ചരിത്ര ധ്വംസനങ്ങളെ ചെറുക്കുന്നത് കൂടിയാവണം മദ്രസാ സിലബസുകള്‍
ഇസ്‌ലാം വിരുദ്ധര്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അവരുടെ ചരിത്രത്തിന്റെ കവാടം
കൊട്ടിയടക്കുമ്പോള്‍ മറ്റൊരു കവാടം തുറന്നുകൊടുക്കാന്‍ മദ്‌റസകള്‍ക്കു കഴിയണം.
പോയ കാലത്തിന്റെ ദിനസരിക്കുറിപ്പുകള്‍ മാത്രമല്ല ചരിത്രം. ഏതു നാഗരിക ജനതയുടെയും അടിവേരുകളാണത്. മതവും സംസ്‌കാരവും ആചാരവിചാരങ്ങളും വേഷഭൂഷകളുമെല്ലാം പുതുതലമുറകള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ചരിത്രത്തില്‍ നിന്നാകുന്നു. ചരിത്രമാകുന്ന വേരുകളുടെ ബലത്തെയും വ്യാപ്തിയെയും ആശ്രയിച്ചിരിക്കുന്നു സാമൂഹിക സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ബലവും സൗന്ദര്യവും. പ്രചോദനാത്മകമായ ചരിത്രമില്ലാത്ത സമൂഹം ശിഥിലമാവുന്നതും സാംസ്‌കാരികമായി പിന്തള്ളപ്പെടുന്നതും സ്വാഭാവികം. സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിനും തത്ത്വശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംസ്ഥാപനത്തിനുമെല്ലാം ചരിത്രത്തിന്റെ താങ്ങുകൂടിയേ തീരൂ. നാസ്തിക ദർശനമായ
കമ്യൂണിസം പോലും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തിന്മേലാണ് കെട്ടിപ്പടുത്തിരിക്കുന്നത്.
പ്രവാചകവര്യന്മാര്‍ പ്രബോധനം ചെയ്ത ദീനുല്‍ ഇസ്‌ലാം ആണ് മുസ്‌ലിം സമുദായത്തിന്റെ സ്വത്വം. ചരിത്രത്തിന്റെ താങ്ങോടുകൂടിയാണ് പ്രവാചകന്മാര്‍ ദീന്‍ സ്ഥാപിച്ചത്. വിശുദ്ധ ഖുര്‍ആനിന്റെ ആത്മീയോപദേശങ്ങള്‍ക്കും ധര്‍മശാസനകള്‍ക്കുമിടയില്‍ അവയ്ക്കുപോദ്ബലകമായി ചരിത്രങ്ങള്‍ ഉദ്ധരിക്കുന്നതു കാണാം. അല്ലാഹു ഖുര്‍ആനിലൂടെ പ്രവാചകന് വിശിഷ്ടമായ ചരിത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നു എന്ന് ഖുര്‍ആന്‍ 12:3ല്‍ പ്രസ്താവിക്കുന്നുണ്ട്. ആദം നബി(അ) മുതല്‍ മുഹമ്മദ് നബി വരെയുള്ള നിരവധി പ്രവാചകവര്യന്മാരുടെയും അവരെ എതിര്‍ത്ത ധിക്കാരികളുടെയും ചരിത്രങ്ങള്‍ ഖുര്‍ആനിക സന്ദേശത്തിന്റെ അഭേദ്യ ഭാഗമാകുന്നു. ഇസ്‌ലാമിന്റെ അടിവേര് ആദിപിതാവ് ആദമിനോളം ആഴ്ന്ന് ചെല്ലുന്നുവെന്ന് ചൂണ്ടിക്കാണിച്ചു വിശ്വാസികളുടെ ഇസ്‌ലാമിക സത്വബോധം ദൃഢീകരിക്കുകയാണ് ഖുര്‍ആന്‍.
സമൂഹം ഇന്നലെവരെ പിന്നിട്ട പാതയാണ് ചരിത്രം. ഇന്നലെ എത്തിച്ചേര്‍ന്നിടത്തുനിന്നാണ് ഇന്ന് യാത്ര തുടരേണ്ടത്. പിന്നിട്ട വഴിയെക്കുറിച്ചു ബോധമില്ലാത്തവര്‍ക്ക് തുടര്‍ സഞ്ചാരത്തിനുള്ള ദിശയും ലക്ഷ്യവും വഴിയുമൊന്നും നിര്‍ണയിക്കാനാവില്ല. സ്വന്തം ചരിത്രത്തെക്കുറിച്ചജ്ഞരായ ജനത ഒന്നുകില്‍ നിശ്ചലരായി നിന്ന് മുരടിക്കുന്നു. അല്ലെങ്കില്‍ കണ്ണില്‍ കണ്ട വഴികളിലൂടെയൊക്കെ അലഞ്ഞുതിരിയുന്നു. ചരിത്രത്തില്‍നിന്ന് മുറിച്ചു മാറ്റപ്പെടുന്നവരുടെ ഗതിയും ഇതുതന്നെ.
ആധുനിക കാലത്ത് ദേശരാഷ്ട്രങ്ങള്‍ രൂപംകൊണ്ടതോടെ ബഹുവംശ രാജ്യങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ചരിത്രത്തിന്റെ സ്വാധീനം വളരെ വര്‍ധിച്ചിരിക്കുകയാണ്. ഓരോ രാജ്യത്തും ജനസംഖ്യയും ഭൗതിക വിഭവങ്ങളും കൂടുതലുള്ളവര്‍, തങ്ങള്‍ മാത്രമാണ് ദേശീയ ജനതയെന്നു വാദിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ദേശീയത പങ്കിടാത്ത വിദേശികളായ കുടിയേറ്റക്കാരും പൗരത്വത്തിനര്‍ഹതയില്ലാത്തവരുമായി മുദ്രയടിക്കപ്പെടുന്നു. ഈ മുദ്ര ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യാനും രാജ്യത്തുനിന്ന് ആട്ടിയോടിക്കാനും തങ്ങള്‍ക്കുള്ള അവകാശ രേഖയായി സ്ഥാപിക്കപ്പെടുന്നു.
സമുദായങ്ങളുടെ ചരിത്രധ്വംസനത്തിന് പല രീതികളുണ്ട്. ഔദ്യോഗിക രേഖകളിലും പൊതുവിദ്യാലയങ്ങളിലും ന്യൂനപക്ഷങ്ങളുടെ ചരിത്രം തമസ്‌കരിക്കുകയാണ് ഒരു രീതി. തങ്ങള്‍ വെറുക്കുന്ന സമൂഹങ്ങളുടെ ചരിത്ര പുരുഷന്മാരെ പൈശാചിക വല്‍ക്കരിക്കുകയും രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളെ നിന്ദിക്കുകയുമാണ് മറ്റൊരു തരം ചരിത്ര ധ്വംസനം. അവര്‍ സ്ഥാപിച്ച മഹത്തായ സാംസ്‌കാരിക ചിഹ്നങ്ങളെ ചരിത്രത്തിന്റെ അപനിര്‍മിതിയിലൂടെ സ്വന്തം പൈതൃകമാക്കി അവകാശപ്പെടുന്ന തന്ത്രവുമുണ്ട്. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കു മുകളില്‍ കേവല മിത്തുകള്‍ പ്രതിഷ്ഠിക്കുകയാണ് മറ്റൊരു ചരിത്രധ്വംസന തന്ത്രം. അതോടെ ചരിത്ര സത്യങ്ങള്‍ അസത്യങ്ങളും അടിസ്ഥാന രഹിതമായ മിത്തുകള്‍ ചോദ്യം ചെയ്തുകൂടാത്ത സത്യങ്ങളുമായി മാറുന്നു. തുടര്‍ന്ന് അത് വംശഹത്യയുടെയും പുറംതള്ളലിന്റെയും ന്യായമായിത്തീരുന്നു. ഈ രീതിയിലുള്ള ചരിത്ര ധ്വംസനവും വംശനശീകരണവും ലോകമെങ്ങും നടമാടുന്നുണ്ട്.
ഫലസ്ത്വീന്‍ ദൈവം തങ്ങള്‍ക്കു വാഗ്ദത്തം ചെയ്ത പുണ്യഭൂമിയാകുന്നു എന്ന മിത്തിന്മേലാണ്, ആദ്യനിവാസികളായ അറബികളെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും യഹൂദര്‍ അവിടെ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിലാണിതു സംഭവിച്ചത്.
പരശുരാമന്‍ മഴുവെറിഞ്ഞ് അറബിക്കടലില്‍നിന്നു വീണ്ടെടുത്ത് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതാണ് കേരള ദേശം എന്നൊരു മിത്തുണ്ട്. ഈ മിത്തിനെ ആധാരമാക്കി കേരളം ബ്രാഹ്മണരുടേതു മാത്രമാണെന്നും ബ്രാഹ്മണരല്ലാത്തവര്‍ കേരളം വിടണമെന്നും വാദിച്ചാല്‍ എന്തായിരിക്കും അവസ്ഥ?
1992ല്‍ അയോധ്യയിലെ ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തകര്‍ത്തുകളഞ്ഞു. ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഖി 400 വര്‍ഷം മുമ്പ് സ്ഥാപിച്ചതായിരുന്നു ഈ മസ്ജിദ്. അതു നിന്ന സ്ഥലം ഹിന്ദുദൈവമായ ശ്രീരാമന്റെ ജന്മസ്ഥലമാകുന്നു എന്ന മിത്താണീ ധ്വംസനത്തിന്റെ ന്യായം. അവിടെ രാമക്ഷേത്രം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. മഥുരയിലെ ചരിത്ര പ്രസിദ്ധമായ ഷാഹി മസ്ജിദും ധ്വംസന ഭീഷണി നേരിടുകയാണ്. അത് മറ്റൊരു ദൈവമായ കൃഷ്ണന്റെ ജന്മസ്ഥലമാകുന്നു എന്നാണ് ന്യായം. ബാബറും മീര്‍ബാഖിയും ബാബരി മസ്ജിദും ഔറംഗസീബും ഷാഹി മസ്ജിദും അനിഷേധ്യമായ ചരിത്രയാഥാര്‍ഥ്യങ്ങളാണ്; രാമനും കൃഷ്ണനും അവരുടെ ജന്മസ്ഥാനങ്ങളും കേവലം മിത്തുകളും. ആ മിത്തുകളാണ് ചരിത്ര യാഥാര്‍ഥ്യങ്ങളെ തകര്‍ത്തുകളയുന്നത്. ഇന്ത്യയിലുള്ള മുസ്‌ലിം സമുദായത്തിന്റെ വേരുകള്‍ നശിപ്പിച്ച് അവരുടെ വംശഹത്യക്ക് കളമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
അയോധ്യയിലെയും മഥുരയിലെയും മസ്ജിദുകള്‍ മാത്രമല്ല, ഇന്ത്യയിലെങ്ങുമുള്ള, താജ് മഹല്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം പൈതൃകങ്ങളെല്ലാം ധ്വംസന ഭീഷണിക്കു വിധേയമാകുന്നു. പൂര്‍വിക മുസ്‌ലിം ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ മഹാനഗരങ്ങളുടെയും തെരുവുകളുടെയും മുസ്‌ലിം ചുവയുള്ള പേരുകള്‍ വരെ മായ്ച്ചു കളഞ്ഞ് ഹൈന്ദവ നാമങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍നിന്ന് ഇസ്‌ലാം മുസ്‌ലിം ചരിത്രങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. മുസ്‌ലിമിന്റെ വിശ്വാസങ്ങളും ആചാരങ്ങളും വസ്ത്രവും ഭക്ഷണവുമെല്ലാം ദേശവിരുദ്ധമാവുകയാണ്. ഈ രാജ്യത്തുനിന്ന് മുസ്‌ലിമിന്റെ പേരും കുറിയുമെല്ലാം നിശ്ശേഷം മായ്ച്ചുകളയാന്‍ പ്രതിജ്ഞാബദ്ധമാണ് ഫാഷിസ്റ്റു ശക്തികള്‍. മറുവശത്ത് ഗോരക്ഷയുടെയും മതാഘോഷങ്ങളുടെയും പേരിലുള്ള കലാപങ്ങളും മുസ്‌ലിം ഹത്യകളും നിരന്തരം അരങ്ങേറുന്നു.
ഔദ്യോഗിക വേദികളില്‍നിന്നും വിദ്യാഭ്യാസ പദ്ധതിയില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തെ നീക്കം ചെയ്യുമ്പോള്‍ ഭാരതത്തിന്റെ സുവര്‍ണ ചരിത്രത്തിന്റെ തിളക്കമേറിയ ഏടുകള്‍ ഭാവിഭാരതത്തിനു മുമ്പില്‍ തമസ്‌കരിക്കുക മാത്രമല്ല ചെയ്യുന്നത്; വളര്‍ന്നുവരുന്ന മുസ്‌ലിം തലമുറകളെ അവരുടെ വേരുകളില്‍നിന്ന് അറുത്തു മാറ്റുക കൂടിയാണ്. മുസ്‌ലിം നേതൃത്വത്തിന്റെയും വിദ്യാഭ്യാസ ഏജന്‍സികളുടെയും സത്വരമായ ശ്രദ്ധ പതിയേണ്ട ഗൗരവമേറിയ വിഷയമാണിത്.
പൊതുവിദ്യാലയങ്ങളില്‍ ദീനീപാഠങ്ങള്‍ ഇല്ലാത്ത കുറവ് നികത്തുന്നതിനു വേണ്ടിയാണ് സമുദായം മതപാഠശാലകള്‍/ മദ്‌റസകള്‍ സ്ഥാപിച്ചത്. കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകള്‍ക്കെല്ലാം സ്വന്തമായ പാഠ്യപദ്ധതികളും വിദ്യാലയ ശൃംഖലകളുമുണ്ട്. പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും വളരുന്ന തലമുറയില്‍ അടിസ്ഥാന വിശ്വാസ സത്യങ്ങള്‍ ഊട്ടിയുറപ്പിക്കാനും അനിവാര്യമായ അനുഷ്ഠാനങ്ങള്‍ ശീലിപ്പിക്കാനും മദ്‌റസകള്‍ക്കു കഴിയുന്നു. ഇസ്‌ലാമിക ചരിത്രം പൊതുവിദ്യാഭ്യാസത്തില്‍നിന്ന് പുറംതള്ളപ്പെട്ട സാഹചര്യം ആ ചരിത്രാധ്യാപനം കൂടി മദ്‌റസാ പാഠ്യപദ്ധതികള്‍ ഏറ്റെടുക്കേണ്ടതനിവാര്യമാക്കിയിരിക്കുന്നു. ദീനീവിദ്യാലയങ്ങളിലെ ചരിത്രപഠനം പ്രവാചകന്റെയും സ്വഹാബത്തിന്റെയും ചരിത്രത്തില്‍ പരിമിതമായിക്കൂടാ. പ്രവാചകനില്‍നിന്നും സ്വഹാബത്തില്‍നിന്നും നേരിട്ട് ദീന്‍ സ്വീകരിച്ചവരല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍. ഒന്നര സഹസ്രാബ്ദത്തോളം ദീര്‍ഘിച്ച ചരിത്രമുണ്ട് ഈ ഉമ്മത്തിന്. ആധുനിക മുസ്‌ലിംകള്‍ക്ക് ഈ ദീന്‍ ലഭിച്ചത് ചരിത്രത്തില്‍നിന്നാണ്. ചരിത്രത്തില്‍നിന്ന് ഊറിക്കൂടിയതാണ് ആധുനിക മുസ്‌ലിമിന്റെ സ്വത്വവും സംസ്‌കാരവും. ആ ചരിത്രത്തെക്കുറിച്ചുള്ള ജ്ഞാനവും ബോധവും അവരെ മുന്നോട്ടു നയിക്കേണ്ട ഊര്‍ജമാണ്. സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള സമുദായത്തിന്റെ അജ്ഞത തങ്ങളെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണ്. ഇസ്‌ലാം വിരുദ്ധര്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അവരുടെ ചരിത്രത്തിന്റെ കവാടം കൊട്ടിയടക്കുമ്പോള്‍ മറ്റൊരു കവാടം തുറന്നുകൊടുക്കാന്‍ മദ്രസകള്‍ക്കു കഴിയണം. ഇല്ലെങ്കില്‍ സമുദായം വേരറുക്കപ്പെടാന്‍ സ്വയം സജ്ജമാവുന്നതിന് തുല്യമാണത്.
ഈ രാജ്യത്ത് ഇസ്‌ലാം പ്രചരിച്ചത് എന്ന്, എങ്ങനെ, ആരിലൂടെ? ഈ നാടു ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ വരുത്തിയ വിപ്ലവകരമായ സാമൂഹിക പരിഷ്‌കരണങ്ങളെന്തൊക്കെ? മുസ്‌ലിം ഭരണകൂടങ്ങള്‍ തകര്‍ന്നുപോയതെങ്ങനെ? ഇതെല്ലാം ഭാവിതലമുറകളും മനസ്സിലാക്കേണ്ടതുണ്ട്. മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ടതെല്ലാം നികൃഷ്ടവും പ്രാകൃതവുമായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ഏറ്റം ശക്തനായ ബ്രിട്ടീഷ് വിരുദ്ധ പോരാളിയും ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തില്‍ വീരരക്തസാക്ഷിയുമായ, കേരളീയ സ്ത്രീകളെ മാറുമറയ്ക്കാന്‍ പഠിപ്പിച്ച ടിപ്പു സുല്‍ത്താന്‍ പോലും ക്രൂരനായ മതഭ്രാന്തനായിരുന്നുവെന്നാണല്ലോ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥ ചരിത്രം മദ്‌റസകളിലൂടെ വേണം നിലനിര്‍ത്താന്‍. മാലികുബ്‌നു ദീനാറിനെയും കുഞ്ഞാലി മരക്കാരെയും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനെയുമൊക്കെ മുസ്‌ലിം കുട്ടികളില്‍ എത്രപേര്‍ക്ക് പരിചയമുണ്ട്? സമീപകാല ചരിത്രമായ മലബാര്‍ വിപ്ലവം എത്ര പേര്‍ക്കറിയാം?
തല്‍പര കക്ഷികള്‍ തമസ്‌കരിക്കുകയും അപനിര്‍മിക്കുകയും ചെയ്യുന്ന ചരിത്രങ്ങള്‍ വെളിപ്പെടുത്തുകയും യഥാതഥമായി അവതരിപ്പിക്കുകയും ചെയ്യുന്ന മദ്‌റസാ പാഠങ്ങളുണ്ടാവണം, അത് അത്ര എളുപ്പത്തില്‍ ചെയ്യാവുന്നതല്ല. ഇന്നലെകളുടെ സുബദ്ധങ്ങളും അബദ്ധങ്ങളും ചേര്‍ന്നതാണ് ചരിത്രം. വരുംതലമുറ സുബദ്ധങ്ങള്‍ പഠിച്ച് അഭിമാനം കൊള്ളുന്നതുപോലെ അബദ്ധങ്ങള്‍ മനസ്സിലാക്കി അതാവര്‍ത്തിക്കാതിരിക്കാന്‍ പ്രചോദിതരാവുകയും വേണം. അപ്പോഴാണ് ചരിത്രപഠനം സാര്‍ഥകവും സലക്ഷ്യവുമാവുക. വിശുദ്ധ ഖുര്‍ആന്‍ ചരിത്രമോതുമ്പോള്‍ പ്രവാചക വര്യന്മാര്‍ക്കു സംഭവിച്ച അബദ്ധങ്ങള്‍ പോലും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരിടത്ത് യൂനുസ് നബിയെപ്പോലെ ആകരുതെന്ന് മുഹമ്മദ് നബിയെ ഉപദേശിക്കുന്നത് കാണാം.(68:48)
മദ്‌റസാ വിദ്യാഭ്യാസത്തില്‍ ചരിത്രംപോലെ പരിഗണനയര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ് മുസ്‌ലിം ലോകത്തെ സംബന്ധിച്ച സാമാന്യ ജ്ഞാനം. ലോകമെങ്ങും വ്യാപിച്ചിട്ടുള്ളതാണ് ഇസ്‌ലാമും മുസ്‌ലിം ഉമ്മത്തും. അമ്പതോളം മുസ്‌ലിം രാഷ്ട്രങ്ങളുണ്ട് ലോകത്ത്. ഒരേ വിശ്വാസവും ആത്മീയ സംസ്‌കാരവും പങ്കിടുന്നവര്‍ എന്ന നിലക്ക് ആഗോള മുസ്‌ലിംകള്‍ ഒറ്റ ഉമ്മത്താണ്. എല്ലാ മുസ്‌ലിം സമൂഹങ്ങള്‍ക്കും, ആത്മവിശ്വാസവും ആന്തരിക ശക്തിയും പകരുന്നതാണീ പങ്കാളിത്തവും ഏകതാ ബോധവും.
മുസ്‌ലിം ഉമ്മത്തിന്റെ സാര്‍വലൗകിക സ്വത്വവും ഐകമത്യവും ദേശരാഷ്ട്രങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ രാജ്യസ്‌നേഹവുമായും ദേശാഭിമാനവുമായും ഏറ്റുമുട്ടുന്നില്ല. ദേശീയതയെ സത്യാസത്യങ്ങളുടെയും ധര്‍മാധര്‍മങ്ങളുടെയും മാനദണ്ഡമാക്കുന്ന, "ശരിയായാലും തെറ്റായാലും എന്റെ രാജ്യം' എന്ന നിലപാടിനോടാണ് ഇസ്‌ലാമിക ദേശീയത വിയോജിക്കുന്നത്. എനിക്കു ജന്മം നല്‍കിയ സ്വന്തം മാതാപിതാക്കളോടുള്ള സ്‌നേഹാദരവുകള്‍ അന്യന്റെ മാതാപിതാക്കളെ വെറുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എന്റെ കുടുംബമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ആ പ്രിയം മറ്റ് കുടുംബങ്ങളെ വെറുക്കണമെന്നാവശ്യപ്പെടുന്നില്ല. അതുപോലെ ഞാന്‍ ജനിച്ചുവളര്‍ന്ന നാട് എനിക്കേറ്റം ഇഷ്ടകരവും അഭിമാനകരവുമാകുന്നു. അതിനര്‍ഥം അന്യ നാടുകളെ ഞാന്‍ വെറുക്കുകയും ശത്രുവായി കരുതുകയും വേണമെന്നല്ല. മൈത്രിയുടെയും ശത്രുതയുടെയും മാനദണ്ഡം സത്യവും നീതിയുമാണ്. നീതി എവിടെയാണോ അവിടെയാണ് സത്യവിശ്വാസിയുടെ സ്ഥാനം. 'ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍ നിന്നു വ്യതിചലിപ്പിച്ചുകൂടാ. എപ്പോഴും നീതിപാലിക്കുവിന്‍, അതാണ് ദൈവഭക്തിക്കിണങ്ങുന്ന നടപടി'' (വി.ഖു: 5:8) 'നിങ്ങള്‍ സംസാരിക്കുമ്പോള്‍ നീതിപൂര്‍വം തന്നെ സംസാരിക്കണം. അതു നിങ്ങളുടെ ഉറ്റവര്‍ക്ക് എതിരാകുമെങ്കില്‍ പോലും'' (6:152). ആഭ്യന്തര കാര്യങ്ങളിലെന്നപോലെ വിദേശ കാര്യങ്ങളിലും സ്വരാജ്യം അധാര്‍മികവും നീതിവിരുദ്ധവുമായ നയനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സത്യവിശ്വാസികളായ പൗരന്മാര്‍ക്ക് അതിനോട് വിയോജിക്കേണ്ടി വരും. അത് ദേശദ്രോഹമല്ല; സത്യത്തോടും ധര്‍മത്തോടുമുള്ള പ്രതിബദ്ധതയുടെ താല്‍പര്യമാണ്. ചരിത്ര സത്യങ്ങള്‍ തമസ്‌കരിച്ചതുകൊണ്ടും അപനിര്‍മിച്ചതുകൊണ്ടും യാഥാര്‍ഥ്യങ്ങള്‍ അതല്ലാതാകുന്നില്ല. രാജ്യം തെറ്റുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുക യഥാര്‍ഥ രാജ്യസ്‌നേഹികളുടെ കടമയാകുന്നു. ചരിത്ര യാഥാര്‍ഥ്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതും പുരോഗമനാത്മകമായ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് പ്രചോദനമേകുന്നതുമായ ചരിത്ര വിദ്യാഭ്യാസമാണ് ഭാവി തലമുറ ആവശ്യപ്പെടുന്നത്.