കാര്‍ഷിക സമൃദ്ധികൊണ്ട് ഖ്യാതി നേടിയ നാടാണ് ഗുണ്ടല്‍പ്പേട്ട്. വാണിജ്യ പുഷ്പകൃഷിയുടെയും പച്ചക്കറി കൃഷിയുടെയും നാട്. ദക്ഷിണേന്ത്യയുടെ പൂപ്പാടങ്ങളുടെ ലിസ്റ്റില്‍ മുന്നില്‍ തന്നെയുള്ള ഗുണ്ടല്‍പ്പേട്ട് എന്നും വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്.
ഇക്കഴിഞ്ഞ ഓണക്കാലത്തിനു തൊട്ടു മുന്നെയായിരുന്നു ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍ തേടിയുള്ള യാത്ര. അതിന് വഴിയൊരുക്കിയത് ഉറ്റ സുഹൃത്ത് ധന്യയും. തിരക്കെല്ലാം വിട്ട് ഒന്ന് രണ്ട് ദിവസം സൊറ പറഞ്ഞിരിക്കാം എന്ന മോഹത്തിലാണ് വയനാട്ടിലെ മീനങ്ങാടിയിലെത്തിയത്. പക്ഷേ, വയനാട്ടിലെ ഒരു പെണ്‍കൂട്ടത്തിന്റെയൊപ്പം ഒരു വണ്‍ഡേ പ്ലാന്‍ സെറ്റ് ചെയ്ത് ധന്യ സര്‍പ്രൈസ് ഒരുക്കി.
ഒരു ബഡ്ജറ്റ് യാത്രയാണ്. ബന്ദിപൂര്‍ വഴി പോയി ഇരുട്ടും മുമ്പ് തിരിച്ചെത്താം. കേട്ടപ്പോള്‍ തന്നെ സന്തോഷമായി. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുക. അതായിരുന്നു ആകെയുള്ള നിര്‍ദേശം. അതനുസരിച്ച് ഞങ്ങളെല്ലാവരും എത്തുകയും ചെയ്തു.
അഞ്ച് പെണ്ണുങ്ങളുള്ള ഒരു ചെറുസംഘമായിരുന്നു ഞങ്ങളുടേത്. പരിചയക്കാരനായ ഒരു സുഹൃത്തിന്റെ വണ്ടിയിലായിരുന്നു ഈ യാത്ര. ബത്തേരി നഗരം സജീവമാകുമ്പോള്‍ ഞങ്ങള്‍ നഗരം വിട്ടു യാത്ര തുടങ്ങി. തിരക്കുള്ള വഴിയില്‍നിന്ന് വാഹനം വയനാടിന്റെ തനിമയുള്ള ഗ്രാമ വീഥിയിലൂടെ നീങ്ങി.
പച്ചപുതച്ച വയലുകളും മലകളും കൊച്ചുകൊച്ചു പീടികകളും വീടുകളും ഗ്രാമഭംഗിയുടെ മാറ്റുകൂട്ടി. കൃഷിക്കാരും കന്നുകാലികളും ഈ വഴിയില്‍ ധാരാളമുണ്ട്. ഇടക്കിടെ പരമ്പരാഗത വേഷം ധരിച്ച ഗോത്രമക്കളെയും കാണാം. വയനാടന്‍ മണ്ണിന്റെ സ്വന്തം മക്കള്‍. ഒറ്റക്കും കൂട്ടുചേര്‍ന്നും വഴിയിലൂടെ നടന്നുപോകുന്നു.
എല്ലാവര്‍ക്കും ഒരു ചായ കിട്ടിയാല്‍ കൊള്ളാം എന്ന തോന്നല്‍. കുറച്ച് മുന്നോട്ട് ചെന്ന് ചുറ്റും വയല്‍ നിറഞ്ഞ മനോഹരമായ ഒരിടത്തെത്തി. ഒരു പുളിമരത്തണലില്‍ വണ്ടിയൊതുക്കി എതിരെയുള്ള ചായക്കടയില്‍ കയറി. ചായയും വെട്ടുകേക്കും കഴിച്ചു. സൂപ്പര്‍ ചായതന്നെ. അവിടന്ന് കുറച്ച് വറവ് പലഹാരങ്ങളും വാങ്ങി പുറത്തിറങ്ങി. പിന്നെ എല്ലാവരും ചേര്‍ന്ന് ഒന്നാം സെല്‍ഫിയുമെടുത്തു തിരികെ വണ്ടിയില്‍ കയറി. വീണ്ടും യാത്ര തുടങ്ങി, കൊങ്ങിണിപ്പൂക്കളും ചെമ്പരത്തിയും നാട്ടുപച്ചകളും അതിരിടുന്ന വഴികളിലൂടെ.
വാഹനം വയലും ഗ്രാമങ്ങളും വിട്ട് വനമേഖലയിലേക്ക് കടന്നു. ഏറെ താമസിയാതെ ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ചെക്ക്‌പോസ്റ്റിലെത്തി. കുരങ്ങുകളും കിളികളും തമ്പടിച്ച വന്മരങ്ങള്‍ക്കിടയിലൂടെ കാടിന്റെ നടുവിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. കണ്ണ് നട്ട് ചുറ്റും നോക്കിയിരുന്നു, കാട്ടുമൃഗങ്ങളെ കാണാന്‍. ഒന്ന് രണ്ട് വേഴാമ്പലും മയിലും ചില കുരങ്ങുകളും മാന്‍കൂട്ടങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. മറ്റൊന്നിനെയും കാണ്മാനില്ല. പകല്‍ സമയം ആയതുകൊണ്ടും വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഇടവിടാതെ നീങ്ങുന്നതുകൊണ്ടുമാകാം അവ വരാത്തത്. മടക്കയാത്രയില്‍ കാണുമായിരിക്കും എന്ന പ്രതീക്ഷയോടെ മുന്നോട്ട് നീങ്ങി.
ബന്ദിപൂരിന്റെ പച്ചപ്പ് മനസ്സിനെ കോരിത്തരിപ്പിച്ചു. ഉള്‍ക്കാട്ടിലെ കുളിര്‍മയും ശുദ്ധവായുവും ആവോളം ആസ്വദിച്ചു. മഴക്കാലം തളിര്‍പ്പിച്ചും തഴപ്പിച്ചും നിര്‍ത്തിയ വനവൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും കൂടുതല്‍ സുന്ദരമായി തോന്നി. വീണുടഞ്ഞ വൃക്ഷങ്ങളും കൂമ്പന്‍ ചിതല്‍പുറ്റുകളും വനവീഥിയില്‍ കാണാം.
കാടകം പിന്നിട്ട് വീണ്ടും ഗ്രാമാന്തരീക്ഷത്തിലെത്തി. ചെക്‌പോസ്റ്റ് കടക്കുമ്പോള്‍ തന്നെ വണ്ടികളുടെ നീണ്ട നിര കണ്ടുതുടങ്ങി. പൂപ്പാടങ്ങളുടെ തുടക്കമാണ്. അകലെ നിന്ന് നോക്കുമ്പോള്‍ പച്ചരാശിയില്‍ മഞ്ഞയും ഓറഞ്ചും ചായം കോരിയൊഴിച്ച പ്രതീതി. പാതയോരം നിറയെ ആള്‍ക്കൂട്ടങ്ങള്‍.
പാതക്കിരുവശവും വിശാലമായ പൂപ്പാടങ്ങള്‍. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലിപ്പാടങ്ങള്‍. വലിയ പൂക്കളുമായി തല ചെരിച്ചു നില്‍ക്കുന്ന സൂര്യകാന്തികള്‍ നിറഞ്ഞ പാടങ്ങള്‍. ഇടക്ക് വയലറ്റ് ചന്തം വിതറി അങ്ങിങ്ങായി വാടാമല്ലിയുടെ പാടങ്ങള്‍. വെള്ളയും മഞ്ഞയും നിറമുള്ള ജമന്തിപ്പാടങ്ങള്‍. ഇങ്ങനെ കണ്ണെത്താ ദൂരം പരന്നുനിറഞ്ഞ വര്‍ണ വിശാലത. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച. മതിമറന്നു പോകുന്ന കാഴ്ച.
ആകാശം മഴമേഘം കൊണ്ട് നിറഞ്ഞിരുന്നു. ഇടക്ക് മാത്രം തെളിയുന്ന വെയില്‍. പലവട്ടം വഴിയില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ തുനിഞ്ഞിട്ടും നടന്നില്ല. അത്രക്കുണ്ട് ആള്‍ക്കൂട്ടം. പൂപ്പാടങ്ങള്‍ കണ്ട് കണ്ട് കിലോമീറ്ററുകള്‍ കടന്നു. അല്‍പം ആള്‍തിരക്ക് കുറഞ്ഞ ഒരിടത്ത് വണ്ടി നിര്‍ത്തി ഇറങ്ങി.
നേരെ കണ്ട ബന്ദിപ്പൂക്കള്‍ നിറഞ്ഞ പാടത്തേക്ക് ചെന്നു. അവിടെ പൂക്കള്‍ വിളവെടുത്ത് നിറച്ച അനേകം ചാക്കുകെട്ടുകള്‍ കൂട്ടിയിട്ടിട്ടുണ്ട്. സമീപത്തായി മധ്യവയസ്‌കനായ ഒരാളും ഇരിപ്പുണ്ട്- മുരുകന്‍. പൂ കര്‍ഷകനാണ്. കൂടെ ഒരു സഹായിയും ഉണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പൂ കൃഷി ചെയ്യുന്നയാളാണ് മുരുകന്‍. രാവിലെ വിളവെടുത്ത പൂക്കള്‍ കയറ്റി അയക്കാനുള്ള വണ്ടിയും കാത്തിരിക്കുകയാണ്.
ഇത് മൊത്തം കേരളത്തിലേക്കാണോ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. അല്ല, തമിഴ്‌നാട്ടിലേക്കാണ്. പെയിന്റ് നിര്‍മാണ കമ്പനിയിലേക്കാണ് ഇവിടുത്തെ കൂടുതല്‍ പൂക്കളും കയറ്റി വിടുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വളരെ കുറഞ്ഞ തോതില്‍ പൂക്കള്‍ ഇവിടെനിന്ന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ പ്രതീക്ഷ മറിച്ചായിരുന്നു. പൂ കൃഷിയില്‍ ചെണ്ടുമല്ലിയാണ് ഏറ്റവും കൂടുതല്‍ ഉള്ളതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
പൂക്കള്‍ക്കിടയില്‍ നിന്ന് പലരും ഫോട്ടോയെടുപ്പ് തുടങ്ങി. സെല്‍ഫിയും സിംഗിളും ഗ്രൂപ്പും ഒക്കെ തകര്‍ക്കുന്നു. ഞങ്ങളും അനുവാദം ചോദിച്ചു. പടമെടുക്കാന്‍. ഒരാള്‍ക്ക് പത്ത് രൂപ. ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അത് നശിപ്പിക്കപ്പെടാന്‍ ചാന്‍സുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഫീ വാങ്ങുന്നത്. തുടുത്തുമിനുത്ത ചെണ്ടുമല്ലികള്‍ക്കിടയില്‍നിന്ന് പല പോസിലുള്ള പടങ്ങള്‍ എടുത്തു. കൂടെ കുറേ വീഡിയോ ക്ലിപ്‌സും. പിന്നെ മുരുകണ്ണനോട് നന്ദി പറഞ്ഞ് റോഡിലേക്ക് നടന്നു. ചുറ്റും നോക്കുമ്പോള്‍ പിന്നെയും പിന്നെയും മഞ്ഞപ്പാടങ്ങള്‍. അത് കാണാനെത്തുന്നവരുടെ ആരവങ്ങള്‍. തിരക്കില്‍നിന്ന് അല്‍പം വിട്ടുമാറി സഞ്ചരിക്കാന്‍ വേണ്ടി വീണ്ടും വണ്ടിയില്‍ കയറി മുന്നോട്ട് പോയി.
സൂര്യകാന്തിപ്പാടങ്ങളും വാഴത്തോട്ടങ്ങളും പച്ചക്കറിതോട്ടങ്ങളും വഴിയില്‍ നിറഞ്ഞുനിന്നു. ചിലയിടത്ത് മൂത്തുകറുത്ത കായകള്‍ പേറിയ സൂര്യകാന്തികള്‍ വിളവെടുപ്പിന് കാത്തുനില്‍ക്കുന്നു. വേറെ ചിലയിടങ്ങളില്‍ മൊട്ടുകളും പൂക്കളും നിറഞ്ഞ സൂര്യകാന്തിച്ചെടികള്‍. പാചകാവശ്യത്തിനും മറ്റുമുള്ള എണ്ണ (സണ്‍ഫ്ളവര്‍ ഓയില്‍) ഉല്‍പാദനത്തിന് വേണ്ടിയുള്ള കൃഷിയാണിത്. സൂര്യനഭിമുഖമായി വിടര്‍ന്നു നില്‍ക്കുന്ന വലുപ്പമുള്ള സൂര്യകാന്തിപ്പൂക്കളുടെ ചന്തം എത്ര കണ്ടാലും മതിവരില്ല.
മുന്നോട്ട് പോകുമ്പോള്‍ പിന്നെയുള്ളത് പച്ചവിരിപ്പാര്‍ന്ന ഭക്ഷ്യ വിളകളുടെ പാടങ്ങളാണ്. ധാന്യവിളകളായ നെല്ലും ചോളവും ചെറുധാന്യങ്ങളും ധാരാളമായി ഇവിടെ കൃഷി ചെയ്തുവരുന്നു. പൂത്തുവിളഞ്ഞ് നില്‍ക്കുന്ന ചോളത്തലപ്പുകളുടെ ഭംഗി പറഞ്ഞറിയിക്കാന്‍ പ്രയാസം. നീണ്ടു വീതിയുള്ള ഇലകളും ധാന്യ മണികള്‍ മുറ്റിയ കുലകളും കാര്‍ഷിക സമൃദ്ധിയുടെ അടയാളമായി നില്‍ക്കുന്നു. കൂടാതെ കരിമ്പു കൃഷിയും ഇടക്ക് കാണാം.
പലതരം പച്ചക്കറികളും, സുഗന്ധ വിളകളായ മഞ്ഞള്‍, ഇഞ്ചി, മല്ലി, പുതിന തുടങ്ങിയവയുമുണ്ട്. കൃഷിയുടെ പെരുമയും പേരും ഈ നാടിന് ചേര്‍ന്നത് തന്നെ എന്ന് മനസ്സ് പറഞ്ഞു.
പൂ കൃഷിപോലെ തന്നെ വാണിജ്യ രീതിയില്‍ ധാരാളം പച്ചക്കറി വിളകളും ഇവിടെയുണ്ട്. കേരളത്തിലേക്കും വിദേശത്തേക്കുമെല്ലാം ഗുണ്ടല്‍പ്പേട്ടിലെ പച്ചക്കറികള്‍ എല്ലാ കാലത്തും എത്തുന്നുണ്ട്. അതിന്റെ കാഴ്ചവട്ടങ്ങളും ഇനിയുള്ള യാത്രയില്‍ തെളിഞ്ഞു.
ഉരുണ്ട് വലുപ്പമുള്ള, നീലയും വെള്ളയും നിറത്തിലുള്ള കാബേജിന്റെ വിളവെടുക്കാന്‍ പാകത്തിലുള്ള പാടങ്ങള്‍. അതിനപ്പുറം കായ്ച്ച വെണ്ടകള്‍, കോളിഫ്‌ളവര്‍, തക്കാളി, കാരറ്റ്, മുളകിനങ്ങള്‍, വഴുതിന, ചേന, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, പന്തല്‍വര്‍ഗ വിളകളായ പാവല്‍, പടവലം, കോവല്‍, വള്ളിപ്പയര്‍, ചീരയിനങ്ങള്‍ തുടങ്ങിയവയെല്ലാം ധാരാളമായി വിളഞ്ഞുനില്‍ക്കുന്ന കാഴ്ച. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ച.
ഈ ഉത്പന്നങ്ങള്‍ മിക്കതും വഴിനീളെ കൂട്ടിയിട്ടു വില്‍ക്കുന്നുണ്ട്. ചില്ലറയായും മൊത്ത കച്ചവടക്കാര്‍ ലോറിയില്‍ കയറ്റിയും കൊണ്ടുപോകുന്നു. എന്തായാലും രസമുള്ള കാഴ്ചകള്‍ തന്നെ. കാര്‍ഷിക സംസ്‌കാരത്തിന്റെ തുടിപ്പുകള്‍.
ഞങ്ങള്‍ കുറേക്കൂടി മുന്നോട്ട് യാത്ര ചെയ്ത് ചാമരാജ് നഗറിലെത്തി. സമയം ഉച്ചയായി. അവിടുത്തെ ഒരു ഹോട്ടലില്‍ നിന്ന് ഊണുകഴിച്ചു. അവിടെയുള്ള ചില പുരാതന ക്ഷേത്രങ്ങളും പരിസരങ്ങളും കണ്ട് തിരികെ വീണ്ടും നഗരത്തിലെത്തി. അപ്പോഴേക്കും സമയം നാല് മണിയോടടുത്തു. വീണ്ടും വിശപ്പ്. വഴിയിലെ തരക്കേടില്ലാത്ത ഒരു കടയില്‍ പലതരം വിഭവങ്ങള്‍. എരിപൊരി നോണ്‍വെജ് ഐറ്റംസ് ആണ് കൂടുതല്‍. കാട, കോഴി, പോത്ത്, താറാവ്, ഫ്രൈകളുടെ ബഹളം. എല്ലാവരും ഒരേ സ്വരത്തില്‍ കാട ഫ്രൈക്ക് ഓര്‍ഡര്‍ കൊടുത്തു. കടയില്‍ കയറി കഴിച്ചിരുന്നാല്‍ നേരം വൈകും. അതിനാല്‍ പാര്‍സല്‍ വാങ്ങി; കുടിക്കാനുള്ള വെള്ളവും.
വണ്ടിയില്‍ കയറി വീണ്ടും ഗുണ്ടല്‍പ്പേട്ടിനെ ലക്ഷ്യമിട്ടു. പൂപ്പാടങ്ങളുടെ നടുവിലൂടെ, പച്ചക്കറി വിളനിലങ്ങളുടെ ഇടയിലൂടെ സഞ്ചാരം തുടര്‍ന്നു. വൈകുന്നേരം ആയതുകൊണ്ടാകാം ഇന്‍സ്റ്റന്റ് പച്ചക്കറി കടകളും വഴിക്കച്ചവടങ്ങളും പൊടിപൊടിക്കുന്നു. ധാരാളം പേര്‍ ചെറിയ തോതില്‍ തക്കാളിയും വെണ്ടയ്ക്കയും കക്കിരിയുമൊക്കെ വണ്ടി നിര്‍ത്തി വാങ്ങിപ്പോകുന്നു. ഞങ്ങളുടെ വണ്ടിയും നിര്‍ത്തി. മല്ലിച്ചപ്പും(മല്ലിയില) വാളന്‍ പുളിയും വാങ്ങി. അടുത്ത് കണ്ട പൂപ്പാടത്തു ഒന്ന് കൂടി നിന്ന് പടമെടുത്തു. കുറേക്കൂടി മുന്നോട്ട് ചെല്ലുമ്പോള്‍ നല്ലൊരു സൂര്യകാന്തിപ്പാടം. തിരക്കും കുറവ്. അവിടേക്ക് കയറാന്‍ ഉടമയോട് അനുവാദം ചോദിച്ചു. പത്ത് രൂപ വീതം അവിടെയും കൊടുത്തു. ഊര്‍ജസ്വലമായി നില്‍ക്കുന്ന സൂര്യകാന്തികള്‍. തലക്കു മുകളില്‍ മഞ്ഞക്കിരീടം ചാര്‍ത്തിയുള്ള ആ നില്‍പ് എത്ര സുന്ദരം. അതിനിടയിലും നിന്ന് പടമെടുത്തു. പിന്നെ തിരിച്ചിറങ്ങി.
നല്ലപോലെ വിശക്കുന്നുണ്ട്. കാട പാര്‍സലിന്റെ കാര്യമോര്‍ത്തപ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. പക്ഷേ, അല്‍പം ഇരിക്കാന്‍ ഒരിടം വേണം. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ ഒരു സൈഡ് റോഡില്‍ ചോളപ്പാടങ്ങള്‍. കുറച്ച് നിരപ്പായ ഇടങ്ങളും ഉണ്ട്. അവിടെ വണ്ടി പാര്‍ക്ക് ചെയ്ത് കഴിച്ചു. നല്ല രുചിയുള്ള ഫ്രൈ. ഇടക്ക് ബൈക്കില്‍ പോയ പ്രദേശവാസികള്‍ വേസ്റ്റ് ഇവിടെ ഇടരുത് എന്ന് ഓര്‍മപ്പെടുത്തി.
തൊട്ടപ്പുറത്തായി കരുത്തുള്ള പച്ചപ്പ് നിറഞ്ഞ പാടം. എന്താണെന്ന് പിടികിട്ടിയില്ല. പലവട്ടം അടുത്തുചെന്ന് നോക്കി. ഇടക്ക് വെള്ള നിറമുള്ള പൂക്കളും കാണാം. നല്ല ഭംഗിയുള്ള സുന്ദരിപ്പൂവുകള്‍. കുറേ നേരത്തേ നിരീക്ഷണത്തിനു ശേഷം മനസ്സിലായി, ഉരുളക്കിഴങ്ങ് കൃഷിയാണ്. സന്തോഷം നല്‍കിയ മറ്റൊരു കാഴ്ച. അപ്പുറത്ത് ചോളക്കുലകള്‍, ഇപ്പുറത്ത് ഉരുളക്കിഴങ്ങ് പാടം. എല്ലാം കൊണ്ടും സമൃദ്ധമായ ഭൂമി.
വണ്ടിയില്‍ കയറി തിരികെ യാത്ര തുടര്‍ന്നു. താമസിയാതെ ബന്ദിപൂരിന്റെ അതിരുകടന്നു. വിസ്മയക്കാഴ്ചകളുടെ പൂരവും തുടങ്ങി. കുഞ്ഞാനകളും കുട്ടിക്കൊമ്പന്മാരും അമ്മയാനകളും കൊമ്പനും അടങ്ങുന്ന ആറും ഏഴും എണ്ണമുള്ള ആന സംഘങ്ങള്‍. റോഡിന് ഇരുപുറവും കൂസലില്ലാതെ മേയുന്നു. യാത്രികര്‍ വണ്ടികളുടെ സ്പീഡ് കുറച്ച് അവയെ നിരീക്ഷിക്കുന്നുണ്ട്. ഉള്ളില്‍ നല്ല പേടിയും ഉണ്ട്. വനപാതയില്‍ ആറേഴിടങ്ങളില്‍ ഇങ്ങനെ ആനക്കൂട്ടങ്ങളെ കണ്ടു. മനസ്സിന് തൃപ്തിയായി. ഇടയ്ക്കിടെ
മാന്‍കൂട്ടങ്ങള്‍, കുരങ്ങന്മാര്‍, വേഴാമ്പലുകള്‍. വരിവരിയായി ഓടി മറയുന്ന ചെന്നായ്ക്കൂട്ടങ്ങളായിരുന്നു ഈ വനാന്തരങ്ങളിലെ മറ്റൊരു കൗതുകം. ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു കിടിലന്‍ കാഴ്ചയും മുന്നില്‍ വന്നു. റോഡിന് സമാന്തരമായി ഗാംഭീര്യത്തോടെ നടന്ന് നീങ്ങുന്ന കടുവ. ഏകദേശം രണ്ട് മീറ്റര്‍ നീളം തോന്നും. മിനുമിനുത്ത ഇരുണ്ട രോമക്കുപ്പായവും ബലിഷ്ഠമായ ആകാരഭംഗിയും. ഏതാണ്ട് റോഡിന് പത്ത് മീറ്റര്‍ അകലെ. വണ്ടികള്‍ വേഗം കുറക്കുന്നത് കണ്ട അവന്‍ നടത്തത്തിന് അല്‍പം വേഗം കൂട്ടി. ഗ്ലാസ്സ് താഴ്ത്താന്‍ ധൈര്യം തോന്നിയില്ല. അതിനാൽ പടമെടുത്തെങ്കിലും തെളിഞ്ഞുവന്നില്ല. എങ്കിലും മനസ്സില്‍ ആഴത്തില്‍ അവന്റെ ഗംഭീരഭാവം പതിഞ്ഞു കിടന്നു. ഒരുപാട് സന്തോഷം തോന്നിയ കാഴ്ച.
ഏഴരയോടെ വയനാട്ടില്‍ തിരിച്ചെത്തി എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. തികച്ചും സന്തോഷപ്രദമായ മറ്റൊരു യാത്ര.
l