കൗമാരത്തെ അറിയുക

എം. ജമീല
september 2022
കൗമാരക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെ മാത്രമല്ല, അധ്യാപകരുടെ കൂടി ഉത്തരവാദിത്വമാണ്.

പല രക്ഷിതാക്കളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
ഇവള്‍/ ഇവന്‍ എന്തേ ഇങ്ങനെ? ഇവനെന്തേ അനുസരിക്കാത്തത്? ഇവളെന്തേ ചോദ്യം ചെയ്യുന്നത്?...നീണ്ടു പോകുന്നതാണ് കൗമാരക്കാരെ കുറിച്ചുള്ള പരാതികള്‍. കൗമാരക്കാരായ കുട്ടികളുള്ള രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഒട്ടേറെയാണ്. ഓണ്‍ലൈന്‍ ഗെയിമിലും ലഹരിയിലും അടിമപ്പെട്ട് ജീവിതം കൈവിട്ടുപോകുന്ന ഒട്ടനവധി കൗമാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നെഞ്ച് പിളര്‍ക്കുന്ന വേദനയോടെയാണ് നമ്മള്‍ക്ക് വായിക്കേണ്ടി വരുന്നത്. ഹൈസ്‌കൂള്‍ തലം മുതല്‍ കോളേജ് തലം വരെയുള്ള കുട്ടികളിലാണ് മുമ്പത്തെ അപേക്ഷിച്ച് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നത്. പുത്തന്‍ ലോകത്തിലെ ഭീഷണികളും വെല്ലുവിളികളുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് പ്രശ്നമെന്ന് മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നുകില്‍ അവഗണന അല്ലെങ്കില്‍ അതിരുകവിഞ്ഞ ലാളന. ഇതിനിടയില്‍ ശരിയും തെറ്റും വിവേചിച്ചറിയാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല.
കുടുംബാംഗങ്ങളുടെ നിയന്ത്രണങ്ങള്‍, ഇടപടലുകള്‍ ഇവ ഇഷ്ടപ്പെടാതിരിക്കുക, മാനസിക സംഘര്‍ഷം, മയക്കുമരുന്നുപയോഗം തുടങ്ങിയവ കുട്ടികളെ ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു. പ്രശ്നങ്ങളെ നേരിടാനുള്ള മനക്കരുത്തും മാനസികാരോഗ്യവും പുതുതലമുറക്കില്ലാതെ പോകുന്നതാണ് മറ്റൊരു കാരണം.
ബാല്യകാലത്തെ അനുഭവങ്ങളും കൗമാരകാലത്തെ മറ്റുള്ളവരുടെ പെരുമാറ്റങ്ങളും സാമൂഹിക സാഹചര്യങ്ങളുമാണ് കൗമാരത്തെ മനോഹരമോ പ്രശ്നസങ്കീര്‍ണമോ ആക്കി മാറ്റുന്നത്.
മനുഷ്യജീവിതത്തിലെ വസന്തകാലം എന്ന് വിശേഷിപ്പിക്കുന്ന കൗമാരകാലം തലച്ചോറിലും, ഹോര്‍മോണ്‍ ഉത്പാദനത്തിലും സംഭവിക്കുന്ന ചില നിര്‍ണായകമായ മാറ്റം മൂലം ശാരീരികമായും വൈകാരികമായും ലൈംഗികമായും വളര്‍ച്ചയുണ്ടാകുന്നു. ഈ വളര്‍ച്ചയാണ് ആത്മവിശ്വാസവും അസ്തിത്വ ബോധവുമുള്ള പ്രത്യുല്‍പാദനപരമായ ധര്‍മങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു പൂര്‍ണ വ്യക്തിയായും സമൂഹജീവിയായും ഒരാളെ ആക്കിമാറ്റുന്നത്.

ആണ്‍കുട്ടികളില്‍ ഉണ്ടാകുന്ന 
മാറ്റങ്ങള്‍
sതൂക്കവും പൊക്കവും വര്‍ധിക്കുന്നു.
sപേശികള്‍ക്ക് ദൃഢത വരുന്നു.
sമുഖത്തും കക്ഷത്തും ജനനേന്ദ്രിയ ഭാഗത്തും രോമ വളര്‍ച്ചയുണ്ടാകുന്നു.
sശബ്ദം കൂടുതല്‍ ഗാംഭീര്യമുള്ളതാകുന്നു.
sലൈംഗികാവയവങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നു.
sമുഖക്കുരു
sനിശാസ്ഖലനം.
sലൈംഗിക കാര്യങ്ങള്‍ അറിയുന്നതിന് താല്‍പര്യം.
sശരീരം കൂടുതല്‍ വിയര്‍ക്കുന്നു.

പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന 
മാറ്റങ്ങള്‍
sതൂക്കവും പൊക്കവും വര്‍ധിക്കുന്നു.
sമാറിടവും അരക്കെട്ടും വികസിക്കുന്നു.
sകക്ഷത്തും ജനനേന്ദ്രിയ ഭാഗത്തും രോമ വളര്‍ച്ചയുണ്ടാകുന്നു.
sഗര്‍ഭപാത്രം വളരുന്നു.
sആര്‍ത്തവം
sശരീരം വിയര്‍ക്കുന്നു.
sമുഖക്കുരു.
കൗമാരക്കാരുടെ മാനസിക- 
വൈകാരിക മാറ്റം
sവികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ. പെട്ടെന്ന് ദേഷ്യം, കോപം, സങ്കടം ഉണ്ടാകുന്നു.
sകൂട്ടുകാരുടെ അഭിപ്രായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക.
sചുറ്റുപാടിനോട് ശക്തമായി പ്രതികരിക്കുന്നു.
sഅമിത ആത്മവിശ്വാസം.
sഅമിതമായ സംശയവും ആശയക്കുഴപ്പവും.
sചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെക്കുറിച്ച കുറ്റബോധം.
sരക്ഷിതാക്കളും മറ്റുള്ളവരും തങ്ങളെ സ്നേഹിക്കുന്നില്ലെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നുവെന്നും തോന്നുന്നു.
sലൈംഗിക താല്‍പര്യം. പരസ്പരാകര്‍ഷണം ഉണ്ടാകുന്നു.
sഅനുകരണ, ഫാഷന്‍ ഭ്രമം
sമറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് പലതും ചെയ്യുന്നു.
sവീരാരാധന.
sപിടിവാശി.

രക്ഷിതാക്കളുടെ തണലില്‍ കഴിയുന്ന കൗമാരക്കാര്‍ക്ക് സ്വാശ്രയത്വത്തിന്റെ ചവിട്ടുപടികളില്‍ ബലമേറിയ അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍  അവരില്‍ ആത്മവിശ്വാസവും കഴിവും വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രയാസമുണ്ടാകില്ല.
കുട്ടിയെപ്പോലെ പെരുമാറണോ, മുതിര്‍ന്നവരെപ്പോലെ പെരുമാറണോയെന്ന സംശയം കൗമാരത്തെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. താനൊരു വ്യക്തിയാണെന്ന ആദ്യത്തെ അറിവും അത് സ്ഥാപിക്കാനുള്ള പോരാട്ടവും അംഗീകരിക്കപ്പെടാനുള്ള ബദ്ധപ്പാടും ഇവരില്‍ കാണുന്നു.
കൗമാരക്കാരുടെ ഇത്തരം മാറ്റങ്ങള്‍ മറ്റുള്ളവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതും കുട്ടിക്കാലത്തെ പല അനുഭവങ്ങളും ആയിരിക്കും കൗമാരകാലത്തെ ശാന്തമോ അശാന്തമോ ആക്കുന്നത്.
കൗമാരക്കാര്‍ ലോകത്തെ അവരുടെതായ പുതിയ അര്‍ഥങ്ങളില്‍ കാണാന്‍ ശ്രമിക്കുന്നു. ആവശ്യമില്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ആരും എന്നെ മനസ്സിലാക്കുന്നില്ല എന്ന തോന്നലില്‍ സ്വയം വേദനിക്കുകയും മറ്റുള്ളവരോട് എതിര്‍പ്പുണ്ടാവുകയും അംഗീകരിക്കുന്നവരോട് അതിര്കവിഞ്ഞ സ്നേഹവും അടുപ്പവും കാണിക്കുകയും ചെയ്യുന്നു.
ഗൗരവമായ പല ചോദ്യങ്ങളും ഈ കാലഘട്ടത്തിലാണ് ഉണ്ടാകുന്നത്. തന്നില്‍ ഉണര്‍ന്നുവരുന്ന ലൈംഗികതയോട് ഒരാള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് സൂക്ഷ്മം നിരീക്ഷിക്കുന്നു. എതിര്‍ലിംഗത്തില്‍ പെട്ടവരോട് അടുപ്പം തോന്നുന്നത് ഈ പ്രായത്തിന്റെ പ്രത്യേകതയാണ്.
കൗമാരക്കാരില്‍ പ്രതിസന്ധികളുണ്ടാക്കുന്നതില്‍ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. സമയാസമയങ്ങളില്‍ അവരുടെ മാനസികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തവരിലാണ് പ്രശ്നങ്ങള്‍ കണ്ടുവരുന്നത്. ഇത്തരം കുട്ടികള്‍ക്ക് സ്നേഹം കൊടുക്കാനും മറ്റുള്ളവരില്‍നിന്ന് സ്നേഹം സ്വീകരിക്കാനും കഴിയില്ല. അബോധ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഭയം, സുരക്ഷിതത്വബോധമില്ലായ്മ, പക, ദേഷ്യം എന്നീ വികാരങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇത്തരം ഘട്ടങ്ങളില്‍ കൗണ്‍സലിംഗ് അത്യാവശ്യമായി വരുന്നു.
പല കൗമാരക്കാരും ഒമ്പത്, പത്ത് ക്ലാസ്സുകളിലായിരിക്കും പഠനത്തില്‍ പിറകോട്ടു പോകുന്നത്.
കൗമാരത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ സമപ്രായക്കാര്‍ തന്നെയാണ്. അവരുടെ അഭിപ്രായങ്ങളും മനോഭാവങ്ങളും കൗമാരമനസ്സിനെ സ്വാധീനിക്കുന്നു. അഭയസ്ഥാനമാകേണ്ടത് വീടുകളാണ്. എന്നാല്‍, കൗമാരത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുന്നതിനോ സഹാനുഭൂതിയോടെ പെരുമാറുന്നതിനോ പല മാതാപിതാക്കള്‍ക്കും കഴിയാതെ പോകുന്നു.
വളര്‍ച്ചയുടെ ഭാഗമായുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാന്‍ മുതിര്‍ന്നവര്‍ തയാറാകുന്നില്ല. ധിക്കാരമായും അനുസരണക്കേടായും അവരുടെ സ്വഭാവങ്ങളെ വ്യാഖ്യാനിക്കുകയാണ് പതിവ്.
വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാരണങ്ങള്‍ കണ്ടുപിടിച്ച്  നേരിടാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാനും ശ്രമിക്കണം.
കൗമാരം വികാരങ്ങളുടെ വിളനിലമാണ്. പ്രശ്നമുള്ളയാളെ സഹാനുഭൂതിയോടെ ശ്രദ്ധിച്ചു കേള്‍ക്കാനും മനസ്സിലാക്കാനും ഒരു കൗണ്‍സലര്‍ക്ക് കഴിയും. സ്നേഹവും സഹാനുഭൂതിയും സാന്ത്വനവും നല്‍കി കൗമാരക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെ മാത്രമല്ല, അധ്യാപകരുടെ കൂടി ഉത്തരവാദിത്വമാണ്. 

 (കൗണ്‍സലിംഗ് സൈക്കോളജിസ്റ്റാണ് ലേഖിക)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media