''ഏറ്റവും വേഗം കൂടിയ സിംഹത്തേക്കാള്‍ ഓട്ടത്തില്‍ മുമ്പിലെത്തണം അല്ലെങ്കില്‍ നശിക്കും എന്നറിഞ്ഞുകൊണ്ടാണ് ആഫ്രിക്കയിലെ ഓരോ പ്രഭാതത്തിലും ഓരോ കലമാനും ഉണരുന്നത്. അതേസമയം, താന്‍ ഏറ്റവും വേഗം കൂടിയ കലമാനിനേക്കാള്‍ വേഗത്തില്‍ ഓടണം, അല്ലെങ്കില്‍ പട്ടിണിയാവും എന്നറിഞ്ഞുകൊണ്ടാണ് സിംഹം
പുസ്തകപരിചയം
''ഏറ്റവും വേഗം കൂടിയ സിംഹത്തേക്കാള്‍ ഓട്ടത്തില്‍ മുമ്പിലെത്തണം അല്ലെങ്കില്‍ നശിക്കും എന്നറിഞ്ഞുകൊണ്ടാണ് ആഫ്രിക്കയിലെ ഓരോ പ്രഭാതത്തിലും ഓരോ കലമാനും ഉണരുന്നത്. അതേസമയം, താന്‍ ഏറ്റവും വേഗം കൂടിയ കലമാനിനേക്കാള്‍ വേഗത്തില്‍ ഓടണം, അല്ലെങ്കില്‍ പട്ടിണിയാവും എന്നറിഞ്ഞുകൊണ്ടാണ് സിംഹം ഉറക്കമുണരുകയും മൂരി നിവരുകയും ചെയ്യുന്നത്. മനുഷ്യകുലത്തിന്റെ കാര്യവും ഭിന്നമല്ല. നിങ്ങള്‍ സിംഹമായാലും കലമാനായാലും നിലനില്‍ക്കണമെങ്കില്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഓടിയേതീരൂ''. അറബ് ലോകത്തെ മാതൃകാ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കാവുന്ന യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും അറബ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ''എന്റെ ദര്‍ശനം'' എന്ന ഗ്രന്ഥത്തിലെ വാക്കുകളാണിത്.
ഉണര്‍ന്നിരുന്ന് സ്വപ്നം നെയ്ത ഒരു പറ്റം ത്യാഗസന്നദ്ധതയും സമര്‍പണ ബോധവും നിശ്ചയദാര്‍ഢ്യവും വിശ്വാസത്തിന്റെ കരുത്തും ശുഭാപ്തി വിശ്വാസവും ഒത്തിണങ്ങിയവര്‍ ഊണിനും ഉറക്കിനും അവധി നല്‍കി നേടിയെടുത്ത ധീരപരീക്ഷണമായിരുന്നു വാര്‍ത്താ മാധ്യമങ്ങളില്‍ വഴിത്തിരിവ് സൃഷ്ടിച്ച മാധ്യമം ദിനപ്പത്രം. അതായത് ജീവനുവേണ്ടി ഓടുന്ന കലമാനിന്റെയും ഭക്ഷണത്തിനുവേണ്ടി ഓടുന്ന സിംഹത്തിന്റെയും അതേ വികാരത്താല്‍ ഊര്‍ജം ചെലവഴിച്ച് നേടിയെടുത്ത പത്രത്തിന്റെ ഒരു നഖചിത്രമാണ് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് എഴുതിയ ''വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം''. 1987 മെയ് 31-ന് ഉദ്ഘാടനം ചെയ്ത മാധ്യമം ഇന്ന് ഏഴുരാഷ്ട്രങ്ങളില്‍ നിന്നായി പതിനെട്ട് എഡിഷനുകളില്‍ എത്തി നില്‍ക്കുന്നു. അനുബന്ധമായി മാധ്യമം ആഴ്ചപ്പതിപ്പ്, മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍, കുടുംബം മാസിക എന്നിങ്ങനെ വളര്‍ന്നു കഴിഞ്ഞു.
ഇതിന്റെ പിന്നില്‍ അനുഭവിച്ച 28 വര്‍ഷങ്ങളിലെ കൊടിയ പരീക്ഷണഘട്ടങ്ങളുടെ ഒരു സംക്ഷിപ്തം ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്. ഒപ്പം അദൃശ്യ സഹായഹസ്തങ്ങളുടെ കഥകളും.
ഒരിക്കല്‍ രാത്രി 11 മണിവരെയും എവിടെ നിന്നും ന്യൂസ്പ്രിന്റ് ലഭിക്കാതിരുന്നതിനാല്‍ അച്ചടിനിര്‍ത്തിവെക്കുയല്ലാതെ മറ്റു മാര്‍ഗമില്ല, എന്ന് തന്നെ ഉറപ്പിച്ച് എഡിറ്റോറിയല്‍ ഡസ്‌കും പ്രിന്റിംഗ് പ്രസിലെ ജീവനക്കാരും തീരുമാനിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് പൊടുന്നനെ ഒരു ലോറി പത്രക്കടലാസുമായി മാധ്യമം ഗേറ്റ് മുട്ടുന്നത്. ഉടനെ ലോഡിറക്കി പത്രം അച്ചടിച്ചു. പിന്നീടാണ് ആ ലോറി ദേശാഭിമാനിയിലേക്കുള്ളതായിരുന്നുവെന്നും ഡ്രൈവര്‍ സ്ഥലമറിയാതെ ഇറക്കിപ്പോയതാണെന്നും അറിയുന്നത്. ഇത് അമാനുഷികമായ ഒരിടപെടലായാണ് ഇതിന്റെ സാരഥികള്‍ കാണുന്നത്.
വൈക്കം മുഹമ്മദ് ബഷീര്‍, കുല്‍ദീപ് നയ്യാര്‍, എം.ജെ അക്ബര്‍, പി.കെ. ബാലകൃഷ്ണന്‍, സി.രാധാകൃഷ്ണന്‍, കെ.എ. കൊടുങ്ങല്ലൂര്‍, ജമാല്‍ കൊച്ചങ്ങാടി, കെ.പി. രാമനുണ്ണി, എം.റഷീദ്, പി.കെ.പാറക്കടവ്, കാര്‍ട്ടൂണിസ്റ്റ് വേണു, ഒ.വി. ഉഷ, ഡി.ബാബുപോള്‍, യാസീന്‍ അശ്‌റഫ്, എ.പി. കുഞ്ഞാമു, ടി.പി. ചെറൂപ്പ, കാസിം ഇരിക്കൂര്‍ പോലുള്ള പ്രതിഭാധനന്മാരായ എഴുത്തുകാരെയും അസ്സയിന്‍ കാരന്തൂരിനെപ്പോലെ മാധ്യമം സിരകളിലൊഴുക്കിനടക്കുന്ന ജീവനക്കാരനെയും അടയാളപ്പെടുത്തി വികസിക്കുന്ന ഈ കൃതി പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പുതിയ സംരംഭകര്‍ക്കും ഗുണപാഠങ്ങളുണ്ട്. ''ഇന്ത്യയിലെ പത്രപ്രവര്‍ത്തന പാരമ്പര്യവും അതിന്റെ ഉത്ഥാനപതനങ്ങളും'', ''അല്‍പം പത്രവിചാരം'', ''അച്ചടിമാധ്യമത്തിന്റെ കേരള കാണ്ഠം'', ''ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകാഹളം'' എന്നിവ ആദ്യഭാഗത്തെ സവിശേഷ പഠനങ്ങളാണ്. മാധ്യമത്തിന്റെ ധ്വജവാഹകനും ബഹുമുഖ പ്രതിഭയുമായ കെ.സി. അബ്ദുല്ല മൗലവിയുടെ സ്മരണക്കുമുന്നിലാണ് ഈ ഗ്രന്ഥം സമര്‍പിച്ചത്.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ മുഖ്യസൂത്രധാരകനായിരുന്ന നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ എഴുതിയതുപോലെ എല്ലാ യുദ്ധങ്ങളും അധര്‍മ യുദ്ധങ്ങളായി മാറിയ ആധുനിക ആസുര കാലത്ത് മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പൊരുതിയും ജയിക്കാമെന്ന് തെളിയിക്കാന്‍ മതിയായ ചരിത്രരേഖയാണിത്.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമായും ശബ്ദമില്ലാത്തവരുടെ ശബ്ദമായും മാധ്യമം മാറിയിട്ടുണ്ടെന്ന് ഇതിന് ചുക്കാന്‍ പിടിച്ച പ്രഫ. കെ.എ. സിദ്ദീഖ് ഹസ്സനും അടയാളപ്പെടുത്തുന്നു. സി.രാധാകൃഷ്ണന്റെ തന്നെ ഭാഷയില്‍ മാധ്യമം പ്രസിദ്ധീകരണങ്ങളെല്ലാം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്ന മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ ഒരു സമ്പൂര്‍ണ ബദല്‍ മാധ്യമം എന്ന സ്വപ്നം പങ്കുവെച്ചും ഈ കൃതിയെ സമ്പന്നമാക്കുന്നുണ്ട്. ആദ്യകാല അസോസിയേറ്റ് എഡിറ്ററായിരുന്ന ഒ.അബ്ദുല്ലയുടെ ഒരു കുറിപ്പുകൂടി ഇതില്‍ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ടായിരുന്നു എന്നുതോന്നുന്നു. വായനാ സുഖത്തിന് അദ്ദേഹത്തിന്റെ ആഞ്ഞുതറക്കുന്ന അമ്പേറ്റ് പിടഞ്ഞവരോട് മാധ്യമചരിത്രം പറയാനൊരവസരം തരപ്പെടുത്താമായിരുന്നു.
സര്‍വോപരി ഗ്രന്ഥകാരന്റെ അസാമാന്യ ഇച്ഛാശക്തി വിളിച്ചോതുന്ന പ്രസ്തുത കൃതിയില്‍ പക്ഷെ ''ഞാന്‍'' കടന്നുവന്നതില്‍ വല്ലാതെ പ്രയാസമനുഭവിക്കുന്നത് വരികള്‍ക്കിടയില്‍ വായിക്കാവുന്നതാണ്. വഴിയെ വരുന്ന തലമുറക്ക് ഒരു പ്രചോദനമാവട്ടെ ഈ ശ്രമമെന്ന ചിന്തയാണ് ഈ ഉദ്യമത്തിന് തുനിഞ്ഞതെന്ന് ഗ്രന്ഥകാരന്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്.
1987 മുതല്‍ 2015 വരെ മാധ്യമത്തിന് ലഭിച്ച അംഗീകാരങ്ങളുടേയും പുരസ്‌കാരങ്ങളുടേയും പെരുമഴകണ്ടേ പുസ്തകം അടക്കാനാവൂ...