നാഗരികതക്ക് വിത്ത് പാകിയവള്‍ ഹാജറ
ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ക്കൊപ്പം വംശീയതയുടെ ബിംബത്തെക്കൂടി തച്ചുടച്ചാണ് ഇബ്റാഹീമിന്റെ ചരിത്രം ദൈവം തമ്പുരാന് രൂപപ്പെടുത്തുന്നത്.
ഏറ്റവും പ്രതീകാത്മക സ്വഭാവമുള്ള അനുഷ്ഠാനമാണ് ഹജ്ജ്. മാനസികവും ശാരീരികവും സാമ്പത്തികവുമായ സുസ്ഥിതി കൈവന്നവര്‍ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യത. വിശുദ്ധ കഅ്ബയാണ് ഭൂമുഖത്ത് മനുഷ്യരാശിക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം. കഅ്ബയുടെ ദിശയിലേക്കാണ് കോടിക്കണക്കിന് മുസ്ലിംകള് ദിവസവും അഞ്ചു നേരവും തിരിഞ്ഞ് പ്രാര്ഥനാനിരതരാവുന്നത്. അവസാനം മണ്ണിലലിയുന്നതും ആ ദിശയിലേക്ക് തിരിഞ്ഞുതന്നെ. കഅ്ബയെ മുഴുസമയവും, ഭൂമിയുടെ സകല കോണിലെയും പ്രതിനിധികള്‍ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നു. വര്‍ഗ- വര്‍ണ വൈജാത്യങ്ങളും ദേശ- ഭാഷാ അതിര് വരമ്പുകളും ഭേദിച്ച് പ്രപഞ്ച വ്യവസ്ഥയോട് വിസ്മയകരമാം വിധം യോജിച്ച് പ്രകീര്ത്തനങ്ങളുരുവിട്ട് പ്രവാചക പുംഗവന്മാരോട് ഉടമ്പടി ചെയ്ത് ഹജറുല്‍ അസ് വദില്‍ മുത്തമിട്ട് മനം കുളിര്‍ക്കുന്നു. വിശുദ്ധ കഅ്ബ നിര്‍മിക്കുന്നതിനും ഹജ്ജിന് വിളംബരം ചെയ്യുന്നതിനും നിയോഗമുണ്ടായത് ഹസ്രത്ത് ഇബ്റാഹീമിനാണ്. ഹജ്ജില്‍ നമ്മിലേക്കോടിയെത്തുന്നത് ഇബ്റാഹീമീ കുടുംബമാണ്. ഇബ്റാഹീം തനിച്ചല്ല വിശ്വാസ വിപ്ലവം സൃഷ്ടിച്ചത്. വിജനമായ മരുഭൂമിയില്‍ തനിച്ചാക്കി ദൈവഹിതത്തിനനുസരിച്ചെന്നറിഞ്ഞപ്പോള് ആകുലതകള്‍ വഴിമാറി ആത്മധൈര്യം വീണ്ടെടുത്ത സ്ത്രീഹൃദയം, അതേ വിശ്വാസത്തിന് ബലി നല്കാന് സന്നദ്ധനായ മകന്... അങ്ങനെ ആ കുടുംബം സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സമാനതകളില്ലാത്ത അധ്യായം രചിച്ചവരാണ്.
സ്വസ്ഥതയും സമാധാനവും നിര്‍ഭയത്വവും കളിയാടുന്ന ക്ഷേമ രാഷ്ട്രത്തിന് ശിലയിടുന്നതിനാണ് ഇബ്റാഹീം നബി സ്വേഛാധിപതിയായ നംറൂദ് താണ്ഡവമാടുന്ന ഇറാഖില്‍നിന്ന് മക്കയെന്ന മരുപ്പറമ്പിലെത്തുന്നത്. ആ യാത്രയില്‍ കൂട്ടുചേരുന്നത് സഹധര്‍മിണി കറുത്ത ഖിബ്ത്തിയായ അടിമപ്പെണ്ണ് ഹാജറാണ്. രണ്ട് സംസ്കാരങ്ങളുടെയും വ്യത്യസ്ത ഭാഷകളുടെയും പ്രതിനിധികളാണ് സാറയും ഹാജറും. വൈവിധ്യപൂര്‍ണമായ വ്യത്യസ്ത പാരമ്പര്യങ്ങള്‍ പിന്തുടരുന്ന എല്ലാ സമൂഹങ്ങളും മനുഷ്യന് എന്ന നിലയില്‍ ഒരേ പൈതൃകത്തിന്റെ അവകാശികളെന്ന വിശ്വ മാനവികത ജീവിതത്തിലൂടെ പ്രകാശിപ്പിച്ച്, ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ക്കൊപ്പം വംശീയതയുടെ ബിംബത്തെക്കൂടി തച്ചുടച്ചാണ് ഇബ്റാഹീമിന്റെ ചരിത്രം ദൈവം തമ്പുരാന് രൂപപ്പെടുത്തുന്നത്.
ഇബ്റാഹീമും കുടുംബവും കൈക്കുഞ്ഞായ ഇസ്മാഈലിനൊപ്പം കടന്നുവരുമ്പോള്‍ മക്ക അതിരുകളില്ലാത്ത വിശാലവും വന്യവുമായ താഴ്വാരമായിരുന്നു. വിജനവും തപ്തവുമായതിനാല് പറവകള്‍ കൂടി പറക്കാന്‍ മടിക്കുന്ന ജലശൂന്യവും ഫലശൂന്യവുമായ മലകളാല്‍ ചുറ്റപ്പെട്ട താഴ് വര. അവിടെ എത്തിയ ഇബ്റാഹീം നബിയും ഹാജറും 'സര്‍ഹാ' മരത്തിന്റെ തണലില്‍ പാറക്കല്ലിലിരുന്നു. അല്പ സമയത്തിനു ശേഷം എഴുന്നേറ്റ് യാത്രാ മൊഴിയോതാന് ഇബ്റാഹീമിലെ പുത്ര വത്സനായ പിതാവിനും സ്നേഹസമ്പന്നനായ ഭര്‍ത്താവിനും കണ്ഠമിടറുകയായിരുന്നു. 'ഞങ്ങളെ തനിച്ചാക്കിയാണോ പോകുന്നതെ'ന്ന ഹാജറിന്റെ ചോദ്യത്തിനുത്തരം മൂന്നാമത്തെ ആവൃത്തിയിലാണ് മറുപടി കേട്ടത്: ''അതേ ഹാജറാ, നിങ്ങളിവിടെ തനിച്ചല്ല, നിങ്ങളോടൊപ്പം അല്ലാഹുവുമുണ്ട്.'' വിരഹത്തിന്റെ വിവര്‍ണമായ മുഖം പ്രിയതമയില്‍ നിന്ന് മറച്ചുവെച്ച് ഇബ്റാഹീം നടന്നകലുന്നത് ദൈവവിധിയാലാണെന്ന് ഓര്‍ത്ത് കവിളിലൂടെ കിനിഞ്ഞിറങ്ങിയ കണ്ണീര് കണങ്ങള്‍ തുടച്ച് പ്രിയതമനെ മരുഭൂമിയിലെ മരീചിക മറയ്ക്കുവോളം മരവിച്ച് അവര്‍ നോക്കിനിന്നു. പ്രവാചകന് പ്രാര്‍ഥിച്ചു: ''നാഥാ, ഇതിനെ നീ സമാധാനത്തിന്റെ നാടാക്കേണമേ. നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍ കൃഷിയില്ലാത്ത ഈ താഴ് വരയില്‍ നിന്റെ ആദരണീയ ഗൃഹത്തിനടുത്ത് പാര്‍പ്പിച്ചിരിക്കുന്നു. അവരവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തത്. ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കണേ! അവര്‍ക്ക് ആഹരിക്കാന്‍ ഫലങ്ങള്‍ നല്കേണമേ. അവര്‍ നന്ദിയുള്ളവരായേക്കാം'' (ഇബ്റാഹീം 35:37).
ഹാജര്‍ പൈതലിനൊപ്പം താഴ് വരയില്‍ തനിച്ചായി. ഹിംസ്ര ജന്തുക്കളും കൊള്ള സംഘങ്ങളും വരുമോ എന്ന ഭീതി, പരിമിതമായ വെള്ളത്തെയും ഭക്ഷണത്തെയും പ്രതി കൂടി വരുന്ന ആശങ്ക. അവരുടെ ചുടുനിശ്വാസവും മരുഭൂമിയുടെ വിലാപവും ഒത്തുചേരുകയായിരുന്നു. ഇരവിന്റെ വരവില്‍ അകം ചുട്ടുപൊള്ളിയെങ്കിലും നിരാലംബതയിലും അചഞ്ചലമായ വിശ്വാസം അവര്‍ക്ക് അഭൗതികമായ ആശ്വാസം പകരാതിരുന്നില്ല. മൂന്നാം പകലിന്റെ പകുതിയില്‍ തോല് പാത്രത്തില്‍ ജലകണങ്ങള്‍ തീര്‍ന്നു. കത്തുന്ന വെയിലിന്റെ പൊള്ളലില്‍ ദാഹിച്ചു കരയുന്ന കുഞ്ഞ്. ഇസ്മാഈലിന്റെത് മനുഷ്യകുലത്തില്‍ കഷ്ടപ്പെടുന്നവന്റെ തേങ്ങലായിരുന്നു. കുഞ്ഞിന്റെ നിഷ്കളങ്ക മുഖം നോക്കി പരിഭ്രാന്തമായ മാതൃഹൃദയത്തിന്റെ തേങ്ങലുകള്‍ ദിവ്യകാരുണ്യത്തിനായി കെഞ്ചി. ഏതോ ഉള്‍പ്രേരണയാല്‍ മകനെ നിലത്തു കിടത്തി സ്വഫാ- മര്‍വ മലകള്‍ക്കിടയില്‍ നീരുറവ അന്വേഷിച്ചു ധ്രുതപ്രയാണം (സഅ്യ്) ചെയ്ത് പുതുവഴികളാരാഞ്ഞതും കച്ചവട സംഘങ്ങളുടെ കാലൊച്ചക്ക് കാതോര്‍ത്തതും നിരാശയാണ് സമ്മാനിച്ചത്.
ഇത് ഏഴു തവണ പൂര്‍ത്തീകരിച്ചപ്പോഴാണ് മരുഭൂമിയുടെ മാറിടം പിളര്‍ന്ന് തീര്‍ഥജലത്തിന്റെ ഉറവ പൊട്ടിയൊലിച്ചത്. തെളിനീരിനെ ഒതുക്കി തടം കെട്ടി 'സംസം' എന്ന് പറഞ്ഞ് നിര്‍വൃതിയോടെ ദാഹശമനം നടത്തി നിയന്താവിന് നന്ദിയോതി ഹാജര്‍. ജലാശയം തേടിയെത്തിയ പറവകളുടെ സാന്നിധ്യം ജനവാസത്തിന്റെ ശുഭസൂചനയെന്ന് യാത്രികര്‍ മനസ്സിലാക്കി. ഖാഫിലകള്‍ പറവകളുടെ ദിശ നോക്കി ജലസ്രോതസ്സ് എത്തിപ്പിടിച്ചപ്പോള്‍ ജനവാസത്തിനും നിമിത്തമായി. സിറിയയില്‍നിന്ന് എത്തിയ ജുര്‍ഹൂം ഗോത്രമാണ് മക്കയുടെ മാതാവിനോട് ആദ്യത്തെ താമസാനുമതി തേടിയെത്തിയത്. അവര്‍ക്ക് താമസാനുമതി നല്കി. അവര്‍ തന്റെയും കുഞ്ഞിന്റെയും ആശ്വാസവും അവലംബവുമായി. ഇസ്മാഈല്‍ അവരോടൊത്ത് ശുദ്ധ അറബി സ്വായത്തമാക്കുകയും ചെയ്തു.
ഇസ്മാഈലിന്റെ പരിപാലനത്തില്‍ നിര്‍ണായക പങ്കാളികളായ ജുര്‍ഹൂം ഗോത്രത്തലവന്, പതിയെ സംസമിന്റെ അവകാശം ജുര്ഹൂമിന് കൈമാറണമെന്നാവശ്യപ്പെട്ടപ്പോള്‍ ഹാജര്‍ തന്റെ നിസ്സാഹായാവസ്ഥയിലും പുരുഷ കേന്ദ്രീകൃത വ്യവസ്ഥയോട് രാജിയാകാന്‍ തയാറായില്ല. ജീവാപായം വരെ വന്നേക്കാവുന്ന ആകുലത പിടികൂടിയില്ല. സംസം ഇസ്മാഈലിന്റേതാണ്; അത് അറബികളുടേതുമാണെന്ന ഉറച്ച നിലപാടിലൂടെ മഹിത മാതൃക സൃഷ്ടിച്ച ആദ്യ പെണ്‍പോരാളിയാണ് ഹാജര്‍.
ഹജ്ജും ഹാജറും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍ പ്രവാചകന്മരോടൊപ്പം ഹാജര്‍ എന്ന സ്ത്രീയെയും കൂടി അനുധാവനം ചെയ്യാതെ ഏത് പരമോന്നത സ്ഥാനീയനും ഹാജിയാവുക അസാധ്യം. കഅ്ബയെ പരിക്രമണം ചെയ്യുന്ന വിശ്വാസി വടക്കു ഭാഗത്തുള്ള അനുവൃത്താകൃതിയിലുള്ള കൊച്ചു കുടിലിനെ കൂടി ഉള്‍പ്പെടുത്തിയാണ് അത് പൂര്‍ത്തിയാക്കുന്നത്. ഹാജറും ഇസ്മാഈലും പാര്‍ത്ത കുടില്‍ 'ഹിജ്ര് ഇസ്മാഈല്‍' എന്ന് അത് അറിയപ്പെടുന്നു. മനുഷ്യന് വെച്ചുപുലര്‍ത്തുന്ന വംശീയ വെറികളെ തൂത്തെറിയുന്ന ഇസ്ലാമിന്റെ രാഷ്ട്രീയ പ്രഖ്യാപനമായ ത്വവാഫില്‍ ഹാജറിന്റെ കുടിലു കൂടി ഉള്‍പ്പെടുത്താന്‍ ദൈവം തമ്പുരാന് ലോകത്തോട് പറഞ്ഞത് വര്‍ണത്തോടും ലിംഗത്തോടും വര്‍ഗത്തോടുമുള്ള വിവേചന മനോഭാവം നിരാകരിക്കാന്‍ തന്നെയാണ്. ഏറെ പതിത്വം കല്പിച്ച് മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധി ഹാജര്‍ അപാരശേഷികളുടെ അടയാളമായി സ്വഫാ-മര്‍വ കുന്നുകളില്‍ വിശ്വമാനവികതയുടെ ഉദാത്ത ശ്രേണിയിലേക്ക് ഉയരുകയാണ്. ക്ഷമാശീലയും അനുസരണയുമുള്ള സഹധര്‍മിണി മാത്രമായിരുന്നില്ല ഹാജര്‍, കരുത്താര്‍ന്ന നയനിലപാടും തീരുമാനങ്ങളുമുള്ള വ്യക്തിത്വം കൂടിയായിരുന്നു. പ്രഥമ നാഗരികതയുടെ വിത്തിട്ട മക്കയുടെ മാതാവിനെയോര്‍ത്ത്, സംസം കുടിച്ച് ഹാജിമാരാകുമ്പോള് ആ ചരിത്രത്തിന്റെ ആവര്‍ത്തനങ്ങളും അന്ത്യനാള്‍ വരെ അനുസ്യൂതം തുടരും.