ഇന്ന് കാലം ആവശ്യപ്പെടുന്ന ഏറ്റം ശ്രമകരമായ ഉദ്യമം എന്താണ്? ചരിത്രത്തെ വീണ്ടെടുക്കുക എന്നായിരിക്കും യുക്തിഭദ്രമായി ചിന്തിക്കുന്നവര്‍ക്ക് പറയാനുണ്ടാവുക. മുസ്ലിം സാംസ്കാരികതയുടെ, സാമൂഹിക പുനര്‍നിര്‍മിതിയുടെ ചരിത്രങ്ങളെ, ചരിത്ര ശേഷിപ്പുകളെ, നാഗരിക അടയാളങ്ങളെ, കലയുടെയും സാഹിത്യത്തിന്റെയും അമൂല്യ സംഭാവനകളെ അസ്തിവാരമിളക്കി മണ്‍കൂനകള്‍ക്കിടയില്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍; പെണ്ണാലോചനകള്ക്കും പെണ്ണിടത്തെ കുറിച്ചുള്ള ചര്ച്ചകള്ക്കുമിടയില് കാമ്പില്ലാത്തവളെന്നും പാകമാകാത്തവളെന്നും പതം പറഞ്ഞു പരിഹസിക്കുന്ന സാംസ്കാരിക ദല്ലാളുമാരൊരുക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ പ്രത്യേകിച്ചും. പക്ഷേ, പതം പറഞ്ഞു കരയേണ്ട ആവശ്യമില്ലാത്തൊരു ഭൂതകാലവുമുണ്ടെനിക്കെന്നോര്മപ്പെടുത്തുന്ന ചില വീണ്ടെടുപ്പുകള്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തുനിന്നും ചിലരെങ്കിലും കണ്ടെത്തും. ആ കണ്ടെത്തലുകള്‍ വലിയ ചോദ്യമായി മുമ്പേ പറഞ്ഞവരോട് ചോദിക്കും; നിങ്ങള്‍ എന്തുകൊണ്ട് ഞങ്ങളെ കണ്ടില്ല എന്ന്. ഞങ്ങളെ മറക്കാന്‍ നിങ്ങള്‍ക്കെന്തായിരുന്നു ഹേതുവെന്ന്.
അങ്ങനെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കൊന്ന് തുറന്ന മനസ്സാലെ എത്തിനോക്കിയാല്‍ കാണാനാവുന്ന പേരുകളില്‍ തങ്കമ്മ മാലിക്കിന്റെത് എവിടെയാണെന്ന ചോദ്യം വീണ്ടും ഉയരും. എല്ലാ വിഭാഗം സ്ത്രീ ജീവിതങ്ങളും ശോഭനമല്ലാത്തൊരു സാമൂഹിക സാഹചര്യം പേറാന്‍ വിധിക്കപ്പെട്ട കാലത്തും, നവോത്ഥാന നായകര്‍ വെട്ടിയ അറിവിന് വെളിച്ചത്തിലൂടെ നടന്നുപോയൊരു പെണ് പേരാണ് തങ്കമ്മ മാലിക്ക്. ചരിത്രം മറ്റൊന്നുകൂടി ആ പേരിലൂടെ നമ്മോട് പറയുന്നു; മലയാളി ജീവിതത്തെ ഭാവനയിലാഴ്ത്തിയ കഥപറച്ചിലുകാരികള്ക്കിടയിലും അവരിലൂടെ മുസ്്ലിം പെണ്ണിന്റെ കൈയൊപ്പ്് മുമ്പേ പതിഞ്ഞിട്ടുണ്ടെന്ന്. മലയാളത്തിന്റെ ഭാവനാ ലോകത്ത് സര്‍ഗാത്മകതയുടെ ഏത് അളവുകോല്‍ വെച്ചു നോക്കിയാലും പൊതു ആഖ്യാന രീതികള്‍ 'പര്‍ദ'ക്കുള്ളില് ബോധപൂര്‍വം ഒളിപ്പിച്ചുവെച്ച കഥാകാരി കൂടിയാണവര്‍.
കഥ പറയുന്ന പെണ്ണുങ്ങള്
മലയാളി മുസ്ലിം സംസ്കാരം പാട്ടിന്റെയും കഥ പറച്ചിലിന്റെയും സംപുഷ്ട ചരിത്രത്താല്‍ സമ്പന്നമാണ്. പുകള്‍പെറ്റതും വമ്പുറ്റതും സംഭവ ബഹുലവുമായ ചരിത്രങ്ങളെ കഥയായും കവിതയായും പാട്ടായും വാമൊഴിയായും മുസ്ലിം സാംസ്കാരിക പരിസരത്തെ ജീവസ്സുറ്റതാക്കി.
പെണ്ണായി പിറന്നവളൊക്കെയും അക്ഷരങ്ങളില്‍ നിന്നകലാന്‍ ജാതിഭേദമില്ലാത്ത പൗരോഹിത്യ മേലാളത്തം കല്പിച്ചപ്പോഴും മക്കളുറങ്ങുന്ന മടിത്തട്ടുകള്ക്കാണ് അറിവിന്റെ കനം വേണ്ടതെന്നു മനസ്സിലാക്കിയ ധൈഷണികതയുടെ മൂര്‍ത്തീഭാവങ്ങളായ മുസ്ലിം നവോത്ഥാന നായകര്‍ പഠിപ്പിച്ച അറബി മലയാള പദാവലികളുടെ ചെറുവട്ടത്തിലൂടെയാണെങ്കിലും അവര്‍ ലോകത്തെ നോക്കാന്‍ പഠിച്ചിരുന്നു. അക്ഷരമോതാന് പള്ളിക്കൂടത്തില്‍ പോകാന്‍ വിധിയില്ലാത്ത കാലത്തും അവള് പാടിയും പറഞ്ഞുമിരുന്നിട്ടുണ്ട്. അങ്ങനെ, വീരേതിഹാസം രചിച്ച നായകരെ കഥകളായും കവിതകളായും ഖിസ്സകളായും കൈമാറ്റം ചെയ്യപ്പെട്ട മാപ്പിള പെണ്ണിന്റെ മടിത്തട്ടിലൂടെയാണ് മുസ്ലിം ബാല്യം പിച്ചവെച്ചത്. ബദറും ഉഹ്ദും പടവെട്ടിയ ശുഹദാക്കളെ, പടച്ചട്ടയണിഞ്ഞ അധികാര ഗര്‍വിനെ പ്രതിരോധിച്ച ധീര ദേശാഭിമാനികളെ, കാല്പനികതയും ഭാവനാത്മകതയും സന്നിവേശിപ്പിച്ച ചരിത്രമുഹൂര്‍ത്തങ്ങള്‍ എല്ലാം സാധാരണക്കാരിലേക്കെത്തിച്ചത് വരമൊഴിക്കും മുമ്പേ വാമൊഴിയായി പറഞ്ഞു തീര്‍ത്ത കഥകളിലൂടെയായിരുന്നു. ആട്ടുതൊട്ടിലിനോടൊപ്പം രാഗമൊപ്പിച്ചു നീട്ടിപ്പാടിയ പാട്ടിലും പറഞ്ഞു തീര്‍ത്ത കഥകളിലും ഒരു ജനതയുടെ ആത്മസാക്ഷാത്കാരത്തെ നെഞ്ചേറ്റി നടന്നു മുസ്്ലിം പെണ്ണ്. അറബി മലയാള ഭാഷയില്‍ നിന്നും പെട്ടെന്നു പുറത്തുകടക്കാനായില്ലെങ്കിലും കാലത്തോടും ജനതയോടും സംവേദനക്ഷമതയോടെ ഇടപെട്ടവളെ മലയാള ഭാഷയോട് പെട്ടെന്നിണങ്ങാന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ വരമൊഴിയാശാന്മാര് 'പര്‍ദ'ക്കുള്ളിലാക്കി എന്നു മാത്രം. അതുകൊണ്ടു തന്നെ മലയാള സാഹിത്യത്തിലെ കഥയെഴുത്തുകാരില്‍ എണ്ണം പറഞ്ഞ അക്കാലത്തെ സാഹിത്യകാരികള്‍ക്കൊപ്പം ചേര്‍ത്തെഴുതാന്‍ ആ പേരുകള്‍ ചരിത്ര നിര്‍മിതിക്കാര്‍ കാണാതെ പോയി.
തങ്കമ്മ മാലിക്ക്: ജീവിതം; കഥ
കേരള നവോത്ഥാന സ്ത്രീ ചരിത്രത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വമായിരുന്ന തങ്കമ്മ മാലിക്കിനെ കുറിച്ച വിശദ വിവരങ്ങള്‍ നമുക്ക് ലഭ്യമാകുന്നത് ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള സി.എച്ച് മുഹമ്മദ് കോയ ചെയറില്‍ റിസര്‍ച്ച് ഓഫീസറുമായ അബ്്ദുറഹിമാന്‍ മങ്ങാടിന്റെ പുസ്തകത്തിലൂടെയാണ്. വരേണ്യതയുടെ സര്ഗശേഷിക്ക് കാണാന്‍ കഴിയാതെ പോയ തങ്കമ്മ മാലിക്കിന്റെ കണ്ടെടുക്കപ്പെട്ട പത്ത് കഥകളുടെ സമാഹാരമാണ് 'തങ്കമ്മ മാലിക്കിന്റെ ചെറുകഥകള്‍' എന്ന പേരില്‍ ചരിത്രാന്വേഷിയായ അബ്്ദുറഹ്മാന് മങ്ങാട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് വായനാ സമൂഹത്തിനു മുന്നിലെത്തിച്ചിരിക്കുന്നത്.
അടഞ്ഞ സമുദായമല്ലെന്ന് സമൂഹത്തെ ഉണര്‍ത്തിക്കൊണ്ടും, കുടുംബജീവിതത്തിന്റെ മാഹാത്മ്യവും സാമൂഹിക ജീവിതത്തിന്റെ ഇടപെടലുകളും അനിവാര്യതയും സ്ത്രീകള്‍ക്ക് പഠിപ്പിച്ചും അക്കാലത്തു തന്നെ മുസ്്ലിം സ്ത്രീയുടെ സാമൂഹിക അഭിവൃദ്ധിയെ മുന്‍നിര്‍ത്തി മാസികകള്‍ ഇറങ്ങിയിരുന്നു. 1920-കളില്‍ സ്ത്രീകള്‍ക്കു മാത്രമായി കോമുക്കുട്ടി മൗലവി ഇറക്കിയ അറബി മലയാളം മാസികയായ നിസാഉല്‍ ഇസ്്ലാം, 1926ല്‍, കേരളത്തിലെ മുസ്്ലിം സ്്ത്രീ ശാക്തീകരണത്തിന്റെ ശക്തനായ വാക്തവ് മൂസക്കുട്ടി സാഹിബ് ഇറക്കിയ മുസ്്ലിം മഹിള, മുസ്്ലിം വനിത, പിന്നീട് പ്രസിദ്ദീകൃതമായ അല്‍മനാര്‍, ചന്ദ്രിക, അന്‍സാരി, അല്‍ അമീന്, മുസല്മാന്, മിത്രം തുടങ്ങിയ മാസികകളെ സമ്പന്നമാക്കിയ സ്ത്രീകള്‍ എമ്പാടുമുണ്ട്. അവരില്‍ ശ്രദ്ധേയയായവരില് ഒരാളാണ് തങ്കമ്മ മാലിക്. ഇവയിലൊക്കെയും തങ്കമ്മ മാലിക്കിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു. 1930-ല്‍ മാലിക് മുഹമ്മദിന്റെ പത്രാധിപത്യത്തിലുള്ള മിത്രം മാസിക നടത്തിയ ചെറുകഥാ മത്സരത്തില്‍ തങ്കമ്മ മാലിക്കിന്റെ കഥ ഒന്നാം സമ്മാനം നേടി. അബ്്്ദുറഹ്മാന് മങ്ങാട് തന്റെ പുസ്തകത്തില്‍ തങ്കമ്മ മാലിക്കിനെ കുറിച്ച് 2018-ല്‍ ഭാഷാ പോഷിണി പ്രസിദ്ധീകരിച്ച (പുസ്തകം 42 ലക്കം 5-ല്‍) ലേഖനത്തിലെ വിശദമായ ജീവചരിത്രം സവിസ്തരം പ്രസ്താവിക്കുന്നുണ്ട്.
'കൊല്ലം മുനിസിപ്പല്‍ കൗണ്‍സിലില്‍ ആദ്യ വനിതാ മെമ്പറായിരുന്ന അവരെക്കുറിച്ച് മകളും പ്രശസ്ത സിനിമാ നടിയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടിയ ആദ്യ മലയാളിയുമായ മകള്‍ ജമീലാ മാലിക്കിന്റെ ഓര്മക്കുറിപ്പില് പറയുന്നത് ഇങ്ങനെ: 'സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ തിരുനക്കരയില്‍ എത്തിയ ഗാന്ധിജിയുടെ ഹിന്ദി പ്രഭാഷണത്തില്‍ ആകൃഷ്ടയായാണ് അദ്ദേഹത്തോടൊപ്പം താമസിച്ച് വാര്‍ധയിലെ മഹിളാ മന്ദിരത്തില്‍നിന്ന് ഹിന്ദി പഠനം നടത്തുന്നത്. പിന്നീട് തിരുവനന്തപുരം മഹാരാജാസ് ഗേള്‍സ് ഹൈസ്കൂളില്‍ ഹിന്ദി അധ്യാപികയായി. വിദ്യാര്‍ഥികാലത്തു തന്നെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ച മാസികകളിലും വാരികകളിലും ചെറുകഥകളും നോവലൈറ്റുകളും എഴുതി. 1952-ല്‍ കവി മഹാ ദേവി വര്‍മയുടെ അലഹബാദ് പ്രയാഗ് മഹിളാ വിദ്യാ പീഠത്തില്‍ ചേര്‍ന്ന് അവരുടെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള അനുമതിയും നേടി. ഡാല്‍മിയാ സ്കോളര്‍ഷിപ്പോടെയായിരുന്നു പഠനം. വാര്‍ധയിലെ പഠനകാലത്ത് സ്വാതന്ത്ര്യസമരസേനാനികളും പ്രശസ്തരുമായവരെ കണ്ടതും ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ച് സരോജിനി നായിഡുവിന്റെ പ്രസംഗം, സുഭദ്രകുമാരി ചൗഹാന്റെ കാവ്യം, ഗാന്ധിജിയുടെ നോമിനിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ സുഭാഷ് ചന്ദ്രബോസിനോട് അനുഭാവം പ്രകടിപ്പിച്ച ബംഗാളികളുടെ ആഹ്ലാദപ്രകടനം, അസുഖബാധിതനായ സുഭാഷ് ചന്ദ്രബോസിനെ കസേരയിലിരുത്തി സ്റ്റേജിലേക്ക് കൊണ്ടുവന്നത്... അങ്ങനെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ഉമ്മ അയവിറക്കിയതായി മകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരങ്ങളില്‍ സജീവമായിരുന്ന തങ്കമ്മ കോന്നിയിലുള്ള ഒരു ക്രിസ്ത്യന്‍ കുടുംബാംഗമായിരുന്നു. മാലിക് മുഹമ്മദെന്ന മുസ്്ലിമിനെ വിവാഹം കഴിച്ച് ഇസ്്ലാം മതം സ്വീകരിച്ചു. ഹലീമ എന്ന പേരു സ്വീകരിച്ചെങ്കിലും തങ്കമ്മ മാലിക് എന്നുതന്നെയാണ് അറിയപ്പെട്ടത്. വിമോചന സമരകാലത്ത് രണ്ടുമാസം ജയില്‍വാസം അനുഭവിച്ചു. 2001-ല്‍ മരണമടഞ്ഞു. നാലു മക്കളാണുള്ളത്.'
തങ്കമ്മ മാലിക്കിന്റെ കഥകള്‍
ഒരുപാട് കഥകള്‍ അവരെഴുതിയിട്ടുണ്ടെങ്കിലും രണ്ടു ലോകം, ഔലിയ, സുരിയ, ഒരു തകര്‍ച്ചയുടെ കഥ, അവന് കമ്യൂണിസ്റ്റാ, പൊന്നനിയന്, പ്രതീക്ഷ, മയ്യത്തു കണ്ട്, അപരാധിനി, വീരമാതാവ് എന്നിങ്ങനെ വിവിധ സന്ദര്ഭങ്ങളിലെഴുതിയ കഥകളാണ് പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. താന്‍ കണ്ടതും പരിചയിച്ചതുമായ സാമൂഹിക അവസ്ഥകളെ ചോദ്യം ചെയ്തും ഉയര്‍ത്തിക്കാട്ടിയും ശക്തരായ കഥാപാത്രങ്ങളെയാണ് അവരുടെ കഥയിലൂടെ വായിപ്പിച്ചത്. 1955-ല്‍ പുറത്തിറങ്ങിയ അന്‍സാരി മാസികയില്‍ 'രണ്ടു ലോകം' എന്നതില്‍ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അക്കാലത്തെ രണ്ടു വ്യവസ്ഥിതിയെ വരച്ചുകാണിക്കുന്നുണ്ടതില്. മാപ്പളേടെ പേര് ഇസ്ലാമിലെ പെണ്ണുങ്ങള് പറേത്തില്ല എന്നുപദേശിക്കുന്ന, അതിശയത്തോടെ നിക്കാരമെടുക്കുമോ അറബ് ഓതുമോ നബീന്റെയും ദീനിന്റെയും കാര്യമൊക്കെ പ്രസേഗം പറേന്നു കേട്ടു. മാപ്പിള പഠിപ്പിച്ചു തന്നതോ ഇതൊക്കെ എന്ന് സന്ദേഹിക്കുന്ന, കാതു നിറയെ അലിക്കത്തും മാട്ടിയും ഉള്ള, കൈ നിറയെ കട്ടിമോതിരവും അരയില്‍ വെള്ളി അരഞ്ഞാണവും താക്കോല്‍ക്കൂട്ടവും, വായ നിറയെ താമ്പൂലം നിറച്ച യാഥാസ്ഥിതിക മുസ്ലിം സ്ത്രീയും സാരിയുടുത്ത് ചുണ്ടില്‍ ചായം തേച്ച് ഈസി ചെയറില്‍ കാലും നീട്ടി അടുക്കള കാണാത്ത, കുട്ടികള്‍ 'ട്രബിളായി' കാണുന്ന മക്കളധികമുള്ളതാണ് ഭാരതം ദരിദ്രമായതെന്നു വിശ്വസിക്കുന്ന മിസിസ് നായരും. സംഭാവന ചോദിച്ചപ്പോള്‍ ഹസ്ബന്റിന്റെ പെര്‍മിഷനില്ലാതെ ഹൗ കാന്‍ ഐ ഹെല് പ് യു എന്ന് ആംഗലേയ ഭാഷയില്‍ സംസാരിക്കുന്ന മിസിസ് നായരും ഇത് കേട്ട്, കൈ നിറയെ സംഭാവന നല്കി ഒരു നല്ല കാര്യത്തിന് രണ്ടോ മൂന്നോ രൂപ ചെലവാക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണം പോലും, ഹോ എന്താരു അനുസരണം എന്ന് പറയുന്ന യഥാസ്ഥിതിക മുസ്ലിം സ്ത്രീയും. രണ്ടു സ്ത്രീ കഥാപാത്രങ്ങളും അവരുടെ സംസാരവും രണ്ടു സംസ്കാരങ്ങളുടെ കൂടി പ്രതിനിധികളായിരുന്നു. സ്വയം തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത, ഭര്‍ത്താവിന്റെ ഔദാര്യത്തിനായി കാത്തിരിക്കുന്ന പുരോഗമന നാട്യത്തിന്റെയും, പഠിപ്പും പത്രാസുമില്ലെങ്കിലും കുടുംബത്തിനകത്ത് തന്റെ തീരുമാനത്തിന് വിലയുണ്ടെന്ന് ബോധ്യമുള്ളവളുടെയും പ്രതിനിധി. ഔലിയ എന്ന അന്‍സാരി വിശേഷാല്‍ പതിപ്പില്‍ എഴുതിയ കഥയില്‍ നാല്‍പ്പതു വയസ്സുള്ള രണ്ടാം കെട്ടുകാരന് കൗമാരക്കാരിയായ മകളെ കെട്ടിക്കാനൊരുങ്ങുമ്പോള്‍ കഥാപാത്രമായ ശരീഫ അതിനെ പലവിധ കോപ്രായത്തിലൂടെ പ്രതിരോധിക്കുന്ന വിധം കഥാ രൂപത്തില്‍ പറഞ്ഞുവെക്കുമ്പോള്‍ ഏതു രുപേണ ഇണയെ തെരഞ്ഞെടുക്കാനുള്ള പെണ്ണിന്റെ അവകാശത്തെ സാധൂകരിക്കുകയാണ്. ഉത്തരാധുനികതയിലും അരപ്പട്ടയും കത്തിയും നാലുകെട്ടുമായി നടക്കുന്ന മുസ്ലിം പുരുഷനെ മാത്രം അവതരിപ്പിക്കേണ്ടി വരുന്ന സമുദായത്തിന്റെ മാറ്റത്തെ അറിവുകേടുകൊണ്ടോ കല്പ്പിച്ചുകൂട്ടിക്കൊണ്ടോ അവതരിപ്പിക്കേണ്ടിവരുന്ന സിനിമാ സാഹിത്യങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നവയാണ് തങ്കമ്മ മാലിക്കിന്റെ കഥാപാത്രങ്ങളൊക്കെയും.
അക്കാലത്തെ നവോത്ഥാന ഉണര്‍വിന്റെ ഫലമായി സമുദായം പതുക്കെ ആര്‍ജിച്ച വിദ്യാഭ്യാസ ഉണര്‍വിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായ വിദ്യാസമ്പന്നരാണ്് കഥാപാത്രങ്ങള്‍. വിദ്യാഭ്യാസ രംഗത്തും കുടുംബ സംവിധാനത്തിനകത്തും സ്ത്രീ-പുരുഷന്മാര്ക്കിടയില് ഇസ്്ലാം സാധ്യമാക്കിയ അവകാശാധികാര ബോധ്യമാണ് സമുദായത്തില്‍ കരുത്താര്ജിച്ചുപോയ പാരമ്പര്യവും ആചാരബന്ധിതവുമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവയായി തങ്കമ്മ മാലിക്കിന്റെ കഥാപാത്രങ്ങള്‍ മാറുന്നതിനു കാരണം. എം.എസ്സിക്കാരന്‍ റഷീദ്, ബി.എക്കാരന് സമദ്, അഡ്വക്കറ്റ് റഹീം, വിദേശത്തുപോയി പഠിച്ച സുരിയ, ഒരു തകര്‍ച്ചയുടെ കഥയിലെ (കേരള മുസ്ലിം എഡുക്കേഷനല്‍ സൊസൈറ്റി സുവനീര്‍) വേഡ്സ്് വേര്‍ത്തിന്റെ നോവല്‍ വായിക്കുന്ന സുലേഖ, ബാങ്ക് മാനേജറുടെ മകനും എഞ്ചിനീയറും അമേരിക്കന്‍ വിദ്യാഭ്യാസം നേടിയവനുമായ സുലേഖക്ക് പറഞ്ഞുറപ്പിച്ച 'അവന് കമ്മ്യൂണിസ്റ്റാ' എന്ന കഥയിലെ (1955 ഫെബ്രുവരി അന്‍സാരി വിശേഷാല്‍ പതിപ്പ്) പട്ടണത്തിലെ കോളേജില്‍ പഠിക്കുന്ന കോയക്കുട്ടി, പൊന്നനിയന് എന്ന കഥയിലെ (ന്യൂ അന്‍സാരി 1955 ഡിസംബര്‍) ബാപ്പയുടെ രണ്ടാം ഭാര്യയിലെ അനാഥനായ കുഞ്ഞിന് സംരക്ഷണമൊരുക്കാന്‍ പാടുപെടുന്ന സുലൈമാന്‍ കുഞ്ഞ് തുടങ്ങിയ കഥാപാത്ര വിന്യാസമൊക്കെ ആധുനികതയുടെ കഥയെഴുത്തുകാര്ക്കുപോലും ഇന്നും മനസ്സിലാക്കാന്‍ ശേഷിയില്ലാതെ പോയ ഒരു സമുദായത്തിന്റെ പ്രതിനിധികളായാണ് തങ്കമ്മ മാലിക്കിന്റെ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
അന്ധവിശ്വാസ അനാചാരങ്ങളാല്‍ സമ്പന്നമായ ഭൂതകാലവും വരേണ്യതയുടെ മറച്ചുപിടിക്കല്‍ ചരിത്രവും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ഇരുപത്തിമൂന്നു വര്‍ഷം മുമ്പ് വരെ നമ്മുടെ ഇടയില്‍ ജീവിച്ച ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് ഒതുങ്ങിപ്പോയ അവരുടെ ശേഷിപ്പുകളെയും പുതു തലമുറക്കു പരിചയപ്പെടുത്തുക എന്ന കാലത്തിന്റെ ആവശ്യത്തെ കണ്ടറിഞ്ഞു പെരുമാറുന്നു എന്നതാണ് ചരിത്രകാരനായ അബ്്ദുറഹ്മാന് മങ്ങാടിനെപ്പോലുള്ളവര് ഏറ്റെടുത്ത ദൗത്യം.