സുബൈര്‍ പതിവുപോലെ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരും മറ്റു സഹപ്രവര്‍ത്തകരും സന്തോഷപൂര്‍വം സുബൈറിനെ സ്വാഗതം ചെയ്തു. എല്ലാവര്ക്കും സന്തോഷം. നഴ്സിംഗ് ഡിപാര്‍ട്ട്മെന്റ് വക ഐസ്ക്രീം വിതരണം. സുബൈര്‍ നന്ദി പറഞ്ഞു. കാസിമിന്റെ അസാന്നിധ്യം ആരും ശ്രദ്ധിച്ചതേയില്ല.
സുബൈര്‍ ഇന്സ്പെക്ഷന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തയ്യാറാക്കി. അബൂജാസിമിനെ ഫോണില്‍ വിളിച്ച് എല്ലാറ്റിനും നന്ദി അറിയിച്ചു.
കാസിം ഒരു ദിവസം നേരിട്ട് സുബൈറിന്റെ മുറിയിലെത്തി.
''സുബൈര്‍... വലിയ തിരക്കിലാണെന്ന് തോന്നുന്നു?''
സുബൈറിന് അഭിമുഖമായി ഇരുന്നു. സുബൈര്‍ തന്നെ സംസാരം തുടങ്ങി. പെങ്ങളുടെ കല്യാണത്തിന് തന്ന ഒരു ലക്ഷം ചോദിക്കാനായിരിക്കുമോ എയര്‍പോര്‍ട്ടില്‍നിന്ന് വിളിച്ചുവരുത്തിയത്? സുബൈര്‍ വിനയത്തോടെ കാസിമിനോട് പറഞ്ഞു.
''ഇവിടെയുള്ള കടബാധ്യത ഓര്‍ത്താണ് ഞാന്‍ ശമ്പളം വാങ്ങാതിരുന്നത്. ബാക്കിയുള്ള പണം നാട്ടില്‍ പോയിട്ട് എങ്ങനെയെങ്കിലും തിരിച്ചുതരാം.''
കാസിം അതിശയോക്തി കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു: ''എന്താണ് സുബൈറേ നീ പറയുന്നത്?. എന്റെയും നിന്റെ ഉപ്പാന്റെയും ബന്ധം നിനക്കറിയാലോ, ഈ തുച്ഛം ദീനാറിനാണോ നിന്നെ തിരിച്ചുവിളിച്ചത്?''
അയാള്‍ കഷണ്ടിത്തല തടവി. സുബൈറിന്റെ ഫോണെടുത്ത് ഡയല് ചെയ്തു.
''അഷ്റഫ്, സുബൈറിന്റെ റൂമിലേക്ക് രണ്ട് നെസ്കഫെ കൊണ്ടുവരൂ.''
റിസീവര്‍ യഥാസ്ഥാനത്ത് വെച്ച് കാസിം സംഭാഷണം തുടര്‍ന്നു:
''നിന്നെ ഞാന്‍ വിളിപ്പിച്ചത്, നീ തരാനുള്ള കാശ് വാങ്ങാനല്ല. അതിന് നീയെനിക്ക് കാശ് തരാനില്ലല്ലോ.... അക്കൗണ്ടന്റ് ശമ്പളം തന്നില്ലേ?''
''ഇല്ല, ഞാന്‍ ശമ്പളത്തിന് ചോദിച്ചില്ല, പെങ്ങളുടെ കല്യാണത്തിന് നിങ്ങള്‍ ഒരു ലക്ഷം ഉറുപ്പിക തന്നത് മറന്നിട്ടില്ല.''
ഹ... ഹ.... കാസിം ചിരിക്കാന്‍ തുടങ്ങി.
''സുബൈറേ, നീ ഇവിടെ ജോലി തുടങ്ങിയിട്ട് എത്ര വര്‍ഷമായി?''
''ആറ് വര്‍ഷം കഴിഞ്ഞു.''
നിന്റെ ആറ് വര്‍ഷത്തെ ബോണസ്സ് ഞങ്ങള്‍ തരാനുണ്ട്.... ഒരു ലക്ഷം കഴിച്ച് ബാക്കി നിനക്ക് തരേണ്ടിവരും... ശമ്പളവും കൂടി വാങ്ങിച്ചോളൂ.''
സുബൈറിന് തോന്നി ഞാന്‍ എവിടെയാണ്? എന്താണ് കാസിംച്ച പറയുന്നത്, ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല!
കാസിം തന്റെ ബ്രീഫ്കെയ്സില്നിന്ന് ഒരു കവറെടുത്ത് സുബൈറിന്റെ കൈയില്‍ കൊടുത്തു.
''ഇത് പ്രത്യേകമായൊരു ബോണസ്സാണ്. കൈയില്‍ വെച്ചോളൂ. നിനക്ക് തരാനുള്ള പണം, ശമ്പളം മുതലായവ അക്കൗണ്ടന്റ് തരും.''
വീണ്ടും അദ്ദേഹം ചോദിച്ചു:
''അടുത്ത മാസംമുതല്‍ ശമ്പളത്തില്‍ നിനക്ക് നൂറ് ദീനാര്‍ ഇന്‍ക്രിമെന്റ്.''
സുബൈര്‍ ആശ്ചര്യക്കടലില്‍ വീണവനെപ്പോലെ മിഴിച്ചു. നന്ദിവാക്ക് പറയാന്‍ പോലും നാവനങ്ങിയില്ല. കാസിം കഷണ്ടിത്തല രണ്ട് പ്രാവശ്യം തടവി. വീണ്ടും വീണ്ടും രണ്ട് കൈകൊണ്ടും തടവി.
''ഏതായാലും ഇപ്പോള്‍ നീ നാട്ടിലേക്ക് പോകുന്നില്ല. അത് മാനേജ്മെന്റ് തീരുമാനമാണ്.''
''സാര്‍, ഞാന്‍ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിട്ടുണ്ട്. അതനുവദിക്കണം.''
''അത് നല്ലൊരു കാര്യമല്ലേ... ശമ്പളത്തോടെയുള്ള ലീവ് അനുവദിച്ചിരിക്കുന്നു.''
സുബൈര്‍ ചിന്തയിലാണ്ടു.
''എന്റെ പാസ്പോര്ട്ടില് ഖുറൂജ് അടിച്ചിട്ടുണ്ട്.''
''അതൊന്നും ഒരു പ്രശ്നമല്ല, അബൂജാസിം പോയി ശരിയാക്കി വരും. എക്സിറ്റ് ക്യാന്‍സല്‍ ചെയ്ത് ഇഖാമ അഞ്ച് വര്‍ഷത്തേക്ക് അടിച്ച് പാസ്പോര്‍ട്ട് കൊണ്ടുവരും. സുഖമായി ഹജ്ജും ചെയ്തുവാ....''
സുബൈറിന് ബോധം തിരിച്ചുകിട്ടിയ പോലെ, സ്വപ്നം കാണുകയാണോ?
''സുബൈറേ, ഉടനെ നീ ഒരു കാര്യം ചെയ്യണം.''
''സാര്‍.''
സുബൈര്‍ വിനയം കാണിച്ചു.
''അതായത്, അശോകനെ എത്രയും വേഗം കുത്തിവിടണം.''
''അതുവേണോ.... സാര്‍?''
''വേണം.''
''വേണ്ട സാര്‍, അവന് മിടുക്കന് ജോലിക്കാരനാണ്. അവന് എല്ലാം അറിയാം.''
അവന് ശരിയാകും. മറ്റൊന്നുമില്ലെങ്കിലും അവന്റെ കുടുംബം നാട്ടില്‍ അല്ലലില്ലാതെ കഴിയും.''
''അത് അവന് ആലോചിക്കണമായിരുന്നു. പക്ഷേ, അവന് ആശുപത്രിക്കൊരു തലവേദനയാണ്. വേണ്ട, നീ ചെയ്യേണ്ട, ഞാന്‍ തന്നെ ചെയ്തോളാം.''
''സുബൈറേ, നിന്റെ ഉത്തരവാദിത്വങ്ങള്‍ ഇനി മുതല്‍ വര്‍ധിപ്പിക്കുകയാണ്. ഈ കെട്ടിടത്തിന്റെ മൂന്നാം നില നമ്മള് രജിസ്റ്റര്‍ ചെയ്തു. ഇരുപത്തിയഞ്ച് ബെഡ്കൂടി ഇട്ട് അമ്പത് ബെഡ്ഡാക്കണം.''
സുബൈര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മൂളിക്കേട്ടു. അറ്റന്‍ഡര്‍ തന്ന കോഫി തണുത്തു. ആശുപത്രി വിപുലീകരണത്തെക്കുറിച്ച് കാസിം ഒരുപാട് സംസാരിച്ചു. ആശുപത്രി അഡ്മിനിസ്ട്രേഷനെക്കുറിച്ച അദ്ദേഹത്തിന്റെ അവഗാഹം അപാരമായിരുന്നു. ആറു വര്‍ഷത്തിനിടെ ഒരിക്കലും സംസാരിക്കാത്ത പലതും അദ്ദേഹം ഉള്ളുതുറന്ന് സംവദിച്ചു. എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കാസിം മുറി വിട്ടിറങ്ങി.
ദിവസങ്ങള്‍ ഓരോന്നായി പറന്നകന്നു. കാസിംച്ച തന്ന ആയിരം ദീനാര്‍ ഉപ്പാക്കയച്ചു കൊടുത്തു. സുബൈര്‍ ജോലിയില്‍ മുഴുകി. ഫയല്‍ പരിശോധിക്കുന്നതിനിടെ സുബൈര്‍ ലതികയെ വിളിച്ചു:
''ലതേ.... ഡോക്ടര്‍ പ്രദീപ്, ഡോക്ടര്‍ സുലേഖ, പിന്നെ ഡോക്ടര്‍ ബഷീര്‍ ഇവര്‍ക്ക് സി.എം.ഇ പോയിന്റ് കുറവുണ്ട്... ഹിലാല്‍ ഹോസ്പിറ്റലിലെ സി.ഇ.ഒയുമായി സംസാരിച്ചിരുന്നു. അതവര് ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവരോട് ബന്ധപ്പെടാന്‍ പറയണം.''
''ഓ.കെ സാര്‍.''
ലതിക പതിവിലും ബഹുമാനം കാണിച്ചു. അവള് സീറ്റില്‍ പോയിരുന്നു. സുബൈര്‍ താഴെയും മൂന്നാമത്തെ നിലയിലും റൗണ്ടടിച്ചു. മൂന്നാമത്തെ നിലയിലേക്കുള്ള റാമ്പിനടുത്താണ് അള്‍ട്രാസൗണ്ട് സ്കാനിംഗ് ഡിപാര്‍ട്ട്മെന്റ്. തിരക്ക് കുറഞ്ഞതിനാല്‍ സുബൈര്‍ അകത്ത് കയറി.
''ഹായ് സാര്‍...''
''എന്താണ് സ്ക്രീന്‍ നോക്കി ആലോചിച്ച് തല പുണ്ണാക്കുന്നത്?''
ഡോക്ടര്‍ ചോദ്യം കേട്ടയുടന്‍ സുബൈറിന്റെ മുഖത്തേക്ക് ആദരപൂര്‍വം നോക്കി.
''ഇരിക്കൂ സാര്‍.''
ഡോക്ടര്‍ രമ്യാ തോമസ് മിടുമിടുക്കി റേഡിയോളജിസ്റ്റാണ്. ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു സ്ത്രീയെ കിട്ടാന്‍ വളരെ വിഷമമാണ്. നല്ല ശമ്പളം കൊടുക്കണം.
''എന്തു പറ്റി മാം.''
''ആ.... ഇരിക്കുന്ന സ്ത്രീയില്ലേ...''
സുബൈര്‍ തിരിച്ചു നോക്കി. വരാന്തയില്‍ കസേരയില്‍ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡോക്ടര്‍ രമ്യ പറഞ്ഞു.
''അവള്‍ക്ക് അവയവങ്ങള്‍ നഷ്ടപ്പെട്ട കുട്ടിയാണ് ജനിക്കാന്‍ പോകുന്നത്.''
''എന്റെ റബ്ബേ... മാം എത്ര സമയമായി.''
''പന്ത്രണ്ട് ആഴ്ച''
ഞാന്‍ അബോര്ഷന് റെക്കമന്റ് ചെയ്തു. പക്ഷെ, അവര്ക്കിഷ്ടമില്ല... പിന്നെ കുവൈത്തില്‍ അത് അനുവദനീയമല്ല.''
''നോ; മാം. അങ്ങനെയല്ല.... അത്യാവശ്യ സന്ദര്‍ഭങ്ങളില്‍, തള്ളക്കോ കുഞ്ഞിനോ ജീവഹാനി സംഭവിച്ചേക്കുമോ.... അല്ല, വേറെ വല്ല കാരണത്താല്‍ അബോര്ഷന് വേണ്ടി വന്നാല്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഗ്രൂപ്പ് ഓഫ് ഗൈനക്കോളജിസ്റ്റ് ഡിസ്കസ് ചെയ്ത് അബോര്ഷന് റെക്കമന്റ് ചെയ്താല്‍ അത് ചെയ്യാം.''
സുബൈര്‍ ധൈര്യമവലംബിച്ച് പറഞ്ഞു.
''ഓ, അങ്ങനെയാണോ.... എങ്കില്‍ ഞാന്‍ ഡോക്ടര്‍ സബിതാ മേഡത്തോട് പറഞ്ഞ് ഗവണ്മെന്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാം.''
അവിടെ നിന്നിറങ്ങി സുബൈര്‍ ആ സ്ത്രീയെ ഓര്‍ത്ത് തന്റെ ഓഫീസിലേക്ക് നടന്നു. ഫോണ്‍ ബെല്ലടിക്കുന്നു. വിഷാദ ഭാരത്തോടെ സുബൈര്‍ ഫോണെടുത്തു.
''ഹലോ; അതെ, ഇത് ഞാനാണെടാ അബ്ബാസ്.... ബേങ്കില്‍നിന്ന്; നീ എന്തെടുക്കുന്നു?''
''മനസ്സിലായി അബ്ബാസ്.... എന്തുണ്ട് വിശേഷം. സുഖമാണോ, നിന്നെ തീരെ കിട്ടുന്നില്ല? ഹജ്ജിന്റെ സമയം അടുക്കുന്നു.''
എടാ ഒരു വിശേഷമുണ്ട്, അതു പറയാനാ ഞാന്‍ വിളിച്ചത്; നമ്മുടെ എ.എസ്ച്ചാഉം മകളും മിക്കവാറും ഹജ്ജ് പെരുന്നാള്‍ കഴിഞ്ഞ് ഇവിടെയെത്തും.''
''അതെയോ.... എടോ, നോമ്പിന് നിന്നെ കണ്ടതേയില്ലല്ലോ...?''
''വന്നില്ല, ഒരു മാസം നോ ടെലഫോണ്‍, നോ മീറ്റിംഗ്.''
അബ്ബാസ് അവന്റെ മൊബൈല്‍ നമ്പര്‍ പറഞ്ഞു. സുബൈര്‍ കുറിച്ചുവെച്ചു.
സുബൈര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് പതിവുപോലെ എല്ലാ നിലയിലും റൗണ്ടടിച്ചു. കാന്റീനിന്റെ ഭാഗത്ത് നടന്നപ്പോള്‍ അതാ... റിനോ കാര്‍ പാര്‍ക്ക് ചെയ്ത് അപ്സരസ് ഇറങ്ങി വരുന്നു. ചുരിദാറാണ് സുന്ദരിയുടെ വേഷം.
''ഹായ് സാര്‍... എന്താ ഇവിടെ?''
നടന്ന്.... നടന്ന് ഇവിടെയെത്തി; അങ്ങ് ദൂരെനിന്ന് നീ വരുന്നതും നോക്കി മിഴിച്ചു നിന്നു. അവള് കുണുങ്ങിച്ചിരിച്ചു.
''പിന്നെ ഒരു ഡൗട്ട്, ഞാനെപ്പഴാ നിന്റെ സാറായത്.''
''അത് പിന്നെ, എല്ലാവരും അങ്ങനെയല്ലേ, സാറ് എന്നാണല്ലോ വിളിക്കുന്നത്... ഇല്ല, ഇനി മുതല്‍ ഞാന്‍ സുബൈര്‍ച്ചാ... എന്നേ വിളിക്കൂ... അതാണ് അതിന്റെ ഒരു ശരി.... ഓക്കേ.''
സുബൈര്‍ അവള് പറയുന്നതൊക്കെ കേട്ടു എന്നല്ലാതെ ഒന്നും വ്യക്തമായി മനസ്സിലാക്കിയില്ല; മനസ്സിലാക്കാന്‍ ശ്രമിച്ചതുമില്ല.
''പിന്നെ; ഷാഹിനാനെ കാണാതെ വര്‍ഷങ്ങളായല്ലോ? എത്ര പെട്ടെന്നാണ് ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോകുന്നത്?
''എങ്ങനെയാണ് സുബൈര്‍ച്ചാ ഇങ്ങോട്ട് വരുന്നത്? മെഡിസിന് സീറ്റ് കിട്ടിയത് കര്‍ണാടകത്തിലെ ഹൂബ്ലിയിലാണ്... പിന്നെ അവധിയുമില്ലല്ലോ.''
''കോഴ്സ് എവിടെ വരെയായി?''
''കഴിഞ്ഞു. ഇപ്പോള്‍ ഹൗസ് സര്ജന്സിയാ. ഞാന്‍ തിങ്കളാഴ്ച പോകും.''
അവര്‍ തൊട്ടുരുമ്മി നടക്കാന്‍ തുടങ്ങി. ഷാഹിന ചോദിച്ചു:
''സുബൈര്‍ച്ചാ, നമുക്ക് കാന്റീനിലിരുന്ന് ചായ കുടിച്ചാലോ?''
''ഇവിടെനിന്ന് എന്തിനാ ചായ?''
ഒരു ചിരിയോടെ അവളെ നോക്കി തുടര്‍ന്നു.
അവര്‍ രണ്ടുപേരും ഡോക്ടര്‍മാര്‍ക്ക് മാത്രം ഒരുക്കിയ സ്പെഷ്യല്‍ റൂമില്‍ പോയിരുന്നു. ഉടനെ തന്നെ വെയിറ്റേഴ്സ് വന്നു.
സുബൈര്‍, ഷാഹിനയോട് ചോദിച്ചു.
''ഷാഹിനക്ക് കഴിക്കാന്‍ വല്ലതും കുറച്ച് കനത്തില്‍?''
''നോ.... നോ.... ടീ ഓണ്‍ലി.''
ഷാഹിന ഗൗരവക്കാരിയായി. സുബൈര്‍ തമാശക്കായി ഒരു ചോദ്യം:
''മെ ഐ ആസ്ക് യു സം ക്വസ്റ്റ്യന്‍സ് എബൗട്ട് മെഡിക്കല്‍സ്?''
''ചോദിച്ചോളൂ.''
ഷാഹിന ചിരിച്ചു.
''ഷാഹിനാ, കാന്‍ യു നെയിം ദ ത്രീ ടൈപ്സ് ഓഫ് ട്യൂമേഴ്സ്.''
അവള് വളരെ ആലോചിച്ചു. മേശമേല്‍ തന്റെ കൈവിരല്‍ തട്ടി അനായാസം പറഞ്ഞു:
''എപ്പികാര്‍ഡിയല്‍, മയോ കാര്‍ഡിയല്‍ ആന്റ് എന്റോ കാര്‍ഡിയല്‍.''
''വെരിഗുഡ്.... ഷാഹിന. ഇനിയൊരു കാര്യം ചെയ്യാം. നമുക്കൊന്ന് ആശുപത്രി വാര്‍ഡിലേക്ക് പോകാം. ചില രോഗികളെ പരിശോധിക്കാം. ഏതായാലും ഈ ആശുപത്രിയില്‍ വന്ന് ഒരുനാള്‍ ചാര്ജെടുക്കേണ്ടതല്ലേ?''
അവര്‍ നേരെ ആശുപത്രി വാര്‍ഡിലേക്ക് പുറപ്പെട്ടു. വാര്‍ഡില്‍ കണ്ട ആദ്യത്തെ രോഗി മൂടി പുതച്ചുകിടക്കുന്നു. ഇതു കണ്ട സുബൈര്‍.
''അവരെ ബുദ്ധിമുട്ടിക്കരുത്, ഉറങ്ങിക്കോട്ടെ.''
''ഓക്കെ.''
''പക്ഷേ; യു കാന്‍ സ്റ്റഡി ഹെര്‍ കെയ്സ് ഷീറ്റ് ആന്റ് ചാര്‍ട്ട് പ്ലീസ്.''
സുബൈര്‍ ആ ഫയല്‍ എടുത്ത് ഷാഹിനക്ക് കൈമാറി. ഭയങ്കരമായൊരു അട്ടഹാസം. അലറുന്ന പോലെയൊരു വിളി:
''ഷാഹിനാ....''
ഇരുവരും തിരിഞ്ഞുനോക്കി. കാസിംച്ചയും അശോകനും. കാസിംച്ച കഠിന ദേഷ്യത്തില്‍. അശോകന്റെ വൈരാഗ്യ മുഖം. അവള് ഭയന്ന് വേഗം പിതാവിന്റെയടുത്തേക്ക് പോയി.
''നിനക്കെന്താ ഇവിടെ കാര്യം?''
''ഞാന്‍ ചില രോഗികളെ പഠിക്കുകയായിരുന്നു.''
''പഠിക്കാന്‍ ഇത് മെഡിക്കല്‍ കോളേജൊന്നുമല്ല. അതൊക്കെ നാട്ടില്‍ പോയി നല്ല അറിവും കഴിവുമുള്ള ഡോക്ടര്‍മാരുടെ അടുത്ത്ന്ന് പഠിച്ചാല്‍മതി. മതി, ഇവിടത്തെ പഠിത്തം... വാ എന്റെ കൂടെ.''
അശോകന് സുബൈറിനെ ഗൂഢമായി നോക്കി നടന്നു. അവരുടെ പിറകിലായി ഷാഹിന തല കുനിച്ച് നടന്നു. രോഗികളും കൂടെ വന്നവരും കാര്യമറിയാതെ വിസ്മയിച്ചു. സുബൈര്‍ വല്ലാതെ പേടിച്ചു. എന്തായിരിക്കും ഈ സംഭവത്തിന്റെ പ്രതികരണം? എല്ലാം ശരിക്കും പെയ്തൊഴിഞ്ഞ് ആകാശം തോര്ന്നതായിരുന്നു. ആ അശോകന് വീണ്ടും കാസിംച്ചാന്റെ കൂടെ.... അപ്പോള്‍ അവനെ കുത്തിവിടും എന്ന് പറഞ്ഞത്, കള്ളം. പലവിധ ചിന്തകളാല്‍ സുബൈര്‍ അസ്വസ്ഥനായിരുന്നു.
(തുടരും)