ജീവിതത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ എപ്പോഴോ വേദനയുടെ, സ്നേഹത്തിന്റെ,
കരുതലിന്റെ, ആശ്വാസത്തിന്റെ, രോഷത്തിന്റെ... പാടുണ്ടാക്കി കടന്നുപോയ മുഖങ്ങള്‍
നിങ്ങളുടെ മനസ്സിലുണ്ടോ? എങ്കില്‍ ആരാമത്തിലേക്കയക്കൂ
'കൊയപ്പല്യ മ്മാ, സാരല്യ...... ഓഹ് നിക്കാന്‍ കയ്യിണ്ട്. കൊറച്ച് കയിഞ്ഞാല് സീറ്റ് കിട്ടും. ഇങ്ങള് പോയോ...
ഇറങ്ങൊന്നും വേണ്ട. എല്ലാത്തിലും ഇതെന്നാവും അവസ്ഥ. ഇന്ന് നല്ല തിരക്കുള്ള ദിവസല്ലേ... നിക്കാനൊക്കെ ഇഷ്ടം മാരി സ്ഥലം ണ്ട്...'
ഒരു മോള് അവളുടെ ഉമ്മയോട് ഫോണില്‍ സംസാരിക്കുകയാണ്. ഉമ്മ നല്ല ബേജാറിലാണ്. മകള്‍ ആവുമ്പോലെ ആശ്വസിപ്പിക്കുന്നുണ്ട്. സമയം വെളുപ്പിന് 4.30. തിരുവമ്പാടിയില്‍നിന്ന് പാലാക്ക് പോകുന്ന ബസ്സിലെ രംഗമാണ് മുകളില്‍ കണ്ടത്. തിരുവമ്പാടിയില്‍നിന്ന് അരീക്കോട് എത്തിയപ്പോഴേക്കും ബസ്സ് നിറഞ്ഞിരുന്നു. മൂന്നാലു ദിവസം അടുപ്പിച്ചു കിട്ടിയ ഒഴിവ് ദിവസം കുടുംബത്തോടൊപ്പം കൂടി തിരിച്ചു പോകുന്ന വിദ്യാര്‍ഥികളാണ് ബസ്സില്‍ തൊണ്ണൂറ് ശതമാനവും. മകളെ കോളേജിലാക്കാന്‍ അവള്‍ക്കൊപ്പം ഞാനും ഭര്‍ത്താവും മൂവാറ്റുപുഴക്ക് പോകാനാണ് ബസ്സില്‍ കയറിയത്.
കാല് കുത്താന്‍ ഇടമില്ല. സ്റ്റെപ്പില്‍ പോലും ആളുകള്‍ തിങ്ങിനില്ക്കുന്നു. പുത്തലം കഴിഞ്ഞതില്‍ പിന്നെ ബസ് ഒരു സ്റ്റോപ്പിലും നിര്‍ത്തിയിട്ടില്ല.
സ്റ്റോപ്പില്‍നിന്ന് ബസ്സ് എടുത്തത് മുതല്‍ പറഞ്ഞുവിടാന്‍ വന്ന രക്ഷിതാക്കള്‍ കുട്ടികളെ വിളിക്കുന്നുണ്ട്. അവരുടെ കണ്ണും കരളുമാണല്ലോ ഈ വാഹനത്തില്‍ തനിച്ചയക്കുന്നത്. എന്റെ തൊട്ടടുത്ത് നിന്ന കുട്ടിയുടെ സംഭാഷണമാണ് മുകളില്‍ എഴുതിയത്.
എന്തൊരു കരുതലാണ്. ഉമ്മ പേടിക്കരുത്, വേദനിക്കരുത്. തന്റെ ബുദ്ധിമുട്ടോ പ്രയാസമോ അവരെ അറിയിക്കാതിരിക്കാന്‍ വളരെ കൂള്‍ ആയിട്ടാണ് അവള് സംസാരിക്കുന്നത്.
ഇഷ്ടം പോലെ സ്ഥലമുണ്ട് എന്ന് പറഞ്ഞിടത്ത് കമ്പിയില്‍ പിടിച്ച രണ്ട് കൈ താഴ്ത്തി ഇടാന്‍ പോലും സ്ഥലമില്ല. മൂക്കൊന്ന് ചൊറിഞ്ഞാല്‍ മാന്താന്‍ കൂടി കൈ പൊന്തിക്കാന് പറ്റാത്ത തിരക്ക്.
എനിക്കും അവള്‍ക്കും ഇടയില്‍ നിലത്ത് ഒരു ബാഗുണ്ട്. 'മോളേ ഇത് ബര്തിലേക്ക് വെച്ചാലോ' എന്ന് ചോദിച്ചപ്പോള്‍ 'അയില് ലാപ്ണ്ട്' എന്ന് പറഞ്ഞു.
പുതിയ കാലത്തെ കുട്ടികള്‍ക്ക് സ്നേഹമില്ല, ബഹുമാനമില്ല. നമ്മുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും അവര്‍ക്ക് അറിയില്ല, വരവ് അറിഞ്ഞു ചെലവഴിക്കില്ല, മാതാപിതാക്കളോട് ആദരവില്ല. സ്വന്തം കാര്യം നോക്കുന്നു. എന്തെല്ലാം പരാതികളാണ് നമ്മള് എന്നും കേള്‍ക്കാറുള്ളത്, പറയാറുള്ളത്.
നമുക്ക് അവരോടുള്ള സ്നേഹവും വാത്സല്യവും കരുതലുമൊക്കെ അവര്‍ക്ക് നമ്മോടുമുണ്ട്. പക്ഷേ, നമ്മള് കൊടുക്കുന്നത് അതേ അളവില്‍ അവര്‍ക്ക് കിട്ടുന്നുണ്ട് എന്ന് അവര്‍ക്കും ബോധ്യപ്പെടണം. അതിന് അവരുടെ കണ്ണാകണം, ചെവിയാകണം. എങ്കില്‍ നമ്മള് പൊള്ളും മുമ്പ് ആ ചൂട് അവരറിയും, വിയര്‍ക്കുമ്പോള്‍ വിശറിയാകും.
യഥാര്‍ഥത്തില്‍ നമ്മള് എപ്പോഴെങ്കിലും അവരെ അറിയാന്‍ ശ്രമിക്കാറുണ്ടോ?
അവരെ കേള്‍ക്കാറുണ്ടോ?
അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? ആഗ്രഹങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ടോ? സ്വപ്നങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?
നമുക്കെപ്പോഴും പരാതിയാണ്. പരിഭവങ്ങളാണ്. നമ്മുടെ ഇംഗിതത്തിനു വിഭിന്നമായി അവര്‍ എന്തെങ്കിലും ഒരു തീരുമാനമെടുത്താല്‍ കരച്ചിലായി, പറച്ചിലായി, ശപിക്കലായി... 'ഉമ്മാനേം വാപ്പാനേം ധിക്കരിച്ച് ജി അന്റെ വഴിക്ക് പോ.... കുരുത്തം കിട്ടൂലെടാ...'
ഉമ്മാന്റെ ശാപം ഏഴ് ആകാശവും കടന്ന് ചെല്ലുമെന്ന് അറിയാത്തവരാണോ നമ്മള്. ബൂമറാങ്ങു പോലെ ആ വാക്കുകള്‍ തിരിച്ചുപതിക്കുമെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?
പകരം കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കുകയും ശേഷം റബ്ബില്‍ തവക്കുല്‍ ചെയ്യുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണെങ്കിലോ?
ഈയിടെ വീട്ടില്‍ 'അത്ര സുഖത്തില്‍' അല്ലായിരുന്ന മകളുമായി സംസാരിക്കാമോ എന്ന് ഒരു പേരന്റ് വിളിച്ചു ചോദിച്ചു. എപ്പോഴും റൂമിനകത്ത് കതകടച്ച് ഫോണില്‍ നോക്കി ഇരിപ്പാണ്. അവളുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ പറഞ്ഞത് ഉപ്പാനെ എങ്ങനേം സഹിക്കാം, ഉമ്മച്ചി ഭയങ്കര ചൊറിച്ചില്‍ ആണെന്ന്. ഉമ്മച്ചിന്റെ മുന്നില്‍ പെട്ടാല്‍ പിന്നെ നിര്‍ത്താതെ കുറ്റം പറച്ചിലാണ്. അതില്‍നിന്ന് രക്ഷപ്പെടാന്‍ ആണ് കതക് അടച്ച് ഇരിക്കുന്നത്. അവള് പറഞ്ഞത് പൂര്‍ണമായി എടുക്കേണ്ട. പക്ഷേ, തീയില്ലാതെ പുകയില്ലെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയണം.
ഒരിക്കല്‍ ഒരു കോളേജിലെ പ്രോഗ്രാം കഴിഞ്ഞു മടങ്ങവെ കുട്ടികളോട് സംസാരിച്ചപ്പോള്‍ ഒരാണ്‍കുട്ടി പറഞ്ഞത് ഉപ്പാനോട് സംസാരിച്ചിട്ട് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞുകാണുമെന്ന്. ഉപ്പാനോട് പറയാന്‍ പറ്റിയ വിഷയങ്ങള്‍ ഒന്നുമില്ലെന്ന് അവന് ചിരിച്ചുകൊണ്ട് പറഞ്ഞൊഴിഞ്ഞു. അടുത്തിടെ ഗള്‍ഫിലുള്ള സുഹൃത്ത് അയാളുടെ അനുഭവം പങ്കുവെച്ചു. സഹമുറിയന് പനി പിടിച്ചു കിടപ്പാണ്. അവന്റെ അച്ഛന് നാട്ടില്‍നിന്ന് നിരന്തരം വിളിക്കുന്നു, വിവരം അന്വേഷിക്കുന്നു, ഭക്ഷണം കഴിപ്പിക്കുന്നു, മരുന്ന് നിര്‍ബന്ധിച്ചു കുടിപ്പിക്കുന്നു.
'എടോ, ഞാനെന്റെ പിന്‍കാലം ഓര്‍ത്തുപോയി. പഠനം കഴിഞ്ഞു ജോലി ഇല്ലാതെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴൊക്കെ തിന്ന് കുരുവാക്കാന് ഒരു ജന്മമെന്ന് അച്ഛനെന്നെ എത്ര ആക്ഷേപിച്ചിട്ടുണ്ടെന്നോ?'
അത് പറയുമ്പോഴേക്കും അവന് കരഞ്ഞുപോയിരുന്നു.
അച്ഛന് കൊണ്ട വെയിലും അമ്മയുടെ ഗര്‍ഭ ഭാരവും തൂക്കി കുട്ടികളെ നമ്മള് വില കുറച്ചു കാണാറുണ്ട്. കാലിന്റെ അടിയിലെ സ്വര്‍ഗം പറഞ്ഞു നിരന്തരം പേടിപ്പിക്കാറുണ്ട്. ഓര്‍ത്തുനോക്കണം ഉപ്പ കൊണ്ട വെയില് മകന് / മകള്‍ക്ക് തണുപ്പായോ എന്ന്, തപ്പി നോക്കണം ഇടക്കിടക്ക് കാല് കീഴില്‍ സ്വര്‍ഗം തന്നെയാണോ ഉള്ളതെന്ന്.
തിങ്ങി നിറഞ്ഞ ആളുകളുമായി ബസ്സ് ഓടുകയാണ്.
ഇടയില്‍ ആരെങ്കിലും ഇറങ്ങിയാല്‍ ഇരിക്കാം എന്നൊരു പ്രതീക്ഷയേ വേണ്ട. ആരെങ്കിലും ഇറങ്ങണമെങ്കില്‍ ഇനി തൃശൂര്‍ എത്തണം. അതിന് തന്നെ മൂന്നര മണിക്കൂര്‍ ദൂരമുണ്ട്. കിട്ടിയ ഇടങ്ങളില്‍ എല്ലാവരും നിന്നും ഇരുന്നും ഉറങ്ങുന്നുണ്ട്. ഞാന്‍ എന്റെ മകളെ തിരഞ്ഞു. മുന്നിലെ കമ്പിയില്‍ ചാരി അവളും ഉറങ്ങുകയാണ്. കൂടെ കയറിയില്ലെങ്കില്‍ ഞാനും ഇത് അറിയാന്‍ പോകുന്നില്ല. സീറ്റ് കിട്ടിയെന്നും സുഖമായി എത്തിയെന്നും അവളും എന്നോട് കള്ളം പറയും എന്ന് എനിക്കുറപ്പുണ്ട്. എന്റെ ഇരുകണ്ണുകളും നിറഞ്ഞൊഴുകി.
ഇതെഴുതുമ്പോഴും അവളുടെ ശബ്ദം ചെവിയില്‍ പതിക്കുന്നുണ്ട്,
'ഉപ്പച്ചീനോട് പറയ് പ്രശ്നം ഒന്നുല്ല്യന്ന്. ഇങ്ങള് സമാധാനത്തില്‍ പോയ്കോളീ.... ഞാന്‍ എത്തീട്ട് വിളിക്കണ്ട്.'