ചത്ത മൃഗങ്ങളെയും പക്ഷികളെയും തുറന്ന സ്ഥലത്ത് ഇട്ടാല്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തും. കൂടാതെ ഈച്ച മുതലായ പ്രാണികള്‍ ശരീരത്തില്‍ മുട്ടയിട്ട് വ്രണങ്ങളില്‍ പുഴുവരിക്കാം. കാക്ക, കഴുകന് മുതലായവ ശവശരീരം കൊത്തിവലിച്ച് അവശിഷ്ടങ്ങള്‍ പരിസരപ്രദേശത്ത് ഇടുന്നു. ചിലപ്പോള്‍ കുളങ്ങള്‍, കിണറുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവയിലായിരിക്കും ഇവ നിക്ഷേപിക്കപ്പെടുക. രോഗബാധമൂലം ചാകുന്ന മൃഗങ്ങളുടെ ശരീരം രോഗാണുക്കള്‍ നിറഞ്ഞതായിരിക്കും. ജഡത്തില്‍നിന്ന് പുറപ്പെടുന്ന വിസര്‍ജ്യങ്ങള്‍, രക്തം എന്നിവ രോഗപ്പകര്‍ച്ചക്കിടയാക്കും. ഇങ്ങനെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ആന്ത്രാക്സ്, ക്ഷയരോഗം, ബ്രൂസല്ലോസിസ് തുടങ്ങിയവ. ജന്തുക്കളുടെ ശവം നദിയിലും തോടിലും ഒഴുക്കിക്കളയുന്നത് ഗുരുതരമായ ഭവിഷ്യത്തുകളാണ് ഉണ്ടാക്കുക. വെള്ളം മലിനമാകുന്നതിനു പുറമെ അണുക്കളെ ഒരു പ്രദേശത്തുനിന്ന് മറ്റ് പ്രദേശങ്ങളില്‍ എത്തിക്കുന്നതിനും ഇത് കാരണാകുന്നു.
ചത്ത മൃഗങ്ങളുടെ മാംസം ഒരു കാരണവശാലും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കരുത്.
അപകടം മൂലം ചത്ത മൃഗങ്ങളുടെ തോല് പൊളിച്ചെടുക്കാവുന്നതാണ്. എന്നാല്‍ സാംക്രമിക രോഗങ്ങളാല്‍ ചത്ത മൃഗത്തിന്റെ തോല് പൊളിക്കുമ്പോള്‍ പുറത്തു വരുന്ന രക്തം, വിസര്‍ജ്യങ്ങള്‍ എന്നിവ അണുക്കളെ പരത്തുന്നതിനിടയാക്കും. ആന്ത്രാക്സ്, പേവിഷബാധ മുതലായവ മൂലം ചത്ത മൃഗമാണെങ്കില്‍ മനുഷ്യര്‍ക്കും രോഗം പകരും. ചത്ത മൃഗങ്ങളുടെ ശരീരം, ആന്തരാവയവങ്ങള്‍ എന്നിവ വെട്ടിനുറുക്കി മറ്റു മൃഗങ്ങള്‍, കോഴികള്‍ എന്നിവക്ക് തീറ്റയായി നല്‍കാനും പാടില്ല. രോഗപ്പകര്‍ച്ചക്കും വിഷബാധക്കും ഇത് കാരണമാകും.
രോഗം വന്ന് ചത്ത മൃഗങ്ങളെ സാധാരണയായി കുഴിയില്‍ മൂടുന്ന രീതിയിലാണ് മറവ് ചെയ്യുന്നത്. കുഴിച്ചുമൂടാനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത് കിണറുകളില്‍നിന്നും തൊഴുത്തുകളില്‍നിന്നും ദൂരെയായിരിക്കണം. വെള്ളം കെട്ടിനില്ക്കാന് ഇടയുള്ള സ്ഥലം ഒഴിവാക്കണം. സ്ഥലത്തിന്റെ പരിസരത്ത് ജലാശയങ്ങള്‍ ഉണ്ടായിരിക്കരുത്. ജഡത്തിന് മുകളില്‍ ആറടി ഘനത്തില്‍ മണ്ണിട്ട് മൂടണം. കുഴിച്ചിടാന്‍ ഒമ്പതടിയെങ്കിലും താഴ്ചയുള്ള കുഴിയെടുക്കണം. പോസ്റ്റ്മോര്‍ട്ടം നടത്തണമെങ്കില്‍ അത് കുഴിയുടെ പരിസരത്തു വെച്ച് നടത്താം. ജഡം കുഴിയില്‍ ഇട്ടശേഷം നല്ല കനത്തില്‍ നീറ്റ് കുമ്മായം വിതറുകയോ കാര്‍ബോളിക് ആസിഡ് ഒഴിക്കുകയോ ചെയ്തതിനു ശേഷം മണ്ണിട്ട് മൂടണം. മണ്ണിന് മുകളില്‍ നല്ല ഘനമുള്ള കരിങ്കല്ലുകള്‍ പാകണം. ഇതില്‍ ടാറോ കാര്‍ബോളിക് ആസിഡോ ഒഴിക്കുന്നത് നല്ലതാണ്. മുള്ളുള്ള ചെടിയുടെ കൊമ്പുകള്‍ കുഴിയുടെ മുകളില്‍ ഇടണം. കഴിയുമെങ്കില്‍ ചുറ്റും വേലിയും കെട്ടാം. സാംക്രമിക രോഗം മൂലമാണ് മൃഗം ചത്തതെങ്കില്‍ അതിന് ഉപയോഗിച്ചിരുന്ന കയര്‍, അവശിഷ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ ജഡത്തോടൊപ്പം മറവ് ചെയ്യണം. ജഡം കിടന്ന തൊഴുത്ത്, തറ, വണ്ടി എന്നിവ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശവം കൈകാര്യം ചെയ്ത ജോലിക്കാരും അണുനാശിനി ഉപയോഗിച്ച് കൈകാലുകള്‍ കഴുകുകയും നന്നായി കുളിക്കുകയും വേണം. കൂടെ കെട്ടിയിരുന്ന കന്നുകാലികള്‍ക്കാവശ്യമായ പ്രതിരോധ കുത്തിവെപ്പുകളും എടുപ്പിക്കണം.