ഡോക്ടര്‍മാരുടെ സമയനിഷ്ഠ അറിയാന്‍ സുബൈര്‍ കവാടത്തില്‍ നില്ക്കുക പതിവായിരുന്നു. കാരണം; അവര്‍ക്ക് പ്രത്യേക മാസ്റ്റര്‍ ബയോ-അറ്റന്‍ഡന്‍സ് സംവിധാനം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. കാസിംച്ച പറയാറുണ്ടായിരുന്നത് ഒരു കാരണവശാലും അവരെ പിണക്കരുതെന്നാണ്. അവര്‍ പിണങ്ങിപ്പോയാല് ഒരുപാട് നഷ്ടമുണ്ടാകും. വിസക്ക് വേണ്ടിയും പണം മുടക്കേണ്ടിവരും. നാട്ടില്‍നിന്ന് ഡോക്ടര്‍മാരെ ലഭിക്കാനും പ്രയാസമാണ്. വന്‍തുകയാണ് പുതിയ ആളുകള്‍ ചോദിക്കുന്നത്.
രാവിലെ ഒമ്പത് മണി. ഡോക്ടര്‍മാരും, ആശുപത്രി ജീവനക്കാരും ഒരോരുത്തരായി വരുന്നു. കൂട്ടത്തില്‍ തമാശക്കാരനായിരുന്ന ഡോക്ടര്‍ സൈമണ്‍. അദ്ദേഹത്തെ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാണ്. സുബൈര്‍ അവിടെത്തന്നെ റിസപ്ഷന് സ്റ്റാഫുകളുടെയടുത്ത് കുശലം പറഞ്ഞുകൊണ്ടിരുന്നു.
കാസിമും, പിറകെ അശോകനും വന്നു. കാസിമിന്റെ രൂക്ഷമായ നോട്ടം സുബൈറിനെ ആശങ്കയില്‍ വീഴ്ത്തി.
പതിവ് സമയത്തിലും അര മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍ അഷ്റഫ് വന്നത്. ആ സമയത്ത് അദ്ദേഹം കാണ്‍കെ തന്റെ വാച്ചിലേക്കും അയാളുടെ മുഖത്തേക്കും മാറിമാറി സുബൈര്‍ സൂക്ഷിച്ച് നോക്കി. ഡോക്ടര്‍ ഒന്നും പറയാതെ അകത്തേക്ക് പോയി. സുബൈര്‍ എല്ലായിടത്തും ഒന്ന് ചുറ്റിത്തിരിഞ്ഞ ശേഷം തന്റെ കാബിനിലേക്ക് പോയി. ഇത് മനസ്സിലാക്കി ലതിക വന്ന് എം.ഡി.യെ ഒന്ന് കാണാന്‍ പറഞ്ഞിരുന്നു എന്നറിയിച്ചു.
സുബൈര്‍ എം.ഡി.യുടെ റൂമിലെത്തി.
''നീ എന്താടോ അശോകനെപ്പറ്റി കുറ്റം പറഞ്ഞത്? നീ ആരടാ അവനെ കുറ്റം പറയാന്‍?''
''ഞാന്‍ അവനോട് ഒന്നും പറഞ്ഞില്ലല്ലോ.''
''അവനെ ഞാന്‍ കണ്ടിട്ട് രണ്ട് ദിവസമായി... പിന്നെ എന്ത് പറയാനാ!''
''അശോകന് വന്നിട്ട് എന്നെ കാണണമെന്ന് സിസ്റ്ററോട് പറഞ്ഞിരുന്നു.''
പൊടുന്നനെ കാസിമിന്റെ കര്‍ക്കശസ്വരം.
''നിനക്കെന്ത് അവനെ കാണേണ്ട ആവശ്യം?''
''അവന് വാങ്ങിയ ഇഞ്ചക്ഷന് നീഡില്‍ തീരെ നിലവാരമില്ലാത്തതാണ്, അതിന്റെ പര്‍ച്ചേഴ്സ് റിക്കാര്‍ഡ് മുഴുവന്‍ പരിശോധിച്ചു. അപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്.''
കാസിം കഷണ്ടിത്തല കൈകൊണ്ട് തടവിക്കൊണ്ടേയിരുന്നു.
''നല്ല ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് കമ്പനിയുടെ സാധനം വാങ്ങാന്‍ പറയാനാണ് വിളിപ്പിച്ചത്.''
കാസിം പൊട്ടിച്ചിരിച്ചു. ചിരിക്കുന്നതിനിടയില്‍ സുബൈര്‍ പറഞ്ഞു.
''എന്താ കാസിംച്ചാ ചിരിക്കുന്നത്''
''ഇത്തരം ഗുലുമാലൊക്കെ നീ ഉണ്ടാക്കും എന്നെനിക്കറിയാം. നിനക്ക് കമ്മീഷന് വാങ്ങാനല്ലേ?''
സുബൈറിന് പെട്ടെന്ന് കാര്യം മനസ്സിലായില്ല. അവന് അയാളോട് ചോദിച്ചു.
''കമ്മീഷനാ... എന്ത് കമ്മീഷന്?''
''ഈ പരിപ്പൊന്നും എന്റടുത്ത് വേവൂല മോനേ, നീ ഇടപെടരുത്. അത് അശോകനും എക്കൗണ്ടന്റും നോക്കിക്കൊള്ളും.''
പരിഹാസവും അര്‍ഥം വെച്ചുള്ള സംസാരവും കേട്ട് സുബൈറിന് ദുഃഖം അണപൊട്ടി. ഇങ്ങനെയുള്ള അപവാദം പറയുമ്പോള്‍ മനസ്സ് പുകയുകയാണ്... എന്ത് ചെയ്യാം! സഹിക്കുക തന്നെ.
ലേബിലേക്ക് ഫുള്ളി ഓട്ടോമേറ്റിക്ക് മെഷീന് വാങ്ങാന്‍ അവരുടെ റെപ്രസന്റുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പലതും പറഞ്ഞിരുന്നു. അപ്പോള്‍ അതൊന്നും മനസ്സിലായിരുന്നില്ല.
''നീ ഇതിലൊന്നും കൈ കടത്തേണ്ട ആവശ്യമില്ല, അതൊക്കെ അശോകനും എക്കൗണ്ടന്റും ചെയ്യും. എന്ത് വാങ്ങണമെങ്കിലും അവരോട് പറഞ്ഞാല്‍ മതി.''
സുബൈറിന്റെ ഹൃദയത്തില്‍ ആഞ്ഞടിച്ചത് പോലെ ആ വാക്കുകളുടെ കൂരമ്പുകള്‍ തറച്ചു.നഴ്സിംഗ് ജീവനക്കാര്‍ക്ക് മുഴുവന്‍ അറിയാം അവിടെ വാങ്ങിക്കുന്നത് നിലവാരമില്ലാത്ത ചീപ്പ് സാധനങ്ങളും മരുന്നുകളുമാണെന്ന്. രോഗികളേയും അവരുടെ കൂടെ വരുന്നവരേയുമൊക്കെ അഭിമുഖീകരിക്കേണ്ടത് മാനേജരാണ്. സുബൈറിന്റെ മുഖം ചുവന്ന് തുടിച്ചു. കണ്ണ് നനഞ്ഞു.
ദേഷ്യത്തില്‍ മുഷ്ടി ചുരുട്ടി. ശക്തിയോടെ അയാള്‍ക്ക് ഒന്ന് കൊടുത്താലോ? പറ്റില്ല, ഉപ്പാന്റെ സുഹൃത്ത്, തന്റെ ജോലി, ഭാരിച്ച സാമ്പത്തിക ബാധ്യത. സഹിക്കുകയല്ലാതെ വേറെ വഴിയില്ല. ഒന്നും പറയാതെ മുറി വിട്ടിറങ്ങി. സ്വന്തം കാബിനില്‍ ഇരുന്ന് കരഞ്ഞു.
ജോലി സമയം കഴിഞ്ഞിട്ടും ഒരുപാട് നേരം കഴിഞ്ഞ ശേഷമാണ് സുബൈര്‍ താമസസ്ഥലത്തേക്ക് തിരിച്ചത്. വസ്ത്രങ്ങള്‍ മാറാതെ കട്ടിലില്‍ കിടന്നു. അവന്റെ ചിന്ത കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു.
മോഷണം, കൈക്കൂലി ഇതിനോടൊക്കെ ചെറുപ്പം മുതലേ വെറുപ്പായിരുന്നു. ചില സാഹചര്യത്തില്‍ മോഷണം നടത്തേണ്ടി വന്നിരുന്നു. അത് ഗോപിയുടെ അമ്മയ്ക്ക് വേണ്ടി. അതിനെ മോഷണം എന്ന് പറയാന്‍ പറ്റുമോ?
സ്വന്തം വീട്ടില്‍ നിന്നാണ്, സ്വന്തം ഉമ്മയെപ്പോലെ വിളമ്പിത്തരുമായിരുന്ന ലക്ഷ്മിയമ്മയുടെ ജീവന് രക്ഷിക്കാന്‍ അടക്കാകുലകള്‍ അടര്‍ത്തിയത്. അതുകൊണ്ട് ഒരു മാതൃഹൃദയത്തിന്റെ ജീവന് രക്ഷിച്ചു. പിന്നെയൊരു മോഷണംകൂടി നടത്തി. അതും വളരെ ചെറുപ്പത്തില്‍ ഐസ് പെട്ടിക്കാരന്റടുത്തുനിന്ന് ഐസ് വാങ്ങാന്‍. അന്ന് രാവിലെ ഉമ്മ കിടക്കുന്ന മുറിയില്‍പോയി നോക്കി. തലയണക്കരികില്‍ കുറേ ചില്ലറ തുട്ടുകള്‍ കിടക്കുന്നു. അത് മുഴുവന്‍ എടുത്ത് മുറിയില്‍നിന്ന് പുറത്ത് കടക്കുന്ന സമയം. ജ്യേഷ്ഠന് കൈയോടെ പിടിച്ചു. ഉമ്മയും ജ്യേഷ്ഠനും കൂടി മുറ്റത്തെ തെങ്ങില്‍ കെട്ടിയിട്ടു, ഉപ്പാപ്പയും വന്നു, ഉപ്പാപ്പ നടക്കാന്‍ ഉപയോഗിക്കുന്ന പിത്തള കെട്ടിയ വടികൊണ്ട് അടിച്ചു. ജ്യേഷ്ഠന് കൈകൊണ്ട് മുഖത്തടിച്ചു. അരച്ച ചുവന്ന മുളക് ഉമ്മ കണ്ണില്‍ തേച്ചു. കരഞ്ഞു പിടച്ചു. കണ്ണുകള്‍ നീറിപ്പുകഞ്ഞു. ആരും രക്ഷക്കുണ്ടായില്ല. കരഞ്ഞ് കണ്ണീര് വറ്റി. ഒന്ന് തിരിയാനോ കൈ കൊണ്ട് തടുക്കാനോ പറ്റാത്ത ബന്ധനത്തിലായിരുന്നു. ഉപ്പ കുറേ കഴിഞ്ഞാണ് ഈ കാഴ്ച കണ്ടത്. വന്ന് കെട്ടഴിച്ചു. എന്നെ കൂട്ടി പുഴക്കരയിലേക്ക് നടന്നു. നടക്കുമ്പോള്‍ ഉപ്പ നെറ്റിയില്‍ മുത്തമിട്ടു. പുഴയോരത്തെ തണുത്ത കാറ്റില്‍ നീറ്റല്‍ കുറച്ച് കുറഞ്ഞു. തേങ്ങി തേങ്ങി കരഞ്ഞു. ഉപ്പാന്റെ കണ്ണും നനഞ്ഞു. കുറേ സമയം അവിടുത്തെ കരിമ്പാറക്കല്ലില്‍ എന്നെയിരുത്തി. നീറ്റല്‍ കുറഞ്ഞ ശേഷം ഉപ്പു വെള്ളത്തില്‍ മുക്കി. എന്നെ കുളിപ്പിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴും ഉപ്പാപ്പ ശകാരം തുടര്‍ന്നു. ഉപ്പ ചായ ഉണ്ടാക്കിത്തന്നു.
അന്ന് കെട്ടിയിട്ട ആ വലിയ തെങ്ങ് കാണുമ്പോഴൊക്കെ ഈ സംഭവം സുബൈറിന്റെ മനസ്സില്‍ തികട്ടും.
സുബൈര്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് വസ്ത്രങ്ങളൊക്കെ മാറ്റി കുളിച്ചു. ടി.വി ഓണ്‍ ചെയ്യാന്‍ നേരത്താണ് റഷീദ് ഏല്പിച്ച പുസ്തകങ്ങള്‍ കണ്ണില്‍ പെട്ടത്. അതില്‍നിന്ന് ഒന്നെടുത്തു. ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു പുസ്തകം. വായിച്ച് നേരം പോയതറിഞ്ഞില്ല. ഹസ്സന് ഉച്ച ഭക്ഷണം കൊണ്ടുവന്നപ്പോഴാണ് സമയം മനസ്സിലായത്. കൂടുതല്‍ വായിക്കാനും ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കാനും തീരുമാനിച്ചു. ജിവിതം മരണത്തോടെ ആരംഭിക്കുന്നു എന്ന് തോന്നി. ഭക്ഷണം കൊണ്ടുവെച്ച ഹസ്സന്ഭായി ഓടിക്കിതച്ചുവന്നു.
''സാര്‍, സാറിന്റെ കത്ത് എന്റെ പോക്കറ്റിലിട്ട് മറന്ന്പോയി ക്ഷമിക്കണം സാര്‍''
ഉപ്പാന്റെ കത്താണ്. ആകാംക്ഷയോടെ സുബൈറത് പൊട്ടിച്ചു വായിച്ചു. ഉപ്പാപ്പാന്റെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കയാണ്. അമ്മാവ്ന്മാരുടെ കച്ചവടം മോശമായി വരികയാണ്. ഓരോ സ്ഥലവും വിറ്റുകൊണ്ടേയിരിക്കുന്നു. കടങ്ങള്‍ മാത്രം ബാക്കി നില്‍ക്കയാണെന്നും എഴുതിയിരിക്കുന്നു. കൃഷി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ജോലിക്ക് ആളെ കിട്ടുന്നില്ല. നെല്ലിനാണെങ്കില് വിലയില്ല. ഉമ്മയാണെങ്കില്‍ സംസാരിക്കാറേയില്ല. ഒന്നും മിണ്ടാതെ ഒരേ ഇരിപ്പാണ്. വല്ലതും കൊടുത്താല്‍ വാങ്ങി കഴിക്കും. പഴയത് പോലെ ആഡംബരമായി ധൂര്‍ത്തടിച്ച് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടായിരിക്കും. ഈ ദുനിയാവ് പരലോകത്തേക്കുള്ള കൃഷിയിടമാണ്. നല്ലത് പ്രവര്‍ത്തിച്ചാല്‍ അത്രക്കും നല്ലത്. ആരേയും വെറുക്കരുത്, കഴിയുന്നതും സഹായിക്കുക, സ്നേഹിക്കുക.
കത്ത് വായിച്ച് മനസ്സിന് എന്തോ അസ്വസ്ഥത. ഉപ്പാപ്പായും ഞങ്ങളുടെ കുടുംബവും എങ്ങനെ കഴിഞ്ഞവരായിരുന്നു! പിന്നീട് വന്ന കത്തുകളിലൊക്കെ ആ കുടുംബം തകരുന്ന വിവരങ്ങളായിരുന്നു.
സുബൈര്‍ അസ്വസ്ഥ മനസ്സുമായി ബാല്‍ക്കണിയില്‍ ഇരുന്ന് വിദൂരതയിലേക്ക് നോക്കി. ഇരുണ്ട ആകാശം. ഭയം തോന്നി. കോളിംഗ് ബെല്‍ കേട്ടതുകൊണ്ട് സുബൈര്‍ പോയി വാതില്‍ തുറന്നു. ഈസാ റസ്റ്റോറന്റിലെ ജലീലും കൂടെ പ്രഭാകരനും. അവരകത്ത് കയറി സോഫയില്‍ ഇരുന്നു.
''നിങ്ങളെന്താടോ ഈ സമയത്ത്?''
ഇത് നല്ല ചോദ്യം. ഞങ്ങള്‍ക്കൊക്കെ ഈ സമയത്തല്ലാതെ പിന്നയെപ്പോഴാ വരാന്‍ സാധിക്കുക... ഒഴിവ് കിട്ടേണ്ടേ മോനെ?''
പ്രഭാകരന് പറഞ്ഞപ്പോള്‍ ജലീലും അവന്റെ കൂടെ ചേര്‍ന്നു.
''പിന്നല്ലാതെ, പ്രഭ പറഞ്ഞതാണ് ശരി'' ജലീല്‍ തുടര്‍ന്നു.
''എന്റെ ജോലി സമയം അഞ്ച് മണി വരെയാണ്. അത്കഴിഞ്ഞപ്പോള്പ്രഭയുംഅവിടെയെത്തി. പിന്നെ അവന് നിങ്ങളെയൊന്ന് അടിയന്തരമായി കാണണം.''
''അങ്ങനെ ഞങ്ങള്‍ ബസ്സ് കയറി ഇവിടംവരെ വന്നു.''
പ്രഭാകരന് പൂര്‍ത്തിയാക്കി.
സുബൈര്‍ അവരുടെ തൊട്ടടുത്ത സോഫയില്‍ ഇരുന്നു.
''നന്നായി നിങ്ങള്‍ ഇന്ന് വന്നത്.''
''അതെന്താടാ... അങ്ങനെ?
പ്രഭാകരന് ആകാംക്ഷയോടെ ചോദിച്ചു.
''അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, ഇന്നൊരു മൂഡോഫ്.''
''അതെന്താ?''
ജലീലിന്റെ ചോദ്യത്തിന് പ്രഭാകരനായിരുന്നു ഉത്തരം പറഞ്ഞത്.
''ബോസ് ചെറിയൊരു ഇഞ്ചക്ഷന് കൊടുത്തു കാണും''
''അതെ; അതുതന്നെ.''
സുബൈര്‍ അവരെ തുറിച്ചു നോക്കി.
''അതൊക്കെ സാധാരണ കിട്ടാറുള്ളതല്ലേ നിനക്ക് ഇത്രയുമായിട്ടും അതൊന്നും അറിഞ്ഞില്ലേ?''
പ്രഭാകരന് പറഞ്ഞപ്പോള്‍ സുബൈര്‍:
''അതൊന്നുമല്ലടോ... സാധാരണ പറയാറുള്ളത് പോലെയല്ല... കൂരമ്പുകളാണ്. അത് മനസ്സില്‍ തറച്ചുപോയി. ചോര ഉള്ളില്‍ പൊടിയുന്നുണ്ട്.''
''സാരമില്ല, ഇവിടെയെന്നല്ല എവിടെ ജോലി ചെയ്താലും ഇത് തന്നെ അവസ്ഥ. ഇത് നീ തന്നയല്ലേ പണ്ടും എനിക്ക് പറഞ്ഞുതരാറ്?''
''പറയാനെളുപ്പമാണ്... പക്ഷേ അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴാ അറിയുന്നത്.''
സുബൈര്‍ ഒന്ന് നിര്‍ത്തി വീണ്ടും തുടര്‍ന്നു.
''അത് പോട്ടെ... കഴിഞ്ഞില്ലേ?''
പ്രഭാകരന് സുബൈറിനോട് പറഞ്ഞു.
''നിങ്ങള്‍ ഫര്‍വാനിയയില്‍ ക്ലിനിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നല്ലോ?''
''അതെ, അതിന്റെ കടലാസ്സ് പണിയൊക്കെ നീങ്ങുന്നു''
''അപ്പോ, നമ്മുടെ അബ്ബാസിന്റെ കാര്യമെന്തായി?''
ഞാന്‍ കാസിംച്ചാനോട് പറഞ്ഞിരുന്നു. മൂപ്പര് അബ്ബാസിന്റെ കൂടെ പഠിച്ച സുലൈമാനോട് അവനെക്കുറിച്ചന്വേഷിച്ചപ്പോള്‍, സുലൈമാന്‍ പറഞ്ഞത്രെ, അവന് എന്നെപ്പോലെ പ്രീഡിഗ്രി തോറ്റ് വന്നതാണ്.''
പ്രഭാകരന്, സുബൈര്‍ പറയുന്നത് കേട്ടപ്പോള്‍ പൊട്ടിച്ചിരിച്ചു.
''അവനെക്കുറിച്ച് പറഞ്ഞതൊക്കെ നുണ. അവന് കുവൈത്തില്‍ വന്നയുടനെ രണ്ട് വര്‍ഷം വാഷിംഗ്ടണിലെ കോളേജില്‍നിന്ന് തപാല്‍ വഴി ഇംഗ്ലീഷ് പഠിച്ചു. രണ്ട് വര്‍ഷമായിരുന്നു കോഴ്സ്. അതിനുശേഷം യു.കെ.യിലെ പ്രമുഖ കേരിയേഴ്സ് കോളേജില്‍ നിന്ന് കൊമേഴ്സ് ബിരുദമെടുത്തു. അല്ലാതെ അവന് ബാങ്കില്‍ ജോലി ലഭിക്കുമോ? അതും ഓഫീസറായിട്ട്.''
ഇതുകേട്ട് സുബൈര്‍ പറഞ്ഞു.
''ഇതൊക്കെ എനിക്ക് നന്നായറിയാം. ഞാന്‍ പറഞ്ഞാല്‍ കാസിംച്ച വിശ്വസിക്കില്ല. ഗ്രഹിക്കാനുള്ള വിവരം വേണ്ടേ?''
സുബൈര്‍ തുടര്‍ന്നു.
''ബേങ്കില്‍ പലിശകൊണ്ടുള്ള കളിയല്ലേ? പൊതുവേ ദീനിയായി ജീവിക്കുന്നവന് അത് തുടരുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് അബ്ബാസ് അശുപത്രിയില്‍ ജോലിക്കന്വേഷിച്ചത്.''
''ഏതായാലും മലയാളി ബോസുമാരുടെ കീഴില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അറബികളുടെ കൂടെയുള്ള ഏത് ജോലിയും.''
പ്രഭാകരന് തുറന്നടിച്ചു.
അവര്‍ മൂവരും മൂകരായി കൂറേ നേരമങ്ങനെയിരുന്നു.
(തുടരും)