മിസ്അബ്ക്കയിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ

 സുലൈഖ എസ്.വി.ടി
ഡിസംബര്‍ 2023
കഴിഞ്ഞ ഒക്ടോബര്‍ 7ന് മരണപ്പെട്ട കുറ്റ്യാടി ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗവും എസ്.ഐ.ഒ ദേശീയ സമിതി അംഗവുമായിരുന്ന ഡോ. മിസ്അബ് ഇരിക്കൂറിനെ ഭാര്യ സുലൈഖ ഓര്‍ക്കുന്നു.


എനിക്ക് ഈ എഴുത്ത് കൂടുതല്‍ മികവുറ്റതാക്കാന്‍ സാധിക്കുന്നില്ല. മിസ്അബ്ക്ക  വിട്ടുപിരിഞ്ഞിട്ട് ഒരു മാസം പൂര്‍ത്തിയായി. എനിക്ക് പറ്റുന്നില്ല. വല്ലാതെ ആസ്വസ്ഥതകളുള്ള ദിവസമാണ്. മിസ്അബ്ക എല്ലാം പെര്‍ഫെക്ഷനില്‍ ചെയ്യണം എന്ന് പറയുന്ന ആളാണ്...
മിസ്അബ്ക്ക എല്ലാവര്‍ക്കും എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ദിവസം കഴിയുന്തോറും മനസ്സിലായിക്കൊണ്ടിരിക്കുന്നു. വിടപറഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും നാനാതുറകളിലുള്ള ആള്‍ക്കാര്‍ ഇപ്പോഴും വീട്ടിലേക്ക് വന്ന് മിസ്അബ്കാക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയാണ്.
ആദ്യ കണ്ടുമുട്ടലില്‍ തന്നെ പരിചയപ്പെടുന്നവരെ ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു മിസ്അബ്ക്കയുടെ സംസാരവും ഇടപെടലും. എല്ലാവരോടും വളരെ മാന്യമായാണ് പെരുമാറ്റം. അഹങ്കാരത്തിന്റെ ലാഞ്ചന പോലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.
ഇന്ത്യയിലെ അറിയപ്പെടുന്ന കലാലയത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസം. ചെറു പ്രായത്തില്‍ തന്നെ കോളേജ് പ്രിന്‍സിപ്പല്‍. നേതൃസ്ഥാനം. ഉത്തരവാദിത്വങ്ങള്‍ കൂടുന്തോറും എല്ലാം അല്ലാഹുവില്‍നിന്നാണെന്നും അല്ലാഹു വിചാരിച്ചാല്‍ എല്ലാം തീരാവുന്നതേ ഉള്ളൂവെന്നും ഇക്ക എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. എല്ലാവരോടും മാന്യമായി പെരുമാറുകയും ഉള്ളതില്‍ സംതൃപ്തി കാണിക്കുകയും ഏറ്റവും എളിമയില്‍ ജീവിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ പ്രത്യേക ബര്‍കത്തുണ്ടാകുമെന്ന് മിസ്അബ്ക്ക പറയാറുണ്ട്. അതുകൊണ്ടാവണം അല്ലാഹുവിന്റെ പ്രത്യേകമായൊരു കാവല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
ഉമ്മയും ഉപ്പയും സജീവ പ്രസ്ഥാന പ്രവര്‍ത്തകരായതിനാല്‍ മിസ്അബ്ക്കയും അനുജന്മാരും വളരെ ചെറുപ്പം തൊട്ടേ പ്രസ്ഥാന വഴിയില്‍ സജീവമാണ്. ബാലസംഘം തൊട്ട്, മരണപ്പെടുന്ന അന്ന് വരെയും പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുവെച്ചു. അതിനാല്‍ തന്നെ പല സന്ദര്‍ഭങ്ങളിലായി സംഘടനക്കകത്തുള്ള സ്വത്വവാദത്തിനെതിരെയും, മറുപുറം ചിന്തിക്കാതെയുള്ള പ്രസ്താവനകള്‍ക്കെതിരെയും നിലപാടെടുത്തു. എന്നാല്‍, വളരെ സൗമ്യമായും സ്‌നേഹത്തോടെയും മാത്രമേ അത് പ്രകടിപ്പിക്കാറുണ്ടായിരുന്നുള്ളൂ. എന്തിനാണ് ഇക്കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് ചോദിച്ചപ്പോഴൊക്കെയും എന്നോട് പറയാറ്, സങ്കടംകൊണ്ട് പറഞ്ഞുപോവുന്നതാണെന്നാണ്.
നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത കൂറായിരുന്നു. ഉപ്പ, പള്ളിയില്‍ ഇമാമും മദ്‌റസ അധ്യാപകനുമായിരുന്നതിനാല്‍ തുച്ഛ ശമ്പളമുള്ള കുടുംബത്തിന് താങ്ങാവാന്‍  ചെറുപ്പം മുതലേ മിസ്അബ്ക്ക ശ്രമിച്ചിരുന്നു. സ്‌കൂള്‍ പഠനകാലത്ത് മാധ്യമം പത്രം വിതരണം ചെയ്യാന്‍ പോയതും തുണിക്കടയില്‍ സെയില്‍സ്മാന്‍ ആയതും, പലഹാരങ്ങള്‍ വീട് വീടാന്തരം കയറിയിറങ്ങി വിറ്റതും വളരെ രസകരമായി പറയുമായിരുന്നു. എ.എം.ഐ സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തളിക്കുളം ഇസ്‌ലാമിയ കോളേജിലും മദ്രാസ് യൂനിവേഴ്‌സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയിലുമായി തുടര്‍പഠനം. പഠനത്തിന്റെ ഓരോ ഘട്ടത്തിലും സ്വന്തം ചെലവിനുള്ള തുക സ്വരൂപിക്കാന്‍ മദ്‌റസ അധ്യാപകന്‍, ഖത്വീബ്, പള്ളി ഇമാം, ട്യൂഷന്‍ മാസ്റ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പാര്‍ട്ട് ടൈം സേവനമനുഷ്ഠിച്ചു.
തിരക്കേറിയ പഠനത്തിനിടയിലും പ്രസ്ഥാനപ്രവര്‍ത്തനത്തിനും ജോലിക്കും കലാസ്വാദനത്തിനും സുഹൃത്തുക്കളുമായി ഇടപെടാനും സമയം കണ്ടെത്തിയിരുന്നു. എല്ലാം ബാലന്‍സ് ചെയ്തുകൊണ്ട് പോവാനുള്ള പ്രത്യേക കഴിവ് മിസ്അബ്കാക്ക് ഉണ്ടായിരുന്നു. ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നിലേക്ക് എന്നതായിരുന്നു രീതി. ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്നോട് പറയുമായിരുന്നു;  'ഇന്ന് കഴിഞ്ഞല്ലേ നാളെ. നാളെ നമ്മള്‍ ജീവിച്ചിരിക്കുമെന്ന് എനിക്കോ നിനക്കോ വല്ല ഉറപ്പുമുണ്ടോ'എന്ന്. ഇന്ന് നന്നായി ജീവിക്കുക എന്ന് എപ്പോഴും പറയും.
നല്ലൊരു മകനും സ്‌നേഹനിധിയായ ഭര്‍ത്താവും നല്ല പിതാവും കരുതലുള്ള സഹോദരനുമായിരുന്നു മിസ്അബ്ക്ക. എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്ത്. കൂടെയുള്ളവര്‍ക്ക് അടുത്തിടപഴകാന്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍. പലപ്പോഴും എളിമയാര്‍ന്ന ജീവിതം കാരണം പിശുക്കന്‍ എന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 'എന്റെ ജീവിതത്തെ കുറിച്ച് എനിക്കില്ലാത്ത വേവലാതി മറ്റാര്‍ക്കും വേണ്ട' എന്നായിരുന്നു അതേക്കുറിച്ച് പറയുക. 'ഞാനിങ്ങനെയാണ്, ഞാനിനി എത്ര സമ്പാദിച്ചാലും എനിക്ക് ഇങ്ങനെയേ പറ്റുള്ളൂ' എന്ന്.
ഒരു ചെറിയ സ്‌കൂട്ടിയിലായിരുന്നു ഞങ്ങള്‍ അഞ്ചുപേരും യാത്ര ചെയ്തിരുന്നത്. കോളേജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം അങ്ങനെ യാത്ര ചെയ്യുന്നതില്‍ യാതൊരു വിധ അഭിമാന പ്രശ്‌നവും തോന്നിയിട്ടേയില്ല. വളരെ ലാഘവത്തോടെയായിപ്പോകും പണമിടപാട് എന്ന പേടിയില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവയൊന്നും ഉപയോഗിച്ചിരുന്നില്ല.
  മാതൃകാപരമായ വിവാഹമായിരുന്നു ഞങ്ങളുടേത്. മിസ്അബ്ക്ക പഠിച്ച സ്‌കൂളിന്റെ അങ്കണത്തില്‍ പന്തല്‍ പോലുമിടാതെ വെറുമൊരു ചായസല്‍ക്കാരം. ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കടം വാങ്ങി വലിയ കല്യാണം നടത്താന്‍ പറ്റില്ലെന്ന് ഉറച്ച തീരുമാനമെടക്കുകയായിരുന്നു. എനിക്കും ഇക്കാക്കുമുള്ള വിവാഹ വസ്ത്രങ്ങള്‍ വാങ്ങുമ്പോഴും അതേ സൂക്ഷ്മത പാലിച്ചിരുന്നു.
ഉളിയില്‍ ജോലി ചെയ്യുമ്പോള്‍ താമസസ്ഥലത്തിനടുത്തായി പള്ളി ഉണ്ടായിരുന്നില്ല. കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ തൊട്ടു താഴെ തന്നെ പള്ളി ഉള്ളതില്‍ സന്തോഷമായിരുന്നു. എത്ര വൈകി ഉറങ്ങിയാലും രാവിലെ സുബ്ഹിക്ക് പള്ളിയില്‍ പോകും. മറ്റു നമസ്‌കാരങ്ങള്‍ക്ക് 8 വയസുള്ള മൂത്തമകനേയും 3 വയസുള്ള ചെറിയ മകനെയും കൂട്ടുമായിരുന്നു. എനിക്ക് മൂന്ന് മക്കളുടെ ഇടയില്‍ നിന്ന് നമസ്‌കരിക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആധിയില്‍ നോമ്പുകാലത്ത്  തറാവീഹിന് പള്ളിയില്‍ പോകുമായിരുന്നില്ല. എന്നെയും മക്കളെയും കൂട്ടി ഇക്ക ഇമാമായി നിന്ന് നമസ്‌കരിക്കുകയായിരുന്നു പതിവ്.
മക്കളെ അടിക്കാന്‍ പാടില്ല എന്ന് പലരും പറയാറുണ്ടെങ്കിലും ചിലപ്പോള്‍ അടി കൊടുത്താല്‍ മാത്രം ശരിയാവുന്ന കാര്യങ്ങളുണ്ടെന്ന് മിസ്അബ്ക്ക പറയുമായിരുന്നു. മക്കളോട് അതീവ സ്‌നേഹവും വാല്‍സല്യവുമായിരുന്നു. ദിവസവും ഉറങ്ങുന്നതിന് മുമ്പായി അവര്‍ക്ക് നബിമാരുടെ കഥ പറഞ്ഞുകൊടുക്കും. മൂത്ത മകന് ലോക കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനായി ഫലസ്തീന്‍ പ്രശ്‌നവും G20 സമ്മിറ്റും അങ്ങനെ പലതും.  മിസ്അബ്ക്കാക്ക് അറിയാത്ത എന്തെങ്കിലും ആരെങ്കിലും ചോദിച്ചാല്‍, 'എനിക്ക് അറിയില്ല ഞാന്‍ അതിനെ കുറിച്ച് പഠിക്കട്ടെ,  എന്നിട്ട് പറഞ്ഞു തരാം' എന്നാണ് പറയാറ്. അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ ചെറുതാവുകയല്ല, സത്യം പറയുന്നതിലൂടെ ഉയരുകയാണ് എന്നാണ് പറയാറ്. നിരന്തര പരിശ്രമശാലിയായിരുന്നു മിസ്അബ്ക്ക. കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുമായിരുന്നു. ചെറിയ പരിപാടിയില്‍ ചെറിയ   പ്രസംഗത്തിനാണ് മിസബ്കാനെ ഏല്‍പ്പിച്ചതെങ്കില്‍ പോലും അതിനു വേണ്ടി നന്നായി തയാറെടുക്കും. 
മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിനാല്‍ സ്വന്തം മുടിയും മക്കളുടെ മുടിയും വെട്ടി ഒതുക്കണം എന്ന് പറയാറുണ്ടായിരുന്നു. മക്കളുടെ മുടിയിലൊക്കെ ശ്രദ്ധയില്ലാത്ത ഉപ്പയായിരുന്നു എന്ന് ആരും പറയാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മരിക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പാണ് മുടി വെട്ടിയത്. ഒരു രൂപയുടെ കടം പോലും ഇല്ലാത്തതിനാല്‍ ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. എന്റെ മരണ ശേഷം മരണാനന്തര ചെലവുകള്‍ക്ക് വേണ്ടിയുള്ള തുക എന്റേത് തന്നെ ഉപയോഗിക്കണം. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ കൂടെ ഇല്ല എന്ന ഒരു സങ്കടമല്ലാതെ വേറെ ഞാനായിട്ട് ഉണ്ടാക്കിയ യാതൊരു ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് ഉണ്ടാവില്ല എന്നും പറയുമായിരുന്നു. എത്ര ദേഷ്യപ്പെട്ട ദിവസമാണെങ്കിലും പുറത്തേക്ക്് പോവുന്നതിനു മുമ്പ്് സലാം പറഞ്ഞിട്ടേ പോകുമായിരുന്നുള്ള. തിരിച്ചുവരുന്നത് എന്റെ മയ്യത്താണെങ്കിലോ എന്ന് പറയുമായിരുന്നു.'ചിലപ്പോള്‍ ഞാനായിരിക്കും ആദ്യം മരിക്കുക. എനിക്ക് എന്തോ അങ്ങനെ തോന്നുന്നു' എന്ന് മിസ്അബ്ക്ക പറയുമ്പോള്‍ തന്നെ ഞാന്‍ കരയുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം എനിക്ക് തരണം ചെയ്യാന്‍ കഴിയില്ല എന്ന് ഞാന്‍ പറയുമ്പോള്‍, അങ്ങനെ ഒരു സാഹചര്യം വന്നാല്‍ താങ്ങാനും സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് അല്ലാഹു നിനക്ക് തരുമെന്ന് മിസ്അബ്ക പറയുമായിരുന്നു.
മിസ്അബ്ക്കയോട് ദേഷ്യപ്പെടുന്നവരോട് പോലും തിരിച്ചു ദേഷ്യപ്പെടാറില്ല. അത് അപ്പോള്‍ തന്നെ വിട്ടുകളയും. എനിക്ക് ചിന്തിക്കാനും ചെയ്യാനും വേറെ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും 'ഞാന്‍ ചെയ്തതും പറഞ്ഞതുമൊക്കെ അല്ലാഹുവിന് നന്നായി അറിയാം. എനിക്ക് അവിടെ ബോധിപ്പിച്ചാല്‍ മതി. എന്ന് പറയും. അത്രമേല്‍ ആത്മവിശ്വാസമുണ്ടായിരുന്നു പ്രവര്‍ത്തിച്ച ഓരോ കാര്യങ്ങളിലും, പറയുന്ന ഓരോ വാക്കുകളിലും. മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് എന്നോട് പറഞ്ഞിരുന്നു, ഇങ്ങനെ തൊട്ടാവാടി ആകാന്‍ പാടില്ല.  ജീവിതത്തിലെ ഏത് ഘട്ടത്തിലും അവധാനതയോടും ക്ഷമയോടും കൂടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്ന്.
മകന് മൂന്നു വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഇനി നിന്നെ വീട്ടില്‍ അനങ്ങാതെ ഇരിക്കാന്‍ സമ്മതിക്കില്ല, ജോലിക്ക് പോയി തുടങ്ങണമെന്ന് എന്നോട് പറഞ്ഞിരുന്നു. മിസ്അബ്ക്ക പറഞ്ഞത് പോലെ ഇനി ജോലിക്ക് പോയി തുടങ്ങണം. മൂന്നു മക്കളെയും മിസ്അബ്ക്ക ആഗ്രഹിച്ചതുപോലെ വളര്‍ത്തി വലുതാക്കണം. മകന്‍ വീടിനടുത്തുള്ള വാദിഹുദ സ്‌കൂളില്‍ ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോല്‍ അന്ന് മിസ്അബ്ക പറഞ്ഞിരുന്നു: 'ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ വാദിഹുദയില്‍ ചേരാം, അതുവരെയും ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തുള്ള സ്‌കൂളില്‍ പഠിക്കാം' എന്ന്. മിസ്അബ്ക്ക പറഞ്ഞതു പോലെ മക്കളെ വാദിഹുദയില്‍ ചേര്‍ത്തു.... മിസ്അബ്ക്ക ജെ.എന്‍.യുവിലും മദ്രാസ് യൂനിവേഴ്‌സിറ്റിയിലും പഠിച്ചതുപോലെ മക്കളെയും സര്‍ക്കാറിന് കീഴിലുള്ള ഉന്നത കലാലയങ്ങളില്‍ മെറിറ്റില്‍ പണച്ചെലവില്ലാതെ പഠിക്കാന്‍ പ്രാപ്തരാക്കണം എന്നതായിരുന്നു ആഗ്രഹം. കുഞ്ഞുമോളുടെ വിവാഹത്തെ കുറിച്ചും മിസ്അബ്ക്ക സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഞങ്ങളുടേത് പോലെ വളരെ ലളിതമായി ആര്‍ഭാടമില്ലാത്ത വിവാഹമായിരിക്കണം അവളുടേത് എന്നായിരുന്നു ഇക്കയുടെ ആഗ്രഹം.
എന്നെ ഇന്നീ കാണുന്ന രീതിയിലേക്ക് മാറ്റിയെടുത്തത് മിസ്അബ്ക്ക തന്നെയാണ്. ഇനി മിസ്അബ്ക്ക ഇല്ലാത്ത ലോകത്ത് മിസ്അബ്ക്ക പറഞ്ഞു തന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ധൈര്യസമേതം മൂന്നു മക്കളെയും ചേര്‍ത്തുപിടിച്ചു മുന്‍പോട്ട് പോകാനുള്ള കഴിവും പ്രാപ്തിയും തരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഉപ്പയുടെ മരണശേഷം മുതല്‍ മക്കൾ പറയുന്നത് നമ്മുടെ ഉപ്പ അല്ലാഹുവിങ്കല്‍ നമ്മളെയും കാത്തിരിപ്പുണ്ടെന്നും, നമ്മളും പോകും എന്നുമാണ്. ഉറങ്ങുന്നതിനു തൊട്ട് മുമ്പായി ചെറിയ മോന്‍ ഉപ്പാക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കും.
   പടച്ചവനേ, മിസ്അബ്ക്കാന്റേത് പോലുള്ള നല്ല ജീവിതവും മരണവും നല്‍കി ഞങ്ങളെ നീ അനുഗ്രഹിക്കണേ. 
l
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media