'പ്രതിഭയാണ് ആഇശ' ആവേശമുണര്‍ത്തിയ കാമ്പയിന്‍

ഇ. എൻ നസീറ
september 2022
കാലിക പ്രസക്തമായ പ്രചോദനങ്ങളും സര്‍വ സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്ന ജീവിത പാഠങ്ങളുമാണ് നീണ്ട 66 വര്‍ഷത്തെ ജീവിതത്തിനിടയില്‍ മഹതി ആഇശ വിട്ടേച്ചു പോയതെന്ന് സെമിനാറുകള്‍ ചൂണ്ടിക്കാട്ടി.

'പ്രതിഭയാണ് ആഇശ; പ്രചോദനവും' എന്ന ശീര്‍ഷകത്തില്‍, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം  2022 ജൂലായ് 15 മുതല്‍ 30 വരെ നടത്തിയ കാമ്പയിന്‍ പ്രവാചക പത്‌നിമാരെ, പ്രത്യേകിച്ച് ആഇശ ബീവിയെ അടുത്തറിയാനുള്ള അവസരമായി.
ഇന്ത്യയില്‍ അതിവേഗം ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്നവരും മറ്റു ഇസ്ലാം വിമര്‍ശകരും പ്രവാചകനെക്കുറിച്ചും പ്രവാചക പത്‌നിമാരെക്കുറിച്ചും ഇതിനു മുമ്പും വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും സര്‍ക്കാറിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന നൂപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ, ലോക രാഷ്ട്രങ്ങളുടെയും സുപ്രീം കോടതിയുടെയും വരെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ പശ്ചാത്തലത്തിലായിരുന്നു ആഇശ ബീവിയുടെ വിശദ ജീവിതം തേടിയുള്ള അക്കാദമിക സെമിനാര്‍.
പ്രവാചകനുമായുള്ള വിവാഹം നടക്കുമ്പോള്‍ ആഇശയുടെ പ്രായം രൂക്ഷമായ പരിഹാസങ്ങള്‍ക്ക് വിധേയമായ സന്ദര്‍ഭത്തില്‍, പ്രമുഖ ലോക നേതാക്കളുടെയും മഹത്തുക്കളുടെയും നന്നെ ചെറുപ്പത്തില്‍ നടന്ന വിവാഹക്കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു കൊണ്ടിരുന്നു. ആഇശക്കോ പിതാവ് അബൂബക്ക്കര്‍ സിദ്ദീഖി(റ)നോ ഇസ്ലാമിന്റെ അക്കാലത്തെ എതിരാളികള്‍ക്കോ വിഷയമാകാതിരുന്ന ആഇശയുടെ വിവാഹപ്രായം അതില്‍ പിന്നെ ഒരു ചര്‍ച്ച പോലും അര്‍ഹിച്ചിരുന്നില്ല. അതിനാല്‍ തന്നെ, ആഇശയുടെ അതുല്യമായ പ്രതിഭാ വിലാസങ്ങളിലേക്കും കാലാതിവര്‍ത്തിയായ പ്രചോദനങ്ങളിലേക്കുമാണ് കാമ്പയിന്‍ വാതായനങ്ങള്‍ തുറന്നത്.
തീര്‍ത്തും കാലിക പ്രസക്തമായ പ്രചോദനങ്ങളും സര്‍വ സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്ന ജീവിത പാഠങ്ങളുമാണ് നീണ്ട 66 വര്‍ഷത്തെ ജീവിതത്തിനിടയില്‍ മഹതി ആഇശ വിട്ടേച്ചു പോയതെന്ന് കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന അക്കാദമിക  സെമിനാറുകള്‍ ചൂണ്ടിക്കാട്ടി. പ്രവാചക വിയോഗത്തിന് ശേഷം ഖലീഫമാരുടെ കാലഘട്ടവും കടന്ന് മുആവിയ (റ) ഭരണകാലം വരെ നീണ്ട 40 വര്‍ഷങ്ങള്‍ അവര്‍ ഇസ്ലാമിക ലോകത്തിനു  വെളിച്ചവും വഴികാട്ടിയുമായി നിലകൊണ്ടത് എങ്ങനെയെന്ന് വരച്ചുകാട്ടുകയായിരുന്നു ഈ സെമിനാറുകള്‍. പ്രവാചകനുമായി ഇളം പ്രായത്തില്‍ നടന്ന വിവാഹം എങ്ങനെയാണ് ചരിത്രത്തിന്റെ നീളത്തില്‍ കാലത്തിന് ഉപകാരപ്പെട്ടതെന്നും വിശദീകരിക്കപ്പെട്ടു.
കാമ്പയിനോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്തിരുന്ന 'ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ'എന്ന പുസ്തകം ആസ്പദമാക്കിയുള്ള  പ്രബന്ധ മത്സരം, 'ഇസ്ലാമിലെ മാതൃകാ വനിതകള്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നോത്തരി, ഗൃഹാങ്കണ യോഗങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ വ്യത്യസ്ത മത വിഭാഗങ്ങളില്‍ പെട്ടവര്‍ ആവേശപൂര്‍വം പങ്കെടുത്തു. കാമ്പയിനോടനുബന്ധിച്ച് വ്യത്യസ്ത പോസ്റ്ററുകളും സ്റ്റാറ്റസ് വീഡിയോകളും പുറത്തിറക്കിയിരുന്നു. ഡി ഫോര്‍ മീഡിയ സാങ്കേതിക സഹായം ഒരുക്കി.
കോഴിക്കോട് നടന്ന സംസ്ഥാന തല അക്കാദമിക സെമിനാറില്‍, ആക്ടിവിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫാത്വിമ ശബരിമാല ആയിരുന്നു മുഖ്യാതിഥി. വ്യത്യസ്ത വൈജ്ഞാനിക മേഖലകളിലെ അവഗാഹം കൊണ്ടും അത്ഭുത പ്രതിഭാ വിലാസങ്ങള്‍ കൊണ്ടും എക്കാലത്തെയും സ്ത്രീകള്‍ക്ക് കരുത്തുറ്റ പ്രചോദനമായിരുന്നു മഹതി ആഇശ ബീവി എന്ന് അവര്‍ പറഞ്ഞു. ആഴമേറിയ പഠനത്തിലും അധ്യാപനത്തിലും സാമൂഹികമായ ഇടപെടലുകളിലും സ്ത്രീ പക്ഷത്തു നിന്നുള്ള പോരാട്ടങ്ങളിലും നേരെത്തയുള്ള വിവാഹം അവരെ ഒട്ടും പ്രതികൂലമായി ബാധിച്ചില്ലെന്ന്  അവര്‍ വ്യക്തമാക്കി. മലപ്പുറത്ത് നടന്ന സെമിനാറിലും ശബരിമാല മുഖ്യാതിഥിയായിരുന്നു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, പി റുക്‌സാന, ടി മുഹമ്മദ് വേളം, നഹാസ് മാള, അംജദ് അലി, ശിഹാബ് പൂക്കോട്ടൂര്, വി. പി ഷൗക്കത്തലി, സദ്‌റുദ്ദീന്‍ വാഴക്കാട്, തന്‍സീര്‍ ലത്തീഫ്, അഫ്ര ശിഹാബ്, തൃശൂര്‍ വനിതാ വികസന കമ്മീഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഗ്രേസി ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ കാമ്പയിന്റെ ഭാഗമായി.
'പ്രതിഭയാണ് ആഇശ; പ്രചോദനവും' എന്ന അക്കാദമിക സെമിനാറിലൂടെയും അനുബന്ധ കാമ്പയിന്‍ പരിപാടികളിലൂടെയും മുമ്പൊന്നുമില്ലാത്ത വിധം പ്രവാചകന്റെ മാതൃകാ കുടുംബ ജീവിതവും പ്രവാചക പത്‌നിമാരുടെ ജീവിത സാക്ഷ്യങ്ങളും സമൂഹത്തില്‍ അനാവരണം ചെയ്യപ്പെട്ടു എന്നത് ചെറിയ കാര്യമല്ല.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media