80 ജന്മങ്ങള്‍ക്ക് ഒപ്പുചാര്‍ത്തിയ ഒരുത്തി
വാഹിദ് കറ്റാനം
ഒക്ടോബര്‍ 2018
പ്രളയഭീതി നിറഞ്ഞ ഗ്രാമത്തില്‍നിന്നും ജീവനുവേണ്ടി നിലവിളിച്ചവര്‍ക്ക് നേരെ രക്ഷയുടെ കൈകള്‍ നീട്ടിയ റജി സെബാസ്റ്റ്യന്‍ കേളമംഗലത്തുകാര്‍ക്ക് ഇന്ന് മാലാഖയാണ്. എല്ലാം തകര്‍ത്തെറിഞ്ഞ് കുതിക്കുന്ന വെള്ളച്ചാട്ടത്തിന്
പ്രളയഭീതി നിറഞ്ഞ ഗ്രാമത്തില്‍നിന്നും ജീവനുവേണ്ടി നിലവിളിച്ചവര്‍ക്ക് നേരെ രക്ഷയുടെ കൈകള്‍ നീട്ടിയ റജി സെബാസ്റ്റ്യന്‍ കേളമംഗലത്തുകാര്‍ക്ക് ഇന്ന് മാലാഖയാണ്. എല്ലാം തകര്‍ത്തെറിഞ്ഞ് കുതിക്കുന്ന വെള്ളച്ചാട്ടത്തിന് മുന്നില്‍ പകച്ചുപോയവര്ക്കായി പ്രതീക്ഷയുടെ കൈകള്‍ ഉയര്‍ത്തിക്കാട്ടിയ മാലാഖ. നിറഞ്ഞുകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയ പമ്പയാറിന്റെ കിഴക്കേകരയില്‍ കുടുങ്ങിപ്പോയ 80 പേരാണ് ഈ വീട്ടമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ജീവിതത്തിന്റെ തുരുത്തിലേക്ക് നടന്നുകയറിയത്.
പ്രായമായ അമ്മയുടെയും രണ്ട് കുഞ്ഞുമക്കളുടെയും ജീവനുകള്‍ കൂടി പണയപ്പെടുത്തിയാണ് രക്ഷാദൗത്യവുമായി ഇവരുടെ വഞ്ചി പമ്പയാറിന്റെ ഇരുകരകളിലേക്കും പലവട്ടം പാഞ്ഞടുത്തത്. രൗദ്രഭാവം പൂണ്ട പമ്പയാറിനെ കീറിമുറിച്ച് ആ വഞ്ചി ഓരോ തവണ പായുമ്പോഴും മുന്നില്‍ വന്നത് നിരവധി പ്രതിസന്ധികളായിരുന്നു. കുട്ടനാടന്‍ കാര്ഷികകരുത്തിന്റെ പ്രതീകമായ ആ വീട്ടമ്മക്ക് മുന്നില്‍ പ്രതിസന്ധികളെല്ലാം തോറ്റു പിന്മാറുകയായിരുന്നു. പ്രകൃതിക്ക് സംഭവിച്ച അസാധാരണമായ മാറ്റം അറിയാതെ ആറ്റിലേക്ക് വഞ്ചി ഇറക്കാന്‍ തോന്നിയ ആ നിമിഷം തൊട്ടുള്ള സംഭവങ്ങള്‍ അമ്പലപ്പുഴ തകഴി കുന്നുമ്മ തുരുത്തേല്‍ ബാബുവിന്റെ ഭാര്യ നാല്പത്തിയഞ്ചുകാരി റജി സെബാസ്റ്റ്യന്‍ ഓര്‍ത്തെടുക്കുകയാണ്.
ആഗസ്റ്റ് 17-ലെ പകല്‍ റജിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനമാണ്. തോര്‍ച്ചയില്ലാതെ തകര്‍ത്തുപെയ്യുന്ന മഴ, വീശിയടിക്കുന്ന കാറ്റ്. പ്രകൃതിക്ക് അതുവരെയില്ലാത്ത ഭാവം. കിഴക്കന്‍ വെള്ളത്തിന്റെ പതനത്തോടെ പമ്പയാര്‍ സൗമ്യഭാവം വിട്ടിരുന്നു. തുരുത്തേല്‍ വീടിന്റെ വളപ്പിലേക്കും വെള്ളം കയറി തുടങ്ങി. സാധാരണയുള്ള വെള്ളക്കയറ്റം എന്ന് മാത്രമേ കരുതിയുള്ളു. തൊഴുത്തിന് മുകളില്‍ തട്ട് കെട്ടി ആടുകളെയും കോഴികളെയും മുകളിലേക്ക് മാറ്റി. ഇവക്കായി പുല്ല് അരിയാനുള്ള തയാറെടുപ്പുമായിട്ടാണ് വള്ളം ഇറക്കുന്നത്. ഈ സമയം പമ്പയാറിന്റെ കിഴക്കേകരയായ കേളമംഗലത്ത് നിന്നുള്ള അലര്‍ച്ചകളാണ് റജിയുടെ കാതില്‍ അടിക്കുന്നത്. പമ്പയാറും കേളമംഗലവും തമ്മിലുള്ള അതിരുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ കൈയില്കിട്ടിയതുമായി പലായനം ചെയ്തവരുടെ അലര്‍ച്ചകളായിരുന്നു അത്. മറുകര എത്തിക്കാനായി പലരെയും അവര്‍ വിളിച്ചിരുന്നു. കുത്തൊഴുക്ക് ശക്തമായ പമ്പയാറില്‍ ഒരു സാഹസത്തിന് അവരാരും തയാറായില്ല. സ്ഥിരമായി ആവശ്യങ്ങള്‍ക്ക് വിളിക്കുന്ന വള്ളക്കാരെയും അവര്‍ ഫോണുകളില്‍ വിളിച്ചിരുന്നു. എല്ലാവരും അവരുടെയും കുടുംബത്തിന്റെയും രക്ഷതേടി പായുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ പരിഗണിക്കും! എന്നാല്‍ റജിയാകട്ടെ അയല്‍ കരക്കാരുടെ നിലവിളിക്ക് മുന്നില്‍ വീടും കുടുംബവും ഒരു നിമിഷം മറന്നു. സമയം പാഴാക്കാതെ അവരുടെ വള്ളം പമ്പയാറിനെ വകഞ്ഞുമാറ്റി കിഴക്കോട്ട് പായുകയായിരുന്നു. പ്രതിസന്ധികളൊന്നും അവരുടെ മനസ്സിലേക്ക് വന്നില്ല. പ്രായമായവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവരെ ആദ്യം മറുകര എത്തിച്ചു. ഒരു സമയം 12 പേര്‍ക്കാണ് വള്ളത്തില്‍ കയറാന്‍ കഴിയുക. എട്ട് തവണയോളം വള്ളം ഇരുകരകളിലേക്കും പാഞ്ഞു. ഓരോ മിനിറ്റ് കഴിയുന്തോറും ആറിന്റെ സ്വഭാവം മാറുകയായിരുന്നു. വെള്ളത്തിന്റെ അളവ് കൂടിക്കൂടി വന്നു. കുത്തൊഴുക്ക് വര്‍ധിച്ചു. പലവട്ടവും വള്ളത്തിന്റെ നിയന്ത്രണം തെറ്റി. എന്നാല്‍ പിറന്നുവീണ നാള് മുതല്‍ കാണാന്‍ തുടങ്ങിയ പമ്പയാര്‍ റജിയുടെ ധൈര്യത്തിന് മുന്നില്‍ കീഴ്പ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കുന്നമ്മയിലെ വെള്ളം കയറാത്ത ഏക സ്ഥലമായ ഒരു കിലോമീറ്റര്‍ അകലെയുള്ള തുണ്ടുപറമ്പില്‍ സൈഫുദ്ദീന്റെ വീട്ടിലാണ് ആദ്യം എത്തിച്ചത്. പിന്നീട് വാഹനങ്ങള്‍ വരുത്തി ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും പറഞ്ഞയച്ചു. കേളമംഗലം പരമേശ്വരത്ത് പ്രസന്നനും ഭാര്യ ഗീതയും അയല്‍വാസികളായ നാലു പേരുമാണ് അവസാന ട്രിപ്പില്‍ വഞ്ചിയില്‍ കയറിയത്. അപ്പോള്‍ സമയം വൈകിട്ട് 5.30. ഇവരെയും സുരക്ഷിതകേന്ദ്രത്തില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുടുങ്ങിയവരെ തേടി രക്ഷാപ്രവര്ത്തകര്പോലും എത്തിത്തുടങ്ങിയത്. അപ്പോഴേക്കും റജി തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ നിറഞ്ഞ സംതൃപ്തിയോടെ തളര്‍ന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷകള്‍ തെറ്റിച്ച കാഴ്ചകളാണ് റജിക്ക് ഇവിടെ നേരിടേണ്ടി വന്നത്. പമ്പയാറിനോട് ചേര്‍ന്നുള്ള വീട് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്നു. സാമഗ്രികള്‍ ഒന്നും മാറ്റാന്‍ കഴിയാത്ത അവസ്ഥ. വീട്ടിനുള്ളിലേക്ക് കയറിയ വെള്ളത്തില്‍നിന്നും രക്ഷതേടി മുകള്‍ തട്ടിലേക്ക് കൊളുത്തിയിട്ടിരുന്ന കട്ടിലില്‍ അഭയം തേടിയ മാതാവ് അറുപത്തിനാലുകാരി കുഞ്ഞമ്മ ദേവസ്യ ആകെ പരിഭ്രാന്തിയിലാണ്. റജിയെ കാണാത്തതില്‍ പരിഭ്രമിച്ച് കരയുന്ന മക്കളായ പതിമൂന്നും അഞ്ചും വയസ്സുള്ള ബ്രയനും ബ്രിനും. ഓരോ നിമിഷവും വെള്ളം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി ഇവിടെ കഴിയാനാകില്ല. ആടുകളെയും വളര്‍ത്തു നായയെയും കോഴികളെയും തുണ്ടുപറമ്പില്‍ വീട്ടിലേക്ക് മാറ്റി. അമ്മയും മക്കളുമായി പുറക്കാട്ടുള്ള സഹോദരി ജിജിയുടെ വീട്ടില്‍ അഭയം തേടി. ഒരു രാത്രിയെ ഇവിടെ കഴിയാന്‍ പറ്റിയുള്ളു. ജിജിയുടെ വീട്ടിലും വെള്ളം കയറിയതോടെ അമ്പലപ്പുഴയിലേക്ക് മാറി. വെള്ളമിറങ്ങി കഴിഞ്ഞ് കുന്നുമ്മയിലെ വീട്ടിലെത്തിയപ്പോള്‍ ഫ്രിഡ്ജ്, ടി.വി അടക്കമുള്ള ഗൃഹോപകരണങ്ങളെല്ലാം നശിച്ചിരുന്നു. വെള്ളം കയറി തുടങ്ങിയ ദിവസം റജി വീട്ടിലുണ്ടായിരുന്നുവെങ്കില്‍ ഒന്നും നഷ്ടപ്പെടില്ലായിരുന്നു. എന്നാല്‍ എല്ലാ നഷ്ടങ്ങള്‍ക്കും അപ്പുറമുള്ള ലാഭമാണ് പ്രളയം തന്റെ ജീവിതത്തില്‍ സമ്മാനിച്ചതെന്നാണ് റജി പറയുന്നത്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിന്ന് നിലവിളിച്ചവരെ പ്രതീക്ഷകളോടെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ കഴിഞ്ഞുവെന്നതിലുള്ള സംതൃപ്തിക്കാണ് ഇവര്‍ വിലമതിക്കുന്നത്. കേളമംഗലത്തുകാരുമായി റജിക്ക് അത്രക്ക് ആത്മബന്ധമുണ്ട്. ഇതാണ് അവരുടെ രക്ഷാദൗത്യത്തിന്റെ വേഗതയും വര്‍ധിപ്പിച്ചത്.
കുന്നുമ്മ പുലിമുഖം ബോട്ടുജെട്ടിയുടെ സമീപത്ത് പമ്പയാറിന് അഭിമുഖമായാണ് റജിയുടെ വീട്. ഇതിന് കിഴക്കേകരയായ കേളമംഗലം വഴിയാണ് പുറംലോകവുമായുള്ള റജിയുടെ കുടുംബത്തിന്റെ ബന്ധങ്ങളെല്ലാം. ഇവിടെയുള്ള പരമേശ്വരത്ത് വീട്ടിലാണ് റജിയുടെ സ്കൂട്ടി വാഹനം സ്ഥിരമായി സൂക്ഷിക്കുന്നത്. വഞ്ചി തുഴഞ്ഞ് അക്കരെയെത്തിയ ശേഷമുള്ള യാത്രാസഹായി. കേളമംഗലത്തെ വലിയ പാലം കടന്നാല്‍ എടത്വാ-അമ്പലപ്പുഴ എന്നിവിടങ്ങളിലേക്ക് പോകാനാകും. പാലത്തിലേക്കുള്ള യാത്രാമാര്‍ഗമായ റോഡും തോടായി മാറിയതോടെയാണ് കേളമംഗലത്തുകാര്‍ക്ക് രക്ഷക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത്. സ്വന്തമായി വള്ളമുള്ളവരെല്ലാം പന്തികേട് മനസ്സിലായതോടെ സ്ഥലം കാലിയാക്കിയിരുന്നു.
ജീവിതത്തോട് പടവെട്ടിയുള്ള കുടുംബപാരമ്പര്യത്തില്നിന്നാണ് റജിയുടെ വളര്‍ച്ച. പമ്പയാറില്‍ നീന്തിക്കളിച്ച് വളര്‍ന്ന ബാല്യം. മത്സ്യം പിടിക്കാന്‍ പോകുമ്പോള്‍ പിതാവ് ദേവസ്യക്ക് കൂട്ടായി വള്ളത്തില്‍ റജിയുമുണ്ടാകും. ഈയൊരു കരുത്തുമായി 20-ാം വയസ്സില്‍ സുഊദിയില്‍ ജോലി തേടി പോയി. പിതാവ് ദേവസ്യ മരണത്തിന് കീഴടങ്ങിയതോടെ കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു. സുഊദിയില്‍ വച്ചാണ് പാലക്കാടുകാരനായ ബാബു (സുരേഷ്) റജിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കുടുംബജീവിതത്തിലേക്ക് കടന്നതോടെ ഒമ്പത് വര്‍ഷത്തെ പ്രവാസത്തിനു ശേഷം വീണ്ടും നാട്ടിന്‍പുറത്തുകാരിയായി അമ്മക്ക് ഒപ്പം കൂടി. ബാബു ഇപ്പോള്‍ ഖത്തറിലാണ്. സഹോദരിമാരായ ജിജി പുറക്കാട്ടും റോജി പായിപ്പാട്ടും താമസിക്കുന്നു. സഹോദരന് ജിജോ ദുബൈയിലാണ്. തകഴി കാര്‍മല്‍ സ്കൂളിലാണ് മക്കളായ ബ്രയനും ബ്രിനും പഠിക്കുന്നത്. ഇവരെ സ്കൂളിലേക്ക് വിട്ടുകഴിഞ്ഞാല്‍ കര്‍ഷകയുടെ വേഷത്തിലേക്ക് റജി മാറും. ആടുകളും കോഴികളുമാണ് വളര്‍ത്തുന്നത്. വീട്ടുജോലികള്‍ കഴിഞ്ഞാല്‍ ആടിന് പുല്ലരിയാനായി ഇറങ്ങും. പമ്പയാറിലേക്ക് ചാഞ്ഞുകിടക്കുന്ന പുല്ല് വള്ളത്തിലിരുന്നാണ് ചെത്തിയെടുക്കുന്നത്. ആറിലെ ഓളത്തിനും ഒഴുക്കിനും അനുസരിച്ച് വഞ്ചിയങ്ങനെ നീങ്ങിക്കൊണ്ടിരിക്കും. പ്രകൃതിയോട് മല്ലിട്ട് ജീവിത വിജയം നേടിയ കുട്ടനാടന്‍ കര്‍ഷകയുടെ തനത് ഭാവത്തോടെ റജി അതിന്റെ അമരത്ത് തന്നെയുണ്ടാകും. പമ്പയാറിന്റെ ഒഴുക്കിന്റെ ഗതി അറിയാവുന്ന തനത് കര്‍ഷക. ഈ വിജയീഭാവമാണ് പമ്പയാറിന്റെ രൗദ്രഭാവങ്ങളെ വകവെക്കാതെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായത്.