ഇബ്‌നു ഉബയ്യിന് ഒന്നും പിടികിട്ടുന്നില്ല

നജീബ് കീലാനി
മെയ് 2024

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....25)

ആ സംഭവം നടന്നതിന് ശേഷം അബ്ദുല്ലാഹിബ്‌നു ഉബയ്യ് അധികവും കിടപ്പില്‍ തന്നെയാണ്. ഖൈബറിലെ 'വീഴ്ച' അയാള്‍ക്ക് മറക്കാനാവുന്നില്ല. അന്നു മുതല്‍ അയാളുടെ കാഴ്ചയില്‍ ലോകം ഇരുട്ട് മൂടിയാണിരിക്കുന്നത്. ഉടല്‍ വിറക്കുന്നുണ്ട്. ആ നടുക്കുന്ന സംഭവം ഓര്‍മയിലേക്ക് വരുമ്പോള്‍ ബുദ്ധി തകരാറിലായിപ്പോകുന്നു. ഓരോ സംഭവത്തിന്റെ ഉള്‍പ്പൊരുളുകളെക്കുറിച്ച്, അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആരും അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ പഠിപ്പിക്കേണ്ടതില്ല. എല്ലാം അയാള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഖൈബറില്‍ ജൂതന്മാര്‍ക്കുണ്ടായ തോല്‍വി ഒട്ടും നിസ്സാരമായി കാണേണ്ട ഒന്നല്ല. ഒരുപാട് അര്‍ഥങ്ങളുണ്ട് ആ തോല്‍വിക്ക്. ഖൈബറിലെ വീഴ്ച ജൂതന്മാരുടെ ഒടുവിലത്തെ വീഴ്ചയാണ്. അവര്‍ തന്റെ കൂട്ടാളികളാണ്. മുഹമ്മദിന്റെ ശത്രുക്കള്‍ നേടുന്ന വിജയങ്ങളാണ് തന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുക. ഇവിടെ വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പ്രതീക്ഷകളാകെ തകിടം മറിഞ്ഞിരിക്കുന്നു. ഖുറൈശികള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.

ഇതൊന്നും താങ്ങാനുള്ള മാനസിക ശേഷി ഇപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന് ഇല്ല. ആരോഗ്യവും നന്നെ ക്ഷയിച്ചിരിക്കുന്നു. ചുടുകട്ടയിലിരിക്കുംപോലെ അയാള്‍ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്നു. വല്ല വാര്‍ത്തയുമുണ്ടോ എന്നറിയാന്‍ എല്ലാ ദിവസവും അയാള്‍ മദീനയുടെ പുറത്തേക്ക് ഏന്തിവലിഞ്ഞ് നടക്കും. കണ്ണുകള്‍ കലങ്ങിയിരിക്കും. ആ നോട്ടത്തിലെ പരിഹാസത്തിന് മാത്രം ഒരു കുറവുമില്ല. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളുമായി കിരീടം നഷ്ടപ്പെട്ട രാജാവിനെപ്പോലെ ആ ദുര്‍ബല ശരീരം നടന്നുനീങ്ങുകയാണ്. അതിനിടക്ക് എന്തെല്ലാം കുത്തുവാക്കുകള്‍ കേള്‍ക്കണം!

'മൂപ്പരിപ്പോഴും കിരീടവും ചെങ്കോലും സ്വപ്നം കണ്ടുകൊണ്ടാണ് നടപ്പ്.'
'ദേ, പോകുന്നു, മുസ്ലിംകളുടെ തലയില്‍ ഇടിത്തീ വീഴണേ എന്ന് കൊതിക്കുന്ന കപടന്മാരുടെ നേതാവ്.'
കുത്തുവാക്കുകള്‍ എത്ര കേട്ടാലും ചിലപ്പോള്‍ അയാള്‍ ഒന്നും മിണ്ടില്ല. ഒന്നും കേട്ടില്ല എന്ന മട്ടില്‍ നടക്കും. ചിലപ്പോള്‍ അവര്‍ക്കെതിരെ കുരച്ചു ചാടും. അവരെ വിഡ്ഢികളെന്നും മണ്ടന്മാരെന്നും തെറിവിളിക്കും. ''ബുദ്ധിയില്ലാത്തവരേ, നിങ്ങള്‍ തത്തകളാണ്. ഒരക്ഷരവും മനസ്സിലാക്കാതെ കേട്ടത് ഏറ്റുചൊല്ലുന്നവര്‍. നിങ്ങള്‍ അബദ്ധത്തില്‍ ചാടാതെ രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാനിങ്ങനെ ചിന്തിച്ച് കൂട്ടുന്നത്. അതെക്കുറിച്ച് നിങ്ങള്‍ക്കുണ്ടോ വല്ല വിചാരവും! പോരാത്തതിന് എന്നെ ചീത്തവിളിക്കുകയും ചെയ്യുന്നു.''
ഒരു വൈകുന്നേരം വളരെ നിരാശനും ദുഃഖിതനുമായി അയാള്‍ വീട്ടിലേക്ക് മടങ്ങുകയാണ്. ശരീരത്തിന്റെ വിറ കൂടിയിട്ടുണ്ട്. ശ്വാസവും നേരെ ചൊവ്വെ കിട്ടുന്നില്ല. അയാള്‍ നിന്ന് കിതക്കുന്നത് കണ്ട് ഭാര്യ ഓടി അടുത്തേക്ക് ചെന്നു:
''അറിഞ്ഞില്ലേ ഇബ്‌നു ഉബയ്യ്, ഖൈബറില്‍ നാം ജയിച്ചു.''

തളര്‍ന്ന ശരീരവുമായി അയാള്‍ വീട്ടിന്റെ തിണ്ണയില്‍ കിടന്നു. വലതുകൈ നെഞ്ചോട് ചേര്‍ത്തു വെച്ചു. സംസാരിക്കുമ്പോള്‍ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

''വല്ലാത്ത എരിപൊരി. ശ്വാസം കിട്ടുന്നില്ല. നെഞ്ചില്‍ ഒരു പിടിത്തം പോലെ. ഇതെന്റെ ഒടുക്കമാണെന്ന് തോന്നുന്നു.''
അവള്‍ അയാളോട് ചേര്‍ന്നുനിന്നു. അവള്‍ ദുഃഖിതയായിരുന്നു. വിയര്‍പ്പ് വറ്റിയ അയാളുടെ നെറ്റിത്തടത്തില്‍ തലോടി. അയാളുടെ തുറിച്ച കണ്ണുകളിലേക്കും വിളറിയ കവിളിലേക്കും തുറന്നുപോയ വായിലേക്കും അവള്‍ നോക്കി.
''അബ്ദുല്ലാ, എന്താണ് നിങ്ങള്‍ക്ക് പറ്റിയത്?''
''വാരിയെല്ലുകള്‍ക്കിടയിലൂടെ ഒരു അദൃശ്യ കൈ നീണ്ടു വന്ന് എന്റെ ആത്മാവിനെ ഞെരിക്കുന്നു.''
''മനസ്സിലായില്ല.''
''എനിക്കും മനസ്സിലായില്ല. പെട്ടെന്ന് അങ്ങനെ സംഭവിച്ചു.''
''എല്ലാറ്റിനും ഒരു കാരണം വേണമല്ലോ.''
''എന്റെ ദുരിതവും നിരാശയുമാകാം, മറ്റൊരു കാരണവും കാണുന്നില്ല... നീയല്‍പം വെള്ളമെടുക്ക്.''
വെള്ളമെടുക്കാനായി അവള്‍ അകത്തേക്ക് പോയി. ഇബ്‌നു ഉബയ്യ് പിറുപിറുത്തുകൊണ്ടിരുന്നു. ''ഈ മുഹമ്മദ് ശരിക്കും എന്നെ കൊന്നു. അയാള്‍ എന്റെ മുഖത്തിന് നേരെ വാള്‍ വീശിയിട്ടില്ല. ഒരു അമ്പും എനിക്ക് നേരെ തൊടുത്തിട്ടില്ല. അയാള്‍ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കില്‍ നന്നായേനെ. എങ്കില്‍ ഈ ദുരിതമൊന്നും അനുഭവിക്കേണ്ടി വരുമായിരുന്നില്ല. ഞാനെന്ത് പറഞ്ഞാലും മൂപ്പര്‍ ഗൗരവത്തിലെടുക്കില്ല. പിന്നെ എന്നോടുള്ള കാരുണ്യ പ്രകടനമാണ്. എന്ത് ചെയ്താലും ഒക്കെ മാപ്പാക്കും... മൂപ്പരുടെ ആ മാപ്പാക്കല്‍ വാളിനെക്കാളും തീയെക്കാളും കഠിന കഠോരം. ഞാനെന്ത് പറഞ്ഞാലും മുഖവിലക്കെടുക്കില്ല. അത് കൊച്ചാക്കലല്ലേ, ആ കൊച്ചാക്കല്‍ മരണത്തിന് സമാനമല്ലേ? മൂപ്പര്‍ പറയുന്നതൊക്കെ ശരിയും ഞാന്‍ പറയുന്നതൊക്കെ തെറ്റുമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍പരം മുസ്വീബത്ത് എന്തുണ്ട്! ഇനിയെന്തിന് ഞാന്‍ ജീവിക്കണം! മുഹമ്മദ് ഓരോരോ വിജയങ്ങള്‍ നേടുന്നതും അയാളുടെ ശത്രുക്കള്‍ ഈച്ചകളെപ്പോലെ വീണടിയുന്നതും കണ്ടുകൊണ്ടിരിക്കണമോ? എന്തൊരു ദുരിതം! നേരത്തെ മരിച്ചിരുന്നെങ്കില്‍ അതൊരു മാന്യമായ മരണമാകുമായിരുന്നു. ആത്മാവിന് ശാന്തി കിട്ടുമായിരുന്നു.

തറവാടിത്തവും കുലമഹിമയും നിശ്ചയദാര്‍ഢ്യവും തന്ത്രജ്ഞതയുമുള്ള പ്രതാപികളായ കാരണവന്മാരൊക്കെ കടന്നുപോയി. അവരുടെ ഭരണവും തകര്‍ന്നു. അത്ഭുതങ്ങളുമായാണ് മുഹമ്മദിന്റെ വരവ്. അതിനെക്കാള്‍ അത്ഭുതകരമാണ് മൂപ്പര്‍ കൊണ്ടുവന്ന ധാര്‍മിക കാര്യങ്ങള്‍. അതില്‍ പറയുന്ന കാര്യങ്ങളിലൊക്കെ അവര്‍ക്ക് എന്തു മാതിരി വിശ്വാസമാണ്! ഇങ്ങനെയുണ്ടോ മനുഷ്യന്മാര്‍! ഒടുവില്‍ അതും സംഭവിച്ചു. ഖൈബറിന്റെ വീഴ്ച. അറേബ്യയിലെ മികച്ച ശക്തിയാണ് ഇല്ലാതായിരിക്കുന്നത്. അവരുടെ കോട്ടകളും മുതലുകളും വാളുകളും ഇനി മുഹമ്മദിന് സ്വന്തം. ഖുറൈശികള്‍ 'ഹുദൈബിയ സന്ധി'യില്‍ മയങ്ങിക്കിടപ്പാണ്. മക്കക്കും ശാമിനുമിടയിലുള്ള കച്ചവടയാത്രകള്‍ പ്രശ്‌നമാകാതിരുന്നാല്‍ മതി അവര്‍ക്ക്. ഈ ഉറക്കം തുടരാനാണ് ഭാവമെങ്കില്‍ അത് ഖുറൈശികളുടെയും അന്ത്യമായിരിക്കും.''
''ഇതാ, വെള്ളം.''

ഭാര്യയാണ്. അയാള്‍ വെള്ളം കുടിച്ചു. ദുഃഖം അമര്‍ത്തിപ്പിടിക്കാനായി തലയാട്ടിക്കൊണ്ടിരുന്നു. ഒരു പഴയ ഈത്തപ്പനത്തടിയില്‍ അയാള്‍ തലചായ്ച്ച് കാര്‍മേഘം മൂടിയ ആകാശം നോക്കിക്കിടന്നു.
''ആളുകള്‍ ഇത്ര പെട്ടെന്ന് മരിക്കുമോ?''
''നിങ്ങളെന്തിനാണ് ഇപ്പോള്‍ മരണത്തെപ്പറ്റി ചിന്തിക്കുന്നത്?'' ഭാര്യ ചോദിച്ചു. ''വിധിയെത്തിയാല്‍ മരിക്കും. ആര്‍ക്കും രക്ഷപ്പെടാനാവില്ല.''
''അതെ, അത് സത്യമാണ്. കയ്പുള്ള സത്യം. ഈ ദുന്‍യാവിലെ മുഴുവന്‍ സത്യങ്ങളെയും ഞാന്‍ സംശയിച്ച് തുടങ്ങിയിരിക്കുന്നു.''
''ഇത് നിങ്ങളുടെ വേദന കൂട്ടുകയേയുള്ളൂ.''
''പെണ്ണേ, സംഭവിക്കുന്നതിനൊന്നും ഒരു ന്യായവും എനിക്ക് കാണാന്‍ കഴിയുന്നില്ല. ജീവിത കാര്യങ്ങളെ ചലിപ്പിക്കുന്ന യുക്തി എന്താണ്? ഇയാള്‍ പെട്ടെന്ന് മരിക്കുന്നു. മറ്റെയാള്‍ ദീര്‍ഘകാലം ജീവിക്കുന്നു. അംറ് ജയിക്കുന്നു, സൈദ് തോല്‍ക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ട്? ഇങ്ങനെ ആയിരക്കണക്കിന് ചോദ്യചിഹ്നങ്ങള്‍ എന്റെ തലയില്‍വന്ന് ഇടിക്കുകയാണ്, ഹൃദയത്തെ ഞെരിക്കുകയാണ്.''
ഭാര്യക്ക് ശാന്തമായ ഉത്തരമുണ്ട്.

''അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍. അവന്റെ ചെയ്തിയെക്കുറിച്ച് ചോദ്യമില്ല. നമ്മുടെ ചെയ്തികളെക്കുറിച്ച് ചോദ്യം ചെയ്യലുമുണ്ട്.''
''ഇതൊക്കെ മന്ദബുദ്ധികളുടെ വ്യാഖ്യാനമാണ്.''
''സത്യം പറയുമ്പോള്‍ നിങ്ങള്‍ക്കത് പിടിക്കുന്നില്ല.''
അയാള്‍ ഒച്ചയിട്ടു.
''മണ്ടീ, ഉഹുദില്‍ തോറ്റല്ലോ. എന്താ കാരണം?''
''അത്....''
പരിഹാസത്തോടെ അയാള്‍ ഇടയില്‍ കയറി:
''അങ്ങേരപ്പോള്‍ സത്യപാതയില്‍ തന്നെ ആയിരുന്നില്ലേ?''
''എന്തൊക്കെയാണ് അബ്ദുല്ലാ പറയുന്നത്. ഇതൊക്കെ സത്യനിഷേധമല്ലേ?''
''ചോദിക്കാതിരിക്കാന്‍ പറ്റില്ല. എനിക്ക് സത്യമറിയണം.''
''മുഹമ്മദ് എപ്പോഴും സത്യത്തിലാണ്.''
''ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും?''
''അതെ. ഇസ്ലാമിനെ ആദര്‍ശമായി സ്വീകരിച്ചവര്‍ ഇങ്ങനെയൊന്നും സംസാരിച്ചുകൂടാത്തതാണ്. നിങ്ങള്‍ മുസ്ലിമാണ്. പലതിലും നിങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്. അത് സത്യനിഷേധത്തില്‍ കൊണ്ടെത്തിക്കരുത്.''
അയാള്‍ നിരാശയോടെ മുറുമുറുത്തു.
''എനിക്ക് നിന്റെ ഈമാന്‍ കിട്ടിയിരുന്നെങ്കില്‍.''
''നിങ്ങള്‍ സകലതും തള്ളുകയാണ്. കാരണമെന്താണെന്ന് അറിയുമോ? പഴയ എടുപ്പിന്റെ അടിത്തറയിലാണ് നിങ്ങള്‍ പുതിയ ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്.''
അയാള്‍ മുരണ്ടു.

''എനിക്ക് പുതിയ ജീവിതമൊന്നുമില്ല. ഞാന്‍ പഴയ ആള്‍ തന്നെ. മാറാന്‍ പോകുന്നില്ല. ദൈവവിശ്വാസം പുതിയ കാര്യമൊന്നുമല്ലല്ലോ. ഉത്തരങ്ങള്‍ എന്നെ തൃപ്തിപ്പെടുത്തണം. അപ്പോഴേ മനസ്സ് ശാന്തമാവൂ.''
''ഒരു ശരിയുത്തരവും നിങ്ങളെ തൃപ്തിപ്പെടുത്താന്‍ പോകുന്നില്ല. പ്രശ്‌നം ചോദ്യോത്തരങ്ങളിലല്ല.''
പിന്നെ അയാളുടെ നെഞ്ചിന് നേരെ ചൂണ്ടി.
''പ്രശ്‌നം നിങ്ങളുടെ ഹൃദയത്തിനാണ്.''
''എന്റെ പ്രശ്‌നം നിങ്ങള്‍ രണ്ട് പേരും കൂടിയാണ്. നീയും എന്റെ മകന്‍ അബ്ദുല്ലയും. ആളുകള്‍ എന്നെ പരിഹാസത്തോടെ നോക്കുന്നു. താന്‍ വിശ്വസിക്കുന്നത് ഭാര്യയെയും മകനെയും വരെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല എന്നല്ലേ ആളുകള്‍ കരുതുക.''
''ഇക്കാര്യത്തില്‍ അടുപ്പത്തിനോ കുടുംബബന്ധത്തിനോ ഒരു വിലയുമില്ല.''
''നീ തത്ത്വജ്ഞാനം പറയുന്നു. മനസ്സിലാവുന്ന തരത്തില്‍ പറയൂ.''
''അകലെയുള്ളവര്‍ മുഹമ്മദില്‍ വിശ്വസിച്ചു; അടുത്തുള്ളവര്‍ അവിശ്വസിച്ചു. ബുദ്ധിയും ഹൃദയവും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് നോക്കുന്നത്.''
അബ്ദുല്ലാഹിബ്‌നു ഉബയ്യ് വീണ്ടും അസ്വസ്ഥനായി.
''വാരിയെല്ലുകള്‍ക്കിടയിലൂടെ അദൃശ്യമായ ഒരു കൈ നീണ്ടുവരുന്നു, എന്റെ ആത്മാവിനെ ഞെരിക്കുന്നു. ശ്വാസമെടുക്കാന്‍ കഴിയുന്നില്ല. കുറച്ചധികം വായു വേണ്ടി വരും എനിക്ക്.''
''നിങ്ങള്‍ അധികം സംസാരിക്കുന്നു. പ്രയാസം കൂടുന്നത് അതുകൊണ്ടാണ്.''
*** *** ***
ഇബ്‌നു ഉബയ്യ് കിടക്ക വിട്ട് എണീക്കാറില്ല. അയാള്‍ കൂടുതല്‍ ക്ഷീണിച്ചു. മനസ്സിലെ വ്യഥകളും കൂടി. ഒറ്റക്കാവുമ്പോള്‍ അയാള്‍ക്ക് ചിന്തിക്കാതിരിക്കാനാവുന്നില്ല. ചിന്തകള്‍ അയാളെ മക്കയിലേക്ക് കൊണ്ടുപോകും. അവര്‍ പടയൊരുക്കം നടത്തുമോ? അതോ ആ ശപിക്കപ്പെട്ട സന്ധിക്ക് കീഴൊതുങ്ങുമോ? യുദ്ധത്തീ അണഞ്ഞു സകലിടത്തും സമാധാനം വന്നിറങ്ങിപ്പോയോ? സമാധാനമുണ്ടായിക്കഴിഞ്ഞാല്‍ മുഹമ്മദിന് അടിക്കടി വിജയമായിരിക്കും. യുദ്ധത്തിന് വീണ്ടും തിരികൊളുത്തിയേ പറ്റൂ. ഖുറൈശികള്‍ കൊളുത്തിയില്ലെങ്കില്‍ മുഹമ്മദ് കൊളുത്തട്ടെ.
പക്ഷേ, മരണം ഇങ്ങടുത്തെത്തിക്കഴിഞ്ഞല്ലോ. വിജയദിനം കാണാന്‍ ഞാനുണ്ടാവുമോ? ഖൈബര്‍ വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ശ്വാസംമുട്ടാണ്. കിനാനയുടെ ഭാര്യ, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഹുയയ്യുബ്‌നു അഖ്തബിന്റെ മകള്‍ സ്വഫിയ്യ മുഹമ്മദിനൊപ്പമാണ് എന്നറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങി. ഇനിയുമെന്തൊക്കെ അനുഭവിക്കണം!
ഇബ്‌നു ഉബയ്യിന് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കണമെന്നും പതിവുപോലെ അങ്ങാടിയിലൂടെ കറങ്ങണമെന്നും പള്ളിയില്‍ പോകണമെന്നുമുണ്ട്. പക്ഷേ, കഴിയുന്നില്ല. ഉമ്മറപ്പടി എത്തുമ്പോഴേക്കും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങും. ശ്വാസഗതി തകരാറിലാവും. കിടന്നിടത്ത് കിടക്കുകയേ നിവൃത്തിയുള്ളൂ.
ഹുദൈബിയ സന്ധിപ്രകാരം മുസ്ലിംകള്‍ മക്കയില്‍ വിശുദ്ധ ഗേഹം സന്ദര്‍ശിക്കാന്‍ പുറപ്പെടുകയാണെന്ന് കേട്ടപ്പോള്‍ മുതല്‍ അയാള്‍ വലിയ ഉദ്വേഗത്തിലായി. തലയില്‍ പലപല ചിന്തകള്‍ വന്നുനിറഞ്ഞു. വിവിധ സാധ്യതകള്‍ മനസ്സിന്റെ തട്ടിലിട്ട് തുലനം ചെയ്തുനോക്കി. ദീനം പിടിച്ച ഹൃദയമാണെങ്കിലും പ്രതീക്ഷകള്‍ പറ്റെ കരിഞ്ഞു പോയിട്ടില്ല... മക്കയിലേക്ക് പോകുന്ന ദിവസം പുറത്ത് വലിയ ശബ്ദാരവങ്ങള്‍ കേട്ടു. വീട്ടിലെ കിളിവാതിലിലൂടെ ഇബ്‌നു ഉബയ്യ് തെരുവിലേക്ക് എത്തിനോക്കി. മുസ്ലിംകളില്‍ വലിയൊരു വിഭാഗം യാത്രക്കായി ഒരുങ്ങിനില്‍ക്കുന്നു. അവരെ യാത്രയാക്കാന്‍ വന്ന യുവാക്കളും കുട്ടികളും സ്ത്രീകളും. ഏറ്റവും മുമ്പിലായി തന്റെ ഒട്ടകപ്പുറത്ത് മുഹമ്മദ് ഇരിക്കുന്നുണ്ട്.
''ആഹ്... ഒടുവിലിതാ മുഹമ്മദ് സന്ദര്‍ശകനായി മക്കയിലേക്ക് പോകുന്നു. വിഡ്ഢികളായ ഈ ഖുറൈശി പ്രമാണിമാര്‍ക്ക്, മുഹമ്മദ് സന്ദര്‍ശനത്തിനല്ല, യുദ്ധത്തിനാണ് വരുന്നതെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? മക്കയിലെ ജനം മുഹമ്മദിന്റെ മാസ്മരിക സംസാരത്തില്‍ വീണുപോകും. ആ ശൈലിയില്‍ ആകൃഷ്ടരാകും. ആ യാത്രാ സംഘത്തില്‍ ചേരാന്‍ ഉത്സുകരാകും. ഖുറൈശികളില്‍ കരുത്തുള്ള ഒരുത്തന്‍ ഈ അവസരമുപയോഗിച്ച് മുഹമ്മദിനെ വകവരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഖാലിദുബ്‌നുല്‍ വലീദ്, ഇക് രിമതുബ്‌നു അബീജഹ് ല്‍, ഇവരൊന്നും മക്കയില്‍ ഇല്ലേ? സംഭവഗതികളെ തിരിച്ചുവിടുന്ന തരത്തില്‍ തീപിടിപ്പിക്കാനറിയുന്ന ആരും മക്കയില്‍ ഇല്ലെന്ന് വരുമോ?''
''എനിക്കും അവരോടൊപ്പം പോകാന്‍ കഴിഞ്ഞെങ്കില്‍....''
വലിയ ആവേശത്തോടെ ഭാര്യ ഇങ്ങനെ പറയുന്നത് കേട്ടാണ് അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്. മാസ്മരിക വലയത്തില്‍ കുടുങ്ങിയവളെപ്പോലെ അവള്‍ തനിക്ക് പിറകില്‍നിന്ന് കിളിവാതിലിലൂടെ തെരുവിലെ ദൃശ്യം നോക്കിക്കാണുകയാണ്. കണ്‍പീലികളില്‍ സന്തോഷാശ്രുക്കള്‍.
അയാള്‍ക്ക് ദേഷ്യം വന്നു.
''ഇതിലൊക്കെ ആനന്ദിക്കാന്‍ എന്തിരിക്കുന്നു. നീ പലതവണ മക്കയിലെ വിശുദ്ധ ഗേഹം സന്ദര്‍ശിച്ചതല്ലേ?''
''അത് വിവരം കെട്ട ജാഹിലീ കാലത്തല്ലേ, അബ്ദുല്ലാ? ഇന്ന് ആ സന്ദര്‍ശനത്തിന് മറ്റൊരു അര്‍ഥമാണ്. മറ്റൊരു വിശ്വാസതലം അതിനുണ്ട്. റസൂലുല്ലാഹ് ആ ഒട്ടകപ്പുറത്തിരിക്കുന്നത് കണ്ടാല്‍ തന്നെ മനസ്സിലാകില്ലേ. അന്‍സാറുകളുടെയും മുഹാജിറുകളുടെയും മുഖങ്ങളില്‍ എന്തൊരു പ്രസരിപ്പ്. ലബ്ബൈക, ലബ്ബൈക, ലാ ശരീക ലക ലബ്ബൈക... ആ ചിത്രം മനസ്സില്‍ കാണുമ്പോഴേക്ക് ഞാന്‍ വികാരതരളിതയാവുന്നു. അത് പറഞ്ഞറിയിക്കാന്‍ വയ്യ. എന്തൊരു കാഴ്ചയായിരിക്കും അത്... മക്കക്കാര്‍ മലമുകളിലും മരക്കൊമ്പുകളിലും കയറിയിരുന്നു ആ സംഘം വരുന്നത് നോക്കിക്കാണുന്നു. മക്ക നിശ്ശബ്ദം അവരെ വരവേല്‍ക്കുന്നു. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ തിരിച്ച് വരവ്.. എന്തു പറയണമെന്ന് എനിക്കറിയില്ല. വലിയൊരു സംഭവം തന്നെയായിരിക്കും അത്.''
അയാളുടെ മുഖത്ത് പരിഹാസത്തിന്റെ മഞ്ഞച്ചിരി പരന്നു.
''പ്രാര്‍ഥിച്ചോ, മക്ക അവരെ ചതിക്കല്ലേ എന്ന്.''
''വിശുദ്ധ ഗേഹത്തിന്റെ പവിത്രത ആര് കളങ്കപ്പെടുത്താനാണ്?''
അയാള്‍ നെടുവീര്‍പ്പിട്ടു.
''ഒരു സാധ്യതയും തള്ളിക്കളഞ്ഞു കൂടാ... അത്ഭുതങ്ങള്‍ നടക്കുന്ന കാലത്താണല്ലോ നാമുള്ളത്.''
(തുടരും)

വിവ: അഷ്‌റഫ് കീഴുപറമ്പ് 
വര: നൗഷാദ് വെള്ളലശ്ശേരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media