എന്തൊക്കെ പറഞ്ഞാലും യന്ത്രങ്ങള്‍ നമുക്ക് സഹായം മാത്രമല്ല; വലിയ ഉപകാരവുമാണ്. കാര്‍, ബൈക്ക്...
മൊബൈല്‍ ഫോണ്‍ ഉദാഹരണമായെടുക്കാം.
അത് മനുഷ്യര്‍ തമ്മിലുള്ള ബന്ധം വല്ലാതെ കുറച്ചുകളഞ്ഞു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്.
എന്റെ അനുഭവം മറിച്ചാണ്. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. ഓരോരുത്തരും ഫോണുമായി എത്തും. ഡൈനിംഗ് ടേബിളില്‍ ഓരോ ഫോണിനും വെവ്വേറെ സ്റ്റാന്റ് ഉണ്ട്.
അച്ഛന് അമ്മയോട് കുശലാന്വേഷണം ടെക്സ്റ്റ് ചെയ്യും. അമ്മ തിരിച്ചും. ഞങ്ങള്‍ മക്കള്‍ തമ്മിലും ചങ്ങാതിമാരുമായും മെസ്സേജ് വഴി ബന്ധപ്പെട്ടുകൊണ്ടേ ഇരിക്കും. പുട്ടിന്റെയും കറിയുടെയും ക്ലോസപ്പ് പടങ്ങള്‍ അങ്ങോട്ടയക്കുമ്പോള് സുഹൃത്ത് ദോശയും വടയും ഇങ്ങോട്ട് സെര്‍വ് ചെയ്യും.
അതിനിടക്ക് വാട്ട്സാപ്പില്‍ വരുന്ന തമാശകള്‍ ഞാന്‍ ചേച്ചിക്ക് ഫോര്‍വേഡ് ചെയ്യും. ചേച്ചി അത് അമ്മക്കും. അഞ്ചു മിനിട്ടിനകം എല്ലാവരും മൊബൈലില്‍ മുഖം കുത്തി ചിരിക്കുകയാവും.
ഇതിനിടക്ക്, കടയിലേക്ക് ഉച്ചക്കുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍ അയക്കും. അതും ഞങ്ങള്‍ മൊബൈലിലൂടെ ചര്‍ച്ച ചെയ്തിട്ടാണ് ഹോട്ടലിലേക്ക് മെസ്സേജ് അയക്കുക. കാരണം, വ്യക്തിബന്ധങ്ങള്‍ ഇത്ര നന്നായി മെയിന്റെയ്ന്‍ ചെയ്യാന്‍ പറ്റുന്ന ഒരു ഗാഡ്ജറ്റും മൊബൈലിനെപ്പോലെ വേറെ ഇല്ല.
ബില്ലടക്കാന്‍ പോലും കടക്കാരനെ നേരിട്ടു കാണേണ്ടതില്ലല്ലോ. അതിനല്ലേ ഗൂഗ്ള്‍ പേ!
ഞങ്ങള്‍ പഴയ ക്ലാസ്മേറ്റ്സ് സൂം വഴി ബന്ധപ്പെടാറുണ്ട്. ഫേസ്ബുക്ക് എന്നാല്‍ മനുഷ്യബന്ധങ്ങളുടെ യന്ത്രപ്പറുദീസയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ദേഷ്യം വന്നാലും ഒക്കെ ഒഴിച്ചുവെക്കാന്‍ പറ്റിയ പാത്രമാണത്. ഇന്‍സ്റ്റയാണ് ആഘോഷപ്പന്തല്‍.
യന്ത്രങ്ങളുടെ ഉപകാരത്തെപ്പറ്റി പറഞ്ഞാല്‍ തീരില്ല. നോക്കൂ, ഞാന്‍ കാലത്തെഴുന്നേല്‍ക്കുന്നത് കോഴിയുടെ കൂവല്‍ കേട്ടിട്ടാണ്. അതിന് വീട്ടില്‍ കോഴി വേണമെന്നില്ല. ഫോണിലെ അലാമില്‍ ധ്രുവക്കരടിയുടെ മുരള്‍ച്ച വരെ കിട്ടും.
*** *** ***
ഇത്രയൊക്കെ സൗകര്യമുണ്ടായിട്ടും എന്റെ ചേട്ടന് ഫോണ്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ച് ബൈക്കും കൊണ്ട് എങ്ങോട്ടോ പോയപ്പോള്‍ ഞങ്ങള്‍ അമ്പരന്നു. യന്ത്രങ്ങള്‍ കാരണം ഒറ്റപ്പെട്ടു എന്ന് എഴുതിവെച്ചിട്ടാണ് ചേട്ടന് പോയത്. എങ്ങനെ കണ്ടുപിടിക്കും? ഫോണ്‍ എടുത്തിട്ടില്ലല്ലോ.
അച്ഛന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അതിന് അങ്ങോട്ട് നേരിട്ട് പോകേണ്ടി വന്നു. വാട്ട്സാപ്പില്‍ പരാതി സ്വീകരിക്കില്ലത്രെ.
അച്ഛനോട് പോലീസുകാര്‍ ചേട്ടന്റെ ഫോട്ടോ ചോദിച്ചു. അച്ഛന് ഫോണിലെ പടം കൈമാറി. പിന്നെ അവര്‍ ചേട്ടന്റെ ഉയരവും ശീലങ്ങളും സ്വഭാവവുമൊക്കെ ചോദിച്ചു. അച്ഛന് വാട്ട്സാപ്പില്‍ പരതി. ഒന്നും കിട്ടിയില്ല.
പിന്നെ അവര്‍ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചേട്ടനെ കണ്ടുപിടിക്കാന്‍ കുറെ വിവരങ്ങള്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ റെഡി.
പോലീസ്: ഇന്നലെ ചേട്ടന് പോയപ്പോള്‍ എന്തെങ്കിലും ഭാവമാറ്റം ഉണ്ടായിരുന്നോ? ദുഃഖം വല്ലതും?
ഞാന്‍: ചേട്ടന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചില്ല. ഫോണില്‍ പ്രത്യേകിച്ചൊന്നും ചേട്ടന് പറഞ്ഞില്ല.
ചേട്ടന്റെ ഉയരമെത്ര വരും?
അറിയില്ല സാര്‍. ഫോണിനു മുന്നില്‍ കുനിഞ്ഞാണല്ലോ ഇരിക്കുക.
തൂക്കം?
അറിയില്ല. അല്‍പ്പം തടി ഉണ്ടെന്ന് തോന്നുന്നു.
മുടി എങ്ങനെയാണ്? സ്റ്റെപ്പ് കട്ടിംഗ്?
പ്രൊഫൈലില്‍ പടമുണ്ട്. അയച്ചു തരാം.
ഇന്നലെ ഏത് ഡ്രസ്സാണ് ഉടുത്തിരുന്നത്? നിറം?
ഓര്‍മയില്ല സാര്‍.
എങ്ങനെയാണ് പോയത്?
എന്റെ ബൈക്ക് എടുത്തിട്ട്. ഹീറോ സ്പ്ലെന്‍ഡറാണ്. ബ്ലാക്ക് കളര്‍. 2022 മോഡല്‍. 2000 എം.എം നീളം. 720 എം.എം വീതി. 1052 എം.എം ഉയരം. 9.8 ലിറ്റര്‍ പെട്രോള്‍ കൊള്ളും. സീറ്റിന് 785 എം.എം നീളം. ഹാലജന്‍ ഹെഡ്ലൈറ്റ്.....
പോലീസ് പറഞ്ഞു: മതി, ഞങ്ങളേതായാലും അന്വേഷിക്കാം. ബൈക്ക് കിട്ടിയാല്‍ വിവരമറിയിക്കാം.
ചേട്ടന്?
ബൈക്കിന് പുറത്തുണ്ടെങ്കില്‍ കിട്ടുമായിരിക്കും.
l