മതസാംസ്കാരിക മൂല്യങ്ങളുടെ കൈമാറ്റത്തിലൂടെ സ്നേഹസൗഹാര്‍ദത്തിന്റെ അക്കാദമിക വഴിയില്‍ പാലം പണിത വിശ്വ വനിത ഡോ. ആന്മേരി ഷിമ്മലിനെ വായിക്കുന്നു
ഡോ. ആന്മേരി ഷിമ്മലിന്റെ (7 ഏപ്രില്‍ 1922 26 ജനുവരി 2003) വിയോഗത്തിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ച് വിപുലമായി എഴുതിയ ജര്‍മന്‍ ഓറിയന്റലിസ്റ്റും പണ്ഡിതയുമായിരുന്നു ഷിമ്മല്‍. അന്താരാഷ്ട്ര പ്രശസ്തി നേടിയ അവര്‍ 1967 മുതല്‍ 1992 വരെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്നു. ജര്‍മന്‍, ഇംഗ്ലീഷ്, ടര്‍ക്കിഷ്, അറബി, പേര്‍ഷ്യന്‍, ഉര്‍ദു, പഞ്ചാബി ഭാഷകള്‍ കൈകാര്യം ചെയ്തിരുന്ന അവര്‍ ആഗോള ശ്രദ്ധ നേടിയ ഗവേഷക, എഴുത്തുകാരി, ബഹുഭാഷാ പരിജ്ഞാനി എന്നീ നിലകളിലും പ്രശസ്തയാണ്. ഷിമ്മലിന്റെ താല്പര്യ വിഷയങ്ങള്‍ മുസ്ലിം ഭൂപ്രകൃതിയിലുടനീളം വ്യാപനമുള്ളവയായിരുന്നു. പ്രത്യേകിച്ച് ഇസ്ലാമിക സാഹിത്യം, മിസ്റ്റിസിസം, സംസ്കാരം, മൗലിദുകള്‍, പ്രവാചക ജീവിതം, ഖുര്‍ആന്‍ എന്നിവയെക്കുറിച്ച് അമ്പതിലധികം പുസ്തകങ്ങളും നൂറുകണക്കിന് ലേഖനങ്ങളും അവരുടെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍, ഉര്‍ദു, അറബിക്, സിന്ധി, തുര്‍ക്കി കവിതകളും സാഹിത്യങ്ങളും ഇംഗ്ലീഷിലേക്കും ജര്‍മനിലേക്കും വിവര്‍ത്തനം ചെയ്തു എന്നത് അവരുടെ പഠനങ്ങളുടെ ആഴം വ്യക്തമാക്കുന്നു.
1922 ഏപ്രില്‍ 7ന് ജര്‍മനിയിലെ എര്‍ഫര്‍ട്ടില്‍, സാഹിത്യവും കവിതയും നിറഞ്ഞ അന്തരീക്ഷത്തില്‍, ഉയര്‍ന്ന സംസ്കാരമുള്ള മധ്യവര്‍ഗ മാതാപിതാക്കളുടെ ഏക മകളായാണ് ജനനം. 1939ല്‍ പതിനേഴാമത്തെ വയസ്സില്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചു. അവിടെ ഷിമ്മലിനെ ഏറ്റവും സ്വാധീനിച്ചത് ബഹുസ്വര ആശയങ്ങളെ പ്രമോട്ട് ചെയ്തിരുന്ന ഹാന്‍സ് ഹെന്റിച്ച് ഷെയ്ഡര്‍ ആയിരുന്നു. ജലാലുദ്ദീന്‍ റൂമിയുടെയും ശംസ് തബ്രീസിയുടെയും ദീവാനും കവിതകളും വായിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അവരെ സ്വാധീനിച്ച റൂമിയുടെ കവിതകളാണ് ഷിമ്മലിന്റെ തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ക്ക് അടിത്തറയൊരുക്കിയത്.
19-ാം വയസ്സില്‍, മധ്യകാല ഈജിപ്തിനെക്കുറിച്ചുള്ള പ്രബന്ധത്തില്‍ ഡോക്ടറേറ്റ് നേടി. ദേശീയ സോഷ്യലിസത്തിന്റെ ഉദയ പശ്ചാത്തലത്തിലാണ് ഷിമ്മല്‍ വളര്‍ന്നത്. അപരനെ നിന്ദിക്കുകയും സ്വയം വിഗ്രഹവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. ജര്‍മന്‍ സ്വഭാവവും ആര്യന് വംശവും ഏറ്റവും ഉയര്‍ന്ന മൂല്യമായി കണക്കാക്കപ്പെട്ടിരുന്ന ഈ കാലത്താണ് ഷിമ്മല്‍ അറബിയില്‍ സ്വകാര്യ പാഠങ്ങള്‍ പഠിക്കുകയും സെമിറ്റിക് ഭാഷയുടെ സൗന്ദര്യത്തില്‍ തല്പരയാവുകയും ചെയ്തത്. സമപ്രായക്കാര്‍ ജര്‍മന്‍ പതാക, ജര്‍മന്‍ രക്തം, ജര്‍മന്‍ ഫ്യൂറര്‍ എന്നിവയില്‍ കുടുങ്ങിക്കിടന്ന സമയത്ത് ആന്മേരി ഷിമ്മലിന്റെ ഗവേഷണ ശ്രദ്ധ തിരിയുന്നത് അക്കാലത്ത് വളരെ വിദൂരമെന്ന് തോന്നുന്ന ഇസ്ലാമിക സംസ്കാരത്തിന്റെയും മതത്തിന്റെയും വ്യത്യസ്ത ലോകത്തിലേക്കായിരുന്നു.
ഇസ്ലാമിലേക്ക് ശ്രദ്ധ തിരിക്കുക വഴി അവര്‍ രണ്ടാം ലോക യുദ്ധത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നു പറയാം. മികച്ച ഭാഷാസാഹിത്യ കഴിവുള്ള അവരുടെ അക്കാദമിക് തലത്തിലെ അതിവേഗ ഉയര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 1946ല്‍, ജര്‍മനിയുടെ നാശത്തിന്റെ നടുവില്‍, അവര്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഇസ്ലാമിക പഠനത്തിനുള്ള ഹാബിലിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി. അന്ന് 23 വയസ്സായിരുന്നു പ്രായം. 1954ല്‍, അവര്‍ അങ്കാറ സര്‍വകലാശാലയില്‍ മതചരിത്ര വിഭാഗത്തില്‍ പ്രൊഫസറായി, അവിടെ ടര്‍ക്കിഷ് ഭാഷയില്‍ ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങളുടെയും ചരിത്രവും പ്രതിഭാസങ്ങളും പഠിപ്പിച്ചു. താമസിയാതെ അവര്‍ ടര്‍ക്കിഷ് സ്വന്തം മാതൃഭാഷ പോലെ നന്നായി സംസാരിക്കാന്‍ പഠിച്ചു.
ജീവിതത്തിലുടനീളം ആന്മേരി ഷിമ്മലിന് ഇസ്ലാം മതവുമായും അതിന്റെ സംസ്കാരവുമായും ആഴത്തിലുള്ള ബന്ധം അനുഭവപ്പെട്ടിരുന്നു. അവര്‍ മുസ്ലിമാണോ അല്ലയോ എന്ന് മുസ്ലിങ്ങളും അല്ലാത്തവരും പലപ്പോഴും ചോദിച്ചിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, ഒരു ഒഴിഞ്ഞുമാറലാണ് മറുപടിയായി നല്‍കിയത്.
അറബി, പേര്‍ഷ്യന്‍, ടര്‍ക്കിഷ്, ഉര്‍ദു, പുഷ്തു, സിന്ധി എന്നീ ഭാഷകളില്‍ നിന്നുള്ള ഏറ്റവും പ്രയാസമേറിയ, നിഗൂഢവും കാവ്യാത്മകവുമായ ഗ്രന്ഥ സ്രോതസ്സുകള്‍ ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മതങ്ങള്‍ തമ്മിലുള്ള അനുരഞ്ജനത്തിന്റെ അടയാളമായി ഖുര്‍ആനിലെ ആദ്യ സൂറത്ത് തന്റെ ശവപ്പെട്ടിക്ക് മുകളില്‍ പാരായണം ചെയ്യണമെന്നത് ആന്മേരി ഷിമ്മലിന്റെ അഭ്യര്‍ഥനയായിരുന്നു. ആന്മേരി ഷിമ്മലിന്റെ ദീര്‍ഘകാല വിശ്വസ്തനും ഉപദേശകനുമായിരുന്ന ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍ഫുര്‍ഖാന്‍ ഫൗണ്ടേഷന്റെ ചെയര്‍മാനായ ശൈഖ് അഹമ്മദ് സാക്കി യമാനി ഫെബ്രുവരി 4ന് ബോണിലെ ക്രൂസ്കിര്ച്ചില് നടന്ന പ്രൊട്ടസ്റ്റന്റ് ശുശ്രൂഷയുടെ സമാപനത്തില്‍ ഫാത്തിഹ പാരായണം ചെയ്തിരുന്നു.
നിരവധി ഉയര്‍ന്ന ബഹുമതികള്‍ അവര്‍ നേടി. മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയില്‍ നിലയുറപ്പിച്ച, ഇസ്ലാമിക ലോകവുമായി ആശയവിനിമയം നടത്തിയ, കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍ പാലങ്ങള്‍ പണിത വനിതയെയാണ് അവരുടെ മരണത്തോടെ ലോകത്തിന് നഷ്ടമായത്. ബോണ്‍ സര്‍വകലാശാലയില്‍ ഇപ്പോള്‍ ഒരു 'ആന്മേരി ഷിമ്മല്‍ ബില്‍ഡിംഗും' 'ആന്മേരി ഷിമ്മല്‍ സ്കോളര്‍ഷിപ്പും' ഉണ്ട് എന്നത് അവരുടെ ഇടപെടലുകളുടെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു.
അക്കാദമിക് ജീവിതത്തില്‍ ശ്രദ്ധേയമായ നിരവധി ഓണററി ഡോക്ടറേറ്റുകളും സമ്മാനങ്ങളും മെഡലുകളും അവര്‍ക്ക് ലഭിച്ചു. ഇംഗ്ലീഷിലും ജര്‍മനിലും നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അവയില്‍ പലതും വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളവയാണ്. തന്റെ നായകനും അന്തരിച്ച റൊമാന്റിക് കവിയും ഓറിയന്റലിസ്റ്റുമായ ഫ്രെഡറിക് റക്കര്ട്ടിന്റെ മാതൃക പിന്‍പറ്റി ഇസ്ലാമിക കവിതയുടെ പദ്യ വിവര്‍ത്തനങ്ങള്‍ അവര്‍ പ്രിയപ്പെട്ട വിനോദമാക്കിയിരുന്നു. കുറഞ്ഞത് ആറ് ഭാഷകളിലെങ്കിലും അവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1992ല്‍ ഹാര്‍വാര്‍ഡില്‍ നിന്ന് വിരമിച്ചു. ബോണില്‍ തിരിച്ചെത്തിയ അവരുടെ ജീവിതം നിരന്തര പ്രഭാഷണങ്ങളും എഴുത്തും കാരണം തിരക്കേറിയതായിരുന്നു. 1995 ഒക്ടോബര്‍ 15ന്, കിഴക്ക്പടിഞ്ഞാറ് ധാരണ സൃഷ്ടിക്കുന്നതിന് നല്കിയ സംഭാവനകളെ മാനിച്ച് ജര്‍മന്‍ ബുക്ക്ട്രേഡ് അസോസിയേഷന്റെ സമാധാന പുരസ്കാരം ലഭിച്ചു.
മിസ്റ്റിക്ക് ഡിമെന്ഷസ് ഓഫ് ഇസ്ലാം
ഷിമ്മലിന്റെ രചനകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'മിസ്റ്റിക്ക് ഡിമെന്ഷസ് ഓഫ് ഇസ്ലാം.' ഇസ്ലാമിലെ സൂഫിസത്തെക്കുറിച്ചുള്ള മികച്ച പഠനം കൂടിയാണ് ഈ രചന. സൂഫിസത്തിന്റെ തുടക്കം മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടു വരെയുള്ള അന്തര്‍ദേശീയ പ്രതിഭാസത്തെക്കുറിച്ചുള്ള ആന്മേരി ഷിമ്മലിന്റെ ചരിത്രപരമായ വിശകലനം സൂഫിസത്തെ കുറിച്ചുള്ള വായനകളില്‍ പുതിയ മാനങ്ങള്‍ കൊണ്ടുവന്നു.
ആന്റ് മുഹമ്മദ് ഈസ് ഹിസ് മെസന്‍ജര്‍
മുസ്ലിംകളുടെ ദൈനംദിന ജീവിതത്തില്‍ മുഹമ്മദ് നബിയുടെ പങ്ക് പാശ്ചാത്യഓറിയന്റലിസ്റ്റ് പണ്ഡിതന്മാര് അവഗണിക്കുകയാണ് പതിവ്. അവര്‍ യഥാര്‍ഥത്തില്‍ നബിയെ മനസ്സിലാക്കിയിട്ടുമില്ല. ഇവിടെയാണ് ഷിമ്മലിന്റെ രചനയുടെ പ്രസക്തി. വിവിധ ഇസ്ലാമിക ഭാഷകളിലെ യഥാര്‍ഥ സ്രോതസ്സുകള്‍ ഉപയോഗിച്ച് മുസ്ലിംകളുടെ ജീവിതത്തിലും ചിന്തയിലും കവിതയിലും നബിയുടെ സ്ഥാനം വിശദീകരിക്കുന്നതാണ് ആന്മേരി ഷിമ്മലിന്റെ ആന്റ് മുഹമ്മദ് ഈസ് ഹിസ് മെസിന്ജര്. ഇസ്ലാമിക സംസ്കാരത്തിന്റെ സൗമ്യ വശം വരച്ചിടുകയാണ് ഷിമ്മല്‍. മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ വൈവിധ്യമാര്‍ന്ന വശങ്ങള് പ്രതിപാദിക്കുന്ന ഇംഗ്ലീഷിലെ ആദ്യ പുസ്തകമാണിത്.