കനേഡിയൻ ജീവിതത്തിന്റെ അരനൂറ്റാണ്ട്

സുഹറ കുട്ടി / വര്‍ദ അന്‍വര്‍
നവംബർ 2024
ടൊറന്റോ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് റസിഡന്റ് സ്കോളറും സീനിയര്‍ ലക്ചററുമായ പ്രൊഫ. അഹമ്മദ് കുട്ടിയുടെ പത്‌നി സംസാരിക്കുന്നു

1972-ലാണ് എന്റെ ഭര്‍ത്താവ് ടൊറന്റോയില്‍ വന്നത്. അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയില്‍ എം.എ വിദ്യാര്‍ഥിയായിരുന്നു. ഞങ്ങള്‍ 1975-ല്‍ വന്നതാണ്. എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലായിരുന്നു. അന്നത്തെ ഏക മുസ്ലിം കുടുംബം മര്‍ഹൂം മുഹമ്മദ് മെര്‍ച്ചന്റും അദ്ദേഹത്തിന്റെ ഭാര്യ ഫൗസിയയുമായിരുന്നു. ഞാന്‍ ഫൗസിയയോട് മാത്രമാണ് സംസാരിച്ചിരുന്നത്. ഞങ്ങള്‍ ഇരുവരും ദശകങ്ങളോളം hospital spiritual care visitors ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മുതിര്‍ന്ന സ്ത്രീകളുടെ ആക്റ്റിവിറ്റികളും സംഘടിപ്പിക്കാറുണ്ട്.

എഴുത്തുകാരനായ ഇബ്രാഹിം ടൊറന്റോയും കുടുംബവും രണ്ടു വര്‍ഷം കഴിഞ്ഞാണ് വന്നത്. അദ്ദേഹത്തിന്റെ ഭാര്യ സുലൈഖയും എന്റെ അടുത്ത സുഹൃത്താണ്. ആദ്യ കാലങ്ങളില്‍ കുട്ടികള്‍ വളരുന്നതുവരെ ഞങ്ങള്‍ ഒരുമിച്ചും കൂടിച്ചേര്‍ന്നും പിക്‌നിക്കുകള്‍ സംഘടിപ്പിക്കുായിരുന്നു.

വന്ന ഉടനെ ഹിജാബ് ഇടുന്നത് കാരണം വളരെയധികം അവഹേളനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതുപോലെതന്നെ മക്കളുടെ സ്‌കൂളില്‍ എന്റെ മക്കള്‍ മാത്രമായിരുന്നു ഹിജാബിടുന്നവരായി ഉണ്ടായിരുന്നത്. അവര്‍ക്കും ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇവിടെ കാനഡയില്‍ എവിടെപ്പോയാലും മോശമല്ലാത്ത തരത്തില്‍ ഹിജാബ് ഇടുന്നവരെ കാണാന്‍ സാധിക്കുന്നു. ഇപ്പോള്‍ ധാരാളം മലയാളി മുസ്ലിം കുടുംബങ്ങള്‍ ടൊറോന്റോയിലും മറ്റു പ്രധാന നഗരങ്ങളിലും അത്ര വലിയ ജനസംഖ്യ ഇല്ലാത്ത ഗ്രാമങ്ങളില്‍ വരെ താമസിക്കുന്നുണ്ട്.
അന്നൊക്കെ നാട്ടിലെ കുടുംബത്തെ വിട്ടു ഇത്ര ദൂരെ, വന്‍കരകള്‍ അകലെയായ സ്ഥലത്ത് ജീവിക്കുന്നത് വളരെ പ്രയാസമായിരുന്നു. എളുപ്പത്തിലുള്ള യാത്രാ സംവിധാനങ്ങള്‍ കുറവും സാമ്പത്തിക ചെലവ് കൂടുതലുമായിരുന്നു. ഞങ്ങള്‍ വന്ന സമയത്ത് ഓരോ ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചു തെരഞ്ഞെടുക്കണമായിരുന്നു,  മിക്ക സാധനങ്ങളിലും ഹലാല്‍ അല്ലാത്ത ചേരുവകള്‍ ഉണ്ടാവും. ബ്രഡില്‍ വരെ നമുക്ക് പറ്റാത്ത ഇനങ്ങള്‍ ചേര്‍ക്കാറുണ്ടായിരുന്നു. ഹലാല്‍ ഇറച്ചി കിട്ടാന്‍ വേണ്ടി ഞങ്ങളും വേറെ കുറച്ച് കുടുംബങ്ങളും കൂടി കാറെടുത്ത് പോയി ദൂരെ അറവുശാലയില്‍നിന്ന് അറുപ്പിച്ച് കൊണ്ടുവരുമായിരുന്നു. ഇന്ന് കാനഡയില്‍ ഉടനീളം ഹലാല്‍ ഭക്ഷണങ്ങള്‍ ലഭ്യമായ ഔട്ട്‌ലെറ്റുകളും റസ്റ്റോറന്റുകളും കാണുമ്പോള്‍ അക്കാലം ഓര്‍ത്തുപോകും.

നാടുമായുള്ള ബന്ധം

ഉമ്മയും ഉപ്പയും ഉള്ളപ്പോള്‍ എല്ലാ വര്‍ഷവും നാട്ടില്‍ പോകുമായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടു വര്‍ഷത്തിലൊരിക്കലാണ് പോക്ക്. നാട്ടില്‍നിന്ന് ഒരുപാട് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കാനഡയിലേക്ക് വരുന്നുണ്ട്. ഇവിടേക്ക് വരുന്ന കുട്ടികളെ ഞാന്‍ മൂന്നു തരത്തിലാണ് വിലയിരുത്താറുള്ളത്. ഒന്നാമതായി ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളോടൊപ്പം കൗമാരം ചെലവിടേണ്ട സമയത്ത് പ്രയാസപ്പെട്ട് ഇവിടേക്ക് വന്ന് ക്ലാസിനു പുറമേ പാര്‍ട്ട് ടൈം ജോലികള്‍ എടുക്കുകയും ഒരുപാട് പേര്‍ ചേര്‍ന്ന് റൂം ഷെയര്‍ ചെയ്തു നില്‍ക്കുകയും ഒക്കെ ചെയ്യുന്നവര്‍. അത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ട്.

പാര്‍ട്ട് ടൈം ജോലി ഇവിടെ എല്ലാവരും ചെയ്യാറുണ്ടെങ്കിലും അവരുടെ കഷ്ടപ്പാടുകള്‍ കണ്ടതിനാലാണിത് പറയുന്നത്. രണ്ടാമത്തെ വിഭാഗം നല്ല ഉദ്ദേശ്യത്തോടുകൂടി വരികയും പക്ഷേ, ഇവിടെ വന്ന് വഴി തെറ്റുകയും ചെയ്യുന്നവരാണ്. ഇവിടുത്തെ അമിത സ്വാതന്ത്ര്യം അനാവശ്യമായി വിനിയോഗിച്ച് യുവത്വം നശിപ്പിക്കുന്നവരെ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. മൂന്നാമത്തെ കൂട്ടര്‍, ചിലപ്പോള്‍ ഇവിടെ വന്നതിനു ശേഷം കൂടുതല്‍ നന്നാകുന്നവരാണ്. നിയന്ത്രിക്കാന്‍ ആരുമില്ല എന്ന തോന്നലില്‍ സ്വയം നിയന്ത്രണം വരുത്തി ജീവിതത്തെ ഗൗരവത്തോടെ സമീപിച്ചവര്‍.

കാനഡയിലെ ഇടപെടലുകൾ

ഇവിടെ പ്രവര്‍ത്തിക്കാന്‍ ഒരുപാട് വേദികളുണ്ട്. പള്ളികള്‍ കുറേ പരിപാടികള്‍ക്ക് വേദിയാകാറുണ്ട്. വിവിധ പ്രായക്കാര്‍ക്കുള്ള ഗ്രൂപ്പ് പരിപാടികള്‍, സമ്മര്‍ ക്യാമ്പുകള്‍, മാസ് സ്‌ക്വാഡ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അങ്ങനെ പലതും. ഞാനിവിടെ വര്‍ഷങ്ങളായി ഒരു സീനിയര്‍ വുമണ്‍സ് ഗ്രൂപ്പ് ലീഡ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം വ്യത്യസ്ത ആക്ടിവിറ്റീസ് ചെയ്യും. യോഗ, പിക്‌നിക്, സമാന ചിന്താഗതിക്കാര്‍ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റില്‍ പോവുക,  ഇസ്ലാമിക ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങി ഞങ്ങള്‍ എല്ലാ ആഴ്ചകളിലും എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. ഇവിടെ വന്ന് കുറച്ച് കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ മയ്യിത്ത് കുളിപ്പിക്കാന്‍ പോകാന്‍ തുടങ്ങിയിരുന്നു. പള്ളിയിലും മിക്ക പൊതു പരിപാടികളിലും വോളന്റീര്‍ സേവനങ്ങള്‍ ചെയ്യാറുണ്ട്. അറബ് നാടുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ അഭയാര്‍ഥികളായി എത്തുന്ന രാജ്യമാണ് കാനഡ. ഞങ്ങള്‍ മസ്ജിദ് വഴിയും അതുപോലെ ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ വഴിയും അവര്‍ക്കുവേണ്ടി സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. IIT (ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൊറന്റോ) ഇവിടെ അവര്‍ക്കു വേണ്ടി ഒരുപാട് ചാരിറ്റി ഡ്രൈവുകള്‍ സംഘടിപ്പിക്കാറുണ്ട്. അത്യാവശ്യം വേണ്ട പുതപ്പ്, ജാക്കറ്റ്, ഷൂസ് പോലുള്ള വസ്തുക്കള്‍ ഇതുപോലുള്ള ഡ്രൈവുകളിലൂടെ ധാരാളമായി ശേഖരിക്കാനാവും 'Islamic Relief' പോലെയുള്ള സംഘടനകള്‍ നമ്മളെ ഡയറക്റ്റ് സപ്പോര്‍ട്ട് ചെയ്യുന്നത് എടുത്തുപറയേണ്ടതാണ്.

പ്രബോധന പ്രവര്‍ത്തനം

എന്റെ ഭര്‍ത്താവ് അഹ്‌മദ് കുട്ടിക്ക് അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായ അനുഭവം പറയാം.
9/11ന്റെ ഒരു ആനിവേഴ്‌സറി ദിവസം. അന്ന്, അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തും ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോറോണ്ടോയിലെ ജൂനിയര്‍  ലക്ച്ചറുമായ ശൈഖ് അബ്ദുല്‍ ഹമീദും ഒന്നിച്ചായിരുന്നു യാത്ര. രണ്ടുപേര്‍ക്കും ഫ്‌ളോറിഡയില്‍ രണ്ടാഴ്ചത്തെ ലക്ചര്‍ പരിപാടിയുണ്ടായിരുന്നു. തൊട്ടു മുന്‍പത്തെ വീക്കില്‍ ഇസ്ലാം ഓണ്‍ലൈനില്‍, ഒരു ലൈവ് ഫത് വ ഉണ്ടായിരുന്നു. അദ്ദേഹം മാസത്തില്‍ രണ്ട് പ്രാവശ്യം ലൈവ് ഫത് വ  കൊടുക്കും. ലോകത്തിന്റെ പല ദിക്കുകളില്‍ ഉള്ളവര്‍ ഓണ്‍ലൈനായി ചോദിക്കുന്ന ചോദ്യത്തിന് അപ്പോള്‍ തന്നെ ലൈവായി മറുപടി കൊടുക്കുന്ന പരിപാടിയാണിത്. ഒരു ലൈവ് സെഷന്റെ തീം ഇറാഖി ഒക്യുപേഷന്‍ ആയിരുന്നു. അതില്‍ ഒരു അമേരിക്കന്‍ മുസ്ലിം ചോദിച്ചു: 'നമ്മള്‍ മുസ്ലിംകള്‍, പ്രത്യേകിച്ചും ഇവിടെ അമേരിക്കയിലും കാനഡയിലും ഉള്ളവര്‍ എന്താണ് ചെയ്യേണ്ടത്' എന്ന്. അദ്ദേഹം അതിന് ഇങ്ങനെ മറുപടി പറഞ്ഞു: 'നമ്മള്‍ അവിടെ പോയി ജിഹാദൊന്നും ചെയ്യേണ്ട. യുദ്ധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഒക്യുപേഷനുകള്‍ക്കുമെതിരെ വര്‍ക്ക് ചെയ്യുന്ന പല സംഘടനകളും പല പാര്‍ട്ടികളും ഓര്‍ഗനൈസേഷനുകളും ഉണ്ട്. അവരുമായി കോപറേറ്റ് ചെയ്ത് ഇത്തരം അധിനിവേശങ്ങള്‍ക്കെതിരെ നമ്മള്‍ കൂട്ടായ ശബ്ദമുയര്‍ത്തണം. കൂടാതെ, അവര്‍ക്കുള്ള മോറല്‍ ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സപ്പോര്‍ട്ട്, നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യണം. അതോടൊപ്പം എല്ലാ ഭാഗത്തുനിന്നും വരുന്ന ഫേക്ക് ന്യൂസിനെതിരെ നമ്മള്‍ വര്‍ക്ക് ചെയ്യുകയും ചെയ്യണം. അങ്ങനെ ഇറാഖി ജനത തന്നെ അമേരിക്കക്കാരെ ഡ്രൈവ് ഔട്ട് ചെയ്യണം. കാരണം, ഫ്രീഡം അവരുടെ അവകാശമാണ്.'

താരിഖ് ഫത്താന്‍ എന്ന ആള്‍ അമേരിക്കന്‍ അധികൃതര്‍ക്ക് സീക്രട്ട് ആയി അത് അയച്ചുകൊടുത്തു. അദ്ദേഹവും അബ്ദുല്‍ ഹമീദും ഫ്‌ളോറിഡയില്‍ എത്തിയപ്പോള്‍ അവിടെ തടഞ്ഞുവെച്ചു. പത്തു മണിക്കൂറോളം നീണ്ട ഇന്ററോഗേഷനുശേഷം ജയിലില്‍ ആക്കി. ഇവിടെ മീഡിയയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ധാരാളം വരാറുണ്ടായിരുന്നു. കാനഡയില്‍ ഉള്ളവര്‍ക്ക് അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടുതന്നെ അവരെ അവിടെ പിടിച്ചുവെച്ചത് കനേഡിയന്‍ പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായി. അതിന്റെ ഫലമായി പിറ്റേന്ന് തന്നെ അവരെ മടക്കി അയച്ചു. അവര്‍ മടങ്ങി വന്നപ്പോള്‍ ടൊറന്റോ എയര്‍പോര്‍ട്ടില്‍ വലിയ മീഡിയ സന്നാഹങ്ങള്‍ വന്നു. രണ്ടാഴ്ചയോളം പല മാധ്യമങ്ങളും അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തു. അമേരിക്കയില്‍നിന്ന് ന്യൂ വര്‍ക്ക് റേഡിയോ, മയാമി ഹെ, ഷിക്കാഗോ റിവ്യൂ തുടങ്ങിയവയെല്ലാം ഇന്റര്‍വ്യൂ ചെയ്തു. ടൊറന്റോ സ്റ്റാര്‍ എഡിറ്റോറിയല്‍ എഴുതി: 'ഈ ഇമാം 30 വര്‍ഷത്തോളമായി ഇവിടെ സമാധാനം, ബഹുസ്വരത, സാംസ്‌കാരിക വിനിമയങ്ങള്‍ തുടങ്ങിയവയൊക്കെ പ്രബോധനം ചെയ്യുന്നു. അത്തരമൊരാള്‍ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു' എന്നൊക്കെയായിരുന്നു അവരെല്ലാം എഴുതിയതും പറഞ്ഞതും. ഈ വാര്‍ത്ത യു.കെയിലും ഓസ്‌ട്രേലിയയിലും അടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും വാര്‍ത്തയായി. അമേരിക്കന്‍ അധികൃതര്‍ക്കും അവരെ അനുകൂലിച്ച മാധ്യമങ്ങള്‍ക്കും ഇത് വലിയ മാനക്കേടായി. കൗതുകകരമായ കാര്യം, ഇത് അമേരിക്കന്‍ അധികാരികളെ അറിയിച്ച അദ്ദേഹത്തിന്റെ സുഹൃത്തെന്ന് നടിച്ചിരുന്ന മാര്‍ക്സിസ്റ്റ് ആശയക്കാരനായ താരിഖ് ഫത്താഹ്, എന്റെ ഭര്‍ത്താവ് കാനഡയിലേക്ക് തിരിച്ചു വന്നതിന് ശേഷം, മാധ്യമങ്ങള്‍ വലിയ പിന്തുണയുമായി എത്തിയപ്പോള്‍, ഒരു കത്തിലൂടെ ഇങ്ങനെ പറയുന്നു: 'ടൊറന്റോയിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയാണ് പ്രൊ. അഹ്‌മദ് കുട്ടി, അദ്ദേഹം ഒരു ഈച്ചയെ പോലും വേദനിപ്പിക്കില്ല.'

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പല അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. റോയല്‍ സൊസൈറ്റി ജോര്‍ദാന്‍ ലോകത്ത് സ്വാധീനം ചെലുത്തുന്ന 500  വ്യക്തികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്‌നി എന്ന നിലയില്‍ എനിക്ക് എന്നും അഭിമാനവും സന്തോഷവുമാണ്.

വിവാഹ ജീവിതത്തില്‍

അദ്ദേഹത്തിന് പതിനെട്ടും എനിക്ക് പതിമൂന്നും വയസ്സുള്ളപ്പോള്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം. എന്റെ ഉപ്പ സജീവ ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ശാന്തപുരത്ത് പഠിക്കുമ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം കഴിക്കുന്നതിനു മുമ്പ് തന്നെ ഉപ്പ പറഞ്ഞിരുന്നു, അഹമ്മദ് കുട്ടി വിദ്യാര്‍ഥിയാണ്. അവന്‍ മദീനയില്‍ വരെ പോയി പഠിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത്. അവന്റെ പഠനത്തിന്  വിഘാതമാകുന്നതൊന്നും ചെയ്യരുത്. ഇതു വാപ്പ അന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ പോലും അവിടെ പോയി പഠിക്കുന്നത് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ഉപ്പാക്ക് കൊടുത്ത വാക്ക് ഞാന്‍ ഇന്നുവരെ അക്ഷരംപ്രതി അനുസരിച്ചു പോരുന്നു. കുട്ടികളുടെയും പേരക്കുട്ടികളുടെയും എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് നോക്കി നടത്താറുള്ളത്. അഞ്ചാം ക്ലാസ് വരെ പഠിച്ച എനിക്ക് കേവലം ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രമേ വായിക്കാന്‍ അറിയുമായിരുന്നുള്ളൂ. അദ്ദേഹം ഇവിടെ വന്ന ഉടനെ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. രാവിലെ വീട്ടില്‍നിന്ന് പുറത്തു പോകുമ്പോള്‍ അദ്ദേഹം അന്നത്തെ കാലത്തെ ഓഡിയോ കേസറ്റുകളില്‍ പറഞ്ഞുവെച്ചത് അദ്ദേഹം വരുമ്പോഴേക്കും പഠിച്ചുവെക്കുകയായിരുന്നു എന്റെ പണി. അങ്ങനെ അദ്ദേഹത്തിന്റെ പ്രചോദനവും എന്റെ പരിശ്രമവും മൂലം ഇംഗ്ലീഷ് ഇപ്പോള്‍ അനായാസേന കൈകാര്യം ചെയ്യാന്‍ പറ്റുന്നു. അഹമ്മദ് കുട്ടി സാഹിബിന്റെ കൂടെ IIT യിലെ എല്ലാ കാര്യങ്ങളിലും സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ ഉത്തരവാദിത്വം വഹിക്കുന്നതിന് സാധിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്കിവിടെ മലയാളികളെക്കാള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്യൂണിറ്റി മെമ്പേഴ്‌സ് ആണ് സുഹൃത്തുക്കള്‍.
ഞങ്ങള്‍ക്ക് നാലു മക്കളാണ്. രണ്ട് ആണും രണ്ടു പെണ്ണും. ആദ്യത്തെത് ഫൈസല്‍ കുട്ടി. ലോസ് ആഞ്ചലസ് ലോ പ്രൊഫസറായും മനുഷ്യാവകാശ പ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നു. ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 

രണ്ടാമത്തെത് സാജിദ. ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയാണ്. പത്ത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മൂന്നാമത്തെത് ഹാജറ. അധ്യാപികയും ആക്ടിവിസ്റ്റും ആണ്. നാലാമത്തെത് കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ഷക്കീല്‍.

പാശ് ചാത്യരുടെ കുടുംബ ജീവിതം

അമേരിക്ക, കാനഡ, യൂറോപ്പ് പോലുള്ള രാജ്യങ്ങളിലുള്ളവര്‍ കുത്തഴിഞ്ഞ കുടുംബ ജീവിതം നയിക്കുന്നവരാണെന്നാണ് നമ്മുടെ നാട്ടിലെ പൊതുബോധം. അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, 15 വയസ്സാകുമ്പോഴേക്കും ഇവിടെ മക്കള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ട്. എവിടേക്ക് പോകണമെങ്കിലും ആരുമായും കൂട്ടുകൂടണമെങ്കിലും എത്രയും ദിവസങ്ങള്‍ അവരുമായി സവഹവസിക്കുന്നതിനുമൊന്നും ഇവിടുത്തെ നിയമങ്ങള്‍ തടസ്സമല്ല.

പക്ഷേ, മക്കളെ നോക്കുന്ന കാര്യത്തില്‍ ഇവിടെ മാതാക്കളും പിതാക്കളും അവര്‍ വലുതാകുന്നത് വരെ നന്നായി ശ്രദ്ധിക്കാറുണ്ട്. ഇവിടെ കുട്ടികളുടെ സുരക്ഷയ്ക്കായി പല നിയമങ്ങളും ഉണ്ട്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്താന്‍ പാടില്ല. എട്ട് വയസ്സ് വരെ കാറില്‍ സീറ്റ്  ബെല്‍റ്റ്കളില്‍ ഘടിപ്പിച്ചിരുത്തണം. വിവാഹം കഴിഞ്ഞതിനു ശേഷം ഒരു നിലക്കും ഒത്തുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ നാട്ടിലെ പോലെ ജീവിതകാലം മുഴുവന്‍ അടിയും തൊഴിയും പരസ്പരം പഴിചാരിയും നില്‍ക്കുകയില്ല. പകരം, ബന്ധം ഉടനെ തന്നെ അവസാനിപ്പിക്കുകയും തനിക്ക് യോജിച്ചത് വേറെ കണ്ടെത്തുകയും ചെയ്യും. പക്ഷേ, ബന്ധം വേര്‍പിരിഞ്ഞാലും നമ്മുടെ നാട്ടിലേത് പോലെ ശത്രുക്കളെ പോലെയല്ല പരസ്പരം പെരുമാറാറുള്ളത്. അങ്ങോട്ടുമിങ്ങോട്ടും പോവുകയും സൗഹൃദം തുടരുകയും കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ യോജിച്ച് സഹകരിച്ച് ചെയ്യുകയും ചെയ്യുന്നതാണ് പൊതുവെ കാണാറുള്ളത്.

ഞങ്ങളുടെ അനുഭവത്തില്‍ തന്നെ, ഞങ്ങളുടെ മോനും മോളും സെപ്പറേറ്റഡ് ആവുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ, ഇപ്പോഴും എന്റെ ആദ്യ മരുമകള്‍ ഞങ്ങളെ സ്ഥിരമായി വന്നു കാണുകയും, ഞങ്ങള്‍ക്ക് ഗിഫ്റ്റുകള്‍ കൊണ്ടുവന്ന് തരികയും ചെയ്യാറുണ്ട്. അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെയായും ഞങ്ങള്‍ക്ക് നല്ല ബന്ധമാണ്. അവരുടെ ഉമ്മ മരിച്ചപ്പോള്‍ ഞാനും മകളും ആണ് അവരെ കുളിപ്പിക്കേണ്ടത് എന്ന് വസ്വിയ്യത്ത് ചെയ്യുക വരെ ചെയ്തിരുന്നു. ഇത് അനുകരിക്കേണ്ട ഒരു മാതൃകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

സ്ത്രീ സുരക്ഷിതത്വവും നീതിയും

പൊതുവേ സ്ത്രീകള്‍ക്ക് നാട്ടിനെക്കാള്‍ സുരക്ഷ ഇവിടെ ഉള്ളതായിട്ടാണ് അനുഭവപ്പെടാറുള്ളത്. സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും ആക്രമണങ്ങള്‍ ഉണ്ടെങ്കില്‍ അതിനെതിരെ ഇവിടുത്തെ നിയമം കഠിനമാണ്. അതുകൊണ്ട് ഇവിടെ അധികവും സ്ത്രീകള്‍ ഒറ്റക്ക് തന്നെയാണ് ട്രെയിനിലും ബസ്സുകളിലും എല്ലാം സഞ്ചരിക്കാറുള്ളത്. അതോടൊപ്പം തന്നെ ലഹരി ഉപയോഗിക്കുന്നവര്‍ ഇവിടെ കൂടുതലാണ്. അതിനാല്‍ ഒരല്‍പം നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്. മാനസികമായി നല്ല തയ്യാറെടുപ്പുകള്‍ നടത്തിയിട്ട് വേണം മൈഗ്രേഷന്‍ നടത്തേണ്ടത്. അല്ലെങ്കില്‍ ബന്ധുക്കളില്‍ നിന്ന് ഒരുപാട് അകന്നു നില്‍ക്കുന്നതുകൊണ്ട് നല്ല മനഃപ്രയാസം അനുഭവിക്കേണ്ടി വരികയും അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇവിടങ്ങളിലൊക്കെ നാം വളരെ ചെറിയ കമ്യൂണിറ്റി ആണ്. പുറമേയുള്ള ആളുകള്‍ക്കിടയില്‍ നാം നമ്മുടെ ഐഡന്റിറ്റിയെ നന്നായി പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ വ്യക്തികള്‍ക്കുള്ള ദൗര്‍ബല്യങ്ങളെ മറ്റുള്ളവര്‍ ഇസ്ലാമിന്റെ പരിമിതിയായി കണക്കാക്കും. മറ്റൊന്ന്, നമ്മുടെ കുട്ടികളെ നമ്മുടെ സംസ്‌കാരത്തിനൊത്ത് വളര്‍ത്തുക എന്നുള്ളതാണ്. അതില്‍ അശ്രദ്ധ കാണിച്ചാല്‍ അത് ഭാവിയില്‍ നമുക്ക് ദോഷം ഉണ്ടാക്കും

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media