''ഹലോ ഡോക്ടര്‍, ഇത് സുബൈറാണ്. ഞാന്‍ അങ്ങോട്ടേക്കൊന്ന് വന്നാലോ?''
''വരാലോ സുബൈര്‍.''
''ഓക്കെ സാര്‍...''
സിസ്റ്ററോട് പറഞ്ഞ് സുബൈര്‍ ഡോക്ടര്‍ മൊയ്തീന്‍ കോയയുടെ ഒ.പിയില്‍ പ്രവേശിച്ചു.
രോഗിയെ പരിശോധിക്കുന്നതിനിടയില്‍ ഡോക്ടര്‍ സുബൈറിനോട് ഇരിക്കാന്‍ പറഞ്ഞു. പരിശോധന കഴിഞ്ഞ് രോഗി മുറിവിട്ടിറങ്ങി. ഡോക്ടര്‍ മൊയ്തീന്‍ കോയ വേറെ രോഗികളെയൊന്നും എടുക്കരുതെന്ന് സിസ്റ്ററോട് പറഞ്ഞു.
''സാര്‍... ഇന്ന് രാവിലെ കാസിംച്ച വിളിച്ചിരുന്നു.''
''ഏസ്... ഏസ്... കലക്്ഷന്‍ കൂട്ടാനായിരിക്കും.''
''ഏസ്... സാര്‍ അതുതന്നെ.''
''സുബൈറേ, ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. വെറുതെ ഒന്നും ഞാനെഴുതില്ല. അസുഖം വ്യക്തമായി മനസ്സിലായില്ലെങ്കില്‍ മാത്രമെ.... ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ എഴുതൂ. അദര്‍വൈസ് നോ.''
''ഞാന്‍ ഇതൊക്കെ കാസിംച്ചായോട് വിശദമായിതന്നെ പറഞ്ഞിരുന്നു....''
''സുബൈര്‍.... നിങ്ങളും മെഡിസിന്‍ പഠിച്ച ഒരാളാണ്. നിങ്ങളും കൂടി ഇങ്ങനെ പറഞ്ഞാലോ?''
ഡോക്ടര്‍ മൊയ്തീന്‍ കോയയുടെ വാക്കുകള്‍ വളരെ വേദനയോടെയായിരുന്നു സുബൈര്‍ ശ്രവിച്ചത്. എന്ത് പറയണമെന്നറിയാതെ ദയനീയമായി അവന്‍ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.
''ഡോക്ടര്‍, ഇത് ഞാനായിട്ട് പറയുന്നതല്ല. കാസിംച്ച നിങ്ങളോട് പറയാന്‍ വേണ്ടി ഏല്‍പിച്ച കാര്യങ്ങളാണ്.''
''അതെന്താണ് സുബൈറേ, കേള്‍ക്കട്ടെ...''
''അദ്ദേഹത്തിന്റെ അഭിപ്രായം നിങ്ങള്‍ക്കും ഗുണകരമാവുന്ന വിധത്തിലാണ്. അതായത് നിങ്ങള്‍ക്ക് കുവൈത്ത് ഗവണ്‍മെന്റില്‍തന്നെ ജോലി നോക്കാമെന്നാണ്.''
''ഓ... അത് ശരി.... എന്നെ പറഞ്ഞയക്കാന്‍...'' സുബൈര്‍ ഒന്നും മിണ്ടിയില്ല. അല്‍പസമയത്തിനു ശേഷം ഡോക്ടര്‍ മൊയ്തീന്‍ കോയ സംസാരിച്ചു.
''അതെങ്ങനെ സുബൈറേ... വിസ വേണ്ടേ...?''
''വേണ്ട, കാസിംച്ച റിലീസ് തരും.''
''അല്ലെങ്കില്‍ എക്‌സിറ്റ് അടിച്ച് വിട്ടാല്‍ പോരെ?''
''അങ്ങനെയെങ്കില്‍ നിങ്ങള്‍ രണ്ടാളും പോകേണ്ടി വരുമല്ലോ....?''
''മനസ്സിലായി... ഏതായാലും ഞാന്‍ വൈഫുമായി ആലോചിച്ച് തീരുമാനത്തിലെത്താം.''
''ഓക്കെ ഡോക്ടര്‍, അങ്ങനെയാവട്ടെ.''
ഞാന്‍ പിന്നീട് നിങ്ങളെ ബന്ധപ്പെടാം.'' അവര്‍ തമ്മില്‍ സലാം പറഞ്ഞ് പിരിഞ്ഞു. സുബൈര്‍ ആകെ അസ്വസ്ഥനായിരുന്നു. ഇവിടെയുള്ള ആകെയൊരു സുഹൃത്ത്, അദ്ദേഹം പോയാലുള്ള ഒറ്റപ്പെടല്‍ അവന് ഓര്‍ക്കാന്‍ പോലും പറ്റിയില്ല. വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മാക്ക് വയ്യ. ഉപ്പ ഒരുപാട് പ്രശ്‌നങ്ങള്‍ നിരത്തി. സുബൈര്‍ കസേരയില്‍ ചാരിയിരുന്നു ആലോചനയില്‍ മുഴുകി.
ഏ.എസ്ച്ച മാസങ്ങളായി കിടക്കുകയാണ്. മെഡിക്കല്‍ സയന്‍സ് ഏ.എസ്ച്ചാന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാവാതെ പരിതപിക്കുന്നു. ലണ്ടനില്‍നിന്ന് വന്ന സുപ്രസിദ്ധ ന്യൂറോളജിസ്റ്റ,് കുവൈത്ത് ഗവണ്‍മെന്റ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റുമാര്‍.... എല്ലാവരും ഉത്സാഹിച്ചിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഏ.എസ്ച്ചാ ബോധരഹിതനായി ഉറങ്ങുന്നു. സ്വന്തം ഭാര്യയും മക്കളും കൈയൊഴിഞ്ഞു. ആകെ സഹായത്തിനെത്തിയത് കുവൈത്തിലെ മകളും മരുമകനുമാണ്. കാസിംച്ച ഒരുപാട് പണം ഒഴുക്കിയെങ്കിലും പ്രയോജനം കണ്ടില്ല.
സുബൈര്‍ ഏ.എസ്ച്ചാന്റെ മുറിയിലേക്ക് നടന്നു. ഏ.എസ്ച്ചാക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ അത്യാധുനിക സംവിധാനങ്ങളടങ്ങിയ മുറിയായിരുന്നു അത്. അവന്‍ അദ്ദേഹത്തിന്റെ മുഖത്ത്തന്നെ നോക്കിയിരുന്നു. ഏ.എസ്ച്ചാന്റെ കണ്‍പോളകള്‍ ചലിക്കുന്നതുപോലെ,
സുബൈര്‍ സാവധാനത്തില്‍ അദ്ദേഹത്തെ തട്ടിവിളിച്ചു. അദ്ദേഹം പതുക്കെ കണ്ണ് തുറന്നു. ചുണ്ട് ചലിപ്പിക്കാന്‍ ശ്രമിക്കുന്നു. സുബൈറിനോട് എന്തോ പറയാന്‍ വെമ്പുന്നതായി അവന് തോന്നി.
''വെള്ളം...''
സുബൈര്‍ വെള്ളം പകര്‍ന്നുകൊടുത്തു.
''നീ ഇവിടെ ഉണ്ടായിരുന്നോ?...''
ഏ.എസ്ച്ചാന്റെ അവ്യക്തമായ വാക്കുകളില്‍നിന്ന് സുബൈറിന് മനസ്സിലായി. അവന്‍ അവന്റെ ചുണ്ടുകള്‍ അദ്ദേഹത്തിന്റെ കാതോട് ചേര്‍ത്തു.
''കുറച്ച് സമയമായി ഏ.എസ്ച്ചാ...''
സുബൈറിന്റെ കണ്ണുകള്‍ നിറഞ്ഞു. ആനന്ദാശ്രുക്കള്‍. അദ്ദേഹത്തിന്റെ ബോധം തിരിച്ചുവന്നതില്‍ അവന്‍ അല്ലാഹുവിനെ സ്തുതിച്ചു.
സുബൈര്‍ അദ്ദേഹത്തിന്റെ നെറ്റിത്തടം തടവി.
''എങ്ങനെയുണ്ട് ഏ.എസ്ച്ചാ?''
അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു. മുഖത്ത് ഇടതൂര്‍ന്ന് കിടക്കുന്ന നരച്ച താടിരോമങ്ങള്‍.
''എങ്ങനെയാ മോനെ പറയാന്‍... ഒന്നിരിക്കാനോ അനങ്ങാനോ പറ്റാത്ത അവസ്ഥ.''
ഒരുപാട് സമയമെടുത്തിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
''ഒക്കെ ശരിയാവും... എല്ലാം പടച്ചവന്‍ ശരിയാക്കും ഏ.എസ്ച്ചാ...''
''നീയെന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ലേ...?''
''അല്ല, ഏ.എസ്ച്ചാ.... എല്ലാ എക്‌സ്‌പേര്‍ട്ട് കണ്‍സല്‍ട്ടന്റും പറയുന്നത്... സുഖമാകും എന്നാണ്.''
''ഏ.എസ്ച്ചാ ഒരുപാട് സല്‍കര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്. എന്തെങ്കിലും ആവശ്യം പറഞ്ഞ് ഏ.എസ്ച്ചാനെ സമീപിച്ചവര്‍ ആരും നിരാശരായിട്ടില്ല.... അതുതന്നെ ധാരാളം...''
''അതൊന്നും മതിയാവൂല മോനേ. ബാക്കി എനിക്കുവേണ്ടി നീ ചെയ്യണം. നിനക്കേ അത് സാധിക്കൂ... അതായിരുന്നു ഹജ്ജ് വേളയില്‍ ഞാന്‍ പറഞ്ഞിരുന്നത്.''
അദ്ദേഹം പെട്ടെന്ന് സംസാരം നിര്‍ത്തി...
''മോനേ... തൊണ്ട വറ്റുന്നു... ചായയോ...''
സുബൈര്‍ സിസ്റ്ററോട് ചായ കൊണ്ടുവരാന്‍ വേണ്ടി പറഞ്ഞു.
''മോനെ, നിനക്കറിയാമല്ലോ, ഞാനും കാസിമും നിന്റെ ഉപ്പാവും ഒരേ ക്ലാസ്സില്‍ അടുത്തടുത്തിരുന്ന് പഠിച്ച കൂട്ടുകാര്‍. പക്ഷേ, നിന്റെ ഉപ്പ ഞങ്ങളെപ്പോലെയല്ലായിരുന്നു. വളരെ സൗമ്യനും, ആരോടും അധികം സംസാരിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല... നിന്റെ ഉപ്പാനെപ്പോലെയല്ല നീ എന്നാണ് ആദ്യം എനിക്ക് തോന്നിയത്. പക്ഷേ, നിന്റെ കര്‍മങ്ങള്‍ അവനെപ്പോലെ തന്നെയായിരുന്നു. അവന്‍ നല്ല സമ്പത്തുള്ളവന്‍, ആര് ചോദിച്ചാലും കൊടുക്കും.... ഉദാരമതി.''
ഒരുവിധം സംസാരിച്ചു നിര്‍ത്തി, ചായ കുടിച്ചു. കുറേ സമയം മൗനിയായി.
''എനിക്കെന്റെ കുടുംബത്തെ തീരെ വിശ്വാസമില്ല. ഞാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായിച്ചാല്‍ അവര്‍ എതിര്‍ക്കും. മകന് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. അവന്‍ ധാരാളി... എല്ലാം നശിപ്പിക്കും.''
അദ്ദേഹത്തിന്റെ കണ്ണുനിറയുന്നത് കണ്ട സുബൈര്‍ ടിഷ്യൂപേപ്പറെടുത്ത് തുടച്ചു.
''മോനെ, എന്തെങ്കിലും സമൂഹത്തിനുവേണ്ടി ചെയ്യണം. നിനക്കെന്നെ സഹായിക്കാന്‍ പറ്റും... നിനക്ക് മാത്രമേ സാധിക്കൂ... നീ മിടുക്കനാണ്, ചുണക്കുട്ടിയാണ്.'
അദ്ദേഹത്തിനു ചുമ വന്നു. ഫ്‌ളാസ്‌ക്കില്‍നിന്ന് ചൂടുവെള്ളമെടുത്ത് സുബൈര്‍ അദ്ദേഹത്തെ കുടിപ്പിച്ചു.
''ഏ.എസ്ച്ചാ, കൂടുതല്‍ സംസാരിക്കരുത്. ഞാന്‍ ഇവിടെത്തന്നെയുണ്ടല്ലോ....''
''ഇല്ല... മോനെ, എന്റെ അവസ്ഥയെന്തെന്ന് എനിക്കറിയാം. അതുകൊണ്ട് ഇതുംകൂടി ഒന്ന് കേള്‍ക്ക്. ആ സോഫയുടെയടുത്ത് ഒരു ബ്രീഫ്‌കെയിസും ഒരു കവറും കിടപ്പുണ്ട്. അത് രണ്ടും നിന്നെ ഏല്‍പിക്കാന്‍ വരുമ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചത്. ഇത് രണ്ടും ഇപ്പോള്‍തന്നെ നീ എടുത്ത് നിന്റെ കൈവശം സൂക്ഷിക്കണം. പിന്നെയൊരു രഹസ്യം പറയാം. പത്തിരുപത്തഞ്ച് വര്‍ഷം മുമ്പ് ഞാനൊരു കൊല ചെയ്തു. വിശ്വാസവഞ്ചന ചെയ്തതിനുള്ള ശിക്ഷ കൊല തന്നെ. അവനെ കൊലപ്പെടുത്തി പാലത്തിന്റടിവശം കല്ല്‌കെട്ടി ഇറക്കി. ആരും അറിയാതെപോയ കൊല.... ആ മയ്യിത്ത് പൊങ്ങിയിട്ടില്ല. പക്ഷെ, എന്നെ ഇപ്പോള്‍ അതൊക്കെ വേട്ടയാടുന്നു.
ഒന്നും മിണ്ടാതെ അദ്ദേഹം പറയുന്ന കഥകളൊക്കെ സുബൈര്‍ കേട്ടു. പണ്ടുകാലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഇങ്ങനെയൊക്കെയായിരുന്നു. ഏ.എസ്ച്ചാനെ പരിശോധിക്കാനായി ഡോക്‌ടേഴ്‌സും സിസ്റ്റേഴ്‌സും റൂമിലെത്തി. അദ്ദേഹത്തിനുണ്ടായ മാറ്റവും, സംസാരിച്ചതുമൊക്കെ സുബൈര്‍ ഡോക്ടറെ ധരിപ്പിച്ചശേഷം അവിടെ നിന്നിറങ്ങി.
സുബൈര്‍ കാസിമിന്റെ കേബിനില്‍ ചെന്നപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീയും അശോകനും അവിടെ നില്‍ക്കുന്നു.
''സുബൈറേ, ഈ കുട്ടി എ.എന്‍.എം നെഴ്‌സാണ്. ഇവിടെയെടുത്തോളൂ.''
''ഏ.എന്‍.എം നഴ്‌സിനെ നമ്മള്‍ എടുക്കാറില്ല. ഇപ്പോള്‍ ഒഴിവുമില്ല.''
''തന്നോട് എടുക്കാനാ പറഞ്ഞത്.''
''ഓക്കെ.''
സുബൈര്‍ വാചകം പൂര്‍ത്തീകരിക്കും മുമ്പ് കാസിം പറഞ്ഞു.
''അവിടെ കാഷ്വാലിറ്റിയില്‍ നിര്‍ത്തിയാല്‍ മതി.''
''ഓക്കെ സാര്‍, അങ്ങനെയാവാം.''
അശോകന്‍ സുബൈറിനെ ഒളികണ്ണിട്ട് നോക്കി. പരിഹാസം കലര്‍ന്ന ചിരി. സുബൈര്‍ രൂക്ഷമായി അശോകനെ നോക്കി തന്റെ മുറിയിലേക്ക് പോയി. ഏ.എസ്ച്ച ഏല്‍പിച്ച ബ്രീഫ്‌കെയിസും കവറും അവന്‍ കാറില്‍വെച്ചു. സുബൈര്‍ വരുന്ന സമയത്ത് ആസിഫിനെ കണ്ട് അവിടെ നിന്നു.
''എന്താണ് ആസിഫേ...?''
''ഒരു കാര്യമുണ്ട് സാര്‍.''
അവര്‍ സംസാരിച്ചുകൊണ്ട് സുബൈറിന്റെ ക്യാബിനില്‍ കയറി.
അവിടെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഡോക്ടര്‍ സബിതയായിരുന്നു ഫോണില്‍.
''സാര്‍... ഇവിടെയൊരു പേഷ്യന്റ് അപകടാവസ്ഥയിലാണ്. ഉടനെ ഓപറേഷന്‍ ചെയ്യണം.''
''അതിനെന്താ, അവരുടെ കണ്‍സല്‍ട്ടന്റ് വാങ്ങി ചെയ്‌തോളൂ...''
''സാര്‍, അവര്‍ കണ്‍സല്‍ട്ടന്റ് ഫോമില്‍ സൈന്‍ ചെയ്യുന്നില്ല. തങ്ങളോട് ചോദിക്കണമെന്ന് പറയുന്നു. വി കാന്റ് വെയിറ്റ്.''
സുബൈര്‍ അത്ഭുതസ്തബ്ധനായി.
''കുവൈത്തിലും തങ്ങന്മാരോ....?''
സുബൈറിന്റെ വാക്കുകേട്ട ആസിഫിന് ചിരിയടക്കാന്‍ പറ്റിയില്ല.
''മേഡം, തങ്ങന്മാരെ കാത്തിരിക്കേണ്ടതില്ല. ഓപറേഷന്‍ ചെയ്ത്... ജീവന്‍ രക്ഷിക്കൂ..
ഡോക്ടര്‍ ശങ്കരന്‍ ചിരിച്ചുകൊണ്ടായിരുന്നു ഒ.പിയില്‍ വന്നത്.
''ഡോക്ടര്‍ നല്ല മൂഡിലാണല്ലോ...''
ഒ.പി സിസ്റ്റര്‍ കുശലം പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നുകൂടി ചിരിച്ചു.
''സിസ്റ്റര്‍, പേഷ്യന്റ് റെഡിയായോ?''
''റെഡി സാര്‍.''
''സാറ് തന്നെയാണോ കേസ്സ് അറ്റന്റ് ചെയ്യുന്നത്?''
''സിസ്റ്ററെന്താ അങ്ങനെ ചോദിച്ചത്, ഞാന്‍ സര്‍ജനല്ലേ?''
''അയാം സോറി.... മുമ്പത്തെ രണ്ട് കേസ്സും...!''
''അതൊക്കെ ഈ തൊഴിലില്‍ സാധാരണയാ... ഇന്ന് വീട്ടില്‍നിന്ന് തന്നെ റെഡിയായി വന്നതാ. ഇപ്പോള്‍ കോണ്‍ഫിഡന്‍സ് അല്‍പം കൂട്ടി''
ഡോക്ടര്‍ ചിരിച്ചു.
''സിസ്റ്റര്‍, ആരാണ് അനസ്‌തേഷ്യാ....?''
''ഡോക്ടര്‍ സുരേന്ദ്രനാഥ് സാര്‍.''
അല്‍ റാസി ഷിപ്പിംഗ് കമ്പനി മാനേജരാണ് രോഗി. ഡോക്ടര്‍ ശങ്കരന്‍ രോഗിയുടെ അടുത്തുചെന്നു.
''യേസ് മിസ്റ്റര്‍ ആല്‍ബര്‍ട്ട്.... നമുക്കിപ്പോള്‍തന്നെ ചെയ്യാം. പേടിക്കാനൊന്നുമില്ല.''
''സാര്‍ പേടിയാവുന്നു...''
''കോലിസിസ്റ്റക്ടമി, ഇതെന്ത് പേടിക്കാന്‍. ഞാന്‍ നിന്റെ ഗാള്‍ബ്ലാഡര്‍ എടുത്ത് കളയാന്‍ പോവുകയാണ്... നത്തിംഗ് ടു വറി.''
ആല്‍ബര്‍ട്ട് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ചിരി വന്നില്ല.
അറ്റന്‍ഡേര്‍സ് വന്ന് രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. രോഗിയുടെ ഭാര്യ കണ്‍സല്‍ട്ടന്റ് പേപ്പറില്‍ ഒപ്പുവെച്ചു. ഡോക്ടര്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ഇന്‍ഷിഷെന്‍ മാര്‍ക്ക് ചെയ്തു. പിത്താശയത്തിലേക്ക് തൊടാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ ശങ്കറിന്റെ കൈ വിറക്കാന്‍ തുടങ്ങി. അറിയാതെ സ്‌കാള്‍പെല്‍ (ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി) ധമനിക്ക് കൊണ്ടു. രക്തം ഒഴുകാന്‍ തുടങ്ങി. ഡോക്ടര്‍ ആകെ വിയര്‍ത്തു. സിസ്റ്റര്‍മാര്‍ പരിഭ്രാന്തരായി.
''ദൈവമേ... എന്തുപറ്റി?''
ഡോക്ടര്‍ ഭയന്നു വിറച്ചു... പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ടേയിരുന്നു.
''ബി.പി ഈസ് ഫോളിംഗ്.''
ഡോക്ടര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
വേഗത്തില്‍ കുറച്ച് കുപ്പി രക്തം കൊണ്ടുവരൂ.
ഡോക്ടര്‍ ശങ്കരന്‍ രക്തം ഒലിച്ചുപോകുന്നത് തടയാന്‍ പെടാപ്പാട് പെടുകയാണ്.
രക്തം ശരീരത്തില്‍ കയറാന്‍ പ്രയാസമായിരിക്കുന്നു. സിസ്റ്റര്‍ വളരെ വേദനയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.
''അയാള്‍ മരിച്ചിരിക്കുന്നു.''
ഡോക്ടര്‍ നേരെ റസ്റ്റ്‌റൂമില്‍ പോയി കതകടച്ചു. സുബൈര്‍ വിവരമറിയിച്ച സിസ്റ്ററോട് പൊട്ടിത്തെറിച്ചു.
' ഈ ഓപ്പറേഷന്‍ ചെയ്യാന്‍ അദ്ദേഹത്തോട് ആരാണ് പറഞ്ഞത്?'
' അദ്ദേഹം കുറച്ച് കൂടുതല്‍ കഴിച്ചാണ് വന്നത്.'
' ഓ.കെ ഇന്‍ഫോം ദ പോലീസ്.'
ബന്ധുക്കളുടെ കൂട്ട നിലവിളികള്‍ ആശുപത്രി ചുവരുകളില്‍ മാറ്റൊലി കൊണ്ടു. ഭൗതികശരീരം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. കൂട്ട നിലവിളികള്‍ ഉയര്‍ന്നു.
കുറേ സമയത്തിനു ശേഷം ഡോക്ടര്‍ ശങ്കരന്‍ സുബൈറിന്റെ ഓഫീസിലേക്ക് ചെന്നു.
''സോറി സുബൈര്‍, പറ്റിപ്പോയി. ഇന്ന് ഞാന്‍ നല്ല മൂഡിലായിരുന്നു.''
തന്റെ കൈയിലുള്ള കവര്‍ സുബൈറിനെ ഏല്‍പ്പിച്ചു. സുബൈര്‍ വായിച്ചു:
''ഇനി തുടരുന്നതില്‍ അര്‍ഥമില്ല. ഞാന്‍ നാട്ടിലേക്ക് പോവുകയാണ്.'
''ഇതു തന്നെയാണ് ഡോക്ടര്‍ക്ക് നല്ലത്. ഞാന്‍ ഇപ്പോള്‍ത്തന്നെ അബൂജാസിമിനോട് പറഞ്ഞ് എക്‌സിറ്റ് ശരിയാക്കാം. ടിക്കറ്റും ബുക്ക് ചെയ്യാം.''
''ഇതിന്റെ അനന്തര ഫലം അറിയുന്നതിനുമുമ്പ് തന്നെ നിങ്ങള്‍ നാട്ടിലെത്തണം.''
ഡോക്ടര്‍ അവിടെ നിന്നിറങ്ങി. സുബൈര്‍ കുറേസമയം തന്റെ കാബിനില്‍ ഇരുന്ന ശേഷം ഏ.എസ്ച്ചാനെ കാണുന്നതിനു വേണ്ടി ഐ.സി.യുവിലേക്ക് നടന്നു.
ഏ.എസ്ച്ചാന്റെ കട്ടിലില്‍ ഒത്തിരി സമയം ഇരുന്നു. അദ്ദേഹത്തിന് ബോധം വരുന്നുണ്ടോയെന്ന് നോക്കി. സുബൈര്‍ ഏ.എസ്ച്ചാക്ക് കേള്‍ക്കുംവിധം ചെവിയോട് ചേര്‍ന്നു.
''ഏ.എസ്ച്ചാ, നിങ്ങള്‍ ഞങ്ങളെ വിട്ട് പോകരുത്. ആരോരുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് നിങ്ങളൊരു അത്താണിയാണ്. അവരുടെയൊക്കെ പ്രാര്‍ഥനകള്‍ എന്നുമുണ്ടാകും.'' സുബൈര്‍ ഏ.എസ്ച്ചാക്ക് വേണ്ടി പ്രാര്‍ഥിച്ചു കണ്ണീര്‍ വാര്‍ത്തു.
മകള്‍ വന്നതിനുശേഷം സുബൈര്‍ ഏ.എസ്ച്ചാനെ ഒന്നുകൂടി നോക്കി അവിടെ നിന്നിറങ്ങവെ ഫോണ്‍ മുഴങ്ങി.
''ഹലോ... നിനക്ക് സുഖം തന്നെയല്ലേ...''
''അല്‍ഹംദുലില്ലാ... സുഖം... ഉമ്മാക്ക് ഇപ്പോ എങ്ങനെയുണ്ട്?''
''കുറവൊന്നുമില്ല... ചില ദിവസങ്ങളില്‍ തീരെ മിണ്ടാട്ടമില്ല. ഒരേ ഇരിപ്പ്....''
''പണ്ടുകാലത്തെ വേലക്കാരികളാരെങ്കിലും വരും. എന്തെങ്കിലും ഉണ്ടാക്കിത്തരും.''
ഉപ്പ വിശേഷങ്ങള്‍ പലതും പങ്കുവെച്ചു. സുബൈര്‍ ഉപ്പാനെയോര്‍ത്ത് ദുഃഖിതനായി. ആരോഗ്യസ്ഥിതി ക്ഷയിച്ചുവരികയാണ്. കൂട്ടിന് ആരുമില്ല. ദിവസം മുഴുവന്‍ അധ്വാനിച്ച് വീട്ടില്‍ ചെന്നുകയറിയാല്‍ ഒരു ചായ കൊടുക്കുവാന്‍ പോലും ആരുമില്ല.
(തുടരും)