പ്രവാചകാനുയായികളില് പലരെയും സ്വന്തം മാതാവിലേക്ക് ചേര്‍ത്ത് അറിയപ്പെടുന്ന പതിവ് കാണാം. അറബികളുടെ രീതിയാവാം അത്. ബുശൈറുബ്നു അഖ്റബ, ബിലാലുബ്നു ഹമാമ, സുഹൈറുബ്നു ബൈളാ, ശുറഹ്ബീലു ബ്നു ഹസന തുടങ്ങിയവര്‍ ഇതിന് ഉദാഹരണമാണ്. പ്രവാചകനെ(സ) പുകഴ്ത്തി പാടിയ ചില കവികള്‍ അദ്ദേഹത്തെ മാതാവിലേക്ക് ചേര്‍ത്ത് കവിതകള്‍ രചിച്ചിട്ടുണ്ട്.
''സ്വല്ലാല് ഇലാഹു അലബ്നു ആമിന അല്ലതീ
ജാഅത് ബിഹീ സബ്തുല്‍ ബനാനി കരീമാ.''
ജഗന്നിയന്താവ് അനുഗ്രഹിച്ചവനാണ് ആമിനയുടെ പുത്രന്. വീരപ്രസൂവാണവര്. ആ പ്രവാചകന്റെ ശിപാര്‍ശ ആഗ്രഹിക്കുന്നവര്‍ അദ്ദേഹത്തിനു മേല്‍ സ്വലാത്തും സലാമും ഓതട്ടെ!
ഇവിടെ പ്രതിപാദിക്കുന്ന അഫ്റാഅ് ബിന്ത് ഉബൈദുല്ല അന്നജ്ജാരിയ്യയും തങ്ങളുടെ മാതാവിലേക്ക് ചേര്‍ത്താണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. പ്രമുഖ സ്വഹാബിമാരായ ഔഫ്, മുആദ്, മുഅവ്വദ് എന്നിവര്‍ അഫ്റാഇന്റെ മക്കളാണ്. ബനൂ അഫ്റാഅ് (അഫ്റാ കുടുംബം) എന്ന പേരില്‍ ഈ ഗോത്രം അറിയപ്പെടുന്നു. ഹാരിസു ബ്നു രിഫായാണ് ചരിത്രവനിതയുടെ ഭര്‍ത്താവ്. ആദ്യ ഭര്‍ത്താവ് ഹാരിസ് മരണപ്പെട്ടപ്പോള്‍ അഫ്റാഇനെ ലൈലുല്ലൈസി (ബുറൈകുല്ലൈസി) വിവാഹം കഴിച്ചു. ആ ദാമ്പത്യവല്ലരിയില്‍ നാലു മക്കള്‍ പിറന്നു- ആഖില്‍, ഖാലിദ്, ഇയാസ്, ആമിര്‍ എന്നിവര്‍. ഇവരത്രയും മുഹാജിറുകളത്രെ. ഇവര്‍ ഇസ്ലാമിന്റെ ആദ്യ ദശയില്‍ തന്നെ ദാറുല്‍ അര്ഖമില് വെച്ച് ഇസ്ലാം സ്വീകരിക്കുകയും പ്രവാചകനുമായി അനുസരണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അല്ലാമാ ദഹബി രേഖപ്പെടുത്തുന്നു: ലൈസിയുടെ മക്കള്‍ ഹിജ്റ പോയപ്പോള്‍ അവരുടെ കൈവശമുള്ള വസ്തുക്കളെല്ലാം മക്കാ വാസികള്‍ പിടിച്ചുവെച്ചു. വെറുംകൈയോടെ അവരെ കൈകൊട്ടി പ്പാട്ടും പാടി പറഞ്ഞുവിട്ടു. അവര്‍ രിഫാഉ ബ്നു അബ്ദുല്‍ മുന്ദിറിന്റെ അതിഥികളായാണ് മദീനയില്‍ കഴിഞ്ഞത്.
ചില ചരിത്രരേഖകള്‍ പറയുന്നത് അഫ്റാഅ് ബിന്ത് ഉബൈദുല്ല വീണ്ടും മദീനയില്‍ മടങ്ങിയെത്തി എന്നാണ്. ഇടക്ക് മക്കയിലാണ് താമസിച്ചിരുന്നത്. ഒരു ഹജ്ജ് വേളയിലാണ് ഇവര്‍ ഇസ്ലാം സ്വീകരിച്ചത്. പിന്നീട് അവര്‍ ഇസ്ലാമിക സേവനത്തില്‍ മുഴുകി.
മറ്റേത് സ്വഹാബി വനിതക്കും അവകാശപ്പെടാനില്ലാത്ത ഒരു പ്രത്യേകത അഫ്റാഇനുണ്ട്. ഇവരുടെ ഏഴു മക്കളും ബദ്ര് രണാങ്കണത്തില്‍ തിരുമേനിക്കൊപ്പം യുദ്ധരംഗത്തുണ്ടായിരുന്നു (അല്‍ ഇസ്വാബ).
ബനൂ അഫ്റാഅ്
അഫ്റാഇന്റെ ഏഴു മക്കളും ബദ്ര് യുദ്ധത്തില്‍ പങ്കെടുത്തവരാണെന്ന് പറയുന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. യുദ്ധത്തിന്റെ തുടക്കത്തില്‍ അഫ്റാഇന്റെ മക്കളായ മുആദ്, മുഅവ്വദ്, ഔഫ് എന്നിവര്‍ മുന്നോട്ടു പോയി ശത്രുപക്ഷത്തിന് ഇസ്ലാമിന്റെ സന്ദേശം കൈമാറി. ശത്രുപക്ഷം പക്ഷേ അതു പുഛിച്ചുതള്ളി. ഔഫ് ഉടനെ റസൂല്‍ തിരുമേനിയെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: 'താങ്കള്‍ ദൈവിക ദാസന്മാരുടെ ഏത് കര്‍മം കണ്ടാണ് ആസ്വദിക്കുക?!'
''ഒരു പടയങ്കിയുമില്ലാതെ ശത്രുപക്ഷത്തേക്ക് ഊളിയിട്ട് മുന്നേറുക'' - തിരുമേനി പ്രതിവചിച്ചു.
ഔഫ് ഉടനെ മേലങ്കി ഊരിയെറിഞ്ഞ് ശത്രുപക്ഷത്തേക്ക് ഇരച്ചുകയറി. മരണം വിധിച്ചിട്ടുണ്ടെങ്കില്‍ അതിനെ അതിജയിക്കാനാവില്ല. അത് വന്നുചേരുക തന്നെ ചെയ്യും- ഔഫ് ആത്മഗതം ചെയ്തു. ധീരമായി പൊരുതി അവസാനം രക്തസാക്ഷിയായി അല്ലാഹുവിലേക്ക് യാത്രയായി.
'അബൂ ജഹ്ശലിന്റെ വിശേഷം അറിഞ്ഞ് വരാന്‍ ആരുണ്ട്?'' ബദ്ര് യുദ്ധവേളയില്‍ നബി ചോദിച്ചു. അബ്ദുല്ലാഹിബ്നു മസ്ഊദ് ദൗത്യം ഏറ്റെടുത്തു. ''അഫ്റാഇന്റെ രണ്ട് മക്കള്‍ അയാളെ യമപുരിക്കയച്ചിരിക്കുന്നു'' അബ്ദുല്ലാഹിബ്നു മസ്ഊദ് വന്നിട്ട് നബിയെ അറിയിച്ചു.
'എന്നെ കര്‍ഷകരല്ലാത്ത ആരെങ്കിലുമാണ് വധിക്കുന്നതെങ്കില്‍' അബൂജഹ്ല് ആഗ്രഹിച്ചിരുന്നത്രെ.
അല്ലാമാ ദഹബി പറയുന്നു: അഫ്റാഇന്റെ രണ്ട് മക്കളെ പ്രവാചകന്റെ മുമ്പില്‍ രക്തസാക്ഷികളായി കൊണ്ടുവന്നപ്പോള്‍ 'അല്ലാഹുവേ, അഫ്റാഇന്റെ ഈ രണ്ട് മക്കളെയും നീ അനുഗ്രഹിച്ചാലും! കാലഘട്ടത്തിന്റെ ഫറോവയെ തുരത്തുന്നതില്‍ ഇവരുടെ കരുത്ത് ഏറെ പ്രയോജനം ചെയ്തു. ഇവര്‍ക്ക് കൂട്ടിന് ആരായിരുന്നുവെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ അബ്ദുല്ലാഹിബ്നു മസ്ഊദും മലക്കുകളും' എന്ന് തിരുമേനി (സ) മറുപടി പറഞ്ഞു.
അഫ്റാഅ് ധീരതയിലും വിശ്വാസ ദാര്ഢ്യതയിലും ഉയര്‍ന്നുനിന്നു. തന്റെ ഒരു മകന് രക്തസാക്ഷിത്വം കിട്ടാത്തപ്പോള്‍ അതില്‍ നബിയോട് പരാതി പറയുക പോലും ചെയ്തു അവര്‍. എന്നാല്‍ പിന്നീട് ആ മകനും- മുആദ് രക്തസാക്ഷിയായി.
ഈ സ്വഹാബി വനിതക്ക് ഉമ്മുല്‍ മുഅ്മിനീന്‍ സൗദ ബിന്ത് സംഅയുടെ അടുക്കല്‍ വലിയ സ്ഥാനവും പദവിയുമുണ്ടായിരുന്നു. അഫ്റാഇന്റെ കുടുംബത്തിന്റെ സുഖദുഃഖങ്ങളില്‍ അവര്‍ പലപ്പോഴും പങ്കാളിയായി. മക്കളുടെ വിയോഗ ശേഷം കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. അഫ്റാഇനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചരിത്രം പറഞ്ഞുതരുന്നില്ല. അവരുടെ സന്താനങ്ങള്‍ വീര യോദ്ധാക്കളായിരുന്നതിനാല്‍ ആ മക്കളുടെ പേരില്‍ അവര്‍ ചരിത്രത്തില്‍ ജ്വലിച്ചുനില്ക്കുന്നു. മക്കളാകട്ടെ അറിയപ്പെടുന്നത് ഈ മാതാവിന്റൈ പേരിലും!!