ദൈവം നല്കിയ അവകാശം തടയരുത്
കലണ്ടറിലെ അക്കങ്ങള്‍ ഓര്‍മപ്പെടുത്തലുകളാണ്
കലണ്ടറിലെ അക്കങ്ങള്‍ ഓര്‍മപ്പെടുത്തലുകളാണ്. നാം ആഘോഷിക്കേണ്ടതിന്റെ, അനുസ്മരിക്കേണ്ടതിന്റെ, അനുഭവിക്കേണ്ടതിന്റെ, അനുഭവിച്ചതിന്റെ അങ്ങനെ പലതും. അങ്ങനെ ഓര്‍മിക്കപ്പെടേണ്ട ദിനമായിട്ടാണ് മാര്‍ച്ച് എട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സമൂഹത്തിന് അവകാശങ്ങള്‍ വകവെച്ചു നല്‍കിയതിന്റെ ഓര്മ പുതുക്കുന്ന ദിനമായി ലോകം അത് കൊണ്ടാടുന്നു.
കാലദേശങ്ങള്‍ക്കും ആശയ പ്രത്യയശാസ്ത്രങ്ങള്‍ക്കും സംസ്കാര സംവാദങ്ങള്‍ക്കുമിടയില്‍ നിര്‍ണിതമായൊരു ചട്ടക്കൂടിനാല്‍ നിയന്ത്രിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരായിരുന്നു സ്ത്രീകള്‍. മതപൗരോഹിത്യം, രാഷ്ട്രീയം, മുതലാളിത്തം, വിക്ടോറിയന്‍ സദാചാര സംഹിതയാല്‍ നിയന്ത്രിക്കപ്പെട്ട പാശ്ചാത്യ കൊളോണിയല്‍ ദേശീയത തുടങ്ങിയവക്കെല്ലാം ഇതില്‍ പങ്കുണ്ട്. സാമൂഹികതയുടെ തുറസ്സുകളില്‍ മാത്രമല്ല, വീടുകളില്‍ പോലും തരം തിരിക്കപ്പെടുമായിരുന്നു സ്ത്രീ. ഇപ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങളോടെ സ്വയം നിര്‍ണയിക്കാനാവുന്ന തരത്തില്‍ സ്ത്രീയെ മാറ്റിയതില്‍ വലിയ പങ്ക് വഹിച്ച സംഭവങ്ങളെയും വ്യക്തികളെയും മുന്‍നിര്‍ത്തിയാണ് വനിതാ ദിനം ആചരിക്കുന്നത്. ആധുനിക ജനാധിപത്യ സംവിധാനം നല്കിയ മനുഷ്യാവകാശങ്ങളെ സ്ത്രീക്കു കൂടി പ്രാപ്യമാക്കാന്‍ പോരാടിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്ദിയോടെ ഈ ദിനത്തില്‍ ഓര്‍ക്കട്ടെ. കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞ്, വൈവിധ്യമാര്‍ന്ന നമ്മുടെ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കാന്‍, രാജ്യത്തിന്റെ ഉദ്ഗ്രഥനം സാധ്യമാക്കാന്‍, കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വത്തിലൂടെ കരുത്തേകാന്‍ മെനക്കെടുന്ന സ്ത്രീകളുണ്ട്. അവരില്‍ ചിലരെ ആരാമം പരിചയപ്പെടുത്തുകയാണ്.
ഈ ദിനത്തില്‍ നാമൊന്നോര്‍ക്കണം. 'ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് ഒരേ ആത്മാവില്‍ നിന്നാണെന്നും ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ സത്കര്‍മങ്ങളൊന്നും തന്നെ പാഴായിപ്പോകില്ലെന്നു'മുള്ള ഉറപ്പാണ് ദൈവം മനുഷ്യര്‍ക്ക് നല്‍കിയത്. ഈ ദിവ്യ സന്ദേശങ്ങളോടുള്ള ധിക്കാരമാണ് സ്ത്രീകളോടുള്ള വിവേചനം. ദൈവ വിശ്വാസികള്‍ ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുത്തു കൂടല്ലോ. വിശ്വാസത്തെ ജീവിതത്തില്‍ സ്വാംശീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഏതൊരാളുടെയും വലിയ അവകാശം.
മനുഷ്യനെ ഏറ്റം നിര്ഭയനാക്കുന്ന ഇടമാണ് ദൈവത്തിന്റെ ഭവനമായ പള്ളികള്‍. അവിടെ സ്ത്രീകളെ തടയാനും വിലക്കേര്‍പ്പെടുത്താനും മതം പറഞ്ഞുതന്നെ പേടിപ്പിക്കുന്ന പൗരോഹിത്യം ചുറ്റിലുമുണ്ട്. വൃത്തി വിശ്വാസിയുടെ അടയാളമായി കാണുന്നു മതം. ദുര്‍ഗന്ധവുമായി പള്ളിയില്‍ വരരുതെന്ന് പ്രവാചകന് പഠിപ്പിച്ചു. എന്നിട്ടും, 'പള്ളിയില്‍ പോകാന്‍ അത്ര തിടുക്കമാണെങ്കില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം നാറ്റവുമായിട്ടായിരിക്കണം സ്ത്രീകള്‍ പോകേണ്ടത്, ആ മണം കൊണ്ട് പുരുഷന്മാര്ക്ക് പുറത്തിറങ്ങാന്‍ പറ്റാതായാല്‍ അവര്‍ സ്ത്രീകളെ തടയും' എന്ന് പരസ്യമായി ചിലര്‍ വിളിച്ചുപറയുകയാണ്. മതം നല്കുന്ന വിശാലതയില്‍ സ്ത്രീ തന്റെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്ന കാലത്താണീ പറച്ചില്! മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് മുന്നേ ദൈവം സ്ത്രീക്ക് ഇത്തരം അവകാശങ്ങള്‍ സ്ത്രീക്ക് സ്ഥാപിച്ചു നല്‍കിയിട്ടുണ്ട്. അവ തടയാന്‍ ശ്രമിക്കുന്ന വ്യവസ്ഥിതിയോട് കലഹിച്ചുകൊണ്ടേയിരിക്കണമെന്ന് ഈ ദിനാഘോഷത്തെ മുന്‍നിര്‍ത്തി ഉണര്‍ത്തുകയാണ്.