ഇസ്്‌ലാമോഫോബിയ പ്രചരിപ്പിക്കപ്പെടുന്ന വിധം

എ.റഹ്മത്തുന്നിസ
september 2022
ടൂറിസം നാം അവഗണിക്കേണ്ട മേഖലയല്ല. സഞ്ചാരികള്‍ക്ക് സ്ഥലങ്ങളെ സംബന്ധിച്ച ശരിയായ വിവരണം നല്‍കുന്ന ഗൈഡുകളുണ്ടാവണം.

സ്വദേശത്തും വിദേശത്തുമായി ഒരുപാട് യാത്രകള്‍ ചെയ്യാന്‍ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്. അനുഭവം കൊണ്ടും തിരിച്ചറിവ് കൊണ്ടും സമ്പന്നമായിരുന്നു സ്‌പെയിനിലേക്കുള്ള യാത്ര. ലോക ചരിത്രത്തിന് ഇസ്്‌ലാം നല്‍കിയ സംഭാവനകള്‍ തുടച്ചുനീക്കാന്‍ ശ്രമിച്ചിട്ടും മായാതെ കണ്ണും മനസ്സും തുറന്നു പിടിക്കുന്നവര്‍ക്ക് അനുഭവവേദ്യമാവുന്ന വിധം ഉള്‍ച്ചേര്‍ന്ന് കിടക്കുന്നതായി കാണാന്‍ കഴിയും.
സന്ദര്‍ശിച്ച പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കൊര്‍ദോവയിലെ അന്തലൂസിയയിലുള്ള മോസ്‌ക് കത്തീഡ്രല്‍ എന്നറിയപ്പെടുന്ന ക്രിസ്തീയ ദേവാലയമാക്കി പില്‍ക്കാലത്ത് മാറ്റിയെടുത്ത മുസ്്‌ലിം പള്ളി. ഈ പള്ളി ഹിജ്‌റ 169-ലാണ് നിര്‍മിക്കപ്പെട്ടത്. അതായത് ക്രി. 785-ല്‍. അത് ക്രിസ്തീയ ദേവാലയമായി പരിവര്‍ത്തിപ്പിക്കപ്പെടുന്നത് 1236-ല്‍ ക്രൈസ്തവര്‍ കൊര്‍ദോവ കീഴടക്കിയപ്പോഴാണ്. ഇസ്്‌ലാമിക ലോകത്തിന്റെ കരകൗശല വൈദഗ്ധ്യം വിളിച്ചോതുന്ന പ്രധാന ചരിത്രസ്മാരകമാണിത്. 1984-ല്‍ യുനസ്‌കോ ഈ പള്ളിയെ ലോക പൈതൃക സ്ഥലം (World Heritage Site) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം നടത്തി തിരിച്ചു പോകുന്നതിനു മുമ്പായി പള്ളിയിലെ പല വിലപിടിപ്പുള്ള അലങ്കാരവസ്തുക്കളും ക്രിസ്തീയ പട്ടാളം കൊള്ളയടിച്ചതായി ചരിത്രത്തില്‍ കാണാമെങ്കിലും ഇന്നും മുസ്്‌ലിം കലാസാംസ്‌കാരിക വൈദഗ്ധ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഈ പള്ളിയില്‍ നമുക്ക് കാണാനാവും. അതുകൊണ്ടായിരിക്കാം ടൂറിസ്റ്റുകളായി അറബ് വംശജര്‍ അടക്കം പലരും ഇപ്പോഴും ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. പ്രസിദ്ധ ഉറുദു കവി അല്ലാമാ ഇഖ്ബാല്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പള്ളിയെ കുറിച്ച്  അദ്ദേഹം തന്റെ മസ്ജിദെ ഖുര്‍തുബ എന്ന കവിതയില്‍ ഇങ്ങനെ വര്‍ണിക്കുന്നത് കാണാം.
'കലയെ സ്‌നേഹിക്കുന്നവര്‍ക്ക് പവിത്രം, നീ വിശ്വാസത്തിന്റെ മഹത്വം
നീ അന്‍ദലൂസിയയെ ഒരു പുണ്യഭൂമി പോലെ പരിശുദ്ധമാക്കി'.
ഇതൊന്നും പറയാന്‍ വേണ്ടിയല്ല ഈ കുറിപ്പ്. അവിടെ ഞങ്ങള്‍ക്കുണ്ടായ ഒരു പ്രത്യേക അനുഭവവും അത് നമുക്ക് നല്‍കുന്ന പാഠവും പങ്ക് വെക്കാനാണ്. ഒരു ഔദ്യോഗിക വനിതാ ടൂറിസ്റ്റ് ഗൈഡിന്റെ കൂടെയാണ് ഞങ്ങള്‍ മോസ്‌ക് കത്തീഡ്രല്‍ കാണാന്‍ പോയത്. തുടക്കം മുതല്‍ തന്നെ അവരുടെ വിവരണങ്ങളില്‍ പലതും മുസ്ലിം വിരുദ്ധമായിരുന്നു. ചിലതിന്റെയൊക്കെ മറുവശം ഞങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചു. അത് അവര്‍ക്ക് അത്രകണ്ട് പിടിക്കുന്നുണ്ടായിരുന്നില്ല. പഴയ പള്ളിയുടെ മിഹ്‌റാബ് കാണിച്ച് മദര്‍ മേരിയുടെ ചരിത്രം പറഞ്ഞ അവര്‍ അത് മുസ്ലിം പള്ളിയുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് പറയാതിരുന്നു. ഏറ്റവും ഒടുവില്‍ ഒരു തൂണില്‍ അറബി ഭാഷയില്‍ ഉമര്‍ എന്ന് വ്യക്തമായി എഴുതിവെച്ചത് കാണിച്ച് അവര്‍ പറഞ്ഞു: 'അറബികള്‍ക്ക് എഴുതാനൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് അവരുടെ കൈയൊപ്പായി എന്തൊക്കെയോ കുത്തി വരച്ചിട്ടതാണ് ഇത്.' ഞാന്‍ പറഞ്ഞു: ''ഞങ്ങളില്‍ പലര്‍ക്കും അറബി ഭാഷ അറിയാം. അറബി ഭാഷയില്‍ ഉമര്‍ എന്നാണ് ഈ എഴുതിയിരിക്കുന്നത്.'' ഒരു പ്രൊഫഷണല്‍ ഗൈഡായ അവര്‍ക്ക് എന്നോട് കയര്‍ക്കാന്‍ നിവൃത്തിയില്ല. എന്നാല്‍ ഞാനാകുന്ന ശല്യത്തെ അവര്‍ക്ക് സഹിക്കാനും വയ്യ. ഉടനെ അവര്‍ എന്നോട്: 'നിങ്ങള്‍ ടോയ്ലറ്റ്  ഉണ്ടോ എന്ന് ചോദിച്ചിരുന്നില്ലേ? ഞാന്‍ കൊണ്ട് പോയി കാണിച്ച് തരാം. നിങ്ങള്‍ ടോയ്ലറ്റില്‍ പോയതിന് ശേഷം അവിടെ നിന്നാല്‍ മതി. ഗ്രൂപ്പിലുള്ളവരെ ബാക്കി ഭാഗം കൂടി കാണിച്ച് ഞങ്ങള്‍ അങ്ങോട്ട് എത്തിക്കോളാം.'
ശരിയാണ്. പള്ളിയുടെ അകത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ഞാന്‍ അവരോട് അക്കാര്യം അന്വേഷിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് ഉള്‍ഭാഗം മുഴുവന്‍ കണ്ട് ഇറങ്ങുന്ന ഭാഗത്ത് ടോയ്ലറ്റ് ഉണ്ട് എന്നായിരുന്നു. അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കിയ ഞാന്‍:
'വലിയ തിരക്കില്ല. ഉള്‍ഭാഗം മുഴുവന്‍ കണ്ടിട്ട് മതി' എന്നായി.
പ്രത്യക്ഷത്തില്‍ അത്ര വലിയ പ്രശ്‌നമായി തോന്നാന്‍ സാധ്യതയില്ലാത്ത ഒരു സംഭവമാണിത്. എന്നാല്‍ ഇതിലൂടെ അറിഞ്ഞും അറിയാതെയും മുസ്ലിംകളെ കുറിച്ചും അവരുടെ സംസ്‌കാരത്തെ കുറിച്ചും തെറ്റിദ്ധാരണയും വെറുപ്പും സൃഷ്ടിക്കുന്നതില്‍ ടൂറിസം ഇന്റസ്ട്രിയും അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാതെ പോകരുത്. ഗൈഡുകള്‍ക്ക് അതിനുള്ള പരിശീലനം നല്‍കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. നമ്മുടെ രാജ്യത്തും ഡല്‍ഹി പോലുള്ള മുസ്ലിം രാജാക്കന്മാരുടെ സമ്പന്നമായ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ഇത്തരം അനുഭവങ്ങള്‍ ടൂറിസ്റ്റ് ഗൈഡുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍, നാം അവഗണിക്കേണ്ട മേഖലയല്ല ടൂറിസം. സഞ്ചാരികള്‍ക്ക് അത്തരം സ്ഥലങ്ങളെ സംബന്ധിച്ച ശരിയായ വിവരണം നല്‍കുന്ന ഗൈഡുകള്‍ ഉണ്ടാവണം. ഈ മേഖല മൊത്തത്തില്‍ തന്നെ ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തിപ്പിക്കാന്‍ സാധ്യമാകുന്ന ഇടപെടലുകള്‍ എല്ലാ അര്‍ഥത്തിലും ഗുണം ചെയ്യും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media