ഹോട്ടലുകളിലും വീടുകളിലും സുരക്ഷിതമായ പാചകം ഉറപ്പുവരുത്തിയാല്‍ ഭക്ഷ്യവിഷബാധ തടയാം.
ഭക്ഷ്യവിഷബാധ പതിവായതോടെ സുരക്ഷിത ഭക്ഷണത്തെ കുറിച്ച ചര്‍ച്ചകള്‍ എങ്ങും സജീവമായണ്. മലിനമായതോ പഴകിയതോ ആയ ഭക്ഷണത്തിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വേനല്‍ കടുക്കുന്നതോടെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു. എങ്ങനെ ഭക്ഷ്യവിഷബാധ തടയും? ഹോട്ടലുകളിലും വീടുകളിലും സുരക്ഷിതമായ പാചകം ഉറപ്പുവരുത്തിയാല്‍ ഭക്ഷ്യവിഷബാധ തടയാം.
വൃത്തിയില്ലാത്ത പാചകയിടങ്ങളും സുരക്ഷിതമല്ലാത്ത ഭക്ഷണപാനീയങ്ങളുമാണ് വില്ലന്‍. അല്പം ശ്രദ്ധ വെച്ചാല്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാം. മാറിവരുന്ന ഭക്ഷണശീലങ്ങള്‍ പാടേ ഉപേക്ഷിക്കുക സാധ്യമല്ല. ഹോട്ടലുകള്‍ നിര്‍ബന്ധമായും നല്ല ഭക്ഷണം ഉറപ്പുവരുത്തുകയും വീഴ്ച വരുത്തിയാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടിയെടുക്കുകയും ചെയ്യണം. അല്ലാതെ പൂര്‍ണമായും അടുക്കളകളിലേക്ക് തിരിച്ചുവരണമെന്ന വാദം ശരിയല്ല.
വെറൈറ്റി ഫുഡുകളുമായി നിരവധി ഹോട്ടലുകളും തട്ടുകടകളും സജീവമാണ്. ഹോട്ടല്‍ നടത്തുന്നവര്‍ തങ്ങളുടെ ഹോട്ടലില്‍നിന്ന് ഒന്നും കഴിക്കാറില്ലെന്ന അടക്കം പറച്ചില് തന്നെയുണ്ട്. പാചകത്തിന് ശുദ്ധ ജലം, മത്സ്യം, മാംസം, മുട്ട എന്നിവ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കും പോലെ സൂക്ഷിക്കുകയും ഉപയോഗിക്കുകയും വേണം. തീന്മേശകള് വൃത്തിയാക്കുന്നവര്‍ ആ ജോലി മാത്രം ചെയ്യുക. മീന്‍ വെട്ടുന്നതും പച്ചക്കറി അരിയുന്നതുമെല്ലാം കൂടിക്കലരാതിരിക്കുക. നഷ്ടമോര്‍ത്ത് പഴകിയ സാധനങ്ങള്‍ പാചകം ചെയ്യരുത്. 'കസ്റ്റമര്‍ കിങ്' എന്നാണല്ലോ. രുചിവ്യത്യാസം, വൃത്തിയില്ലായ്മ ഇതൊക്കെ കണ്ടാല്‍ അധികൃതരെ അറിയിക്കണം. പരാതികള്‍ കിട്ടിയാല്‍ വേഗത്തില്‍ നടപടിയുണ്ടാവണം. ഇതൊക്കെയാണ് ഭക്ഷ്യവിഷബാധ തടയാനുള്ള വഴികള്‍.
വീട്ടില്‍ ശ്രദ്ധിക്കേണ്ടത്
നമ്മുടെ വീടിന്റെ അകവും പുറവും അടുക്കളകളും വൃത്തിയുള്ളതായിരിക്കണം. പ്രത്യേകിച്ച് ഫ്രിഡ്ജുകള്‍. കടകളില്‍നിന്ന് കൊണ്ടുവന്ന് നേരെ ഫ്രിഡ്ജിലേക്ക് വെക്കരുത്. ഇറച്ചിയും മീനും അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കണം. മുട്ട കഴുകിയ ശേഷം എടുത്തുവെക്കുക. ചിലപ്പോള്‍ മുട്ടയില്‍ കോഴിക്കാഷ്ഠം പറ്റിയിരിക്കാം. വിസര്‍ജ്യവസ്തുക്കളില്‍ വലിയ തോതില്‍ രോഗാണുക്കളുണ്ട്. പച്ചക്കറികളും വൃത്തിയായി സൂക്ഷിക്കുക. പഴകിയതൊന്നും കഴിക്കരുത്.
മീനോ ഇറച്ചിയോ വെട്ടിയ കത്തിയും കട്ടിംഗ് ബോര്‍ഡും നന്നായി കഴുകിയ ശേഷം മാത്രമേ പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കാവൂ. കുഞ്ഞുങ്ങള്‍ ഉള്ളവര്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. നന്നായി വേവിക്കേണ്ട മാംസവും മത്സ്യവും, വേവിക്കാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങളും ഇടകലര്‍ത്തി സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധക്ക് ഇടയാക്കും.
ടോയ്ലറ്റില് പോയി വന്നാല്‍ കൈകള്‍ സോപ്പിട്ട് കഴുകണം. വയറിളക്കം പോലുള്ള രോഗമുള്ളവര്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഛര്‍ദി, പനി, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍. നിര്‍ജലീകരണം തടയാന്‍ ഒ.ആര്.എസ് ലായനി ഓരോ കവിള് ആയി ഇടക്കിടെ കുടിക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക .. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളാണിതൊക്കെ. ചികിത്സ തേടാനും മറക്കരുത്.
വേനല്‍ കാലമാണ് ജലജന്യ രോഗങ്ങള്‍ കൂടുന്ന സമയം. ദാഹം മാറ്റാന്‍ പാനീയങ്ങള്‍ കൂടുതല്‍ ഉപയോഗിക്കും. പെട്ടിക്കടകളിലും ജ്യൂസ് കടകളിലും ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവയിലൂടെ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകുന്നു. ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണം. പുറത്തു പോകുമ്പോള്‍ ഒരു കുപ്പി ശുദ്ധജലം കൈയില്‍ കരുതാം. വൃത്തിയുള്ള ഇടങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുക. മറക്കരുത് നമ്മുടെ ആരോഗ്യം നമ്മുടെ കൈകളില്‍ തന്നെയാണ്.
മത്സ്യവും മാംസവും മുറിക്കാന്‍ ഉപയോഗിച്ച കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവ പഴങ്ങളും പച്ചക്കറികളും മുറിക്കാന്‍ ഉപയോഗിക്കരുത്.
വേവിച്ച ഭക്ഷണസാധനങ്ങള്‍ വേവിക്കാത്തവയുമായി ഇടകലര്‍ത്തി സൂക്ഷിക്കരുത്.
പാചകം ചെയ്ത ഭക്ഷണം കൂടുതല്‍ സമയം പുറത്ത് സൂക്ഷിച്ചു വെക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം പലതവണ ചൂടാക്കി കഴിക്കരുത്.
പുറത്ത് നിന്ന് ജ്യൂസ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. പലപ്പോഴും നല്ല ഐസ് ആയിരിക്കില്ല ജ്യൂസില്‍ ഉപയോഗിക്കുന്നത്. തിളപ്പിച്ചാറിയതോ ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളമായിരിക്കണം ഐസ് ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത്. വേനല്‍ കാലത്ത് വയറിളക്കരോഗങ്ങള്‍ വ്യാപകമാണ്. നല്ല വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക.
ഭക്ഷ്യ വിഷബാധ പരാതി അറിയിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്.18004251125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതിപ്പെടാം. നേരിട്ട് വിളിച്ച് പരാതി നല്കണമെങ്കില് foodsaftey.kerala.gov.inല്‍ ഓരോ ജില്ലകളിലെയും അസി.കമ്മീഷണര്‍മാരുടെ നമ്പറുകളും ലഭ്യമാണ്.