അഷിതയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മിനിക്കഥയാണ് 'സ്തംഭനങ്ങള്‍.' വീട്ടുകാരി അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ചു. ചായയുണ്ടാക്കി.
അഷിതയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മിനിക്കഥയാണ് 'സ്തംഭനങ്ങള്‍.' വീട്ടുകാരി അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ചു. ചായയുണ്ടാക്കി. കുഞ്ഞുങ്ങളെ കുളിപ്പിച്ചു. വസ്ത്രം ധരിപ്പിച്ചു. അവരെ സ്കൂളിലേക്കയച്ചു. അകം അടിച്ചുവാരി. നനച്ചു തുടച്ചു. വസ്ത്രം അലക്കി. ഭക്ഷണം പാകം ചെയ്തു. വിരുന്നുകാര്‍ക്ക് അത് വിളമ്പിക്കൊടുത്തു; ഭര്‍ത്താവിനും. പണി പൂര്‍ത്തിയാകും മുമ്പേ കണക്കെടുപ്പുകാരന് ഭര്‍ത്താവിനെ കാണാനെത്തി. അയാള്‍ക്കും ചായ ഉണ്ടാക്കി. അതുമായി ചെല്ലുമ്പോള്‍ കണക്കെടുപ്പുകാരന്റെ ചോദ്യത്തിന് ഭര്‍ത്താവിന്റെ മറുപടി. 'ഭാര്യ, വയസ്സ് മുപ്പത്തി അഞ്ച്. ജോലിയില്ല.' നിവര്‍ന്നിരുന്ന് ഭര്‍ത്താവ് പറയുന്നത് കേട്ടപ്പോള്‍ അവളുടെ ഹൃദയം ബലൂണ്‍ പോലെ പൊട്ടി.
നമ്മുടെ നാട്ടില്‍ പുറത്തുപോയി ജോലി ചെയ്യാത്ത സ്ത്രീകള്‍ 'തൊഴിലില്ലാത്തവരാണ്.' അതുകൊണ്ടുതന്നെ വീട്ടുവേലകളില്‍ വ്യാപൃതരായി ശ്വാസംമുട്ടുന്ന സ്ത്രീകളെക്കുറിച്ച് പോലും പറയുക ജോലിയില്ലാത്തവരെന്നാണ്. അല്ലെങ്കില്‍ ഹൗസ് വൈഫ് എന്നും. വീട്ടു ഭാര്യ! എത്ര ദൂരമാണ് ഈ പ്രയോഗം! പാശ്ചാത്യ ഭൗതികര്‍ക്കും അവരുടെ മെഗാഫോണുകള്ക്കും ചേരും. നമുക്കത് തീര്‍ത്തും അന്യമാണ്. ഭര്‍ത്താവ് പോലെത്തന്നെ. ഇസ്ലാമില്‍ ഭരിക്കുന്ന ഭര്‍ത്താവും ഭരിക്കപ്പെടുന്ന ഭാര്യയും ഇല്ലല്ലോ. ഇണകള്‍ അല്ലേ ഉള്ളൂ.
ഇസ്ലാമിക വീക്ഷണത്തില്‍ സ്ത്രീ ഫാമിലി മാനേജറാണ്. പ്രവാചകന് പറഞ്ഞത് വീട്ടിലെ ഭരണാധികാരിയെന്നാണ്. ഗൃഹനായിക.
പുരുഷന് ചെയ്യുന്ന ജോലിയുടെ ഇരട്ടി പണിയാണ് പെണ്ണ് എടുക്കുന്നത്. നേരത്തേ എഴുന്നേല്ക്കുന്നു. ജോലി ആരംഭിക്കുന്നു. ജോലി വൈകി അവസാനിക്കുന്നതും സ്ത്രീയുടേതു തന്നെ. അതിനാല്‍ വൈകി ഉറങ്ങുന്നതും കുടുംബിനിയാണ്. ഭാരവും പ്രയാസവും കൂടുതലുള്ളതും സ്ത്രീ എടുക്കുന്ന വീട്ടു ജോലിക്കുതന്നെ. മറ്റേതു തൊഴിലിനേക്കാളും മഹത്തരവും അതത്രെ. എന്നിട്ടും അതിനെ ജോലിയായി കണക്കാക്കാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റം വിചിത്രം. പുരുഷന് മാത്രമല്ല സ്ത്രീ പോലും തന്റെ ഭാരിച്ച ഈ തൊഴിലിനെ ഒരു ജോലിയായി പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ വീടിനു പുറത്തുപോയി തൊഴില്‍ എടുക്കാത്ത സ്ത്രീകളോട് എന്താണ് ജോലി എന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നാണ് പറയുക.
സമര സമാനം
അധ്യാപനത്തെ അതിമഹത്തായ സേവനമായാണ് സമൂഹം പരിഗണിക്കുന്നത്. അതിനെ തപസ്സായും ഭൂമിയിലെ ഏറ്റം മഹത്തായ ജോലിയായും വിശേഷിപ്പിക്കുന്നു. അധ്യാപകന് കേവലം തൊഴിലാളിയല്ലെന്നതും തലമുറകളുടെ ശില്പിയാണെന്നതും അതുകൊണ്ടുതന്നെ അങ്ങേയറ്റം ആദരിക്കപ്പെടേണ്ടവനും സ്നേഹിക്കപ്പെടേണ്ടവനുമാണെന്നതും പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ശിക്ഷണവും നല്കുന്നു എന്നതാണ് ഇതിന് കാരണമായി പറയപ്പെടാറുള്ളത്. ഗുരുവര്യന്മാരെ ബഹുമാനിക്കാത്തവര്‍ ഹീനന്മാരായി ആക്ഷേപിക്കപ്പെടാറുണ്ട്.
എന്നാല്‍, തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ മറ്റാരേക്കാളും പങ്കുവഹിക്കുന്നത് മാതാക്കളാണ്. ഭൂമിയിലെ ഏറ്റവും മഹത്തായ കൃത്യം നിര്‍വഹിക്കുന്നത് അവരാണെന്നര്ഥം. അമേരിക്കന്‍ മനഃശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് 'സ്ത്രീപുരുഷന്മാര്ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍' എന്ന കൃതിയില്‍ മാതൃത്വത്തില്‍ അഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: ''ധൈഷണിക രംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമില്ലാതെ ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരറ്റു പോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.''
കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുകയെന്ന കഠിനാധ്വാനവും വിശ്രമരഹിതമായ കര്‍മങ്ങളും ജോലിയായി പോലും കണക്കാക്കപ്പെടാറില്ലെന്നതാണ് വസ്തുത. അതിനാലാണല്ലോ പുറത്തുപോയി തൊഴില്‍ എടുക്കാത്തവര്‍ക്ക് ജോലിയില്ല എന്ന് പറയുന്നത്.
ഇസ്ലാം വീട്ടുജോലിയെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ധീര സമരം (ജിഹാദ്) പോലെ മഹത്തരമായാണ് കാണുന്നത്. കുടുംബത്തെ ദൈവിക സ്ഥാപനമായി പരിഗണിച്ച് അല്ലാഹുവിന്റെ പേര് അതിനു നല്കിയ ഇസ്ലാമിന് മറിച്ചൊരു സമീപനം സ്വീകരിക്കുക സാധ്യമല്ല. കുടുംബത്തിന്റെ കേന്ദ്രബിന്ദുവും ഭരണാധികാരിയും മാനേജറും നായികയുമൊക്കെ സ്ത്രീയാണ്. അതിനാലാണ് അല്ലാഹു ഉമ്മയുടെ ഗര്‍ഭാശയത്തിന് നല്കിയ തന്റെ പേര് തന്നെ കുടുംബത്തിനും നല്‍കിയത്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അനുസരിക്കപ്പെടുന്നതും മാതാവാകണം എന്ന് പഠിപ്പിക്കപ്പെടാന്‍ ഉള്ള കാരണവും മറ്റൊന്നല്ല.
കുടുംബത്തെ തകര്‍ക്കുന്നവര്‍
കുടുംബത്തെ മഹത്തായ സ്ഥാപനമായി കാണാത്ത ഭൗതികവാദികളാണ് യഥാര്‍ഥത്തില്‍ സ്ത്രീയുടെ ഗൃഹഭരണത്തെ നിസ്സാരമായി കാണുന്നതും പുറം ജോലികളെ മഹത്വവല്‍ക്കരിക്കുന്നതും. അവരുടെ വീക്ഷണത്തില്‍ വിവാഹം അനാവശ്യമാണ്. സ്വതന്ത്ര ലൈംഗികതയാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. അതിന്റെ ശക്തയായ വക്താവ് ഗീത എഴുതുന്നു: ''ഒരാള്‍ക്ക് സ്വന്തം ലൈംഗികത കൊണ്ടോ സ്വവര്‍ഗ ലൈംഗികത കൊണ്ടോ ആനന്ദം അനുഭവിക്കാവുന്നതാണ്. അത് ബലപ്രയോഗത്തിലൂടെ ആവരുതെന്ന് പറയാനുള്ള അവകാശമില്ലേ? ആണോ പെണ്ണോ ആയവര്‍ക്ക് ആണോ പെണ്ണോ ആയവരുമായി ലൈംഗികാനുഭവം പങ്കിടാം. ഉഭയസമ്മതപ്രകാരം ആയിരിക്കണം'' (പ്രണയം, ലൈംഗികത, അധികാരം, പേജ് 91).
ഭര്‍ത്താവില്‍നിന്ന് മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന കുടുംബഘടനയെ ഒരു തിന്മയായാണ് സ്ത്രീവാദികള്‍ കാണുന്നത്. 'സമൂഹം അംഗീകരിച്ച ആചാരങ്ങളിലൂടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷം ഭര്‍ത്താവില്‍നിന്ന് മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന് ലിഖിതമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട് . ഈ വ്യവസ്ഥയെ കണ്ണടച്ച് അംഗീകരിക്കുന്ന പൊതു സാമൂഹിക മൂല്യങ്ങളില്‍നിന്നാണ് അവിവാഹിതരായ അമ്മമാര്‍ ഉണ്ടാകുന്നത്'' (അതേ പുസ്തകം, പേജ് 99).
കുടുംബമെന്ന സ്ഥാപനത്തെ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയായാണ് സ്ത്രീവാദികള്‍ കാണുന്നത്. 'മാതൃത്വം പെണ്ണിന്റെ ജൈവമായ ഒരു അവസ്ഥയാണ്. അതിനെ കൃത്രിമമായ ഒരു സാമൂഹിക സ്ഥാപനമാക്കി മാറ്റുകയാണ് പുരുഷാധിപത്യം ചെയ്തതെന്ന് കാണാം' (അതേ പുസ്തകം, പേജ് 99). ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസം കുടുംബത്തെ കാണുന്നത് മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍പ്പന്നമായാണ്. സ്വകാര്യസ്വത്ത് സംരക്ഷണാര്‍ഥം മുതലാളിത്തം രൂപപ്പെടുത്തിയതാണ് കുടുംബമെന്ന് ഫ്രഡറിക് എംഗല്‍സ് വാദിക്കുന്നു. കുടുംബമെന്ന സ്ഥാപനത്തെ തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന്റെ സംരക്ഷണത്തെയും ഭരണത്തെയും മഹത്തായ തൊഴിലായി അംഗീകരിക്കാതിരിക്കുന്നതില്‍ അത്ഭുതമില്ല.
തലമുറകളെ തകര്‍ക്കുന്നവര്‍
കുട്ടികള്‍ വളരേണ്ടത് കുടുംബത്തില്‍ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്. കുടുംബത്തില്‍നിന്നും വീടുകളില്‍നിന്നും പിഴുതെടുത്ത് വളര്‍ത്തപ്പെടുന്ന കുട്ടികള്‍ എവ്വിധമായിരിക്കും എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ജര്‍മനിയില്‍ സംഭവിച്ചത്.
ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാനായി ഹിറ്റ്ലര്‍ ഒരു ബാലവാടി സ്ഥാപിച്ചു. പ്രത്യേകം തെരഞ്ഞെടുത്ത സുന്ദരന്മാരെയും സുന്ദരികളെയും കല്യാണം കഴിപ്പിച്ചു. അവരിലുണ്ടായ കുട്ടികളെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അഛനമ്മമാര്‍ അവരെ കണ്ടിരുന്നില്ല. രണ്ടാം ലോകയുദ്ധാനന്തരം കുട്ടികളെ പരിശോധിച്ച മ്യൂണിച്ച് യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോക്ടര്‍ തിയോഡര്‍ ഹെല്ബെഗ് പറയുന്നു: 'കുട്ടികള്‍ സുന്ദരന്മാരായിരുന്നു. പക്ഷേ അവരുടെ നോട്ടം തീര്‍ത്തും അചേതനമായിരുന്നു. പൊട്ടന്മാരെ പോലെയായിരുന്നു.'
കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂനിയന്‍ സ്ത്രീകളെ വീടുകളില്‍നിന്ന് പുറത്തിറക്കി തൊഴില്‍ ശാലകളിലേക്കയച്ചു. അതിലൂടെ സംഭവിച്ചതെന്തെന്ന് അവിടത്തെ ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ് തന്നെ വിശദീകരിക്കുന്നു: 'ഞങ്ങളുടെ വിഷമകരവും വീരോചിതമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായിക എന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകളുടെ ഭാഗത്തു നിന്ന് ഉയര്‍ന്നുവന്ന അവരുടെ പ്രത്യേക അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കലും തമ്മില്‍ സംയോജിപ്പിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേര്‍പ്പെടുകയും നിര്‍മാണ സ്ഥലങ്ങളിലും ഉല്പാദന മേഖലകളിലും സേവന രംഗങ്ങളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവൃത്തികളില്‍ പങ്കെടുക്കുകയും ചെയ്തതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടുജോലികള്‍, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ അവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ മതിയായ സമയം കിട്ടാതെയായി. കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉല്പാദനത്തിലും മറ്റുമുള്ള പല പ്രശ്നങ്ങള്‍ക്കും ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണ് എന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യം ആക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ട്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ എന്ന നിലയിലുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്തു ചെയ്യണമെന്ന പ്രശ്നം പത്രങ്ങളിലും പൊതു സംഘടനകളിലും ജോലിസ്ഥലത്തും ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചയാണ്.'
യൂറോപ്പിലും അമേരിക്കയിലും ഇതുവഴി സംഭവിച്ചത് ജനസംഖ്യയിലുണ്ടായ വമ്പിച്ച ഇടിവാണ്. വിവാഹം കുറയുകയും കുടുംബഘടന തകരുകയും സ്ത്രീകള്‍ പ്രസവിക്കാനും കുട്ടികളെ സംരക്ഷിക്കാനും വിമുഖത കാണിക്കുകയും ചെയ്തതിനാല്‍ യൂറോപ്പും അമേരിക്കയും ഒക്കെ വൃദ്ധന്മാരുടെ നാടുകളായി മാറുകയാണ്. അവിടങ്ങളിലെ ഗ്രാമങ്ങള്‍ എല്ലാം ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങള്‍ താരതമ്യേന ഭേദമാണെങ്കിലും പല പ്രദേശങ്ങളും തീര്‍ത്തും ജനശൂന്യങ്ങളായി മാറിയിരിക്കുന്നു. പുതിയ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ ഇ. സന്തോഷ്കുമാര്‍ ആളൊഴിഞ്ഞ ഗ്രാമങ്ങളെക്കുറിച്ചാണ് വിശദമായി എഴുതിയത് (2018).
സന്തുലിത സമീപനം
സ്ത്രീകള്‍ക്ക് പുറത്തുപോയി ജോലി ചെയ്യാന്‍ അനുവാദവും സൗകര്യവുമുണ്ടായിരിക്കണം. എന്നാല്‍ എല്ലാ സ്ത്രീകളും അങ്ങനെ ജോലി ചെയ്തേ തീരൂ എന്ന തോന്നല്‍ ഉണ്ടാവരുത്. പുരുഷന് ചെയ്യുന്ന എല്ലാ ജോലിയും സ്ത്രീയും ചെയ്യണമെന്നും വെക്കരുത്. ഓരോരുത്തര്‍ക്കും അവരുടെ പ്രകൃതത്തിന് പറ്റിയ പണിയാണ് നല്‍കേണ്ടത്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം വീട്ടുജോലികളേക്കാള് മഹത്തരവും മാന്യവുമാണ് പുറംജോലികള്‍ എന്ന ധാരണ തിരുത്തപ്പെടുക തന്നെ വേണം. സ്ത്രീകളുടെ ഏറ്റവും മികച്ച ജോലി ഗൃഹഭരണം തന്നെ. കുട്ടികളുടെ സംരക്ഷണവും. അതസാധ്യമാക്കുന്ന ഒന്നും സംഭവിക്കാനനുവദിക്കരുത്.
ഇത് സാധ്യമാകണമെങ്കില്‍ വീട്ടുജോലികള്‍ മാന്യവും മഹത്തരവുമാണെന്ന ബോധം സമൂഹത്തില്‍ സുദൃഢമാകണം. താന്‍ ചെയ്യുന്ന ഏത് ജോലിയേക്കാളും ഭാരിച്ചതും മഹത്തരവുമാണ് തന്റെ ജീവിതപങ്കാളി നിര്‍വഹിക്കുന്ന കുടുംബ സംരക്ഷണമെന്ന മഹത്തായ കൃത്യമെന്ന് പുരുഷന് അംഗീകരിച്ചേ മതിയാവൂ. അതിനെ ആദരിക്കാന്‍ സന്നദ്ധനാവുകയും വേണം. ഖുര്‍ആനും പ്രവാചകനും മാതൃത്വത്തെ മഹത്വവല്‍ക്കരിച്ചതും ഹാജര്‍ ബീവിയെയും മര്‍യം ബീവിയെയും അസമാനമായ പദവികളിലേക്ക് ഉയര്‍ത്തിയതും എന്തുകൊണ്ടെന്ന് പരിശോധിക്കുന്ന ഏവര്‍ക്കും ഇത് അനായാസം ഉള്‍ക്കൊള്ളാന്‍ സാധിക്കും, സാധിക്കേണ്ടതുമുണ്ട്.
അഷിതയുടെ കഥാപാത്രത്തെപ്പോലെ ഗൃഹഭരണം ജോലി പോലുമല്ലെന്ന ഹീന ധാരണ പൂര്‍ണമായും തിരുത്തപ്പെടുകയും വേണം.