വിദ്യാർത്ഥികൾക്കും കടമയുണ്ട്
നജിയ ,ഷജറീന. സംഗീത
ഡിസംബര്‍ 2023
മനുഷ്യാവകാശത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും വാതോരാതെ
പറയുന്നതിനിടയിലും വര്‍ധിച്ചുവരുന്ന വംശീയ വര്‍ഗീയ അധിക്ഷേപങ്ങളെക്കുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതികരണം.
ഭരണഘടന ഉയർത്തിപ്പിടിക്കാൻ
ശ്രമിക്കണം
മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നമ്മുടെ മഹത്തായ പാരമ്പര്യത്തെ മായ്ച്ചുകളഞ്ഞ് പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും വര്‍ഗീയതയും വംശീയതയും കുത്തിനിറക്കുന്ന ഭരണകൂടമുള്ള ഒരു കാലത്താണ് നാമുള്ളത്. കുരുന്ന് മനസ്സില്‍ പോലും വര്‍ഗീയതയുടെയും വംശീയതയുടെയും വേരുകള്‍ കുത്തിവളര്ത്തുന്നു. ക്ലാസ്സ് മുറികള്‍ പോലും വിദ്വേഷത്തിന്റെ ഇടങ്ങളായി മാറുകയാണ്. ഭരണഘടനാശില്പികൾ സ്വപ്നം കണ്ട പോലുള്ള ഒരു രാജ്യമാണ് നമ്മള് ലക്ഷ്യമാക്കുന്നതെങ്കില്‍ ഇത്തരം വര്‍ഗ്ഗ- വംശ വേര്‍തിരിവുകള്‍ക്കപ്പുറം മതേതരത്വത്തെക്കുറിച്ചും ജനാധിപത്യ ബോധത്തെക്കുറിച്ചും സംസാരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എത്ര തന്നെ വര്‍ഗീയത കുത്തിനിറക്കുന്ന പാഠപുസ്തകങ്ങള്‍ ഉണ്ടായാലും അതിനു മുകളില്‍ കയറി നിന്നുകൊണ്ട് നമ്മുടെ ഭരണഘടനയെ നാം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കണം.
ഇത്തരം വര്‍ഗീയ, വംശീയ കടന്നാക്രമണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ വരുമ്പോള്‍ പുതിയ കാലത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഇത്തരം അജണ്ടകളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ വിദ്യാര്‍ഥിയുടെയും കടമയാണ്. പുരോഗമന പ്രസ്ഥാനങ്ങളെന്നവകാശപ്പെടുന്നവര് പോലും ഇത്തരം വംശീയ വര്‍ഗീയ മനസ്സുള്ളവരായി മാറുന്നത് നാം നേരിൽ കാണുകയാണ്. പുരോഗമനമെന്നവകാശപ്പെടുന്ന പ്രസ്ഥാനത്തിലെ ഒരുപറ്റം വിദ്യാര്‍ഥികളില്‍ നിന്നു എന്റെ കലാലയത്തിലും ജാതീയധിക്ഷേപം ചില വിദ്യാര്‍ഥികള്‍ക്കു നേരെ ഉയരുകയുണ്ടായി. സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യം മണ്ണടിഞ്ഞു പോവുന്ന ഇന്നിന്റെ കെട്ട കാലത്ത് ജനാധിപത്യത്തിന്റെ കാവലാളാവുക എന്നതാണ് അനിവാര്യ ദൗത്യം.
എല്ലാവരെയും അംഗീകരിക്കാൻ
കഴിയണം
നമ്മുടെ സമൂഹം പുരോഗമനവാദവും ലിബറലിസവും വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍, ഇതെല്ലാം വാതോരാതെ പ്രസംഗിക്കുന്നവരുടെയും അതിനുവേണ്ടി മുന്നിട്ടിറങ്ങുന്നവരുടെയും ഇടയില്‍ ഇതേ തുല്യതാ ബോധമാണോ ഉള്ളത് എന്ന് സംശയമുണ്ട്. ഞാന്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് ബി.എ ഇകണോമിക്സ് 2-ാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കോളേജിന്റെ രാഷ്ട്രീയ പശ്ചാത്തലം മൃഗീയമായ എസ്.എഫ്.ഐ ഏകാധിപത്യമാണ്. ഇവരാണ് ഞാന്‍ ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ കോളേജ് ഡിപ്പാര്‍ട്മെന്റ് ഫ്രഷേഴ്സിന്റെ ഭാഗമായി എന്നോട് തട്ടം അഴിക്കാന്‍ ആവശ്യപെട്ടു. തട്ടം ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. എന്റെ സംരക്ഷണത്തിനും കംഫേര്‍ട്ടിനും വേണ്ടി ധരിക്കുന്നത്. എന്റെ ഐഡന്റിറ്റി. മറ്റു വസ്ത്രങ്ങള്‍ അവര്‍ അഴിക്കാന്‍ പറയുന്നില്ല. പിന്നെന്തുകൊണ്ട് തട്ടം മാത്രം അവര്‍ക്കൊരു ബുദ്ധിമുട്ടായി തോന്നുന്നു? എന്റെ വ്യക്തി സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ അവര്‍ക്കെന്ത് അധികാരം? എല്ലാവരും തുല്യരാണെന്ന് പറയുമ്പോള്‍ എല്ലാവര്ക്കും അവരുടെ ഇഷ്ടങ്ങള്‍ മുന്‍നിര്‍ത്തി ജീവിക്കാനുള്ള അവകാശമുണ്ട്, പിന്നെന്തുകൊണ്ടാണ് ഹിജാബ് എന്ന എന്റെ ഇഷ്ടം അവര്‍ വിലക്കുന്നത്?
മറ്റൊരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിനിന്ന് സംസാരിക്കുന്നതിനിടയില്‍ ചില സുഹൃത്തുക്കള്‍ ഫോട്ടോ എടുത്തു. അത് നോക്കി ഫോട്ടോ എടുത്ത പയ്യന് തമാശ രൂപേണ ചോദിച്ചു; ഫോട്ടോയില്‍ ഏതാ ഒരു തീവ്രവാദി എന്ന്. തമാശക്കാണെങ്കിലും എന്റെ വസ്ത്രധാരണ രീതി ഒരു തീവ്രവാദിയുടെ വസ്ത്രധാരണത്തിന് സമാനമാണെന്ന് തോന്നുകയാണ്. ആ കാഴ്ചപ്പാട് എങ്ങനെ വളര്‍ന്നുവന്നു? തമാശക്കാണെങ്കില്‍ പോലും ആ ചോദ്യം വരണമെങ്കില്‍ അവരുടെ ഉള്ളില്‍ ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ തീവ്രവാദികളെന്ന ചിത്രം ഈ സമൂഹം വരച്ചിട്ടതുകൊണ്ടാണ്. മറ്റാരുടെയോ നിര്‍ബന്ധത്തിലാണ് ഞങ്ങള്‍ ഇങ്ങനെ ധരിക്കുന്നതെന്ന പൊതുചിന്ത മാറേണ്ടതുണ്ട്. എല്ലാവര്ക്കും അവരുടെ ഇഷ്ടങ്ങള്‍ മുറുകെ പിടിക്കാന്‍ സ്വാതന്ത്ര്യം നല്‍കുക എന്ന മുദ്രവാക്യങ്ങളില്‍ കളങ്കമില്ലെങ്കില്‍ എല്ലാറ്റിനെയും അംഗീകരിക്കുകയാണ് വേണ്ടത്.
ക്യാമ്പസുകളും പുരോഗമന
നാട്യങ്ങളിൽ നിന്ന് ഒഴിവല്ല
സംഗീത (ഗവ. വിക്ടോറിയ കോളേജ് പാലക്കാട്)
വംശീയമായ അധിക്ഷേപങ്ങള്‍ക്കും അവഗണനകള്‍ക്കും കലാലയങ്ങള്‍ വേദിയാകുന്നത് നിത്യ സംഭവമാണ്. അരിവാള്‍ രോഗം മൂലം അബോധാവസ്ഥയിലായ ഗവ.വിക്ടോറിയ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനി അട്ടപ്പാടി ദാസന്നൂരിലെ ആദിവാസി ഇരുവാള വിഭാഗത്തില്‍പ്പെട്ട ഭുവന, വംശീയ അവഹേളനത്തിന്റെ ഇരയായിരുന്നു. അരിവാള്‍ രോഗം മൂര്‍ച്ഛിച്ച് ഭുവന ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ടു.
കോളേജില്‍വെച്ച് രോഗം പിടിപെട്ട ഭുവനയെ കോളേജ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ച് ഒറ്റക്കാക്കി മുങ്ങിക്കളഞ്ഞ സംഭവത്തില്‍ കോളേജ് അധികൃതരും ജീവനക്കാരും മനുഷ്യത്വമില്ലാതെയും ഉത്തരവാദിത്വ ബോധമില്ലാതെയുമാണ് ഇടപെട്ടതെന്ന് മനുഷ്യാവകാശ കമീഷന് കണ്ടെത്തിയിരുന്നു. കോളേജില്‍വെച്ച് അവശയായ വിദ്യാര്‍ഥിനിയെ കോളേജധികൃതര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എസ്.ടി വിദ്യാര്‍ഥിനിയായ ഭുവനയെ നോക്കാന്‍ എസ്.ടി പ്രമോട്ടര്‍ വരുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ നിര്‍ബന്ധപൂര്‍വം കൂട്ടി കോളേജിലേക്ക് തിരിച്ചു. സഹോദരനും മറ്റും സംഭവമറിഞ്ഞ് രാത്രി ആശുപത്രിയിലെത്തും വരെ അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി തനിച്ചായിരുന്നു. മാത്രവുമല്ല, ഒരു പെണ്‍കുട്ടിയുടെ വിഷയത്തില്‍ പുരുഷനായ എസ്.ടി പ്രമോട്ടറെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് വാര്‍ഡനും റസിഡന്റ് ട്യൂട്ടറും ആശുപത്രിയില്‍ നിന്ന് പോയത്. ശക്തമായ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കോളേജ് അധികൃതര്‍ ആശുപത്രിയിലേക്ക് തിരിച്ചത്.
വിഷയത്തില്‍ മനുഷ്യാവകാശ ലംഘനവും ജാതീയ വിവേചനവും നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും അന്നത്തെ ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഫര്ഹാന്.എച്ച് മനുഷ്യാവകാശ കമീഷനും എസ്.സി/എസ്.ടി കമീഷനും പരാതി നല്കി. തുടര്‍ന്ന് നടന്ന മനുഷ്യാകാശ കമീഷന്റെ അന്വേഷണം, ഹിയറിങ്ങുകള്‍ എന്നിവയിലൂടെയാണ് കമീഷന് കോളേജ് അധികൃതര്‍ക്കും ജീവനക്കാര്‍ക്കും വീഴ്ച പറ്റിയെന്നും അവര്‍ ലാഘവത്തോടെയാണ് സംഭവത്തില്‍ ഇടപെട്ടതെന്നും കണ്ടെത്തിയത്. പുരോഗമനമെന്നു പറയുന്ന നമ്മുടെ കോളേജ് കാമ്പസുകള്‍ പോലും ഇത്തരം കാര്യങ്ങളില്‍ നിന്നൊന്നും മുക്തമല്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.
l