തളരാതെ ടീച്ചര്‍
നാജിയ കെ.കെ, ഖന്‍സ
2016 ഏപ്രില്‍
എന്റെ മകന്‍ അജയ്ക്ക് ജന്മനാ കണ്ണ് കാണില്ലായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ ഓട്ടിസവും അവനെ പിടികൂടി. വയ്യാത്ത അവന്റെ കൂടെ അഞ്ച് വയസ്സുവരെ ഒരുമിച്ച് നടന്ന ഒരു സാധാരണ അമ്മയാണ് ഞാന്‍. ആ സമയത്ത് എനിക്ക് വയറ്റില്‍ ട്യൂമര്‍ വന്ന് ഓപ്പറേഷന്‍ ചെയ്യേണ്ടിവന്നു. സര്‍ജറി ചെയ്താലും ഞാന്‍ മരിക്കുമെന്നായിരുന്നു ഡോക്ടറുടെ
എന്റെ മകന്‍ അജയ്ക്ക് ജന്മനാ കണ്ണ് കാണില്ലായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ ഓട്ടിസവും അവനെ പിടികൂടി. വയ്യാത്ത അവന്റെ കൂടെ അഞ്ച് വയസ്സുവരെ ഒരുമിച്ച് നടന്ന ഒരു സാധാരണ അമ്മയാണ് ഞാന്‍. ആ സമയത്ത് എനിക്ക് വയറ്റില്‍ ട്യൂമര്‍ വന്ന് ഓപ്പറേഷന്‍ ചെയ്യേണ്ടിവന്നു. സര്‍ജറി ചെയ്താലും ഞാന്‍ മരിക്കുമെന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍. ഈ പ്രതിസന്ധിഘട്ടത്തില്‍ എന്റെ ഭര്‍ത്താവും എന്നെ കൈയൊഴിഞ്ഞു. എന്റെ സുഹൃത്തിന്റെ കുടുംബമാണ് ചികിത്സക്ക് സഹായമൊരുക്കിയത്. മോനെ ഒരനാഥാലയത്തിലാക്കിയിട്ട് പോകുമ്പോള്‍ അവന്റെ ജീവിതമിനി അവിടെയാണെന്നും ജീവിതത്തിലേക്കൊരു തിരിച്ചുവരവ് എനിക്കിനി ഉണ്ടാവുകയില്ല എന്നുമായിരുന്നു എന്റെ ചിന്ത. പക്ഷെ, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഒരു പക്ഷെ, ശാന്തിദീപം ഉടലെടുക്കാനായിരിക്കും ദൈവമെന്റെ ആയുസ്സ് നീട്ടിത്തന്നത്. എങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞത് മുഴുവന്‍ ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കാന്‍ പറ്റിയില്ലാ എന്നും ഇനിയൊരു ആറുമാസം മാത്രമേ ജീവിക്കൂ എന്നുമായിരുന്നു. ഇത് കേള്‍ക്കുന്ന ഒരമ്മക്ക് ഉണ്ടാകുന്ന വേവലാതി എത്രമാത്രമായിരിക്കും. എന്റെ ജീവിതം അവസാനിക്കുമ്പോള്‍ മകന്‍ അജയ് വീണ്ടും പോകേണ്ടത് ഏതെങ്കിലുമൊരു അനാഥാലയത്തിലാണല്ലോ. അന്ന് ഞാന്‍ എന്തൊക്കെ ചെയ്തുവെന്ന് വിവരിക്കാന്‍ പ്രയാസമാണ്. അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് വീട്ടുജോലികള്‍ തുടങ്ങും. ആറ് മണിയാകുമ്പോഴേക്കും ജോലികളെല്ലാം പൂര്‍ത്തിയാക്കി എന്റെ മകന്റെ കൂടെ - അവന്‍ എന്തു ചെയ്യണമെന്ന് ആഗ്രഹിച്ചുവോ അത് കൂടെ നിന്ന് ചെയ്തുകൊടുക്കും. പിന്നീട് സ്‌പെഷ്യല്‍ എജുക്കേഷന്‍ പഠിക്കുമ്പോഴാണ് ഞാന്‍ ചെയ്യുന്നത് മോഡലിംഗ് ആണെന്ന് തിരിച്ചറിയുന്നത്. അവിടെയാണ് ദൈവത്തിന്റെ കരസ്പര്‍ശം ഞാന്‍ അനുഭവിച്ചറിഞ്ഞത്. ഒമ്പത് വയസ്സായപ്പോള്‍ അജയ് സംസാരിക്കാനും നടക്കാനും തുടങ്ങി. അന്ന് അജയ്‌യെ സ്‌കൂളില്‍ ചേര്‍ത്തി. സ്‌കൂള്‍ പടിയിറങ്ങിവരുന്ന അവനെ കണ്ടപ്പോഴാണ് എന്നെപ്പോലുള്ള ഒരുപാട് അമ്മമാരെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. അന്ന് ഞാന്‍ എടുത്ത തീരുമാനമാണ്, എനിക്കിനി എത്രകാലത്തെ ജീവിതമുണ്ടെങ്കിലും അത് ഇങ്ങനെയുള്ള കുട്ടികളോടൊപ്പമായിരിക്കുമെന്ന്. ആ സമയത്ത് സമ്പാദ്യമായി എന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. അപ്പോഴാണ് എന്റെ ഗുരുനാഥന്‍ കൂടിയായ രാമകൃഷ്ണന്‍മാഷ് ഇത്തരം ഒരാശയവുമായി മുന്നോട്ടുവന്നത്. ഒരു വാടകക്കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനമാണ് ശാന്തിദീപം. ഇന്നത് വളര്‍ച്ചയുടെ പാതയിലാണ്.
ശാന്തിദീപം നടത്താന്‍ മുന്നോട്ടുവന്നപ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ പല രീതിയിലായിരുന്നു സമൂഹത്തിന്റെ പ്രതികരണം. സമൂഹത്തിന്റെ പിന്‍ബലംതന്നെയാണ് എന്റെ കരുത്ത്. അതോടൊപ്പം സമൂഹത്തിന്റെ ചില കോണുകളില്‍നിന്ന് നിരുത്സാഹപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഞാനാകുന്ന അമ്മ പ്രതികരിക്കാതിരുന്ന കാലമുണ്ടായിരുന്നു. അന്ന് ജീവിതമേ ഞാനറിഞ്ഞിട്ടില്ല. പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ അവര്‍ ചീത്തയാണെന്നും അഹങ്കാരിയാണെന്നും മുദ്രകുത്തിയേക്കാം. എന്റെ മകന്‍ അജയ്ക്ക് വേണ്ടിയാണ് ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങിയത്. പിന്നീട് ശാന്തിദീപത്തിലെ മക്കള്‍ക്കു വേണ്ടിയും. സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിലെ കാഴ്ചപ്പാട് മാറണമെങ്കില്‍ നമ്മള്‍ സ്ത്രീകള്‍തന്നെ മുന്നോട്ട് വരേണ്ടതുണ്ട്.
ഈ സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് പഞ്ചായത്തില്‍ ഞാനൊരു സര്‍വേ നടത്തിയപ്പോള്‍ 158 പേരെയാണ് വൈകല്യങ്ങളുള്ളതായി കണ്ടെത്തിയത്. അന്ന് ഈ പരിസരത്തെവിടെയും സ്‌പെഷ്യല്‍ സ്‌കൂള്‍ ഇല്ലായിരുന്നു. ഇവരെ ഉള്‍പ്പെടുത്തി നടത്തിയ അവയര്‍നെസ് ക്യാമ്പില്‍ അവരെ ആദ്യമായി പല്ല് തേപ്പിക്കാനും പ്രാഥമിക കാര്യങ്ങള്‍ പരിശീലിപ്പിക്കാനും ശ്രമിച്ചപ്പോള്‍, ഞങ്ങളുടെ മക്കളെ സ്‌നേഹിക്കാനും ആളുണ്ടല്ലോ എന്ന് കണ്ണുകള്‍ നിറഞ്ഞ് അമ്മമാര്‍ പറഞ്ഞ വാക്കുകള്‍ മറക്കാന്‍ പറ്റാത്തതാണ്. അതുപോലെ തിരിച്ചുവരവ് സാധ്യമല്ല എന്ന് കരുതിയ കുട്ടികളില്‍ ചിലര്‍ ജീവിതത്തിലേക്ക് കടന്നുവന്ന സന്ദര്‍ഭവും മറക്കാന്‍ കഴിയില്ല.
ഇവിടെ വളരെ ബുദ്ധിമുട്ടി വന്ന കുട്ടിയായിരുന്നു ആഗ്നി എന്ന മോന്‍. ഒരുപാട് പുരോഗതി അവനിലുണ്ടായി. വായിക്കാനൊക്കെ തുടങ്ങി. പെട്ടെന്ന് അസുഖ ബാധിനാവുകയും നമ്മെവിട്ട് പോവുകയും ചെയ്ത അവന്‍ ഇന്നും ഒരു നൊമ്പരമായി മനസ്സില്‍ നില്‍ക്കുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ 18 വയസ്സുള്ളവരെ ഒരു വിഭാഗമാക്കി സ്ഥാപനത്തിന് എയ്ഡഡ് പദവി നല്‍കുമ്പോള്‍ സ്ഥാപനത്തിലുള്ള അതിന് മുകളില്‍ പ്രായമുള്ളവരെ എന്തുചെയ്യും? അവരുടെ ചെലവ് എങ്ങനെ വഹിക്കും? 18 വയസ്സില്‍ താഴെയുള്ള 100 ഓളം കുട്ടികള്‍ ഒരു സ്ഥാപനത്തില്‍ വേണമെന്നാണ് ഗവര്‍ണമെന്റ് പറയുന്നത്. അപ്പോള്‍ സമൂഹത്തില്‍ ഇത്തരം കുട്ടികള്‍ വര്‍ധിക്കണമെന്നാണോ? എന്തുകൊണ്ട് സ്‌പെഷ്യല്‍ സ്‌കൂളിനെ പരിഗണിക്കുന്നില്ല. ബ്ലൈന്റിന് വേണ്ടിയും ഡെഫ്ഫിനു വേണ്ടിയും അവര്‍ സംസാരിക്കുന്നു. പക്ഷെ, ബുദ്ധിയും ശാരീരികവുമായ വൈകല്യങ്ങളുള്ള ഞങ്ങളുടെ മക്കള്‍ക്കു വേണ്ടി ആര് ശബ്ദിക്കും?! സമൂഹവും മാധ്യമങ്ങളും കൂടെയുണ്ടെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
രാവിലെ പ്രാര്‍ഥനയും യോഗയും കൊണ്ടാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പിന്നെ, കാപ്പിയും സ്‌നാക്‌സും കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കും. ബ്രഷിംഗ് അറിയാത്ത കുട്ടികളെ അത് പരിശീലിപ്പിക്കും. 11 മുതല്‍ ഒരു മണിവരെ അക്കാദമിക് ടൈമാണ്. എത്ര പഠിക്കാത്ത കുട്ടിയും അപ്പോള്‍ പഠിക്കാന്‍ ഇരിക്കണം. എത്ര ഹൈപ്പര്‍ ആക്ടീവായ കുട്ടിയും ക്ലാസ്‌റൂം സിറ്റ്വേഷനിലിരിക്കുന്നു. അതിലൂടെ അവര്‍ ഇതുമായി ഇണങ്ങിവരും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ടൈലറിങ്ങ്, പെയിന്റിങ്ങ്, പാട്ട്, ഡാന്‍സ്, സ്‌പോര്‍ട്‌സ് തുടങ്ങിയവയിലെല്ലാം പരിശീലനം നല്‍കുന്നു. ഒരുപാട് പേര്‍ പത്താംതരം തുല്യത പാസ്സായിട്ടുണ്ട്.
ശാന്തിദീപത്തില്‍ നിന്നും വേര്‍പെട്ട ഒരു സ്വപ്‌നം എനിക്കില്ല. ശാന്തിദീപമില്ലെങ്കില്‍ ഞാനില്ല. ഞങ്ങളുടെ മുന്നില്‍ ഒരു ഇരുപത്തിമൂന്നര സെന്റ് ഭൂമിയുണ്ട്. അവിടെ ഞങ്ങള്‍ക്ക് ഒരു കെട്ടിടവും തൊഴില്‍ പരിശീലന കേന്ദ്രവും പണിയാന്‍ ആഗ്രഹമുണ്ട്. രക്ഷിതാക്കളില്ലാത്ത കുട്ടികള്‍ക്ക് കഴിയാനൊരു റെസിഡെന്‍ഷ്യല്‍ സ്ഥാപനവും എന്റെ സ്വപ്‌നമാണ്. ഈ തൊഴില്‍ പരിശീലന കേന്ദ്രത്തിലൂടെ കുട്ടികളെ സ്വയം പര്യാപ്തതയുള്ളവരാക്കി മാറ്റാന്‍ കഴിയും. ഇനി ഒന്നും ചെയ്യാന്‍ പറ്റാത്തവരാണെങ്കില്‍ അവര്‍ക്ക് ശാന്തിദീപം വഴി സാന്ത്വനമേകാനെങ്കിലുമാകും. പക്ഷെ, ഈ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഉദാര മനസ്സുകള്‍ കനിയേണ്ടതുണ്ട്.
എന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ മോശമാണ്. സ്തനാര്‍ബുദം വളരെ കൂടുതലായി. പെട്ടെന്ന് തന്നെ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അജയ് ഉള്ളിടത്തോളം കാലം അധികവേദനകളൊന്നും ഇല്ലാതെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. ദൈവത്തില്‍ എല്ലാം സമര്‍പിച്ച് സമാധാനിക്കുന്നു. അത്യാഗ്രഹമാണെന്നറിയാം; എന്നാലും കുറച്ച് വര്‍ഷംകൂടി ആയുസ്സ് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ട്.
ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതും ഇതുപോലൊരു ശാന്തിദീപത്തിലേക്കു തന്നെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. കുടുബത്തില്‍നിന്നും മറ്റും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ആത്മഹത്യയിലേക്ക് പോകുന്ന സ്ത്രീകളുണ്ട്. അങ്ങനെയൊരിക്കലും ചിന്തിക്കരുതെന്നാണ് സ്ത്രീകളോട് എനിക്കുപറയാനുള്ളത്. നമ്മള്‍ ഹൃദയം കൊണ്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവിടെ ദൈവം ഇറങ്ങി പ്രവര്‍ത്തിക്കും. പ്രത്യേകിച്ച് ഇത്തരം വൈകല്യങ്ങളുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം അമ്മയോളം നല്ലൊരു അധ്യാപിക വേറെയില്ല. നമുക്ക് ദൃഢനിശ്ചയമുണ്ടെങ്കില്‍ നമ്മുടെയും സമൂഹത്തിലെയും ഒട്ടനവധി കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമാക്കാം. സ്ത്രീക്ക് അസാധ്യമായി ഒന്നുമില്ല. ശാന്തിദീപം ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയ സ്ഥാപനമാണ്. ആദ്യം നാല് ജീവനക്കാരും 14 കുട്ടികളുമാണുണ്ടായിരുന്നത്. ഇന്നിപ്പോള്‍ 20 ജീവനക്കാരുണ്ട്. അതില്‍ 19-ഉം സ്ത്രീകളാണ്. അതില്‍ ഏഴുപേര്‍ ഇത്തരം കുട്ടികളുടെ അമ്മമാരുമാണ്. അവരിന്ന് ആത്മാഭിമാനത്തോടെ ജോലിചെയ്യുന്നു. വരുമാനവുമുണ്ട്. ശാന്തിദീപത്തില്‍ കണ്ണീരോടെ വന്നുചേരുന്ന ഓരോ രക്ഷിതാക്കളും പിന്നീട് പറയാറുണ്ട്, ഇവിടെ വന്ന് കുറച്ച് കഴിയുമ്പോഴേക്കും സങ്കടവും നിരാശയും മറന്ന് പ്രതീക്ഷയും സ്വപ്‌നവുമുള്ളവരാകുന്നുവെന്ന്.
എന്താണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകളുടെ പ്രവര്‍ത്തനമെന്ന് ഞാന്‍ ചിന്തിച്ചു പോകാറുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സമിതി രൂപവല്‍ക്കരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി അത് ശരിയായ രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ്. വൈകല്യങ്ങളുള്ള കുട്ടികളെ ഒറ്റപ്പെടുത്താതിരിക്കണമെന്നാണ് സമൂഹത്തോടെനിക്കു പറാനുള്ളത്. അവരുടെ അമ്മമാര്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ടത് ഭര്‍ത്താക്കന്മാരും കുടുംബാം ഗങ്ങളുമാണ്. പലപ്പോഴും ഈ കുട്ടികള്‍ സമൂഹത്തിന്റെ പരിഹാസത്തിന് ഇരയാവാറുണ്ട്. പക്ഷെ, അവര്‍ക്കൊരു കൈത്താങ്ങാകുവാനാണ് സമൂഹം ശ്രമിക്കേണ്ടത്. ഇപ്പോഴും നന്മയുള്ള ഒരുപാട് മനുഷ്യസ്‌നേഹികളുണ്ടെന്നാണ് എന്റെ അനുഭവം. ധാരാളംപേര്‍ സഹായവും സാന്ത്വനവുമായി മുന്നോട്ടുവരാറുണ്ട്. ശാന്തിദീപം പോലുള്ള സ്ഥാപനങ്ങളിലെ കുട്ടികളുടെ ഭാവി നിലകൊള്ളുന്നതും അത്തരം സുമനസ്സുകളുടെ കൈകളിലാണ്.