സന്തോഷപൂര്‍വമായ ദാമ്പത്യം ഉറച്ച തീരുമാനങ്ങളുടെ ഫലമാണ്
അത് വിധിയോ ഭാഗ്യമോ അല്ല.
'നിങ്ങളുടെ ദാമ്പത്യ ജീവിതം ഇരുപഞ്ച് വര്‍ഷം പിന്നിട്ടിട്ടും അഭംഗുരം തുടരുന്നതിന്റെ രഹസ്യമെന്താണ്?' ഈ ചോദ്യം നിരവധി കുടുംബങ്ങളോട് ചോദിച്ചപ്പോള്‍ പലരുടെയും ഉത്തരങ്ങള്‍ വ്യത്യസ്തമായിരുന്നു. വിട്ടുവീഴ്ചയും വിശാലമനസ്കതയുമാണ് കാരണമെന്ന് ചിലര്‍. കുടുംബ ജീവിതത്തിലെ ഓരോ കാര്യവും സൂക്ഷ്മ പരിശോധന നടത്താത്തതാണ് കാരണമെന്ന് വേറെ ചിലര്‍. പ്രശ്നപരിഹാര രീതികളെക്കുറിച്ച് വിവാഹത്തിന് മുമ്പേ തന്നെ ഞങ്ങള്‍ ചില ധാരണകളില്‍ എത്തിയിരുന്നെന്ന് വേറൊരു കൂട്ടര്.. ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ടപ്പോള്‍ ആയിരത്തോളം മറുപടികള്‍ കിട്ടി.
1. സ്നേഹവും ആദരവും. 2. ത്യാഗവും സഹനവും. 3. ചിലതൊക്കെ അവഗണിക്കും, നിസ്സംഗത പുലര്‍ത്തും. 4. ചില ശീലങ്ങള്‍ കണ്ടറിഞ്ഞ് വളര്‍ത്തും. 5. തോറ്റു കൊടുക്കും. 6. മക്കളെയോര്‍ത്ത് തുടരുന്നു. 7. ക്ഷമയും ആത്മസമര്‍പ്പണവും. 8. പോരായ്മകളും വൈകല്യങ്ങളും മനസ്സിലാക്കി അംഗീകരിക്കും. 9. കുടുംബത്തിന്റെ ഇടപെടല്‍. 10. പൊതുവായ സ്വഭാവങ്ങളും താല്പര്യങ്ങളും കണ്ടെത്തും. 11. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളൂ എന്നു പറയും. 12. അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോള്‍, ഇടപെടീക്കാവുന്ന ഗുണകാംക്ഷികളെ സമീപിക്കും. 14 ദൈവഭയം, പരസ്പരാദരവും ത്യജിക്കാനുള്ള മനസ്സും. 15. അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും ചെവികൊടുക്കാതിരിക്കും. 16. ചിലതെല്ലാം കണ്ടില്ലെന്നുവെക്കും, ഓരോ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മാന്വേഷണം നടത്തില്ല.
17. ദേഷ്യം വരുമ്പോള്‍ എന്തുചെയ്യണമെന്ന് ധാരണയില്‍ എത്തിയിട്ടുണ്ട്. ദേഷ്യം വരുമ്പോള്‍ മൗനം പാലിക്കും 18. മധുരഭാഷണത്തില്‍ ഏര്‍പ്പെടും. കോപഹേതുക്കള് ഒഴിവാക്കും. 19. അല്ലാഹുവിനോട് കൂടുതല്‍ അടുക്കും. ഐശ്വര്യ പൂര്‍ണമായ നിലനില്പിന് പ്രാര്‍ഥിക്കും. 20. വീഴ്്ചകളെല്ലാം പൊറുക്കട്ടെയെന്നും, സഹനത്തിനും ത്യാഗത്തിനും പ്രതിഫലം നല്കട്ടെയെന്നും പ്രാര്‍ഥിക്കും. 21. പ്രശ്നങ്ങളും രഹസ്യങ്ങളുമെല്ലാം ഞങ്ങള്‍ക്കിടയില്‍ ഒതുങ്ങണമെന്നും പുറത്തേക്ക് അവ കൊണ്ടുപോകരുതെന്നും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. 22. ഒരേ മുറിയില്‍ കിടക്കുകയാണെങ്കിലും ആരോഗ്യ ശാരീരിക പ്രശ്നങ്ങളെ കുറിച്ച് ധാരണയുണ്ടാകും.
മറുപടികളില്‍ ചിലത് നര്‍മമാണ്. ഒരാള്‍ എഴുതിയത,് മറ്റ് കരാറുകളെപ്പോലെ വിവാഹ കരാറില്‍ കാലാവധി അവസാനിക്കുന്ന തീയതിയും കുറിച്ചിരുന്നെങ്കില് എന്നാണ്. വിവാഹിതന് അല്ലാത്ത താന്‍ എന്ത് മറുപടി തരാന്‍ എന്ന് മറ്റൊരാള്‍. പുരുഷന് മനോഭാവവും മാനസിക ഘടനയും ബുദ്ധിയും വികസിപ്പിക്കുകയാണ് വേണ്ടതെന്ന് വേറൊരാള്. നിസ്സഹായത, നിര്‍വികാരത, അവഗണന എന്ന് ഒരു സ്ത്രീ. വേറൊരാള്: പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഞാന്‍ അങ്ങയുടെ ചാനല്‍ തുറക്കും. ലേഖനങ്ങള്‍ വായിക്കും. ശാന്തത കൈവരും.
ഒരാള്‍ നൂതന ചിന്തയാണ് അവതരിപ്പിച്ചത്. ഞങ്ങള്‍ വീട്ടില്‍ ഒരു പെട്ടി വെച്ചിട്ടുണ്ട്. മധുരതരമായ അനുഭവങ്ങളിലൂടെ കടന്നുപോയാല്‍, ഒരു കടലാസില്‍ കുറിച്ച് പെട്ടിക്കകത്തിടും. പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാകുമ്പോള്‍ അത് തുറന്നു വായിക്കും.
നോക്കൂ, ഓരോ അനുഭവവും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും ദാമ്പത്യ ജീവിത സങ്കല്പമാണ് അവയുടെ ഭൂമിക. ചിലരുടെ വൈവാഹിക ജീവിതത്തില്‍ ക്ഷമയും സഹനവുമാണ് പ്രയോജനം ചെയ്തത്. ചിലര്‍ പലതും അവഗണിച്ചു. നിസ്സംഗത കൈക്കൊണ്ടു. ചിലര്‍ ഭൂതകാലത്തെ ഗൃഹാതുര ചിന്തകളുടെ സഹായം തേടി. എല്ലാ അവസ്ഥക്കും പറ്റിയ ഒറ്റമൂലിയോ ഏക നിയമമോ ഈ മറുപടികളിലൊന്നും കാണില്ല. പക്ഷേ, ഒന്നുണ്ട്: സഹനം, ക്ഷമ, നിസ്സംഗത, അവഗണന, വിശാല മനസ്സ്, സഹിഷ്ണുത ഇവയാണ് ദാമ്പത്യത്തുടര്ച്ചയുടെ രഹസ്യമായി ഭൂരിപക്ഷം ഓര്‍മിച്ചെടുത്തത്. ക്ഷമ ഒരു ഔഷധമാണ്. കഷായത്തിന്റെ കയ്പ് പോലെ ക്ഷമക്കും കൈപ്പേറും. എന്നാല്‍, അത് വളരെ പ്രയോജനകരമാണ്. പക്ഷേ, ഒരു ഉപാധിയുണ്ട്: ക്ഷമിക്കുന്നവന് സഹിക്കണം. സദ്ഫലങ്ങള്‍ പ്രകടമാവാന്‍ ക്ഷമയോടെ കാത്തിരിക്കണം. അല്ലാഹു പറഞ്ഞല്ലോ: 'ആകയാല്‍ പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്. അതെ തീര്‍ച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം' (അശ്ശര്‍ഹ്: 5,6)
ഇടുങ്ങിയ മനസ്സും അടഞ്ഞ ഹൃദയവുമാകുന്നു വേര്‍പിരിയലില്‍ കലാശിക്കുന്ന മിക്ക ദാമ്പത്യ പ്രശ്നങ്ങളുടെയും ഹേതു. സന്തോഷപൂര്‍വമായ ദാമ്പത്യം ഉറച്ച തീരുമാനങ്ങളുടെ ഫലമാണ്. അത് വിധിയോ ഭാഗ്യമോ അല്ല. സൗഭാഗ്യ ദാമ്പത്യ ജീവിതത്തിന് സഹായകമാകുന്ന തത്ത്വങ്ങള്‍ ചുരുക്കി പറയാം: 1തങ്ങളുടെ വിധി വിഹിതത്തില്‍ നിറഞ്ഞ സംതൃപ്തിയും അത് സന്തോഷത്തോടെ ഉള്‍ക്കൊള്ളാനുള്ള പക്വമായ മനസ്സും. 2. മറ്റുള്ളവരുടെ ജീവിതവുമായി തുലനം ചെയ്യാനോ താരതമ്യപ്പെടുത്താനോ തുനിയാതിരിക്കുക. 3. പരസ്പരാദരവ് പുലര്‍ത്തുക, അന്യോന്യം മനസ്സിലാക്കി പെരുമാറുക. 4. ഏറ്റവും മുഖ്യമായത് ഉള്ളുതുറന്ന സംഭാഷണവും ചര്‍ച്ചയും, താന്താങ്ങളുടെ നിലപാടുകളില്‍നിന്ന്, ഇറങ്ങിവരാനും വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധതയും ത്യാഗമനഃസ്ഥിതിയും. കാരണം, വൈവാഹിക ജീവിതം ഭാര്യയുടെയും ഭര്‍ത്താവിന്റെയും കൂട്ടായ ജീവിതമാണ്. ഒരു വ്യക്തിയുടെ മാത്രം തനിച്ചുള്ള ജീവിതമല്ല.
വിവ: ജെ.