ഗസ്സയില്‍നിന്ന് പുറത്തുവരേണ്ടിയിരുന്നില്ല'
റന അല്ശോര്ബജി
ഡിസംബര്‍ 2023
ഗസ്സ എന്ന തടങ്കല്‍ പാളയത്തില്‍നിന്ന് വിവാഹത്തിനുവേണ്ടി ഖത്തറില്‍
പോയതാണ് റന അല്ശോര്ബജി. ഗസ്സ വിടേണ്ടിയിരുന്നില്ല എന്ന് അവള് പറയുന്നത്,
അവിടെ ഇസ്രയേലി കശാപ്പ് നടക്കുന്നു എന്ന് അറിഞ്ഞിട്ടു തന്നെ. വിവാഹം പോലും വലിയ സാഹസമായ ഒരു ദേശത്തെക്കുറിച്ച്...
2019 മേയിലാണ് എന്റെ വിവാഹനിശ്ചയം. ഞാന്‍ എന്റെ നാടായ ഗസ്സയിലായിരുന്നു. പ്രതിശ്രുത വരന് അഹ്മദ് ഖത്തറിലും. ഞങ്ങള്‍ നേരിട്ട് കണ്ടിട്ടേയില്ലായിരുന്നു. ഗസ്സയില്‍ ഇന്‍ര്‍നെറ്റിന് ഒട്ടും വേഗമില്ലാത്തതിനാല്‍ ഫോണിലൂടെ അദ്ദേഹത്തിന്റെ മങ്ങിയ രൂപമേ കണ്ടുള്ളൂ. വിവാഹം നാലു വര്‍ഷം കഴിഞ്ഞ്. അതിനു മുമ്പ് അഹ്മദിനെ നേരിട്ടൊന്ന് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, 2020ല്‍ കോവിഡ് മഹാമാരി യാത്രക്ക് തടസ്സമായി. അടുത്ത വര്‍ഷം പോകാമെന്ന് കരുതി. ഗസ്സ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദാനന്തര പരീക്ഷ കഴിഞ്ഞ് പോകാനായിരുന്നു പ്ലാന്‍. പക്ഷേ, യാത്രക്ക് ഏതാനും ആഴ്ചമുമ്പ്, 2021 മേയില്‍, ഇസ്രായേല്‍ ഗസ്സ ആക്രമിച്ചു.
അന്ന് സുരക്ഷാ കാരണത്താല്‍ വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടി വന്നു. എങ്കിലും പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് തന്നെ നേടാനായി.
യാത്ര നീണ്ടുപോയി. ഒടുവില്‍, 2023 ജൂലൈയില്‍, ഞാന്‍ അഹ്മദിനെ കാണാന്‍ ഖത്തറിലേക്ക് പോയി.
ആ യാത്ര ദുഷ്കരമായിരുന്നു.
റഫാ അതിര്‍ത്തി വഴി, ഇസ്രായേലിന്റെ അനേകം പരിശോധനാ പോസ്റ്റുകളിലൂടെ കടന്നുവേണം പുറത്തു പോകാന്‍. എണ്ണമറ്റ ചെക്ക് പോയന്റുകള്‍. കാലത്ത് ആറ് മുതല്‍ വൈകിട്ട് ആറുവരെ. കഠിനമായ ചൂട്. ഇസ്രായേലി പട്ടാളത്തിന്റെ അവഹേളനപരമായ പെരുമാറ്റം. റഫാ അതിര്‍ത്തി കടന്ന് ഈജിപ്തിലൂടെ ടാക്സിയുടെ പിറകു സീറ്റിലിരുന്ന് പോകുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അതിനിടെ കുറച്ചുനേരം ബോധം നഷ്ടപ്പെട്ടു.
ഗസ്സാന്‍ കനഫാനിയുടെ 'വെയിലത്തെ മനുഷ്യര്‍' എന്ന നോവലിനെപ്പറ്റി ഓര്‍ത്തു. അതില്‍ മൂന്ന് ഫലസ്ത്വീന്‍കാര്‍ മരുഭൂമിയിലൂടെ ഒരു ട്രക്കിന്റെ പിറകില്‍ യാത്ര ചെയ്യുന്നു. അസംഖ്യം ചെക്ക് പോസ്റ്റുകള്‍. അസഹ്യമായ അവഹേളനം. ആ യാത്ര അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല ആ നോവലില്‍ ചിത്രീകരിച്ചത് ഞാന്‍ നേരിട്ടനുഭവിക്കുന്നു.
ഖത്തറിലെത്തി. അഹ്മദിനെ കാണാന്‍ പോകുന്നു. പല ചോദ്യങ്ങള്‍ മനസ്സില്‍. ഫോണില്‍ ഒരു നിഴലായി കണ്ട പോലെയായിരിക്കുമോ ആള്? ശബ്ദം അങ്ങനെത്തന്നെയായിരിക്കുമോ?
ഗസ്സക്ക് പുറത്ത് ഇതാദ്യമാണ്. ആശ്ചര്യപ്പെടുത്തുന്ന കെട്ടിടങ്ങള്‍, റോഡുകള്‍. അഹ്മദ് എത്തി. പൂക്കള്‍ തന്നുകൊണ്ട് എന്നെ സ്വീകരിച്ചു. എനിക്കതൊരു സ്വപ്നം പോലെ. പറയാന്‍ വാക്കുകളില്ല.
എന്തേ മിണ്ടാത്തത്? അഹ്മദ് ചോദിച്ചു. എല്ലാം എനിക്ക് പുതിയതാണ്. അതിന്റെ അമ്പരപ്പാണെനിക്ക്.
രണ്ടാഴ്ച കഴിഞ്ഞ് വിവാഹം. ഞാന്‍ എത്തുന്നതിനു മുമ്പു തന്നെ, ഓണ്‍ലൈനായി ഞങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു. കല്യാണ ഹാള്‍, അതിഥികള്‍, അലങ്കാരങ്ങള്‍... എല്ലാം.
ഗസ്സയിലെ എന്റെ കുടുംബക്കാര്‍ക്കോ കൂട്ടുകാര്‍ക്കോ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. അവരില്ലാത്തത് വലിയ സങ്കടമായി.
ഇന്ന്, വിവാഹിതയായി നാലുമാസം കഴിഞ്ഞു. ഗസ്സയിലേക്ക് മടങ്ങാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, ഇസ്രയേല്‍ വംശഹത്യ നടത്തുകയാണവിടെ.
ഗസ്സ മാത്രമാണ് മനസ്സില്‍. 24 മണിക്കൂറും ടി.വി നോക്കുന്നു. ഓരോ ദിവസവും കൂട്ടക്കൊലകള്‍.
എന്റെ ഒരുപാട് കൂട്ടുകാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഹനീന്, ഹയാ, ഫാത്വിമ, എന്റെ പ്രിയ വിദ്യാര്‍ഥിനി ഹലാ എല്ലാവരും രക്തസാക്ഷികളായി.
എന്റെ പ്രിയ യൂനിവേഴ്സിറ്റിയും ഇസ്രായേല്‍ തകര്‍ത്തു. പ്രിയങ്കരമായതെല്ലാം അവര്‍ നശിപ്പിച്ചു. ഒരിടവും സുരക്ഷിതമല്ല.
എനിക്ക് കുറ്റബോധമാണ്. അവര്‍ വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുമ്പോള്‍ എനിക്കെല്ലാം സമൃദ്ധം. ഒരു ഗ്ലാസ് കുടിവെള്ളം, ഒരു മണിക്കൂര്‍ വൈദ്യുതി, എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഒരാഴ്ചയായി ഉറ്റവരുമായി സംസാരിച്ചിട്ട്. മറ്റൊരു ബന്ധു മുഖേന അറിയുന്നു, എന്റെ കുടുംബക്കാര് 'സുഖമായി ഇരിക്കുന്നു' എന്ന്. ജീവനോടെ ഇരിക്കുന്നു എന്നര്‍ഥം.
ഗസ്സയിലല്ല ഞാന്‍. പക്ഷേ, അവിടെ എത്താന്‍ ഞാന്‍ കലശലായി ആഗ്രഹിക്കുന്നു. എന്റെ കുടുംബക്കാര്‍ക്കൊപ്പം മരിക്കാമല്ലോ.
വിവ: യാസീന്‍ അശ്റഫ്