രണ്ടു രാജ്യങ്ങള്‍. രണ്ട് കേസുകള്‍. രണ്ടിലുമുണ്ട് യുവ വനിതാ അഭിഭാഷകരുടെ
നിര്‍ണായക ഇടപെടല്‍.
രണ്ടു രാജ്യങ്ങള്‍. രണ്ട് കേസുകള്‍. ഒന്നില്‍ കുറ്റവാളി 16 വര്‍ഷങ്ങള്‍ക്കു ശേഷം ശിക്ഷിക്കപ്പെടുന്നു. മറ്റേതില്‍ ഒരു നിരപരാധി, 32 വര്‍ഷം ജയിലില്‍ കിടന്നശേഷം കുറ്റമുക്തനാകുന്നു.
രണ്ടിലുമുണ്ട് യുവ വനിതാ അഭിഭാഷകരുടെ നിര്‍ണായക ഇടപെടല്‍.
2022 ഏപ്രിലിലാണ് യു.എസില്‍ മയാമിയിലെ കോടതി തോമസ് റേയ്നഡ് ജെയിംസിനെ കുറ്റമുക്തനായി പ്രഖ്യാപിച്ചത്; പക്ഷേ 32 കൊല്ലം തടവനുഭവിച്ച ശേഷം.
1990-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരു ഫ്‌ളാറ്റില്‍ കൊള്ള നടന്നു. താമസക്കാരനായ മക്കിനന്‍ കൊല്ലപ്പെട്ടു.
മക്കിനന്റെ വളര്‍ത്തു മകളായ ഡോറതിയുടെ ദൃക്സാക്ഷി മൊഴിയാണ് നിര്‍ണായകമായത്. തോമസ് ജെയിംസാണ് വളര്‍ത്തച്ഛനെ വെടിവെച്ചതെന്നും അത് താന്‍ കണ്ടുവെന്നും അവള്‍ പറഞ്ഞു.
അന്ന് കേസന്വേഷിച്ച പോലീസിന്റെ പക്കല്‍, കൊലയാളിയുടെ പേര് (തോമസ് ജെയിംസ്) മാത്രമാണുണ്ടായിരുന്നത്. അവര്‍ തങ്ങളുടെ പക്കലുള്ള കുറ്റകൃത്യങ്ങളുടെ ഫയലുകള്‍ നോക്കി. തോമസ് റേയ്നഡ് ജെയിംസിനെതിരെ, അനധികൃതമായി തോക്ക് കൈവശം വെച്ചതായ കേസ് മുമ്പുണ്ടായിരുന്നു എന്ന് കണ്ടെത്തി. അവരയാളെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഡോറതിയുടെ സാക്ഷിമൊഴി കൂടിയായപ്പോള്‍ ജഡ്ജി അയാളെ കുറ്റക്കാരനായി വിധിച്ചു. ആജീവനാന്ത തടവിന് ശിക്ഷിച്ചു. 1991 മുതല്‍ ജയിലില്‍.
പക്ഷേ, അയാള്‍ തുടക്കം മുതല്‍ ശിക്ഷാ വിധിക്കു ശേഷവും പറഞ്ഞുകൊണ്ടേയിരുന്നു: ''ഞാന്‍ ഈ കുറ്റം ചെയ്തിട്ടില്ല.''
സുഹൃത്തുക്കള്‍ നല്ലൊരു ക്രിമിനല്‍ വക്കീലിനെ അന്വേഷിച്ചുകൊണ്ടിരുന്നു. കൊല്ലങ്ങള്‍ കഴിഞ്ഞെങ്കിലും കിട്ടിയില്ല. ഇല്ലാഞ്ഞിട്ടല്ല, കനത്ത ഫീസ് കൊടുക്കാന്‍ ജെയിംസിനോ സുഹൃത്തുക്കള്‍ക്കോ വകയില്ലായിരുന്നു.
2020-ല്‍ അവര്‍ നാതലി ഫിഗേഴ്സ് എന്ന അഭിഭാഷകയെ സമീപിച്ചു. 32 വയസ്സേയുള്ളൂ. പരിചയം കുറവ്. ലോ കോളേജില്‍ പഠനം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ക്രിമിനല്‍ കേസുകളിലല്ല ശ്രദ്ധിച്ചിട്ടുള്ളത് താനും.
പക്ഷേ, കഥ കേട്ടപ്പോള്‍ അവര്‍ക്ക് താല്‍പര്യമായി. സൗജന്യമായി കേസ് വാദിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. അവര്‍ വിവരങ്ങള്‍ തേടി ഇറങ്ങി. ഫീസ് കിട്ടുന്ന മറ്റ് കേസുകള്‍ കുറെ മാറ്റിവെച്ചു.
കെട്ടുകണക്കിന് ഫയലുകള്‍ പഠിച്ചു. കേസ് വിചാരണയില്‍ മൊഴി നല്‍കിയവരെ കഴിയുന്നത്ര വിളിച്ചന്വേഷിച്ചു. പലരെയും നേരിട്ടു കാണാന്‍ ദീര്‍ഘയാത്രകള്‍ ചെയ്തു.
2021 ആയപ്പോഴേക്കും വിലപ്പെട്ട കുറെ വിവരങ്ങള്‍ കിട്ടി. ദൃക്സാക്ഷി മൊഴി നല്‍കിയ ഡോറതി പോലീസിനോടു പറഞ്ഞത്, തോമസ് ജെയിംസാണ് വെടിവെച്ചത് എന്നായിരുന്നു. എന്നാല്‍, ഫ്ളാറ്റിനടുത്ത് മറ്റൊരു തോമസ് ജെയിംസ് താമസിച്ചിരുന്നു. കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളയാള്‍. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരാളുടെ അടുത്ത ചങ്ങാതി.
കുറ്റം നടന്ന സ്ഥലത്തുനിന്നെടുത്ത ഒമ്പത് വിരലടയാളങ്ങളില്‍ ഒന്നുപോലും ശിക്ഷിക്കപ്പെട്ട ജെയിംസിന്റെതായിരുന്നില്ല.
2021 മേയില്‍ അഭിഭാഷക നാതലി ഫിഗേഴ്സ്, നിര്‍ണായക മൊഴി നല്‍കിയ ഡോറതിയെ നേരിട്ട് ചെന്ന് കണ്ടു. ഡോറതി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. നാതലി വിങ്ങിപ്പൊട്ടി.
നാതലി ഒടുവില്‍ മടങ്ങിപ്പോകാനൊരുങ്ങി. അവര്‍ ഡോറതിയോട് പറഞ്ഞു: ''അയാള്‍ നിരപരാധിയാണ് എന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ പോകുന്നു. എന്നോട് സംസാരിക്കണം എന്നെങ്ങാനും ദൈവം നിങ്ങള്‍ക്ക് തോന്നിപ്പിച്ചാല്‍ വിളിക്കൂ. എവിടെയായാലും ഞാന്‍ ഫോണെടുക്കാം.''
പത്തു മിനിറ്റ് തികച്ചുമായില്ല. കാറോടിക്കുകയായിരുന്ന നാതലി, ഫോണടിക്കുന്നത് കേട്ടു. കാര്‍ നിര്‍ത്തി. ഡോറതിയാണ്.
'നിങ്ങളെന്തിന് കരഞ്ഞു? അയാള്‍ നിങ്ങളുടെ ആരാണ്? ബന്ധുവാണോ?'' അല്ല എന്ന് നാതലി മറുപടി പറഞ്ഞു. 'നിങ്ങള്‍ക്ക് നല്ല ഫീസ് തരുന്നുണ്ടാകും, അല്ലേ?'' 'ഇല്ല, സൗജന്യമാണ്.'
'എന്തിന് ഇത്ര താല്‍പര്യം?''
നാതലി പറഞ്ഞു: 'കാരണം അയാള്‍ കുറ്റവാളിയല്ല എന്ന് എനിക്കറിയാം.''
ഡോറതിയുടെ മറുപടി: 'എനിക്കും അറിയാം അയാളല്ല അത് ചെയ്തതെന്ന്. എനിക്ക് തെറ്റ് പറ്റിയതാണ്.'
അത്രയും മതിയായിരുന്നു. കേസ് വീണ്ടും കോടതിയിലെത്തി. കോടതി വിധിച്ചു: ഇയാള്‍ നിരപരാധി. വെറുതെ വിടുന്നു.
32 വര്‍ഷം ജയിലില്‍ കിടന്ന ശേഷം! ബാക്കി ജീവിതം തിരിച്ചുകിട്ടിയതിന് അയാള്‍ നാതലിയോട് നന്ദി പറയുന്നു.
* * *
2022 ഏപ്രില്‍ അഞ്ച്. ബംഗ്ലാദേശ് സുപ്രീംകോടതി പ്രമാദമായ കൊലക്കേസില്‍ അവസാന വിധി പറഞ്ഞു. കൊലയാളികളുടെ വധശിക്ഷ ശരിവെച്ചു.
ക്രിമിനല്‍ കേസായതിനാല്‍ പ്രോസിക്യൂഷന്‍ ഭാഗം വാദിച്ചത് സര്‍ക്കാര്‍ അഭിഭാഷകരായിരുന്നു. എന്നാല്‍ ആ സംഘത്തില്‍ ഒരു വനിത കൂടി ഉണ്ടായിരുന്നു.
കൊല്ലപ്പെട്ട പ്രഫ. താഹിര്‍ അഹ്മദിന്റെ മകള്‍ ഷഗുഫ്ത തബസ്സും അഹ്മദ്.
ഷഗുഫ്തയുടെ ആദ്യത്തെ കേസ് കൂടിയായിരുന്നു അത്. നിയമ പഠനത്തിന് പോകണമെന്നത് പിതാവിന്റെ ഉപദേശമായിരുന്നു. ലോ കോളേജില്‍ ചേര്‍ന്നപ്പോഴും ഷഗുഫ്ത അഭിഭാഷകവൃത്തി ഉദ്ദേശിച്ചിരുന്നില്ല. ഏതെങ്കിലും കമ്പനിയില്‍ നിയമവുമായി ബന്ധപ്പെട്ട ജോലി, അല്ലെങ്കില്‍ ലോ കോളേജില്‍ അധ്യാപക വൃത്തി- ഇതൊക്കെയായിരുന്നു ലക്ഷ്യം.
എന്നാല്‍, ദൈവനിശ്ചയം അവള്‍ പഠിക്കണമെന്നും ആദ്യത്തെ കേസ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയവരുടെ ശിക്ഷ ഉറപ്പിക്കാനുമാകണമെന്നുമായിരുന്നു.
ധാക്കയിലായിരുന്നു താഹിര്‍ അഹ്മദിന്റെ കുടുംബം. അദ്ദേഹത്തിന്റെ ജോലിയാകട്ടെ, ഇരുനൂറോളം കിലോമീറ്റര്‍ ദൂരെയുള്ള രാജ്ഷാഹി യൂനിവേഴ്സിറ്റിയിലും.
കാമ്പസില്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പരിചാരകന്‍ ജഹാംഗീറും കൂട്ടിനുണ്ട്. കൂടെക്കൂടെ അദ്ദേഹം നാട്ടില്‍ വരും; തിരിച്ചുപോകും. ബസ്സിലാണ് യാത്ര. ലളിതമായി ജീവിക്കുന്ന, നാട്യങ്ങളില്ലാത്ത, തൊഴിലിനോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ഒരു അധ്യാപകന്‍.
അങ്ങനെയൊരു മടങ്ങിപ്പോക്കിനാണ് 2006 ഫെബ്രുവരി ഒന്നിന് അദ്ദേഹം ബസ്സ് കയറിയത്.
രാത്രിയാകുമ്പോഴേക്കും അദ്ദേഹത്തിന്റെ ഫോണ്‍ വന്നു: ''ക്വാര്‍ട്ടേഴ്സിലെത്തി.'' ഒമ്പതു മണിക്കു തൊട്ടു മുമ്പ്, ഉറങ്ങാന്‍ പോകുന്നു എന്നു പറഞ്ഞ് മറ്റൊരു ഫോണും.
യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു പ്രത്യേക യോഗം മേധാവിയായ അദ്ദേഹം വിളിച്ചുചേര്‍ത്തിരുന്നു. പിറ്റേന്ന,് ആ യോഗത്തിന് അദ്ദേഹം എത്തിയില്ലെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ ആധിയായി. അവര്‍ ഫോണ്‍ വിളിച്ചുനോക്കി. എടുക്കുന്നില്ല.
അദ്ദേഹം അവിടെ എത്തിയിട്ടേയില്ലെന്ന് ജഹാംഗീര്‍ പറഞ്ഞതോടെ പ്രഫസറുടെ മകന്‍ യൂനിവേഴ്സിറ്റിയിലേക്ക് പുറപ്പെട്ടു.
ഫെബ്രുവരി മൂന്നിന് അവന്‍ ഉമ്മയെ വിളിച്ചു. ഉപ്പയുടെ മൃതദേഹം യൂനിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സ് പൂന്തോട്ടത്തിനടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയിരിക്കുന്നു. ഷഗുഫ്ത അന്ന് വിദ്യാര്‍ഥിനിയാണ്.
പ്രഫസറുടേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. പോലീസ് ഒടുവില്‍ കൊലയാളികളെ കണ്ടെത്തി.
പ്രഫ. താഹിര്‍ വിളിച്ചുചേര്‍ത്ത ആ യോഗം, സഹപ്രവര്‍ത്തകനായ മിയ മുഹമ്മദ് മുഹ്യിദ്ദീന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ പല ഭാഗങ്ങളും മോഷ്ടിച്ചെഴുതിയതാണെന്ന് പ്രഫ. താഹിര്‍ കണ്ടെത്തിയിരുന്നു.
മുഹ്യിദ്ദീനും ജഹാംഗീറും അടക്കം നാല് പേര്‍ക്ക് കീഴ്ക്കോടതി 2008-ല്‍ വധശിക്ഷ വിധിച്ചു.
പ്രതികള്‍ പ്രബലരായിരുന്നു. രാഷ്ട്രീയക്കാരുമായി അടുപ്പമുള്ളവര്‍, സമ്പന്നര്‍. പത്തിലേറെ പ്രഗത്ഭ അഭിഭാഷകരെ വെച്ച് അവര്‍ അപ്പീലിന് പോയി. 2011-ല്‍ ഹൈക്കോടതി മുഹ്യിദ്ദീന് ജാമ്യം നല്‍കി. ജയിലിന് പുറത്തായതോടെ എങ്ങനെയും കേസ് ജയിക്കാന്‍ ചരടുവലികള്‍ തുടങ്ങി.
അന്ന് ഷഗുഫ്ത തീരുമാനിച്ചു. തന്നോട് നിയമം പഠിക്കാന്‍ പിതാവ് പറഞ്ഞത് വെറുതെയാകരുത്. അവള്‍ കേസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവസാന വര്‍ഷ നിയമവിദ്യാര്‍ഥിനി ആയിരിക്കെ തന്നെ പ്രോസിക്യൂഷന്‍ സംഘത്തെ സഹായിക്കാനും തുടങ്ങി.
2012-ല്‍ ഷഗുഫ്ത നിയമബിരുദം പാസായി. പിന്നെ മുഴുസമയം കേസില്‍ മുഴുകി.
അടുത്ത വര്‍ഷം ഹൈക്കോടതി വിധി എത്തി. മുഹ്യിദ്ദീന് ജാമ്യം നല്‍കിയിരുന്ന കോടതി പക്ഷേ, അദ്ദേഹത്തിന്റെയും ജഹാംഗീറിന്റെയും വധശിക്ഷ ശരിവെക്കുകയാണുണ്ടായത്. മറ്റ് രണ്ടു പേരുടെ ശിക്ഷ ഇളവു ചെയ്തു.
അതോടെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇത് അവസാനത്തെ അപ്പീല്‍. ഇതിലെ വിധിയാകും അന്തിമം. ഷഗുഫ്ത ശരിക്കും ക്രിമിനല്‍ നിയമം വിശദമായി പഠിച്ചത് അപ്പോഴാണ്.
അതിന് ഫലമുണ്ടായി. വധശിക്ഷ ശരിവെച്ചുകൊണ്ടുതന്നെ, കഴിഞ്ഞ ഏപ്രിലില്‍ അന്തിമവിധി വന്നു.
പ്രഫ. താഹിര്‍ കൊല്ലപ്പെട്ട് 16 വര്‍ഷം കഴിഞ്ഞിട്ട്. പക്ഷേ ആ ഇടവേള, വെറുമൊരു സ്‌കൂള്‍ കുട്ടിയില്‍നിന്ന് പേരെടുത്ത ക്രിമിനല്‍ വക്കീലെന്ന അപൂര്‍വ പദവിയിലേക്കുള്ള ഷഗുഫ്തയുടെ വളര്‍ച്ചയുടേത് കൂടിയായിരുന്നു.
ആദ്യകേസ് കൊണ്ട് ഷഗുഫ്ത ഉപ്പ കാണിച്ച വഴി സാധൂകരിച്ചു, ഉപ്പയുടെ കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട്.
l