വിദ്യാര്‍ഥി സംരംഭകത്വത്തിന് വളരെയേറെ അനുകൂല സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. സംരംഭകത്വ വിദ്യാഭ്യാസം എന്നത് ജീവിത നൈപുണികളില്‍ പ്രധാനമാണ്. അത് കേവലം അറിവ് മാത്രമല്ല, ഭാവി ഉപജീവന മാര്‍ഗം കൂടിയാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളില്‍ സംരംഭകത്വം എന്ന ആശയം സാര്‍വത്രികമാക്കേണ്ടതുണ്ട്.
വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും പെണ്‍കുട്ടികളുള്ള നാടാണ് കേരളം. അവര്‍ സ്വതന്ത്രരായി മാറേണ്ടതുണ്ട്. അവസരങ്ങളുടെയും സാധ്യതകളുടെയും പറുദീസയായ നമ്മുടെ നാട്ടില്‍ പഠനത്തോടൊപ്പം അവരുടെ ഉള്ളിലുള്ള നൂതനാശയങ്ങളെ സംരംഭകത്വ അവസരങ്ങളാക്കി മാറ്റാന്‍ കഴിയണം.
ശക്തി' എന്ന പദ്ധതിയുടെ ലക്ഷ്യവും ഇതുതന്നെയാണ്. ഒരു ബോധവല്‍ക്കരണ പ്രവര്‍ത്തനം എന്നതിനപ്പുറം രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന തരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തോടൊപ്പം പെണ്‍കുട്ടികള്‍ക്ക് സംരംഭകത്വ സാധ്യതകള്‍ പരിചയപ്പെടുത്തി നൈപുണികള്‍ വളര്‍ത്തി അവരുടെ ഉള്ളിലുള്ള നൂതന ആശയങ്ങളെ വികസിപ്പിച്ചെടുത്ത് മെച്ചപ്പെട്ട അവസരങ്ങളാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണ് 'ശക്തി'യുടെ ഒന്നാം ഘട്ടം. വിവിധ സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തല്‍, ആശയ വിപുലീകരണ വര്‍ക്ഷോപ്പുകള്‍, സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എന്നിവ ഈ പദ്ധതിയിലുണ്ട്. കേരള സ്റ്റാര്‍ മിഷന്‍, കെ ഡിസ്‌ക്, ടൈ കേരള, വ്യവസായ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ ഈ പദ്ധതിയെ സഹായിക്കുന്നു.
രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പഠനം കഴിയുന്ന ഒരു പെണ്‍കുട്ടിക്ക്, ഒട്ടേറെ മെച്ചപ്പെട്ട ആശയങ്ങള്‍ തന്റെ മുന്നിലുണ്ടെന്നും അവയില്‍ മികച്ചതും നൂതനവുമായ അവസരങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നുമുള്ള ആത്മവിശ്വാസം ഉണ്ടാക്കുമ്പോള്‍ കേരളത്തിലെ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അതൊരു മുതല്‍ക്കൂട്ടായി മാറും. ശക്തിയുടെ പ്രഥമ പരിഗണനയും അതുതന്നെയാണ്.
സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും കേരളീയ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഒരു സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടുന്നതിലൂടെ അവരുടെ കുടുംബവും അത് ഉള്‍പ്പെടുന്ന സമൂഹവും ജീവിതത്തിന്റെ ഉന്നത നിലയിലേക്കുള്ള പാതയില്‍ എത്തുന്നു. അവര്‍ക്ക് നിരന്തരം കൈത്താങ്ങ് നല്‍കി അവരില്‍ അഭിരുചിയും ആത്മവിശ്വാസവും അധ്വാന സന്നദ്ധതയും വികസിക്കുന്നു.
വ്യക്തിവികസനത്തിലൂടെ സാമൂഹിക വികസനമെന്ന അടിത്തറയില്‍ ഊന്നിക്കൊണ്ട് ലക്ഷ്യബോധത്തോടെയുള്ള സ്ത്രീസമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് കേരളീയ സമൂഹത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ഓരോ പെണ്‍കുട്ടിയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടൊപ്പം വരുമാനം ലഭിക്കുന്ന ഒരു തൊഴിലോ സംരംഭമോ സ്വയം ഏറ്റെടുത്ത് വിജയിക്കാന്‍ പ്രാപ്തരാകുന്നു. സമാന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ സര്‍ക്കാരേതര പ്രോജക്ടുകള്‍ നമുക്കുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം എസ്.എസ്.കെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു നൂതനാശയ പ്രവര്‍ത്തനമാണ് ശക്തി വനിത സംരംഭകത്വ ശാക്തീകരണ പരിപാടി.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ - സര്‍ക്കാരേതര സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരികയും സാങ്കേതികത തൊഴില്‍ മേഖലയില്‍ വെല്ലുവിളികള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍, അതിനെ മറികടന്ന് സാമ്പത്തിക വികസനം സാധ്യമാക്കാന്‍ സ്‌കൂള്‍തലത്തില്‍ സംരംഭകത്വ വികസന പരിപാടികള്‍ സൃഷ്ടിക്കുന്നതിലൂടെ സാധിക്കും. സംരംഭകത്വം തന്നെയാണ് തൊഴില്‍ ശക്തി, അതുതന്നെയാണ് തൊഴിലവസരങ്ങള്‍ എന്ന തരത്തിലേക്ക് പുതിയ തലമുറയുടെ ചിന്തക്ക് ഉത്തേജനം നല്‍കിയാല്‍ മാത്രമേ ഭാവി തലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, വികസന പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ദീര്‍ഘവീക്ഷണത്തോടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം സംരംഭകത്വ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ചേര്‍ന്ന് പോകേണ്ടതുണ്ട്. പഠിക്കുമ്പോഴും പഠിച്ചു പുറത്തിറങ്ങുമ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന ചിന്തയും ആത്മധൈര്യവും നമ്മുടെ കുട്ടികളില്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. ഇത്തരം മഹനീയമായ കാഴ്ചപ്പാടുകളെ സാധൂകരിക്കുന്ന പ്രവര്‍ത്തനം എന്ന നിലയിലാണ് സമഗ്ര ശിക്ഷ കേരള മറ്റ് സര്‍ക്കാര്‍ ഇതര സംരംഭകത്വ വികസന ഏജന്‍സികളുടെ സഹായത്തോടെ പദ്ധതി ആരംഭിച്ചത്.
'സീറോ ടു മേക്കര്‍. മേക്കര്‍ ടു എന്റര്‍പ്രണര്‍' എന്ന കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
(പദ്ധതിയുടെ സംസ്ഥാന തല എക്സ്പേര്‍ട്ട് അംഗവും ഐ.എം.ജി അക്രഡിറ്റഡ് മാനേജ്മെന്റ് പരിശീലകനുമാണ് ലേഖകന്‍)