുഴിച്ചിട്ടത്. എല്ലാ ദിവസവും മരക്കാന്മാര്‍ അവിടെ ചെന്ന് ഗാമയെ ചീത്ത പറയുമായിരുന്നു. ഇതു കണ്ടിട്ടാവണം പറങ്കികള്‍ പിന്നീട് ആ ശവകുടീരം തുരന്ന് അസ്ഥിപഞ്ജരങ്ങള്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയി. മരിച്ചിട്ടു പോലും അയാള്‍ക്ക് ഗതി കിട്ടാതിരുന്നത് ക്രൂരത കാരണമായിരുന്നുവെന്ന് ഉപ്പ പറയാറുള്ളത് ആമിനുമ്മ ഓര്‍ക്കുന്നു. കൊച്ചി രാജ്യത്തുള്ളവര്‍ക്ക് അന്ന് നിയമം എന്ന് പറഞ്ഞാല്‍ പറങ്കികളുണ്ടാക്കുന്നതായിരുന്നു. ആ പാരമ്പര്യം തന്നെയാണ് ഇപ്പോള്‍ ജനവാടിയിലുള്ളവര്‍ക്കും. നിയമത്തോട് അവര്‍ എന്നും കലഹിച്ചു ശീലിച്ചു.
അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ജനിച്ചത് പൊന്നാനിയിലായിരുന്നു. പ്രസിദ്ധമായ കുന്നേല്‍ തറവാട്ടില്‍. ശൈഖ് മഖ്ദൂം പൊന്നാനിയിലെത്തിയപ്പോള്‍ ആഥിത്യമരുളിയത് കുന്നേല്‍ കുടുംബക്കാരായിരുന്നു. പറങ്കികളെ മുട്ടുകുത്തിക്കുകയെന്നുള്ളത് ആ മഹാന്റെ ഏറ്റവും വലിയ മോഹമായിരുന്നു. അതിനായി അദ്ദേഹം പുസ്തകങ്ങളും പാട്ടുകളും രചിച്ചത് കുന്നേല്‍ വീട്ടുമുറ്റത്തുവെച്ചാണ്. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുക ശൈഖിന് ഏറെ ഇഷ്ടമാണ്. അതിനായി അദ്ദേഹം ആദ്യമായി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. ചെറിയ ഓല ഷെഡിലാണ് ആദ്യത്തെ ഓത്തുപള്ളിക്കൂടം പഠനമാരംഭിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നും കിതാബ് പഠിക്കാനായി വന്നെത്തിയ വിദ്യാര്‍ഥികള്‍ ശൈഖിന്റെ ശിഷ്യന്മാരായി. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കുന്നതാണ് മുസ്‌ലിയാര്‍ പട്ടം. ശൈഖില്‍ നിന്ന് ആദ്യമായി മുസ്‌ലിയാര്‍ പട്ടം സ്വീകരിച്ചതും കുന്നേല്‍ തറവാട്ടുകാരനാണ്. ശൈഖ് അവര്‍കളുടെ ശ്രദ്ധ പിന്നീട് ഒരു പള്ളി നിര്‍മിക്കുന്നതിലായിരുന്നു. കേരളത്തിലെ മക്കയായി ആ പള്ളി അറിയപ്പെടണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ആ പള്ളിയില്‍ വലിയ വിളക്ക് സ്ഥാപിച്ച് അതിന്റെ ചുറ്റുമിരുന്ന് ശിഷ്യന്മാര്‍ പഠിക്കാന്‍ തുടങ്ങി. വിളക്കത്തിരിക്കല്‍ എന്നാണ് ഈ ചടങ്ങ് അറിയപ്പെട്ടിരുന്നത്. ഇപ്രകാരം വിളക്കത്തിരുന്ന് പഠിച്ചാണ് കുന്നേല്‍ തറവാട്ടിലെ അബ്ദുറഹിമാനും മുസ്‌ലിയാരായത്. മുസ്‌ലിയാര്‍ പട്ടം ലഭിച്ചവരെ വിവിധ പള്ളികളിലേക്ക് നിയോഗിക്കുക പതിവായിരുന്നു. അങ്ങനെയാണ് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊച്ചി രാജ്യത്തെ ജുമാഅത്ത് പള്ളിയില്‍ നിയമിതനാവുന്നത്. ഭാര്യ ഫാത്തിമയോടൊപ്പം അദ്ദേഹം യാത്ര ചെയ്തു. കൊച്ചി രാജ്യത്തുവെച്ചാണ് ആമിന ജനിക്കുന്നത്.
അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ആദ്യം മറ്റൊരു കല്യാണം കഴിച്ചിരുന്നു. തിരൂരിലെ പ്രശസ്തമായ കക്കാടത്ത് തറവാട്ടില്‍ നിന്ന്. സുബൈദ ബീവിയെന്നായിരുന്നു അവരുടെ പേര്. ആമിനുമ്മക്ക് അവരെ കുറിച്ച് അധികമൊന്നും അറിയില്ല. പക്ഷേ, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ക്ക് അവരോട് പെരുത്ത് സ്‌നേഹമായിരുന്നു. അവരുടെ ഉപ്പ കക്കാട് പോക്കുട്ടിക്ക് പോലീസ് സൂപ്രണ്ട് ആമുവിന്റെ കാര്യസ്ഥനായി നിയമനം കിട്ടി. വെള്ളക്കാര്‍ക്കെതിരായ പോരാട്ടം തിരൂരില്‍ ശക്തിപ്പെടുന്ന കാലത്താണ് കാനോത്ത് നടക്കുന്നത്. മരുമകന്‍ വെള്ളക്കാരോട് വെറുപ്പുള്ളയാളാണെന്നു കണ്ട പോക്കുട്ടി അബ്ദുറഹിമാനെ ഉപദേശിച്ചു. തന്റെ മകളുടെ നല്ല ഭാവിക്ക് വെള്ളക്കാരോടൊപ്പം നിന്നാല്‍ ആമു സൂപ്രണ്ടിനോട് പറഞ്ഞ് പട്ടാളത്തില്‍ നല്ലൊരു ഉദ്യോഗം വാങ്ങിത്തരാമെന്ന് പോക്കുട്ടി വാഗ്ദാനവും നല്‍കി. എന്നാല്‍, ആമു സൂപ്രണ്ടിന്റെ നക്കാപ്പിച്ച തൊഴില്‍ ഒഴിവാക്കി വരാനായിരുന്നു മരുമകന്റെ ഉപദേശം. കക്കാട് തറവാട്ടില്‍ കാലുകുത്തരുതെന്ന് പോക്കുട്ടി അബ്ദുറഹിമാനെ വിലക്കി. സുബൈദ ബീവിയെ പൊന്നാനിയിലേക്ക് കൊണ്ടുപോകാന്‍ അബ്ദുറഹിമാന്‍ ശ്രമിച്ചു. പോലീസിനെ ഉപയോഗിച്ചു ആ ശ്രമം പോക്കുട്ടി തടയുകയും മകളെ തലാഖ് ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തനിക്ക് സുബൈദ ബീവിയോട് യാതൊരു സ്‌നേഹക്കുറവുമില്ലെന്നും താന്‍ തലാഖിനു മുന്‍കൈയെടുക്കില്ലെന്നും അബ്ദുറഹിമാന്‍ തറപ്പിച്ചു. ഒടുവില്‍ സുബൈദ ബീവിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ശരീഅത്ത് പ്രകാരം ഫസ്ഖ് നോട്ടീസ് അയപ്പിക്കുകയാണ് ചെയ്തത്. കരഞ്ഞുകൊണ്ടാണ് സുബൈദ ബീവി അബ്ദുറഹിമാനോട് യാത്ര പറഞ്ഞത്.
കൊച്ചി രാജ്യത്തെ പള്ളിയില്‍ ഇമാമായിരിക്കെ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചു ചരിത്രം സൃഷ്ടിച്ചു അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. നാട്ടില്‍ അത് വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അക്കാലം വരെ എല്ലാ ഉസ്താദുമാരും വെള്ളിയാഴ്ച ഖുതുബ ഓതുകയാണ് ചെയ്തിരുന്നത്. പഴയ കാലത്ത് എഴുതിവെച്ച അറബി കിത്താബുകള്‍ നോക്കി വായിക്കുകയായിരുന്നു പതിവ് രീതി. അബ്ദുറഹിമാന്‍ ഒരു ദിവസം മിമ്പറില്‍ കയറി മലയാളത്തില്‍ സംസാരിച്ചു. വെള്ളക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരം. പള്ളി കമ്മിറ്റി മൂപ്പന്‍ മഹല്ല് യോഗം വിളിച്ചുകൂട്ടി അബ്ദുറഹിമാന്‍ മുസ്‌ലിയാരെ പുറത്താക്കാന്‍ വിചാരണ ആരംഭിച്ചു.
എനിക്ക് അറബി അറിയാം. ഞാന്‍ അറബിയില്‍ സംസാരിക്കുകയും ചെയ്യാം. പക്ഷേ, കമ്മിറ്റി മൂപ്പന്‍ അന്ത്രാട്ടിയാജിയും അറബിയില്‍ സംസാരിക്കണം. അബ്ദുറഹിമാന്‍ പറഞ്ഞു.
പള്ളികമ്മിറ്റിയില്‍ ഒരാള്‍ക്കും അറബി അറിയില്ലായിരുന്നു. ചര്‍ച്ചയുടെ ഒടുവില്‍, വിശ്വാസികളെ പിണക്കാതിരിക്കാന്‍ മിമ്പറിന്റെ താഴെ നിന്ന് മലയാളത്തില്‍ സംസാരിക്കാമെന്നും തല്‍ക്കാലം അതിന് സമ്മതിക്കണമെന്നും കമ്മിറ്റി അബ്ദുറഹിമാന്‍ മുസ്‌ലിയാരോട് അപേക്ഷിച്ചു. ആ അപേക്ഷ മുസ്‌ലിയാര്‍ സ്വീകരിച്ചു. പിന്നീട് വിശ്വാസികള്‍ പാകപ്പെട്ടപ്പോള്‍ അദ്ദേഹം മലയാളവുമായി മിമ്പറിലേക്ക് കയറുകയും ചെയ്തു. പൊന്നാനിയിലുള്ളത് മാതിരി പള്ളിയില്‍ അദ്ദേഹം ഓത്തുപള്ളിക്കൂടം തുടങ്ങി. ഖുര്‍ആനും ഹദീസും ദീനീ കാര്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതോടൊപ്പം ഇംഗ്ലീഷും കണക്കും മെല്ലെ ഉള്‍പ്പെടുത്തി. വിശ്വാസി പ്രമാണിമാര്‍ അപ്പോഴും ഇളകിവശായി. എല്ലാ വിഷയങ്ങളും മക്കള്‍ പഠിക്കണമെന്നായിരുന്നു മുസ്‌ലിയാരുടെ പക്ഷം. പിന്നീട് ജനവാടിയില്‍ എല്ലാ മതക്കാരും താമസിച്ചു തുടങ്ങിയപ്പോള്‍ ഈ പഠനം അദ്ദേഹം ജനവാടിയിലെ വീട്ടുമുറ്റത്തേക്കു മാറ്റി. എല്ലാ മതവിഭാഗത്തില്‍പെട്ട മക്കള്‍ക്കും അദ്ദേഹത്തിന്റെ ശ്രദ്ധയാല്‍ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചു. പിന്നീട് ജനവാടിയുടെ അടുത്ത് പള്ളിക്കാര്‍ തന്നെ പാഠശാല സ്ഥാപിക്കുകയും ചെയ്തു.
ഗാന്ധിജിയോടും ഖിലാഫത്ത് പ്രസ്ഥാനത്തോടും സ്‌നേഹമായിരുന്നു അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ക്ക്. നാടിന്റെ സ്വാതന്ത്ര്യത്തിന് ഹിന്ദുക്കളും മുസ്‌ലിംകളും ഒരമ്മ പെറ്റ മക്കളെ പോലെ ഒന്നിച്ചു പൊരുതണമെന്നും അദ്ദേഹം വാദിച്ചു. ജനവാടിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാനുള്ള സാഹചര്യമൊരുക്കി. നാട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഹസ്രത്തിന്റെ ഒസ്യത്താണെന്ന് പറഞ്ഞു അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അതിനുവേണ്ടി കല്ലും മണ്ണും ചുമന്നു. ജനവാടി ഉല്‍സവത്തിനും അദ്ദേഹം എല്ലാവിധ സഹായവും നല്‍കി. മനുഷ്യനാണ് വലുത് എന്ന സന്ദേശം ജനവാടിക്കാരെ പഠിപ്പിച്ചു. കമ്യൂണിസ്റ്റുകാരെ അദ്ദേഹത്തിനു വല്ലാത്ത ഭയമായിരുന്നു. മതത്തില്‍ വിശ്വസിക്കാത്ത അന്ധവിശ്വാസികളെന്നാണ് മുസ്‌ലിയാര്‍ അവരെ വിളിച്ചിരുന്നത്. കൊച്ചി രാജ്യത്ത് അന്ന് ഇബ്രാഹിം മൂപ്പന്‍ എന്ന പ്രശസ്തനായ കമ്യൂണിസ്റ്റ് ഉണ്ടായിരുന്നു. പള്ളിയുടെ അടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. പക്ഷേ, പള്ളിയില്‍ അദ്ദേഹം കയറുമായിരുന്നില്ല. പള്ളിയുടെ ഭാഗത്തേക്ക് നോക്കുക പോലുമില്ല. മരിച്ചപ്പോള്‍ മാത്രമാണ് അയാളുടെ മൃതദേഹം പള്ളിയുടെ കോലായി കയറിയത്. നേതാവായതിനാല്‍ വലിയ ജനാവലി മയ്യത്ത് കാണാനെത്തിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ പള്ളിയുടെ മുറ്റത്ത് നിരന്നുനിന്നു. പള്ളി നിറയെ ആളുകള്‍ നമസ്‌കാരത്തിന് തയ്യാറായി മുസ്‌ലിയാരെ കാത്തുനിന്നു. മുസ്‌ലിയാര്‍ അന്നു പക്ഷേ, മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല. കുറേ നേരം കഴിഞ്ഞപ്പോള്‍ മക്കള്‍ അദ്ദേഹത്തിന്റെ കതകിനു മുട്ടി. അദ്ദേഹം വാതില്‍ തുറന്നു. മയ്യത്ത് നമസ്‌കാരത്തിനു ഇമാമാകണമെന്ന കാര്യം പറഞ്ഞപ്പോള്‍ മൃതദേഹം അറബിക്കടലില്‍ കൊണ്ടുപോയി കെട്ടിത്താത്താനായിരുന്നു മുസ്‌ലിയാര്‍ ആവശ്യപ്പെട്ടത്. അന്നദ്ദേഹം വളരെ സാഹസികമായാണ് പള്ളിയില്‍ നിന്നും രക്ഷപ്പെട്ടത്.
അബ്ദുറഹിമാന്‍ മുസ്‌ലിയാരെ പക്ഷേ, ആര്‍ക്കും അത്ര പെട്ടെന്നൊന്നും തൊടാനാകുമായിരുന്നില്ല. ജനഹൃദയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഉറുമ്പുകളെ പോലെ ജനവാടിയില്‍ അഭയം പ്രാപിച്ച കുടുംബങ്ങളുടെ അത്താണിയാണ് ആ മനുഷ്യന്‍. പുഴുക്കളെ പോലെ ജീവിച്ച അവര്‍ ഇന്ന് ഒരു കൂരയില്‍ അന്തിയുറങ്ങുന്നുണ്ടെങ്കില്‍ അതിനു കാരണക്കാരന്‍ ഈ മുസ്‌ലിയാരാണ്. അതുകൊണ്ടുതന്നെയാണ് അബ്ദുറഹിമാന്‍ ആരെയും കൂസാതെ നടുറോഡിലൂടെ നടക്കുന്നത്, ഒറ്റയാനായി.
(തുടരും)
വര: തമന്ന സിത്താര വാഹിദ്