കുന്നത്തുചാലില്‍ ഹുസൈന് തുടര്‍പഠനത്തിന് കൊടിയത്തൂര്‍ ഗ്രാമത്തിലെത്തുമ്പോള്‍ ഖുര്‍ആനിന്റെ പിന്‍ബലമല്ലാതെ മറ്റു സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഗംഭീരവും ഇമ്പവുമാര്‍ന്ന ആ ഖുര്‍ആനിക ശബ്ദം മാത്രം മതിയായിരുന്നു കോയാമുഹാജിക്ക് തന്റെ പേരമകള്‍ അത്തിയ്യയെ ഹുസൈന് വിവാഹം ചെയ്തുകൊടുക്കാന്‍. പിന്നീട്
കുന്നത്തുചാലില്‍ ഹുസൈന് തുടര്‍പഠനത്തിന് കൊടിയത്തൂര്‍ ഗ്രാമത്തിലെത്തുമ്പോള്‍ ഖുര്‍ആനിന്റെ പിന്‍ബലമല്ലാതെ മറ്റു സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഗംഭീരവും ഇമ്പവുമാര്‍ന്ന ആ ഖുര്‍ആനിക ശബ്ദം മാത്രം മതിയായിരുന്നു കോയാമുഹാജിക്ക് തന്റെ പേരമകള്‍ അത്തിയ്യയെ ഹുസൈന് വിവാഹം ചെയ്തുകൊടുക്കാന്‍. പിന്നീട് കൊടിയത്തൂരിലെ ഖാദിയായി മാറിയ ഹുസൈനും ഭാര്യ അത്തിയ്യുമ്മക്കും പതിമൂന്ന് മക്കള്‍. മക്കളെ ഇസ്ലാമിക സംസ്കാരത്തില്‍ തന്നെ വളര്‍ത്തിയ മരക്കച്ചവടക്കാരന് കൂടിയായ ഹുസൈന് മുസ്ല്യാര്‍ തന്റെ സമ്പാദ്യം മക്കളിലേക്കുമാത്രം ബാക്കിവെച്ചില്ല. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ദൈവമാര്‍ഗത്തില്‍ ചെലവഴിച്ച് പരലോകത്തേക്കുള്ള സമ്പാദ്യമാക്കി. പള്ളിക്കും മദ്രസക്കും സ്വത്തുക്കള്‍ വഖഫ് ചെയ്തുമാറിനില്ക്കാതെ എല്ലാ വഖഫുകളും കുടുംബവഖഫുകളാക്കി. സ്വത്തുക്കള്‍ മക്കളുടെ പേരില്‍ വഖഫുചെയ്യുകയും അത് മക്കള്‍ പരിപാലിച്ച് അതില്‍നിന്നും കിട്ടുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം കൊണ്ട് നിത്യവും ഒരു ജുസ്അ് ഖുര്‍ആന്‍ ഓതുക, റമളാനില്‍ ഉര്‍ദി പറയിപ്പിക്കുക തുടങ്ങിയ ദീനീപ്രവര്‍ത്തനങ്ങള്‍ നടത്തുക, ബാക്കിയുണ്ടെങ്കില്‍ മാത്രം സ്വയം അനുഭവിക്കുക, വഖഫ് ചെയ്യപ്പെട്ട ആള് മരിച്ചാല്‍ കുടുംബത്തിലെ അടുത്ത മുതിര്‍ന്നയാള്‍, ഇനി കുടുംബത്തിലാരും പ്രാപ്തരായവരില്ലെങ്കില് നാട്ടുകാരണവന്മാരോ ബന്ധക്കാരോ വഖഫ് ബോര്‍ഡോ സ്വത്ത് ഏറ്റെടുത്തുനടത്തി വഖഫിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുക ഇതായിരുന്നു പരലോകത്തേക്കു കരുതിവെപ്പുനടത്തിയ ആ പണ്ഡിതവര്യന്റെ വസ്വിയ്യത്ത്. അദ്ദേഹം അത്വിയ്യയെ വിവാഹം കഴിച്ചപ്പോള്‍ 1915-ല്‍ അത്വിയ്യയുടെ വലിയുമ്മയായ കുഞ്ഞിക്കയ്യ ഹജ്ജുമ്മ അത്വിയ്യക്ക് വിവാഹ സമ്മാനമായി നല്‍കിയത് ഒരു തുണ്ട് വഖഫ് ഭൂമിയായിരുന്നു. നിത്യവും ഒരു ജുസ്അ് ഖുര്‍ആന്‍ ഓതണമെന്ന വ്യവസ്ഥയില്‍. വഖഫിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ അത്വിയ്യയെ സഹായിക്കാനും ഉറപ്പുവരുത്താനുമാവാം ഈ വഖഫാധാരത്തിന് സാക്ഷിയാക്കിയത് ഹുസൈന് മുസ്ല്യാരെയായിരുന്നു. മരണാസന്നനാവുമ്പോഴോ, അനന്തരസ്വത്ത് വീതം വെക്കുമ്പോഴോ അല്ല ജീവിതവും സമ്പാദനവും തുടിച്ചുനില്‍ക്കുമ്പോള്‍ തന്നെയാണ് വഖഫുകള്‍ ചെയ്യേണ്ടത് എന്ന പാഠമാണ് ഇതു നമുക്കു നല്‍കുന്നത്.
ഇങ്ങനെ എന്നും നിലനില്‍ക്കുന്ന പുണ്യമായി സ്വത്തുക്കള്‍ മാറ്റിയ ആ മാതാപിതാക്കളുടെ 11-ാമത്തെ മകനായി ഖുര്‍ആനിന്റെ തണലില്‍ പിച്ചവെച്ചുവളര്‍ന്ന കെ.സി അബ്ദുല്ലാഹ് മൗലവിയുടെ വസ്വിയ്യത്തും മറ്റൊന്നായിരുന്നില്ല. 'ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആനിന്റെ വിഷയാധിഷ്ഠിത പഠനം ഇനിയും കുറേ നടക്കാനുണ്ട്. നിങ്ങള്‍ ഖുര്‍ആന്‍ നന്നായി പഠിക്കണം. അതിനുള്ള സൗകര്യം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുകയും വേണം എന്ന വസ്വിയ്യത്തിന്റെ പൂര്‍ത്തീകരണമാണ് കെ.സി അബ്ദുല്ലാഹ് മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷന് എന്ന പേരില്‍ ചേന്ദമംഗല്ലൂരില്‍ ഉയര്ന്നുനില്ക്കുന്ന ഖുര്‍ആന്‍ പഠനകേന്ദ്രം. തലമുറകള്‍ക്ക് സമ്പാദ്യത്തിന്റെ കരുതിവെപ്പുകള്‍ സ്വരൂപിച്ചുകൂട്ടാനുള്ള ഉത്സാഹം മനുഷ്യസഹജമാണ്. പണവും പൊന്നും പറമ്പുമായി കയ്യടക്കിവെക്കുന്നതൊക്കെയും മക്കളെയും പേരക്കുട്ടികളെയുമോര്ത്താണ്. ആരുടെയും മുമ്പില്‍ കൈനീട്ടാതെ അന്തസ്സായി എന്റെ മക്കളീലോകത്ത് വളരണമെന്നാശയാണതിനു പിന്നില്‍. എന്നാല്‍ സമ്പാദിക്കുന്നതിനനുസരിച്ച് അപ്പപ്പോള്‍ ഒരു വിഹിതം പരലോകത്തേക്കുകൂടി കരുതിവെപ്പുനടത്തിയ തലമുറകളെയും നമുക്കുകാണാം. ആ കരുതിവെപ്പിന്റെ ബാക്കിപത്രമാണ് ഇന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും പകര്‍ത്താനുമായി തലയെടുപ്പോടെ ഉയര്ന്നുനില്ക്കുന്ന കെ.സി അബ്ദുല്ലാഹ് മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷനും സ്കൂള്‍ ഓഫ് ഖുര്‍ആന്‍ & സയന്‍സും.
1995-ല്‍ നിലവില്‍ വന്ന സ്ഥാപനത്തിനു കീഴില്‍ ഫഹ്മുല്‍ ഖുര്‍ആന്‍, മദ്രസ ഹിഫഌല്‍ ഖുര്‍ആന്‍, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ്, മദ്രസ ഹിഫഌല്‍ ഖുര്‍ആന്‍ (പെണ്‍കുട്ടികള്‍), അല്‍ഫിത്വ്റ ഇസ്ലാമിക് പ്രീ സ്കൂള്‍ എന്നിവയും ഇതിനിടെ പിറവിയെടുത്തിട്ടുണ്ട്.
ഫഹ്മുല്‍ ഖുര്‍ആന്‍:
പ്രശസ്ത പണ്ഡിതന് എം.വി മുഹമ്മദ് സലീം മൗലവിയുടെ നിയന്ത്രണത്തില്‍ നടന്നുവന്ന ഫഹ്മുല്‍ ഖുര്‍ആന്‍ കോഴ്സ് കേരളത്തിലെ ഖുര്‍ആന്‍ വിദൂര പഠനസൗകര്യങ്ങളില്‍ ആദ്യത്തെതാണ്. അറബി ഭാഷ പഠിച്ച പണ്ഡിതര്‍ക്ക് ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സൗകര്യം നല്‍കുന്നതിന് പുറമെ അതിനാവശ്യമായ തഫ്സീറുകളും ഗ്രന്ഥങ്ങളും മറ്റു പഠനസാമഗ്രികളും സൗജന്യമായി വിതരണവും നടത്തിയിരുന്നു. സംശയനിവാരണത്തിന് വിവിധ പ്രദേശങ്ങളില്‍ ഗൈഡുകളെ നിശ്ചയിച്ചു. മാസംതോറും കോണ്ടാക്ട് ക്ലാസ്സുകളും നടത്തി. ഓരോ ഘട്ടത്തിലും പരീക്ഷ നടത്തി മാര്‍ക്കനുസരിച്ച് സ്കോളര്‍ഷിപ്പും നല്‍കിവന്ന പദ്ധതിയാണ് ഫഹ്മുല്‍ ഖുര്‍ആന്‍. ഹബീബ പാഷ(തിരൂരങ്ങാടി), റാഹില ടീച്ചര്‍(തിരുവനന്തപുരം), മര്‍ഹൂം അബുല്‍ ബശാഇര്‍ ശര്‍ഖി എന്നിവര്‍ ഈ രീതിയില്‍ പഠനം നടത്തിയവരില്‍ ചിലരാണ്.
മദ്രസ ഹിഫ്ളുല്‍ ഖുര്‍ആന്‍:
2002-ല്‍ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടുകൂടി ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ മദ്രസ ഹിഫ്ളുല്‍ ഖുര്‍ആന്‍ തുടങ്ങി. 13 വര്‍ഷത്തിനിടയില്‍ 71 കുട്ടികള്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കി. ഇതിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമുമ്പായി അഡ്മിഷന് ക്യാമ്പ് നടത്തുന്നു. 10 വയസ്സായ കുട്ടി ഖുര്‍ആനും ശാസ്ത്ര വിഷയങ്ങളും ഭാഷകളും പഠിക്കാന്‍ മാത്രം പ്രാപ്തനാണോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവിടുത്തെ കുട്ടികള്‍.
സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ്:
ഖുര്‍ആന്‍ മനപ്പാഠമാക്കിയ കുട്ടികള്‍ക്ക്, സ്കൂള്‍പഠനത്തോടൊപ്പം ഖുര്‍ആന്റെ അര്‍ഥവും, അറബി, ഉര്ദുഭാഷകളും ശാസ്ത്രവിഷയങ്ങളുടെ ഖുര്‍ആനിക നിലപാടും പഠിപ്പിക്കുന്നതിനുവേണ്ടി നിലവില്‍ വന്നതാണ് സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ്. 2003-ലാണ് ഇതാരംഭിച്ചത്. മനുഷ്യജീവിതത്തില്‍ നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത ഒന്നാണല്ലോ സമയം. ആ സമയത്തെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയുടെ വിജയമാണ് ഈ പഠനരീതിയുടെ സമയക്രമീകരണം. രാവിലെ മുതല്‍ രാത്രിവരെ അര്‍ഥമറിഞ്ഞ് ഖുര്‍ആന്‍ മനപ്പാഠവും ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെക്കുറിച്ച അവബോധവും അറബി, ഉര്‍ദു ഭാഷകളില്‍ അടിസ്ഥാന വിവരവും വിദ്യാര്‍ഥികള്‍ നേടുന്നു. സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹാഫിളുകളായവര് മാനേജ്മെന്റ്, ജേര്‍ണലിസം, ഫിനാന്‍സ്, എകണോമിക്സ്, ജിയോളജി, സി.എ, മെഡിസിന് രംഗങ്ങളില്‍ ബിരുദാനന്തരബിരുദ പഠനം തുടര്ന്നുകൊണ്ടിരിക്കുകയാണെന്നത് എടുത്തുപറയേണ്ടത് തന്നെയാണ്.
മദ്രസ ഹിഫ്ളുല്‍ ഖുര്‍ആന്‍ (പെണ്‍കുട്ടികള്‍):
2003 മുതല്‍ തുടങ്ങിയ പ്രഥമ ബാച്ചില്‍ തന്നെ മൂന്നു പെണ്‍കുട്ടികള്‍ പഠിച്ചിരുന്നുവെങ്കിലും 2013-ലാണ് പെണ്‍കുട്ടികള്‍ക്ക് പോസ്റ്റലില്‍ താമസിച്ചുകൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിനുളള മദ്രസ ഹിഫ്ളുല്‍ ഖുര്‍ആന്‍ തുടങ്ങിയത്. ഹിഫ്ളിനുശേഷം പെണ്‍കുട്ടികളും തുടര്‍ന്നു പഠിക്കേണ്ടത് സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സിലാണ്. ഇവരെ പഠിപ്പിക്കാനായി ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാജറ, സബാഹ എന്നീ അധ്യാപികമാരാണിപ്പോഴുള്ളത്. ഇവിടെ പഠനം പീഡനമല്ല; മത്സരമാണ്. പഠിതാക്കള്‍ക്ക് പ്രോത്സാഹനമായി സമ്മാനങ്ങള്‍ കൊടുത്തുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് മാതാപിതാക്കളെ വിട്ടുനില്‍ക്കാനാവാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്ന് പല പ്രാവശ്യം ചാടിപ്പോയിട്ടും പിന്നീട് തിരിച്ചെത്തി മലപ്പുറത്തെ മുഹമ്മദ് സലാഹിന് നാലുമാസംകൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കാനായത്. ഇക്കാരണത്താല്‍ തന്നെയാണ് 12-കാരി സുമയ്യ തുടങ്ങി ഒട്ടേറെ പേര് ഹാഫിളുകളായി ഇവിടെ ഉണ്ടായത്. ആത്മീയ ഉന്മേഷം നല്കുന്ന അറിവിനു പുറമെ കരാട്ടെ പാചകം തുടങ്ങിയവയിലും വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പരിശീലനം നല്കുന്നു.
ഇതേ വര്‍ഷം തന്നെ ആരംഭിച്ചതാണ് മൂന്ന് വയസ്സായ കുട്ടികള്‍ക്ക് മൂന്നു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ നിയമാനുസൃതം തെറ്റുകൂടാതെ ഓതാന്‍ പഠിപ്പിക്കുന്ന അല്‍ ഫിത്വ്റ ഇസ്ലാമിക് പ്രീ-സ്കൂള്‍. ഒപ്പം ഹദീസുകളും പ്രാര്‍ഥനകളും സ്തുതിഗീതങ്ങളും വിശ്വാസകര്‍മങ്ങളും പഠിച്ചു ശീലമാക്കുന്ന കുട്ടി ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേരാനുള്ള യോഗ്യതയും നേടിയിരിക്കും. 2013ല്‍ 26 കുട്ടികളുമായി തുടങ്ങിയ സ്കൂളില്‍ ഇപ്പോള്‍ 168 കുട്ടികള്‍ പഠിക്കുന്നു.
അല്‍ഫിത്വ്റ ഇസ്ലാമിക് പ്രീ സ്കൂള്‍:
രണ്ടാം വയസ്സിലേ താളത്തില്‍ ഏ.ബീ.സീ.ഡീ ചൊല്ലിപ്പഠിപ്പിച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിനു മുന്നില്‍ അഡ്മിഷനുവേണ്ടി നോട്ടുകെട്ടുകളുമായി കാവല്നില്ക്കുന്ന രക്ഷിതാക്കളെയാണ് നമുക്ക് ഏറെ പരിചയം. ഇംഗ്ലീഷ് മീഡിയത്തോട് അലര്‍ജിയുള്ളവര്‍ക്ക് നാട്ടുമ്പുറത്ത് അംഗന്‍വാടിയുണ്ട്. കുട്ടിത്തത്തിന്റെ വാശിയും ദേഷ്യവും കുറുമ്പും ആട്ടവും പാട്ടവും അവരവിടെ തീര്‍ക്കും. ഇത് നമുക്ക് പരിചയമുള്ള പ്രീ സ്കൂള്‍കാലം. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ പതിയെ പതിഞ്ഞുവരുന്ന മറ്റൊരു രീതിയാണ് അല്‍ഫിത്വ്റ ഇസ്ലാമിക് പ്രീ സ്കൂളുകള്‍. സ്കൂള്‍ ബാഗിന്റെയും പഠനത്തിന്റെയും പരീക്ഷയുടെയും ഭാരമില്ലാതെ ഖുര്‍ആന്‍ നന്നേ ചെറുപ്പത്തില്‍ ചൊല്ലിപ്പഠിക്കാനൊരിടം. ടോമിജെറി കഥകള്ക്കേട്ടുപഠിക്കുന്ന തലമുറകളില്‍ നിന്നും വ്യത്യസ്തമായി ലോകത്തെ കണ്ടും കേട്ടും അനുഭവിച്ചും കല്ലില്‍കൊത്തിവെച്ച പോലെ പഠിക്കുന്ന പ്രായത്തില്‍ ഖുര്‍ആന്‍ കേട്ടുപഠിക്കുന്നു. മൂന്ന് വയസ്സില്‍ തുടങ്ങുന്ന പ്രീ സ്കൂള്‍ സിലബസ് ആറ് വയസ്സായി സ്കൂള്‍ പഠനം തുടങ്ങേണ്ട സമയമാകുമ്പോള്‍ അവസാനിക്കുന്നു. ഇതിനിടയില്‍ അമ്മ ജുസ്അ് പൂര്‍ണ്ണമായും തര്‍ത്തീല്‍ നിയമപ്രകാരം മനപ്പാഠമാക്കുകയും ഖുര്‍ആനിന്റെ ഏത് ഭാഗത്ത്നിന്നും തെറ്റുകൂടാതെ തജ്വീദ് നിയമം പാലിച്ച് ഓതാന്‍ പഠിക്കുകയും ചെയ്യും.. കൂടാതെ ദൈനംദിന പ്രാര്‍ഥനകളും പ്രവാചക ചരിത്രങ്ങളും കുട്ടികളിവിടെ കേട്ടുപഠിക്കുന്നു. സാധാരണ സ്കൂള്‍ ടീച്ചിംഗ് മെത്തേര്‍ഡില്‍ നിന്നും വ്യത്യസ്തമായി ഒരു ക്ലാസ്സില്‍ രണ്ടു ടീച്ചറും ഒരു സഹായിയും ഉണ്ടായിരിക്കും. ഇംഗ്ലീഷ് മീഡിയം സ്കൂളിനെന്ന പോലെ കേരളത്തില്‍ ഈ നൂതനവിദ്യാരീതി വളര്ന്നുവന്നതിനുപിന്നിലും ഒരു ചരിത്രമുണ്ട്. അത് അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് അബ്ദുസ്സലാം സുല്ലമി, സഈദ് ഫാറൂഖി, കൊളംബൊ യൂനുസ്, പാരിസ് അബൂബക്കര്‍ഹാജി എന്നീ വ്യക്തികളിലേക്കാണ്. ഈപഠനരീതിയെ ആദ്യമായി കേരളക്കരയിലേക്ക് കൊണ്ടുവതിവരാണ്. ഗള്‍ഫില്‍ നിന്ന് കേട്ടറിഞ്ഞ പുതിയപാഠ്യരീതിയെക്കുറിച്ച് നേരിട്ടറിയാന്‍ ഈജിപ്തിലേക്ക് പോവുകയും പരിശീലനം നേടുകയും തിരിച്ചുവന്ന് അതിവിടെ നടപ്പിലാക്കുകയും ചെയ്തു. കുട്ടികളുടെ സൈക്കോളജിയോട് ഏറെ നീതി പുലര്‍ത്തുന്ന ഈ സിലബസ്സ് അവര്‍ നെഞ്ചേറ്റി.
അറബിക് ഇംഗ്ലീഷ് മീഡിയം ഇടകലര്‍ത്തി നൂറുല്‍ ബയാന്‍ എന്ന സിലബസനുസരിച്ചാണ് ഈ സ്കൂളുകളിലെ പഠനം. ഇതിനുവേണ്ടി പ്രത്യേകം ട്രൈനിംഗ് ലഭിച്ച അധ്യാപികമാരാണുള്ളത്. ഈജിപ്തില്‍നിന്നും വരുന്ന അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒരുമാസത്തെ ട്രൈനിംഗ് വിജയകരമായിപൂര്ത്തീകരിക്കുന്നവരാണ് അധ്യാപികമാര്‍. ആദ്യമായി ഇത്തരം പഠനരീതി നിലവില്‍വന്നത് 2012-ല്‍ കോഴിക്കോട് ജില്ലയിലെ കൊളത്തറയിലെ അന്ജുമന് തഅലീമുല് ഖുര്‍ആനിലാണ്. ഇന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലായി എഴുപതോളം സ്കൂളുകള്‍ നിലവിലുണ്ട്.
എസ്.എല്‍.ആര്.സി
കേരളത്തില്‍ ആദ്യമായി പ്രായ-ലിംഗ ഭേദമന്യേ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി തുടക്കം കുറിക്കപ്പെട്ട കേന്ദ്രമേതെന്ന അന്വേഷണം ചെന്നെത്തുന്നത് കെ.വി അബ്ദുല്‍ ലത്തീഫ് മൗലവിയെന്ന പണ്ഡിതനിലേക്കാണ്. കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പില്‍ 1989-ല്‍ 25-ഓളം പഠിതാക്കളെവെച്ച് തുടങ്ങിയ സ്ഥാപനം ഇന്ന് ഒരു പ്രസ്ഥാനം കണക്കെ വളര്‍ന്നിരിക്കുന്നു. അറബി അക്ഷരങ്ങള്‍ അറിയാത്തവനെപ്പോലും ഖുര്‍ആനിന്റെ തണലിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എസ്.എല്‍.ആര്.സി എന്ന ചുരുക്കപ്പേരിലറിപ്പെടുന്ന ഖുര്‍ആന്‍ ലേണിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിനു കഴിഞ്ഞിരിക്കുന്നു. മുജാഹിദ് ആശയക്കാരനാണെങ്കിലും സംഘടനയുടെ കീഴിലല്ല ഈ സ്ഥാപനം നിലവില്‍ വന്നത്. ശേഷം, കോഴിക്കോട് ജില്ലയിലെ പുതിയറ ഖലീഫാ മസ്ജിദ്, ഇടിയങ്ങര മിശ്കാത്ത് പള്ളി എന്നിവിടങ്ങളില്‍ പിന്നീട് ബ്രാഞ്ചുകള്‍ നിലവില്‍ വന്നു. 1995-ല്‍ സ്ത്രീകള്‍ക്ക് മാത്രമായി കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ പഠനാലയത്തിനു തുടക്കം കുറിച്ചു. ഇപ്പോള്‍ കണ്ണൂര്‍, തലശ്ശരി, തിരൂര്‍, കോട്ടക്കല്‍, എറണാകുളം എന്നീ സ്ഥലങ്ങളില്‍ക്കൂടി വ്യവസ്ഥാപിതമായ ഈ ഖുര്‍ആന്‍ പഠനരീതി വ്യാപിച്ചു.
വലിപ്പച്ചെറുപ്പമില്ലാതെ കുടുംബം ഒന്നിച്ചിരുന്ന് ഖുര്‍ആന്‍ പഠിക്കുന്നുവെന്നതാണ് ഈ ഖുര്‍ആന്‍ ക്ലാസ്സിനെ മറ്റിതര പഠനക്ലാസ്സുകളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഒരു പ്രത്യേക കാലയളവുകൊണ്ട് അവസാനിക്കുന്ന രീതിയിലല്ല കോഴ്സ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. '12 വയസ്സുകാരന് മുതല്‍ 80 വയസ്സുകാരി വരെ നിലവിലെ ബാച്ചിലുണ്ടെന്നാ'ണ് ഇരുപതു വര്‍ഷമായി എസ്.എല്‍.ആര്‍സി സ്റ്റുഡന്റും ഈ സംരംഭത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ ഇഫ്തികാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
അറബി അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും അറിയാത്തവരെപ്പോലും അറബി ഭാഷാ പഠനത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് സജ്ജമാക്കുന്ന ഈ രീതിയില്‍ ആദ്യവര്‍ഷം മുഅ്മിനൂര്, അന്നൂര്‍ പോലുള്ള ഒരുവര്‍ഷം കൊണ്ട് തീര്‍ക്കാന്‍ പറ്റിയ സൂറത്തുകള്‍ അര്‍ഥസഹിതം പഠിക്കുന്നു. ലത്തീഫ് മൗലവി തന്നെ തയ്യാറാക്കിയ അറബിക് ഗ്രാമര്‍ പുസ്തകവും ഈ വര്‍ഷം പഠിപ്പിക്കുന്നു. രണ്ടാം വര്‍ഷം മുതല്‍ നഹ്വുല്‍ വാളി എന്ന അറബി വ്യാകരണ പുസ്തകത്തിലൂടെ ഗ്രാമര്‍ തുടര്‍പഠനം സാധ്യമാക്കുന്നു. തുടര്‍ വര്‍ഷങ്ങളില്‍ ഖുര്‍ആന്‍ പഠനത്തോടൊപ്പം തന്നെ ബുലൂഉല് മറാം, ബുഖാരി, റിയാളുസ്സ്വാലിഹീന് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളും അര്‍ഥമറിഞ്ഞ് പഠിപ്പിക്കുന്നു. നാലാം വര്‍ഷമാകുമ്പോഴെക്കും നൂറുല്‍ യഖീന്‍ എന്ന ചരിത്രഗ്രന്ഥവും പഠിപ്പിക്കുന്നു. ആറാം വര്‍ഷമാകുമ്പോള്‍ ഫളീലത്തുല് മര്‍ഹല എന്ന ഗ്രന്ഥവും പഠിപ്പിക്കുന്നു.
സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളും സ്ഥാനപദവിയുടെ വലിപ്പച്ചെറുപ്പമില്ലാതെ ഖുര്‍ആന്റെ തണലില്‍ ഒന്നിച്ചിരുന്നു പഠിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കാലപരിധിയില്ലാതെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഈ സ്ഥാപനത്തില്‍ നിന്നും ഒട്ടേറെ പേരെ പ്രമുഖ പള്ളികളിലെ ഖത്തീബുമാരായി മാറ്റിയെടുക്കാനായിട്ടുണ്ട്. അറബി എഴുതാനും വായിക്കാനും അറിയാതെ പഠിതാക്കളായി എത്തിയവരില്‍ പലരുമിന്ന് പല പള്ളികളിലും നോമ്പുകാലത്ത് തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്കുന്നു. സീനിയറായ പഠിതാക്കള്‍ക്ക് ഒരേ സമയം പഠിതാവും അധ്യാപകനുമായി മാറാന്‍ കഴിയുന്നുവെന്നതും ഈ ഖുര്‍ആന്‍ ക്ലാസ്സിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇത്തരം ആളുകളാണ് മൗലവിയുടെ കൂടെ ചെറിയ ക്ലാസ്സുകളിലെ ഖുര്‍ആന്‍ പഠനത്തിന് നേതൃത്വം നല്‍കുന്നത്. പുരുഷന്മാര് മാത്രമല്ല, ഒട്ടനേകം സ്ത്രീകളും ഇങ്ങനെ അധ്യാപനരംഗത്ത് എത്തിയിട്ടുണ്ട്. ഈ സ്ത്രീകള്‍ മദ്രസകള്‍ ഏറ്റെടുത്തു നടത്തുന്നുമുണ്ട്. കോഴിക്കോട് സ്വദേശികളായ താഹിറ, നൂര്‍ജ തുടങ്ങിയ സ്ത്രീകളെ ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതാണ്.
വര്‍ഷാവര്‍ഷം പരീക്ഷകള്‍ നടത്തി എല്ലാ സെന്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്ക്കുനേടുന്നവര്ക്ക് ഒരു പവന്റെ ഗോള്‍ഡ് മെഡലുകള്‍ നല്‍കുകയും ചെയ്യുന്നു. മിക്ക സ്റ്റഡിസെന്ററുകളിലും കുടുംബം ഒന്നിച്ചാണ് പഠിക്കുന്നത്. അതിനാല്‍ വീടൊന്നാകെ ഖുര്‍ആന്‍ പരീക്ഷാ ചൂടിന്റെ പ്രതീതിയിലായിരിക്കുമെന്നാണ് കുടുംബത്തോടൊപ്പം തന്നെ പഠിക്കുന്ന ഇഫ്തികാറിന്റെ അഭിപ്രായം. അവാര്‍ഡ്ദാന ചടങ്ങിനോടനുബന്ധിച്ച് ഖുര്‍ആന്‍ മത്സരവും ഉണ്ടാകും. സ്ത്രീപുരുഷന്മാര്ക്ക് ഒരേ സ്റ്റേജില്‍ മത്സരങ്ങള്‍ നടക്കുന്നു. രോഗം കൊണ്ടും മറ്റുനിലക്കും സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് എസ്.എല്‍.ആര്.സി പഠിതാക്കളില്‍ നിന്നു തന്നെ ഫണ്ട് സമാഹരിച്ച് നല്‍കുക, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് മനശ്ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തുക തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സ്ഥാപനത്തിനു കീഴില്‍ നടത്തുന്നുണ്ട്.
ജംഇയ്യത്തുല്‍ ഖുത്വുബ
സമസ്തയും കീഴ്ഘടകങ്ങളും ഖുര്‍ആന്‍ പഠനത്തിന് വേണ്ടി നടത്തുന്ന വിവിധ സംരംഭങ്ങള്‍ നിരവധിയുണ്ട്. ഖത്വീബുമാരുടെ കൂട്ടായ്മയായ ജംഇയ്യത്തുല്‍ ഖുത്വുബയാണ് സ്ത്രീകള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ ക്ലാസ് നടത്തുന്നത്. ആഴ്ചകളിലും രണ്ടാഴ്ചകളിലുമായി ഏകദേശം രണ്ട് മണിക്കൂര്‍ നിശ്ചിത സൂറത്തുകള്‍ അടിസ്ഥാനപ്പെടുത്തി നടത്തി വരുന്നു. ഇതിന്റെ വിശദീകരണത്തില്‍ ഹദീസ് ചരിത്രം, കര്‍മശാസ്ത്രം തുടങ്ങിയവ ഉള്‍പ്പെടുത്തും. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പരീക്ഷ, അവാര്‍ഡ് തുടങ്ങിയവ നല്‍കും. ഈ സംരംഭത്തില്‍ 90 ശതമാനവും വനിതകളാണ് പങ്കാളികള്‍.
9600-ലധികം വരുന്ന സമസ്തയുടെ മദ്രസകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നത് 70 ശതമാനവും പെണ്‍കുട്ടികളാണ്. ഖുര്‍ആനും പൊതു വിജ്ഞാനവും ഉള്‍പ്പെടുത്തി 12 ലക്ഷം മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ജ്ഞാനതീരം പരീക്ഷയും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. സ്ത്രീകളുടെ ഖുര്‍ആന്‍ പഠനത്തിന് വേണ്ടി SKSSF നടത്തുന്ന IFC (Islamic Family Cluster) പ്രത്യേകം സിലബസ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ വിവിധ ശാഖകളില്‍ ഫലപ്രദമായി നടന്നു വരുന്നു. റമളാനില്‍ ഇവര്‍ക്ക് പ്രത്യേകം പരീക്ഷ, സര്‍ട്ടിഫിക്കറ്റ് എല്ലാമുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കൂടി ഖുര്‍ആനിക പഠനത്തിന് വേണ്ടി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഏകീകൃത രീതിയില്‍ 250 സെന്ററുകള്‍ നിലവിലുണ്ട്.
വനിതകള്‍ ക്ലാസ് നയിക്കുന്ന പ്രത്യേക ഖുര്‍ആന്‍ പഠന സംവിധാനങ്ങളും വിവിധ സ്ഥലങ്ങളിലുണ്ട്. സമസ്ത അടുത്ത അധ്യയന വര്‍ഷീ കൊച്ചു കുട്ടികളുടെ ഖുര്‍ആന്‍ പഠനത്തിന് വേണ്ടി ആരംഭിക്കുന്ന അല്‍ ബിര്‍റ് പ്രീ സകൂളില്‍ അധ്യാപികമാര്‍ മാത്രമാണ് ഉണ്ടാവുക. പെണ്‍കുട്ടികളുടെ മാത്രം സ്ഥാപനമായ വഫിയ്യ, ദാറുല്‍ ഹുദയുടെ വനിതാ വിഭാഗം, പെണ്‍കട്ടികളുടെ ഹിഫ്ള് കോളേജുകള്‍ തുടങ്ങിയവ സമസ്തയുടെ വ്യവസ്ഥാപിത സംരംഭങ്ങളാണ്.
കേരളത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് പോലും ഗേള്‍സ് സ്കൂളുകളും വുമണ്‍സ് കോളേജുകളും തുടങ്ങുന്നതിന് മുമ്പ് അതത് കാലത്തെ ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞ് പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പഠനത്തിന് വേണ്ടി മദ്രസത്തുല്‍ ബനാത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ സ്ഥാപിതമായിട്ടുണ്ട്. സമസ്തയുടെ സമുന്നത പണ്ഡിതനായിരുന്ന പറവണ്ണ മൊഹിയുദ്ദീന്‍ കുട്ടി മുസ്ലിയാരായിരുന്നു ഇതിന്റെ സ്ഥാപകന്‍.
ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ കേരള
ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കുമായി ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ പഠിപ്പിക്കാന്‍ കോഴിക്കോട് ജില്ലയിലെ മേരിക്കുന്നില്‍ 1997-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആഹ്വാനമനുസരിച്ച് പിറന്നതാണ് ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ കേരള. വിരലിലെണ്ണാവുന്ന ഒരു കൂട്ടത്തെ വെച്ച് തുടങ്ങിയ സംവിധാനം ഇന്ന് സംസ്ഥാനം ഒട്ടുക്കും വളര്‍ന്ന് ഖുര്‍ആനിന്റെ ദിവ്യ സന്ദേശം നല്കുന്നു. 1997 ആഗസ്റ്റ് 14-നായിരുന്നു ഇത് പിറവിയെടുത്തത്. വി.കെ അലി സാഹിബായിരുന്നു തുടക്കത്തില്‍ അമരത്ത്. ഒരുപാട് പണ്ഡിതന്മാരെ സൃഷ്ടിക്കുകയായിരുന്നില്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവര്‍ക്കും ഖുര്‍ആനിന്റെ മഹത്തായ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ സഹായിക്കുക എന്നതായിരുന്നു ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ എല്ലാ തലത്തിലുളളവരും ഒരേ ക്ലാസ്സില്‍ ഒന്നിച്ചിരുന്നു.
മൂന്ന് രീതിയിലാണ് ഇവിടെ പഠനരീതി സംവിധാനിച്ചിരിക്കുന്നത്. ഒന്പതുവര്ഷം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി പഠിപ്പിച്ചുതീര്ക്കുന്ന രീതിയിലാണ് പ്രധാന കോഴ്സ് സംവിധാനിക്കപ്പെട്ടത്. മറ്റൊന്ന്, നിര്‍ണിത സൂറ മാത്രം പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ്. ആഴ്ചതോറും രണ്ടു മണിക്കൂര്‍ വീതം ക്ലാസ്സുകള്‍ നടത്തിയാണ് പഠനം സാധ്യമാക്കുന്നത്. എല്ലാവരുടെയും ജോലി, ജീവിതസാഹചര്യം എന്നിവ നോക്കിയാണ് സമയവും ദിവസവുമൊക്കെ നിശ്ചയിക്കുന്നത്. മറ്റൊന്ന് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സ്. പ്രത്യേകം സൂറകള്‍ അവലംബമാക്കിയുള്ള ഖുര്‍ആന്‍ പ്രഭാഷണങ്ങളാണിവ. ഖുര്‍ആനില്‍ എന്തൊക്കെയാണ് പ്രതിപാദിക്കുന്നത് എന്ന് സാമാന്യജനത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ തൃശൂര്‍, വടകര, തിരൂര്‍ എന്നീ ഭാഗങ്ങളില്‍നിന്നും ഇത്തരം ക്ലാസ്സുകള്‍ ശ്രവിച്ചുപോരുന്നു. ഖുര്‍ആനിന്റെ സന്ദേശത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുള്ള പഠനമായതിനാല്‍ പ്രാഥമികമായി മാത്രമാണ് വ്യാകരണ നിയമങ്ങള്‍ പഠിപ്പിക്കപ്പെടുന്നത്.
തുടക്കത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാവുമെന്നാണ് കരുതിയിരുന്നതെങ്കിലും വിവിധ തരക്കാരും വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വന്ന പഠിതാക്കളുമെന്ന നിലക്ക് അതു സാധ്യമല്ലെന്ന അനുഭവ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പഠനകാലം ഒന്‍പതു വര്‍ഷമായി പുനക്രമീകരിച്ചു. ആദ്യത്തെ അഞ്ച് വര്‍ഷം പ്രിലിമിനറി ഘടകമായും തുടര്‍ന്നുള്ള നാല് വര്‍ഷം സെക്കന്ററി ഘടകമായും പരിഗണിച്ചുകൊണ്ടുള്ള സിലബസ്സാണ് ഇപ്പോള്‍ തുടര്‍ന്നുപോരുന്നത്. പ്രിലിമിനറി ഒന്നുമുതല്‍ നാലു വരെയും സെക്കന്ററി ഒന്നുമുതല്‍ മൂന്നുവരെയുമുള്ള എഴു പരീക്ഷകള്‍ വര്‍ഷം തോറും ജില്ലാടിസ്ഥാനത്തിലാണ് നടക്കുക. എന്നാല്‍ പ്രിലിമിനറിയിലെ അഞ്ചാം വര്‍ഷത്തിന്റെയും സെക്കന്ററിയിലെ നാലാം വര്‍ഷത്തിന്റെയും പരീക്ഷകള്‍ ഫൈനല്‍ പരീക്ഷ എന്ന അടിസ്ഥാനത്തില്‍ സംസ്ഥാനം നേരിട്ടു നടത്തുന്നു. റാങ്ക് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നു. ജില്ലാതല പരീക്ഷയുടെ റാങ്ക് നിര്‍ണയവും അവാര്‍ഡ് ദാനവും അതത് ജില്ലകളാണ് നടത്തുക. എന്നാല്‍ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സംഗമത്തില്‍ വെച്ച് അവാര്‍ഡ് നല്കുന്നു. ഈ സംഗമത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാരെയും സാംസ്കാരിക നായകന്മാരെയും നേതാക്കളെയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഇന്ന് 1200 പഠന സെന്ററുകളിലായി 20,000 ലേറെ പേര് ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ശ്രദ്ധേയമായ ഖുര്‍ആന്‍ പഠന വേദിയായി ഖുര്‍ആന്‍ സറ്റഡീസെന്റര് കേരള മാറിയിട്ടുണ്ട്.
സംഘടനാപക്ഷപാതിത്വങ്ങളോ സമൂഹത്തിലെ വലിപ്പച്ചെറുപ്പമോ ലിംഗഭേദമോ ഇല്ലാതെ ദൈവവചനം പഠിക്കാന്‍ എല്ലാവരും എത്തിച്ചേരുന്ന സന്തോഷകരമായ കാഴ്ചയെപ്പറ്റിയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ അമരത്ത് ഉണ്ടായിരുന്ന അബ്ദുല്‍ ഖാദര്‍ മാഷും ഒ.കെ ഷൗക്കത്ത് അലി മാഷും പറയുന്നത്. സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന പലരും ഖുര്‍ആനിന്റെ മുന്നില്‍ വിനയാതീതനായി ആവേശത്തോടെ പഠിക്കാനായി രംഗത്തുവരുന്നുണ്ട്. പുരുഷന്മാരെക്കാള് സ്ത്രീകളാണ് കൂടുതലും. ഖുര്‍ആന്‍ സ്റ്റഡിസെന്ററുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി ഖുര്‍ആന്‍ പഠിപ്പിക്കാന്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. അവരിലേറെയും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. പഠിതാക്കളായ പലരും ഖുര്‍ആന്‍ സ്റ്റഡിസെന്റര് നല്കിയ അറിവും ആത്മവിശ്വാസവുമായി ഖുത്വുബകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് പേര്‍ക്ക് ഖുര്‍ആനിന്റെ വെളിച്ചം സാധ്യമാക്കാന്‍ സഹായിച്ചവരില്‍ ഒരാള്‍ എന്നനിലയില്‍ അബ്ദുല്‍ഖാദര്‍ മാഷ്ക്ക് പറയാനുള്ളത് ''ഈ സംവിധാനത്തെ കൂടുതല്‍ പ്രയോജനപ്രദമാക്കുന്ന വിഷയത്തില്‍ പ്രസ്ഥാനത്തിന്റെ മുന്തിയ പരിഗണന ഇനിയും ആവശ്യമുണ്ടെന്നും പ്രസ്ഥാനപ്രവര്‍ത്തകര്‍ ഈ സംവിധാനത്തെ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നുമാണ്. സ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യം സന്തോഷകരമാണ്. വനിതാപ്രവര്‍ത്തകര്‍ അവരെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തണം.''.
അകക്കണ്ണുകൊണ്ടൊരു
ഖുര്‍ആന്‍ വായന
മുഹമ്മദ് എസ്.അമീന്
ആത്മീയമായും ഭൗതികമായും ആന്തരികമായും ബാഹ്യമായും അന്ധരായവരായിരുന്നു ഞങ്ങള്‍. കാഴ്ചപ്പരിമിതരുടെ ഇസ്ലാമിക വിദ്യാഭ്യാസത്തിന് ദേശത്തോ വിദേശത്തോ യാതൊരു സൗകര്യവും അടുത്തകാലം വരെ ഉണ്ടായിരുന്നുമില്ല. ഈ അവസരം ക്രിസ്ത്യന്‍ മിഷനറിമാര്‍ നന്നായി ഉപയോഗപ്പെടുത്തി. ഞങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും അവര്‍ നല്കി. അങ്ങനെ പലരും അവരുടെ മാര്‍ഗം സ്വീകരിക്കുകയോ അവരുടെ അനുഭാവിയായിത്തീരുകയോ ചെയ്തു. നിര്‍ഭാഗ്യമെന്നു പറയട്ടെ, മുസ്ലിം സമുദായം ഇക്കാര്യത്തില്‍ തീരെ ശ്രദ്ധിച്ചതുമില്ല. ഇസ്ലാമിക വിദ്യാഭ്യാസം നേടാന്‍ സൗഭാഗ്യം ലഭിച്ച ഞങ്ങളില്‍ ചിലര്‍ കോഴിക്കോട് ഒരുമിച്ചുകൂടുകയും ഈ വിഷയത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ തീവ്ര ചിന്തയില്‍നിന്നാണ് അസ്വബാഹ് സൊസൈറ്റി പിറവിയെടുക്കുന്നത്. നിലവിലുള്ള ഒരു മുസ്ലിം സംഘടയുടെയും കീഴിലല്ല സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്ലാവരുടേയും സ്നേഹാദരങ്ങളും സഹായങ്ങളുംസ്വീകരിച്ചുകൊണ്ടുതന്നെയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കുന്നത്.
കാഴ്ചപ്പരിമിതരുടെ ബ്രെയില്‍ ഖുര്‍ആന്‍ സാക്ഷരത ഉറപ്പാക്കുകയാണ് സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യം. ഞങ്ങളില്‍ പലര്‍ക്കും ബ്രെയില്‍ ലിപി അറിയാമെങ്കിലും, അറബി ബ്രെയില്‍ അറിയില്ല. ഈ കുറവ് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്തത്. എന്നാല്‍, അറബി ബ്രെയിലിലുള്ള ഖുര്‍ആന്‍ ലഭിക്കുക അത്ര എളുപ്പമല്ല. സൗദിയില്‍നിന്നോ മലേഷ്യയില്‍നിന്നോ ആണ് ഇപ്പോള്‍ ബ്രെയില്‍ ഖുര്‍ആന്‍ ലഭിക്കുന്നത്. ഇതോടൊപ്പം കാഴ്ച പരിമിതരുടെ അടിസ്ഥാന ഇസ്ലാമിക വിദ്യാഭ്യാസത്തിനും സംഘടന ഊന്നല്‍ കൊടുത്തിട്ടുണ്ട്.
കോഴിക്കോട് ഫറൂഖ് കോളേജിനടുത്താണ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ്. കൊളത്തറ അന്ധവിദ്യാലയത്തിലെ അധ്യാപകനായ അബ്ദുല്‍ കരീം മാസ്റ്ററാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി കാഴ്ചയില്ലാത്തവരുടെ ഇസ്ലാമിക കൂട്ടായ്മ നിലവില്‍ വന്നത് 2002-ല്‍ കോഴിക്കോടാണ്.
അല്‍ ഇഹ്സാന്‍ ബ്രെയില്‍ മാസിക, ഡോര്‍ റ്റു ഡോര്‍ മദ്രസ, അന്ധവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സംയോജിത മദ്രസ, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സായാഹ്ന അറബി ബ്രെയില്‍ സാക്ഷരതാ ക്ലാസ്, ബ്രെയില്‍ ട്രാന്‍സ്ക്രിപ്ഷന്‍ യൂണിറ്റ് എന്നിവയാണ് സംഘടനയുടെ കേന്ദ്ര ഓഫീസ് നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ബ്രെയില്‍ ട്രാന്‍സ്ക്രിപ്ഷന്‍ യൂണിറ്റിലൂടെ ഖുര്‍ആന്‍ പരിഭാഷ ഉള്‍പ്പെടെ പല ഇസ്ലാമിക സാഹിത്യങ്ങളും ഇതിനകം പരിമിതമായെങ്കിലും ബ്രെയിലിലേക്ക് മൊഴിമാറ്റം നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റിക്ക് ഇപ്പോള്‍ വിവിധ ജില്ലകളില്‍ ശാഖകകളുണ്ട്. എറണാകുളത്ത് 2012 ഒക്ടോബറിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്.. എല്ലാ രണ്ടാം ശനിയാഴ്ചയും പെരുമ്പാവൂരില്‍ പ്രതിമാസ ക്ലാസ് നടന്നുവരുന്നു. അറബി ബ്രെയില്‍ പഠനം, പൊതു ക്ലാസ്, ഖുര്‍ആന്‍ പഠന പരീക്ഷ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
അല്‍ മിസ്ബാഹ് മാസിക, വാര്‍ഷിക ഖുര്‍ആന്‍ പഠന മത്സരം, ചികിത്സാ സഹായം, പെന്ഷന് പദ്ധതി എന്നിവയാണ് ജില്ലാ യൂണിറ്റിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍.
മദ്രസ പഠനത്തിന് ഓണ്‍ലൈനും
സുഹൈറലി തിരുവിഴാംകുന്ന്
എന്താണ് ഓണ്‍ലൈന്‍ മദ്രസ്സയുടെ മേന്മകള്? ഒന്ന് ജീവിതത്തിരക്കിനടയില്‍ പൊതു സ്ഥാപനങ്ങളിലോ പൊതു ക്ലാസുകളിലോ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ പ്രയോജനപ്പെടുന്നു. രണ്ട്, നമ്മുടെ സമയവും സൗകര്യവും പരിഗണിച്ച് സമയക്രമീകരണങ്ങള്‍ വരുത്താം. പലപ്പോഴും ഒഴിവുദിനങ്ങളിലോ പകലോ രാത്രിയോ സൗകര്യമാവുന്ന വേളകളിലോ ഇതിനായി മാറ്റി വെക്കാവുന്നതാണ്. മൂന്ന്, പഠിക്കുന്ന കാര്യങ്ങള്‍ നമുക്ക് മനസ്സിലേക്ക് പതിയുന്ന തരത്തില്‍ മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുമ്പോള്‍ മടുപ്പില്ലാതിരിക്കുകയും കൂടുതല്‍ ആഴങ്ങളിലേക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനാവുകയും ചെയ്യുന്നു. ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ, പവര്‍പോയന്റ് പ്രസന്റേഷന് മുതലായ കൂടി പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങളും കാണാവുന്നതാണ്. സോഫ്ട് വെയറുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വെബ്സൈറ്റുകള്‍, സിഡികള്‍ മുതലയാവയും ഇസ്ലാമിക പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഒട്ടേറെ വാതിലുകളാണ് തുറന്ന് തരുന്നത്.
ഓണ്‍ലൈന്‍ മദ്രസ ഡോട്ട് ഓര്‍ഗ്
ഈ മേഖലയിലെ ശ്രദ്ധേയമായൊരു ചുവടുവെപ്പാണ് usthad.in ഓണ്‍ലൈന്‍ ഇസ്ലാമിക് അക്കാദമി. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ മദ്റസ, പ്രായഭേദമന്യേ തജ്വീദ് പഠനവേദി, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, അറബിഭാഷാ പഠനവിഭാഗം എന്നിവയാണ് നിലവില്‍ സജ്ജമായിരിക്കുന്നത്. നേരിട്ടുള്ള ഇസ്ലാമിക വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവരെയാണ് അക്കാദമി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇസ്ലാമിലേക്ക് കടന്നുവന്നിട്ടുള്ളവരുടെ തുടര്‍വിദ്യാഭ്യാസത്തിനും സൈറ്റില്‍ സൗകര്യമുണ്ട്. നിലവില്‍ ഇസ്ലാമിക വിഷയങ്ങള്‍ മാത്രമാണുള്ളതെങ്കിലും, സ്കൂള്‍ - കോളേജ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ട്യൂഷന് നല്കുവാനുള്ള സംവിധാനങ്ങളും സൈറ്റില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെക്കാളും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് നിലവില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. അറബി ഭാഷ പഠിക്കാനുള്ള താല്പര്യവുമായി അമുസ്ലിം വിദ്യാര്‍ത്ഥികളും ബന്ധപ്പെടുന്നുണ്ട്. ലൈവ് ഇന്ററാക്റ്റീവ് ക്ലാസില്‍ അധ്യാപകനും പഠിതാക്കള്‍ക്കും പരസ്പരം കണ്ട് സംവദിക്കാം എന്നതിന് പുറമെ, പെന്‍ ടാബ്ലറ്റ് ഉപയോഗിച്ച് എഴുതിക്കാണിക്കാവുന്ന വൈറ്റ് സ്ക്രീന്‍, പവര്‍ പോയിന്റ് പ്രസന്റേഷന്, മീഡിയ പ്ലെയര്‍ എന്നിവയുള്‍ക്കൊള്ളുന്ന വിര്‍ച്വല്‍ ക്ലാസ് സംവിധാനമാണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. ലൈവ് ക്ലാസുകളെല്ലാം റെക്കോഡ് ചെയ്യാനും വീണ്ടും കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സംവിധാനങ്ങളും സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, തുറന്ന ചര്‍ച്ചകള്‍ക്ക് അവസരം നല്കുന്ന ഓപണ്‍ ഫോറം സംവിധാനവും സൈറ്റിന്റെ പ്രത്യേകതയാണ്. അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ ഓണ്‍ലൈന്‍ മദ്രസാ സൈറ്റാണ് onlinemadrasa.org. വ്യവസ്ഥാപിതമായ ഖുര്‍ആന്‍ പഠനവും തജ്വീദ് അഭ്യാസവും ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കലും ഇതിലുണ്ട്. സ്കൈപ്പ് വഴിയാണ് ഖുര്‍ആന്‍ തഫ്സീര്‍ അറബി ഭാഷാപഠനവും നടത്തുന്നത്. കോഴ്സുകള്‍ ഫീസടിസ്ഥാനത്തിലാണ്. വ്യത്യസ്ഥ പ്ലാനുകള്‍ ഇതിനായുണ്ട്. ബേസിക് ഖുര്‍ആന്‍ റീഡിങ്, ഖുര്‍ആന്‍ വിത്ത് തജ്വീദ്, ഖുര്‍ആന്‍ മെമ്മറൈസേഷന്‍, അണ്ടര്‍സ്റ്റാന്റ് ഖുര്‍ആന്‍, ഇസ്ലാമിക വിജ്ഞാനീയം, അറബി പഠനം എന്നീ മേഖലയിലാണ് കോഴ്സുകളുള്ളത്. ആദ്യമാസം 10 ഡോളറും തുടര്‍ന്ന് പ്രതിമാസം 35 മുതല്‍ 70 ഡോളര്‍ വരെയാണ് ഫീസ്.
കാമ്പസ് ഫോര്‍ ഇസ്ലാം: www.campus4islam.com എന്നതാണ് വിലാസം. വളരെ ആകര്‍ഷണീയമായ സ്റ്റഡി മെറ്റീരിയലുകളും ഓണ്‍ലൈന്‍ കൗണ്‍സലിങും ഓണ്‍ലൈന്‍ പരീക്ഷകളും വോയ്സ് റിക്കാര്‍ഡിങ്, ഇന്ററാക്ടീവ് ലൈവ് ക്ലാസുകള്‍, ഓണ്‍ലൈന്‍ സെമിനാറുകള്‍, ഓണ്‍ലൈന്‍ പാരന്റിങ് മീറ്റ്, സ്റ്റുഡന്റ് ട്രാക്കിങ് സിസ്റ്റം മുതലായവ ഇതിന്റെ പ്രത്യേകതകളാണ്.
ഈ വെളിച്ചത്തിനെന്ത്
വെളിച്ചം...
വാഹിദ സുബി കൊടിഞ്ഞി
അനിര്‍വചനീയമായ ബന്ധത്തിന്റെ ഇരുവശങ്ങളാണ് മരുഭൂമിയും ഖുര്‍ആനും. അന്ധകാരത്തിന്റെ ഇടവഴികളില്‍ ഉഴറി നടന്ന അറേബ്യന്‍ സമൂഹത്തെ സത്യത്തിന്റെയും നന്മയുടെയും രാജവീഥിയിലേക്കെത്തിച്ചത് ഖുര്‍ആനായിരുന്നു. മരുഭൂ നിവാസികളെ പകരം വെക്കാനില്ലാത്ത നന്മ നിറഞ്ഞ സംസ്കാരത്തിന്റെ പാതയിലേക്ക് നയിച്ചതും ഖുര്‍ആനും അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ)യും ആയിരുന്നു. ഖുര്‍ആന്‍ അവതരിച്ചത് ചുട്ടുപൊള്ളുന്ന മരുഭൂമിയിലായിരുന്നു. അതിനേക്കാളേറെ അന്ധകാരത്തിന്റെ ഇടനാഴികകളില്‍ അഭിരമിക്കുന്ന ഒരു മനുഷ്യര്ക്കിടയിലേക്കായിരുന്നു. മരുഭൂമിയില്‍ നന്മയുടെ മരുപ്പച്ചകളും ഇരുളറകളില്‍ വിശ്വാസത്തിന്റെ പ്രകാശവും പരത്തിയാണ് ഖുര്ആ ന് അതിന്റെ അവതീര്‍ണം പൂര്‍ത്തിയാക്കി യത്. വെളിച്ചത്തിനെന്ത് വെളിച്ചമെന്ന് ഖുര്‍ആനിനെ പറ്റി ഇപ്പോഴും ലോകം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കി പ്പുറവും അതേ ഖുര്‍ആന്‍ ഒരു മാറ്റവു മില്ലാതെ ജൈത്രയാത്ര തുടരുന്നു. ഖുര്‍ആന്‍ പഠിക്കുകയോ പഠിപ്പിക്കപ്പെടു കയോ ചെയ്യാത്ത ഒരിടവുമില്ല ലോകത്ത്. സ്ഥലമോ ഭാഷയോ വര്‍ണമോ അവിടെ പഠനത്തിന് ബാധകമേയല്ല.
പ്രവാസ ഭൂമികയിലും മരുഭൂമിയുടെ ചൂടും കുളിരും കൊണ്ട് ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ടവര്‍ ഏറെയാണ്. കൊച്ചു ഖത്തറിന്റെ വട്ടത്തിനകത്തും അത്തരം ഒരുപാട് ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. വിദേശികളും സ്വദേശികളും നടത്തുന്നവ. ശ്രീലങ്ക, പാക്കിസ്ഥാന്, ഫിലിപ്പൈന്‍, ഇന്ത്യ തുടങ്ങിയ രാജ്യക്കാര്ക്കൊക്കെയും ഇവിടെ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളുണ്ട്. ഇന്ത്യയില്‍നിന്നു തന്നെ വിവിധ പ്രാദേശിക ഭാഷകളില്‍ സ്വതന്ത്രമായി ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ നടത്തി ക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ക്കായി ഇവിടെ നടത്തിവരുന്ന പ്രമുഖമായ രണ്ട് ഖുര്‍ആന്‍ പഠന സംരംഭങ്ങളാണ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററും.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേ ഷന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ആരംഭിച്ചിട്ട് പതിനെട്ട് വര്‍ഷമായി. ഖുര്‍ആന്‍ പഠിക്കുക, അത് ജീവിതത്തില്‍ പകര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ചെറിയ രീതിയില്‍ തുടങ്ങിയ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് കീഴില്‍ ഇപ്പോള്‍ 60 സെന്ററുകളും 650 ഓളം പഠിതാക്കളുമുണ്ട്. ദൈവിക പ്രതിഫലം മാത്രം ലക്ഷ്യം വെച്ച് സേവന നിരതരായ അറുപതോളം അധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അര്‍ഥവും വിശദീകരണവും കൂടാതെ പാരായണ ശാസ്ത്രം (തജ്വീദ്) കൂടി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് പാഠ്യപദ്ധതി. പ്രായ സംഘടനാ ഭേദമന്യേയാണ് ക്ലാസുകള്‍ നടക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കുക. സ്ത്രീ പുരുഷന്മാര്ക്കായി വെവ്വേറെ ക്ലാസുകളായിട്ടാണ് കൂടുതല്‍ പഠനകേന്ദ്രങ്ങളും നിലകൊള്ളുന്നത്. ചിലയിടങ്ങളില്‍ കുടുംബക്ലാസുകളും നടക്കുന്നു. റമദാനില്‍ പ്രത്യേകമായി നിര്‍ദേശിക്കപ്പെടുന്ന ചെറു അധ്യായങ്ങളുടെ പരീക്ഷകള്‍ നടത്താറുണ്ട്. അതിനായി വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ക്ലാസുകള്‍ നല്‍കാറുണ്ട്. അധ്യാപകര്‍ക്കായി തജ്വീദ് പരിശീലനവും വര്‍ക്ക്ഷോപ്പുകളും നടത്തിവരുന്നു. കൃത്യമായ പാഠ്യപദ്ധതിയോട് കൂടി കേന്ദ്ര തലത്തില്‍ വാര്‍ഷിക പരീക്ഷയും സെന്ററുകള്‍ക്ക് കീഴില്‍ അര്‍ധവാര്‍ഷിക പരീക്ഷകളും നടത്തുന്നു. പഠിതാക്കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ക്കായി അവാര്‍ഡ് ദാനവും വര്‍ഷം തോറും പഠിതാക്കളുടെ സംഗമവും നടത്താറുണ്ട്. ആഴ്ചയില്‍ ഒരുദിവസമാണ് ക്ലാസ് നടക്കുന്നത്.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതി ആരംഭിച്ചത് 2011 ലാണ്. വിശുദ്ധ ഖുര്‍ആനും അതിന്റെ ഉള്ളടക്കവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതി തുടങ്ങിയത്. പഠനത്തിനായി പ്രത്യേക ക്ലാസുകള്‍ നടത്താതെ അമാനി മൗലവിയുടെ തഫ്സീര്‍ അടിസ്ഥാനമാക്കി നിര്‍ദേശിക്കപ്പെട്ട ഭാഗങ്ങളില്‍നിന്ന് ചോദ്യപ്പേപ്പര്‍ തയ്യാറാക്കി നല്‍കുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ ഉത്തരമെഴുതി നല്കുന്നതുമാണ് രീതി. രണ്ട് മാസത്തിലാണ് ഇത് നടത്തുന്നത്. 3000-ലേറെ പേര് ഈ പരീക്ഷയെഴുതുന്നുണ്ട്. പ്രമുഖ പണ്ഡിതന് പി.എന്‍ അബ്ദുല്‍ അഹദ് മദനി ആണ് നേതൃത്വം നല്കി വരുന്നത്.
ഖത്തറിലെ മറ്റൊരു ഖുര്‍ആന്‍ പഠന സംരംഭമാണ്, ഖത്തര്‍ ഔഖാഫ് മതകാര്യ മന്ത്രാലയം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന തജ്വീദ് ഹിഫ്ള് പഠന കേന്ദ്രങ്ങള്‍. മലയാളികളുള്‍പ്പെടെ വിവിധ ഭാഷക്കാരായ നിരവധി സ്ത്രീകളും കുട്ടികളും ആഴ്ചയില്‍ രണ്ട് ദിവസം വീതം നടത്തി വരുന്ന ഈ ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ക്ക് അഞ്ചു വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സ് വരെയാണ് പഠനസമയം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് ക്ലാസുകള്‍ നടത്തുന്നത്.
സ്ഥിരമായി ഖുര്‍ആന്‍ ക്ലാസുകള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ഷെയര്‍ ചെയ്ത് പഠിക്കുന്നവരും നിരവധിയാണ്. ഖുര്‍ആനികാശയങ്ങളെ ചെറിയ ക്ലാസുകളില്‍ വിശദീകരണം നല്‍കിക്കൊണ്ട് വാട്ട്സാപ്പ് വഴി സന്ദേശം നല്കുന്ന അനവധി വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്.
പ്രവാസികളായ ഒരുപാടാളുകള്‍ക്ക് ഖുര്‍ആനികാശയം പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ കര്‍മനിരതരാവുന്ന ഈ സംരംഭങ്ങളുടെ നേതൃത്വങ്ങളാവട്ടെ, ദൈവിക പ്രീതി മാത്രമാണ് ലക്ഷ്യം വെക്കുന്നത്. തിരക്കുകള്‍ക്കിടയിലും ഇതിനായി ഇറങ്ങിത്തിരിച്ചത് വരാനിരിക്കുന്ന ലോകത്തിന്റെ പുണ്യം തേടിയാണ്. പഠിതാക്കളുടെ ഉയര്‍ന്ന കണക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലവും ദൈവികാനുഗ്രഹവും കൊണ്ട് മാത്രമാണ്. പാരത്രിക മോക്ഷത്തിന് വേണ്ടിയുള്ള യാത്രയില്‍, മരുഭൂമിയുടെ പൊള്ളുന്ന ചൂടും പ്രവാസത്തിന്റെ വേവുന്ന മനസും അവരെ തടയുന്നില്ല.
യു.എ.ഇ. ഖുര്‍ആന്‍ സ്റ്റഡിസെന്റര്
ഷബീന ശര്‍ഖി
ഏത് കാലത്തെയും പോലെ ഇന്നും യു.എ.ഇ പോലെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഖുര്‍ആന്‍ പഠനത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഖുര്‍ആന്‍ പഠനത്തിനായുള്ള ഇത്തരം സാഹചര്യങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് പ്രവാസി സ്ത്രീകളാണ്. ഭര്ത്താക്കന്മാരും മക്കളും ജോലിക്കും പഠനത്തിനുമായി പോയിക്കഴിഞ്ഞാലുള്ള ഒഴിവ് സമയം ഖുര്‍ആന്‍ പഠനത്തിനായി അവര്‍ നീക്കിവെക്കുന്നു. ജോലിക്ക് പോകുന്ന സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് കിട്ടുന്ന അവധിദിനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഖുര്‍ആന്‍ പഠിതാക്കള്‍ കൂടുതലുള്ളതു കൊണ്ടാവണം, പല സംഘടനകളുടെയും ഖുര്‍ആന്‍ സ്റ്റഡികള്‍ പലവിധ പേരുകളില്‍ നമുക്കിടയിലുള്ളത്. എല്ലാതരം ഖുര്‍ആന്‍ സ്റ്റഡികളും നിര്‍വഹിക്കുന്ന ദൗത്യം ഒന്നുതന്നെ. സ്ത്രീകള്‍ക്ക് സ്ത്രീകള്‍തന്നെ പഠിപ്പിക്കുന്ന രീതിയും, പുരുഷന്മാര് അധ്യാപകരായിട്ടുള്ള സ്റ്റഡിക്ലാസുകളും ഇവിടെയുണ്ട്. പുരുഷ അധ്യാപകര്‍ മറക്ക് അപ്പുറം നിന്ന് പഠിപ്പിക്കുന്ന സ്റ്റഡിക്ലാസുകളും കൃത്യമായി നടന്നുപോകുന്നു. പുരുഷന്മാരെയും സ്ത്രീകളെയും പ്രത്യേകം പ്രത്യേകം സംഘടിപ്പിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇവിടെയുള്ളവര്‍ ഖുര്‍ആന്‍ പഠിക്കണം എന്ന് തീരുമാനിച്ചാല്‍ മാത്രം മതി. അതിനുള്ള എല്ലാ വാതിലുകളും അവര്‍ക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു.
ഖുര്‍ആന്‍ സ്റ്റഡികളില്‍ വരുന്ന മിക്കവാറും പഠിതാക്കളും ഖുര്‍ആന്‍ പാരായണം അതിന്റെതായ താളത്തിലും ശൈലിയിലും നിയമങ്ങള്‍ക്കനുസരിച്ചും ഓതാന്‍ കഴിയാത്തവരാണ്. പണ്ട് കാലത്ത് ഖുര്‍ആന്‍ ഈ പറഞ്ഞ രൂപത്തില്‍ ഓതിപ്പഠിക്കാന്‍ കഴിയാതിരുന്നത് സങ്കടത്തോടെയാണ് ചിലര്‍ ഓര്‍ക്കുന്നത്. സ്വാഭാവികമായും പെണ്‍കുട്ടികളെ പലവിധകാരണങ്ങളാല്‍ മദ്റസകളില്‍ ചെറിയ ക്ലാസ് വരെ മാത്രമേ ദീനീ പഠനത്തിന് അനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ നിയമങ്ങള്‍ക്കനുസരിച്ച് കൃത്യമായി പഠിക്കാനോ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങള്‍ അര്‍ഥങ്ങള്‍ അറിഞ്ഞ് മനസ്സിലാക്കാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ചെറിയ സൂറത്തുകള്‍ മനഃപാഠമാക്കി എന്നതൊഴിച്ചാല്‍, ജീവിതത്തില്‍ അറിയേണ്ടകാര്യങ്ങള്‍ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള തരത്തിലേക്ക് ഈ പഠനത്തിന് സാധിച്ചിട്ടുമില്ല. ഭൗതികവിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ഇത്തരം ദീനീ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്തത് കൊണ്ടും അന്ന് പഠിച്ചത് പലരും മറന്നിട്ടുമുണ്ട്.
അന്ന് ആ ചുരുങ്ങിയ കലയളവില്‍ മദ്രസയില്‍ നിന്നും ദീനിനെക്കുറിച്ച് മനസ്സിലാക്കിയത് മാത്രമാണ് പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പല പെണ്‍കുട്ടികള്‍ക്കുള്ളത്. ആ ഒരു പരിമിത ദീനീ വിജ്ഞാനമാണ് അവള് വരുന്ന തലമുറക്ക് പകര്‍ന്ന് കൊടുക്കുന്നതും. ഇതൊക്കെ കൊണ്ടാവണം ദീനിനെക്കുറിച്ചുള്ള അറിവില്‍ നമ്മുടെ സമൂഹം പിന്നോട്ട് പോയത്. പക്ഷേ ദീനീ രംഗത്തുള്ള ഈ പരിമിതികളെ നികത്തുന്നത് ഇത്തരം ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളാണ്.
ഇന്ന് നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്ന മാറ്റങ്ങള്‍ ഈ ഖുര്‍ആന്‍ പഠനങ്ങളുടെ സദ്ഫലങ്ങളാണ്. ബാല്യത്തിനുമപ്പുറം കൗമാര യൗവ്വന വാര്ധക്യത്തിലേക്കും ഖുര്‍ആന്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ നമുക്കുണ്ട്. അത് പരമാവധി ഓരോരുത്തരും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. മതവിജ്ഞാനം നേടുന്നതില്‍ പിന്നിലായിപ്പോയ സ്ത്രീ സമൂഹത്തിന് ഇത്തരം ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ ഏറെ സഹായകമാണ് എന്നത് വസ്തുതയാണ്.
യു.എ.ഇ. ഗവണ്മെന്റ് സ്ത്രീകള്‍ക്കായി പള്ളികളില്‍ നടത്തുന്ന ഖുര്‍ആന്‍ പഠനക്ലാസുകളുണ്ട്. ഇതില്‍ പഠിപ്പിക്കുന്നത് മിക്കവാറും ഹാഫിളത്തുകളായ (ഖുര്‍ആന്‍ മനഃപാഠമാക്കിയ) അധ്യാപികമാരാണ്. സിറിയ, ഈജിപ്ത്, സുഡാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണവര്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പഠിതാക്കളായി ഈ ക്ലാസിലുണ്ട് രാവിലെ കുടുംബിനികള്‍ക്കും ഉച്ചക്ക് ശേഷം പെണ്‍കുട്ടികള്‍ക്കുമാണ് ക്ലാസ് നടക്കാറുള്ളത്.
ദുബൈ കറാമ മസ്ജിദില്‍ നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസിലെ വിദ്യാര്‍ഥിനി ഹമീഹയുടെ വാക്കുകള്‍ തജ്വീദ് നിയമങ്ങള്‍ അനുസരിച്ച് ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കുന്നതിനാണ് ഹിഫഌനെക്കാള് (മനഃപാഠമാക്കുന്നതിനേക്കാള്‍) പ്രാധാന്യം കൊടുക്കുന്നത് എന്നാണ്. ഓരോ പഠിതാവിന്റെയും ഓത്ത് നിയമങ്ങള്‍ക്കനുസരിച്ച് കൃത്യപ്പെടുത്തിയതിന് ശേഷമേ മറ്റുള്ള ആയത്തുകൡലേക്ക് കടക്കുകയുള്ളൂ. ഈ കാര്യത്തില്‍ ടീച്ചര്‍ കണിശതയുള്ള ആളാണ്. അതുകൊണ്ട് തന്നെ വളരെ പതുക്കെയാണ് ക്ലാസുകള്‍ മുന്നോട്ട് നീങ്ങുന്നത്. മുപ്പതോളം പഠിതാക്കള്‍ ഉള്ള ക്ലാസുകള്‍ നടക്കുന്നത് പള്ളികള്‍ക്കകത്ത് തന്നെയാണ്. ആഴ്ചയിലൊരിക്കല്‍ തജ്വീദ് നിയമങ്ങള്‍ എഴുതി പഠിപ്പിക്കുന്ന രീതിയുമുണ്ട്. ഇതിന് പുറമെ മനഃപാഠവും ഉണ്ട്. പഠിതാക്കളുടെ പഠനനിലവാരം അളക്കുന്നതിന് ഗവണ്മെന്റ് നിശ്ചയിക്കുന്ന ഒരു എക്സാമിനര്‍ (മുശ്രിഫ) വരും. ഓരോ ജുസ്അ് കഴിയുമ്പോഴും പരീക്ഷ നടത്തും. ഒരു ജുസ്അ് മനഃപാഠമാക്കിയവര്‍ക്ക് സമ്മാനമായി 300 ദിര്‍ഹം ഗവണ്മെന്റ് കൊടുക്കും. ഇവരുടെ ക്ലാസില്‍ പതിനഞ്ചോ/ഇരുപതോ ജുസുഅ് മനഃപാഠമാക്കിയവരും ഉണ്ട്. ഇവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും ഗവണ്മെന്റില് നിന്ന് ലഭിക്കുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളില്‍ മൊത്തം പഠിതാക്കള്‍ക്ക് വേണ്ടി ദുബൈയില്‍ വലിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. അഞ്ച് ജുസ്അ് പഠിച്ചവര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക. പ്രായമായവര്‍ക്ക് രണ്ട് ജുസ്അ്. മത്സര സമയമടുത്താല്‍ പഠിതാക്കളെ ഗ്രൂപ്പുകളായി തിരിച്ച് ടീച്ചര്‍ പ്രത്യേക പരിശീലനം കൊടുക്കും.'' അവര്‍ ഖുര്‍ആന്‍ പഠിക്കുന്ന ക്ലാസ്സിനെ ഇങ്ങനെയാണ് വിലയിരുത്തുന്നത്.