ഓരോ മാസം കഴിയുംതോറും ആരാമത്തിന്റെ പുതുമ കൂടുകയാണ്. ഫെബ്രുവരി ലക്കം മുഖമൊഴി നന്നായിരുന്നു. സൗദ ബാബു നസീറിന്റെ കവിത 'മനസ്സ്', കവിയത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇത്തരത്തിലുള്ള കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഖുര്‍ആനിലെ സ്ത്രീ വളരെയധികം ഉപകാരപ്രദമായി. ഖുര്‍ആനിലെ
ഓരോ മാസം കഴിയുംതോറും ആരാമത്തിന്റെ പുതുമ കൂടുകയാണ്. ഫെബ്രുവരി ലക്കം മുഖമൊഴി നന്നായിരുന്നു. സൗദ ബാബു നസീറിന്റെ കവിത 'മനസ്സ്', കവിയത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇത്തരത്തിലുള്ള കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഖുര്‍ആനിലെ സ്ത്രീ വളരെയധികം ഉപകാരപ്രദമായി. ഖുര്‍ആനിലെ ഉള്ളടക്കത്തെക്കുറിച്ചറിയാന് എനിക്കത് സഹായകമായി. റുഖിയ അബ്ദുല്ലക്കുട്ടിയുടെ തീനും കുടിയും പംക്തിയിലെ തേങ്ങ വറുത്തരച്ച താറാവ് കറി രുചിയേറിയ വിഭവം തന്നെ.
അറിവും, വിജ്ഞാനവും, ആരോഗ്യവും ഒപ്പം സ്വാദേറിയ വിഭവങ്ങളും ഉള്‍പ്പെടുത്തുന്ന ആരാമം, വീട്ടില്‍ ഒതുങ്ങിക്കൂടി കഴിയുന്ന എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് ഒരു ആശ്വാസം തന്നെയാണെന്ന് ഉറപ്പിച്ചുപറയട്ടെ.
ചീത്തകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും നല്ല കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ആരാമം ഇനിയും ഉയരട്ടെ.
പ്രചോദനമാവട്ടെ
നിസ്സാര കാര്യത്തിന്റെ പേരില്‍ പാതിവഴിയില്‍ മുറിഞ്ഞുപോയ കുടുംബബന്ധങ്ങള്‍ക്കും മറ്റു നല്ല ബന്ധങ്ങള്‍ക്കും ഇസ്ലാമിക ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്നും അതിനെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരണം എന്നുള്ള വലിയ സന്ദേശം 'കഥകൊണ്ട് ബലപ്പെടുത്താവുന്ന ബന്ധങ്ങള്‍' എന്ന ലേഖനത്തിലൂടെ വായനക്കാരിലേക്കെത്തിച്ച ടി. മുഹമ്മദ് വേളത്തിന് നന്ദി.
നല്ല ബന്ധങ്ങളാണ് ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ അടിസ്ഥാനം. വളരെയധികം സൗകര്യങ്ങളടങ്ങിയ ഈ ജീവിതത്തില്‍ നമ്മുടെ നല്ല ബന്ധങ്ങളെ വളര്‍ത്തിയെടുക്കേണ്ടതാണ്.
രക്ഷിതാക്കളോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്ന കുട്ടികളെ നമുക്കിടയില്‍ കാണാം. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചാ മുരടിപ്പാണിവിടെ കാണുന്നത്. കുട്ടികളുമായി വിനോദത്തിലും സംസാരത്തിലും ഏര്‍പ്പെടുന്നതിന് സമയം കണ്ടെത്തണം.
കുടുംബ സന്ദര്‍ശനത്തിന് ഇസ്ലാം വലിയ പ്രാധാന്യം നല്കുന്നു. അറ്റുപോയ ബന്ധങ്ങളെ കൂട്ടിയിണക്കാനും ബന്ധങ്ങള്‍ക്ക് കരുത്തേകുന്നതിനായി സംസാരിക്കുവാനും ഓരോ വായനക്കാര്‍ക്കും ഈ ലേഖനം പ്രചോദനമാവട്ടെ.
ഹുസ്ന നസ്റുദ്ദീന്‍
കൊണ്ടോട്ടി
വളയമില്ലാത്ത ചാട്ടംപോലെ
ആരാമത്തിന്റെ പേജുകള്‍ക്ക് ഒരു ആദ്യാവസാനമില്ല. തുടക്കത്തില്‍ ഒരു വലിയ അക്ഷരവും അവസാനിക്കുമ്പോള്‍ ഒരു വലിയ പുള്ളിയും വേണം. അതാണല്ലോ നാട്ടുനടപ്പ്. അല്ലെങ്കില്‍ അതൊരു വളയില്ലാത്ത ചാട്ടമായി ഗണിക്കപ്പെടും.
സി. മുഹമ്മദ് കരുവാരക്കുണ്ട്
പെണ്‍ശക്തി
പെണ്ണുങ്ങളുടെ ശാക്തീകരണം അംഗീകരിക്കാന്‍ കഴിയാത്തവര്‍ എന്നുമുണ്ടാകും. എന്നാലും ഞങ്ങള്‍ മുന്നേറിക്കൊണ്ടേയിരിക്കും എന്ന് തെളിയിച്ചുകൊണ്ട് സ്ത്രീകൂട്ടായ്മകളുടെ ശാക്തീകരണത്തിന്റെ നേര്‍ക്കുനേരെയുളള വര്‍ത്തമാനം പറഞ്ഞ ആരാമത്തിന് നന്ദി. അവളെ വീടകങ്ങളില്‍ ഒതുക്കിനിര്‍ത്തി ചോറുവിളമ്പാനും കുട്ടികളെയും കെട്ടിയവനേയും നോക്കാനുള്ള ഉദ്യോഗാര്‍ഥി എന്ന് സമാധാനിച്ചിരുന്ന കാലം ശരിക്കും കഴിഞ്ഞിരിക്കുന്നു. നാരികള്‍ക്ക് വീടിനൊപ്പം നാടും നാട്ടാരും ചുറ്റുപാടുമെല്ലാം ഏറെ വേണ്ടപ്പെട്ടതാണെന്ന് മൈമൂന തെളിവുസഹിതം പറഞ്ഞുവെച്ചത് അവസരോചിതമായി.
ബാസിമ മലപ്പുറം
വിവാഹത്തിന് പണ്ഡിതന്റെ ആവശ്യമോ?
ഡിസംബര്‍ ലക്കത്തില്‍ ഹബീബ ഹുസൈന് ടി.കെ. എഴുതിയിരുന്ന ഇണകളുടെ ഭാവി എന്ന ലേഖനം വായിച്ചു. ഈ ലേഖനത്തില്‍ ഒന്നുരണ്ടു തെറ്റുകള്‍ ഉണ്ട്. വിവാഹം മതകീയമായ ആശിര്‍വാദങ്ങളോടെ നടക്കുന്ന ഒരു സല്ക്കര്മമാണെന്നാണ് ലേഖനത്തില്‍ എഴുതിയിരുന്നത്. ഇത് തെറ്റാണ്. വിവാഹത്തിന് മതവുമായി ഒരു ബന്ധവുമില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം. ഈ ബന്ധത്തില്‍ ജാതിക്കോ മതത്തിനോ വര്‍ഗത്തിനോ ദേശത്തിനോ യാതൊരു കാര്യവുമില്ല. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളെ ലംഘിച്ചുകൊണ്ടുള്ള ഒരു ബന്ധമാണ് വിവാഹബന്ധം. രണ്ട് വ്യത്യസ്ഥ മതക്കാര്‍ തമ്മില്‍ മിശ്രവിവാഹം നടത്തുന്നില്ലേ? ഇവിടെ ഒരു മതത്തിന്റെയും ആശിര്‍വാദം ഇല്ലല്ലോ. മതപുരോഹിതന്റെ മുമ്പില്‍ തലയും കുമ്പിട്ടിരുന്ന് വിവാഹം കഴിച്ചിട്ട് ഏതാനും ദിവസങ്ങള്‍കഴിയുമ്പോള്‍ ത്വലാഖ് ചൊല്ലി ഉപേക്ഷിക്കുന്ന മതപരമായ വിവാഹത്തിനേക്കാള്‍ എത്രയോ നല്ലതാണ് മതപരമായ ചടങ്ങുകള്‍ ഇല്ലാത്ത വിവാഹം.
മുഹമ്മദ് ശരീഫ്, ഡല്‍ഹി