ഗ്രാമീണ ബാല്യത്തിന്റെ പെണ്ണോര്‍മകള്‍

സലീന ടി.പി
നവംബർ 2024

അനുഭൂതിയുടെ വിനിമയം സാധ്യമാകുമ്പോഴാണ് ഒരു പുസ്തകം സാഹിത്യ കൃതിയാകുന്നത്. സാഹിത്യകാരന്റെ കാതലാണ് അനുഭൂതി തലം. വായനക്കാരന് സ്വാഭാവികമായ അനുഭൂതി പ്രധാനം ചെയ്യുന്നതാണ് ആമിന പാറക്കലിന്റെ  'കോന്തലക്കിസ്സകള്‍' എന്ന കൃതി.
ഒരു അധ്യാപകന്റെ വിവരക്കേടുകൊണ്ട് ആറാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവരികയും പില്‍ക്കാലത്ത് പലവിധ അസുഖങ്ങളിലൂടെയും നിരവധി പരീക്ഷണങ്ങളിലൂടെയും കടന്നുപോവുകയും ചെയ്ത പാറക്കല്‍ ആമിന എന്ന എഴുപതുകാരി തന്റെ ദുഃഖവും പ്രയാസവും മറച്ചുവെക്കാന്‍ കണ്ട വഴി പകല്‍സമയത്ത് കൃഷി പരിപാലനവും രാത്രിയിലെ എഴുത്തുമായിരുന്നു. ഇങ്ങനെ പലയിടങ്ങളിലായി എഴുതിവെച്ച നാടന്‍ വര്‍ത്തമാനങ്ങള്‍ മക്കളും കുടുംബവും കണ്ടെടുത്ത് പുസ്തകരൂപത്തിലാക്കിയപ്പോള്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കക്കാട്-കാരശ്ശേരി ഗ്രാമങ്ങളുടെ സമഗ്രമായ ഒരു ചരിത്രം കൂടി പിറവിയെടുക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് കാരശ്ശേരി പഞ്ചായത്തിലെ കക്കാട് ഗ്രാമത്തില്‍ പാറക്കല്‍ ആലിക്കുട്ടിയുടെയും കാരാട്ടുപാറമ്മേല്‍ ഫാത്തിമയുടെ മകളായ ആമിന പാറക്കല്‍ ആദ്യ പുസ്തകത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്നിരിക്കുന്നു. നാല്‍പതാം വയസ്സില്‍ അര്‍ബുദം വന്നതിനെ തുടര്‍ന്ന് ഒരു വൃക്ക മുറിച്ച് മാറ്റപ്പെട്ട ആമിന പിന്നെയും ആറോളം ശാസ്ത്രക്രിയകള്‍ക്ക് വിധേയയായി. അതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ രാത്രികാലങ്ങളിലുണ്ടാകുന്ന ഉറക്കക്കുറവും വേദനയും മറക്കാനാണ് എഴുത്തിലേക്ക് കടന്നത്. പഴയ ഡയറികള്‍ ശേഖരിച്ച് ആമിന ചെറുപ്പകാലത്ത് കണ്ടതും അനുഭവിച്ചതും ഉമ്മ പറഞ്ഞതുമായ കഥകള്‍ എഴുതിത്തുടങ്ങി.  
'ഇരുവഴിഞ്ഞി പുഴയിലെ കുഞ്ഞോളങ്ങള്‍' എന്ന അധ്യായത്തില്‍ തുടങ്ങി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്കധ്യാപകന്‍ ക്രൂരമായി പെരുമാറിയതിനെ തുടര്‍ന്ന് പഠനം നിര്‍ത്തേണ്ടിവന്ന ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് ഗ്രന്ഥകാരി പുസ്തകം അവസാനിപ്പിക്കുന്നത്. ഓര്‍മകള്‍ ഇല്ലാതാകുന്നിടത്ത് ഒരു മനുഷ്യന്‍ മരിക്കുകയാണ്. നമ്മുടെ പൈതൃകം മരിക്കാതിരിക്കാന്‍ വിലപ്പെട്ട ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നടത്തം അനിവാര്യമാണ്. കക്കാടിലെ പഴയകാല സൗഹൃദങ്ങള്‍, നാട്ടുമണങ്ങള്‍, കണ്ടോളി പാറയിലെ കലാസന്ധ്യകള്‍, ചരിത്രപരിസരങ്ങള്‍ എന്നിവ സൂക്ഷ്മ നിരീക്ഷണം നടത്തി പതിറ്റാണ്ടുകളുടെ മനനത്തിനു വിധേയമായ മാനവ ഭാഷയുടെ ജാടയില്ലാതെ ജൈവഭാഷയില്‍ കഥ പറയാനുള്ള എഴുപതുകാരിയുടെ മിടുക്ക് വേറെ തന്നെയാണ്.

'പേനകൊണ്ട് കടലാസില്‍ എഴുതുന്നത് മണ്ണില്‍ കിളക്കുന്നത് പോലെയാണ്', 'പേനയും കടലാസും തമ്മില്‍ കാണുമ്പോള്‍ അക്ഷരങ്ങള്‍ക്ക് വേരു പിടിക്കും'... ചിലയിടങ്ങളില്‍ വരികള്‍ കവിതയായും പിറവി കൊള്ളുന്നുണ്ട്. അങ്ങനെയൊക്കെയാണ് വാവച്ചിയും ഉമ്മച്ചിയും വല്ലിപ്പയും വല്യമ്മയും മൂത്താപ്പയും പിച്ചാപ്പയും മാനാക്കയും കെ.പി.ആറും പേപ്പട്ടി വിഷം തീണ്ടിയ നിഷ്‌കളങ്കരായ മനുഷ്യരും ചരിത്രത്തില്‍നിന്ന് ഇറങ്ങി വന്ന് നമ്മുടെ ഹൃദയം കീഴടക്കുന്നത്. നാല് അധ്യാപര്‍ മാത്രമുള്ള കക്കാട് ജി.എല്‍.പി സ്‌കൂളില്‍ ആയിരുന്നു ആമിന പാറക്കല്‍ നാല് വരെ പഠിച്ചത്. തുടര്‍പഠനം തൊട്ടടുത്ത കാരശ്ശേരി യു.പി സ്‌കൂളിലും. ഗ്രന്ഥകാരി പറയുന്നു: 'ഇതൊരു പുസ്തകമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെ മരണശേഷം എന്റെ മക്കള്‍ ഇത് കണ്ടെടുത്ത് എന്റെ നാടിന്റെ നന്മയും സ്‌നേഹവും പില്‍ക്കാലതലമുറ അറിഞ്ഞുകൊള്ളട്ടെ എന്ന് മാത്രമേ ഞാന്‍ കരുതിയിരുന്നുള്ളൂ.'

ഇവര്‍ പലയിടങ്ങളിലായി എഴുതിവച്ച നാടന്‍ വര്‍ത്തമാനങ്ങള്‍ മക്കളും കുടുംബവും കണ്ടെടുത്ത് പുസ്തകരൂപത്തിലാക്കിയപ്പോള്‍, കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ മുക്കത്തിനടുത്ത് കക്കാട്, കാരശ്ശേരി പ്രദേശങ്ങളുടെ സമഗ്രമായൊരു ചരിത്രം പിറവിയെടുക്കുകയായിരുന്നു.

അതാണ് മാതൃഭൂമി ബുക് സ് പ്രസിദ്ധീകരിച്ച പാറക്കല്‍ ആമിനയുടെ 'കോന്തലക്കിസ്സകള്‍'.
ഉമ്മ പറഞ്ഞ കഥകള്‍, ഇരുവഴിഞ്ഞിയിലെ കുഞ്ഞോളങ്ങള്‍, ഒരു കൊയ്ത്തുകാലം, ബാവിച്ചിയുടെ ചായമക്കാനി, പൂളോണ ഉമ്മ, മഞ്ചറപ്പാപ്പ, എന്റെ വിദ്യാലയം, മലമുകളില്‍ നിന്നൊരു അതിഥി, കെ.പി.ആറ് ജയിച്ചീടും, അബു മാഷ്, ഖിലാഫത്ത് ലഹളയും ഒരു പേറ്റുനോവും, പട്ടാളത്തിന്റെ വിളയാട്ടം, കുന്നത്ത് പള്ളി, മുളയിലേ മുടങ്ങിപ്പോയ പഠനം തുടങ്ങി നാല്‍പതോളം അധ്യായങ്ങള്‍. 150-ലേറെ പേജുകള്‍.
മലബാര്‍ സമരം, ഖിലാഫത്ത് ലഹള എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് ഓര്‍മവരിക തിരൂരങ്ങാടിയും പൂക്കോട്ടൂരും ആലി മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുമൊക്കെയാണ്. പുരുഷന്‍മാരോടൊപ്പം ഈ പോരാട്ടത്തില്‍ അക്കാലഘട്ടത്തിലെ സ്ത്രീകളും വഹിച്ച പങ്ക് നമ്മെ അമ്പരപ്പിക്കും. ജെന്‍ഡര്‍ പൊളിറ്റിക്സും ലിംഗ നീതിയും ചര്‍ച്ച പോലും ആകാതിരുന്ന കാലത്ത് കരുത്തുറ്റ നാല് പെണ്‍ ജന്മങ്ങളെ ചരിത്രത്തില്‍ നിന്നും കണ്ടെടുത്ത് നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ചാത്തോറ്റിയും പൂളോണും ഉമ്മയും മൂന്നു പതിറ്റാണ്ട് തോണിയുടെ അമരം പിടിച്ച ആമിനാച്ചിയും, ആണുങ്ങളൊക്കെ ബ്രിട്ടീഷ് പട്ടാളത്തെ പേടിച്ച് മലകയറാന്‍ നിര്‍ബന്ധിതരായ കാലത്ത് ബ്രിട്ടീഷ് സായുധ സേനയെ വെല്ലുവിളിച്ച് പള്ളിയിലെ ക്ലോക്ക് പിടിച്ചെടുത്ത തിരുത്തിയിലെ വല്യമ്മ ഫാത്തിമയും, ഗര്‍ഭിണിയായ മകളുടെ കൈപിടിച്ച് മലയിറങ്ങി പട്ടാളത്തിന്റെ മുന്നിലൂടെ നടന്ന് 'അല്ലാഹുവുണ്ട് ഞങ്ങള്‍ക്ക്, അല്ലാഹുവിനെ അല്ലാതെ ഞങ്ങള്‍ക്ക് ആരെയും പേടിയില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സധൈര്യത്തോടെ  നടന്നു നീങ്ങിയ മലബാറിലെ ഝാന്‍സി റാണികളെ സംബന്ധമായ പരാമര്‍ശങ്ങള്‍ ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷകതകളിലൊന്നാണ്.

ഈ പ്രദേശങ്ങളില്‍ മാത്രമല്ല ഒട്ടുമിക്ക പ്രദേശങ്ങളിലും അക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ചിത്രം 'തീ പുകയാത്ത ഒരു വെള്ളിയാഴ്ച' എന്ന അധ്യായം നമുക്ക് പറഞ്ഞു തരും.
മക്കളും പേരമക്കളുമായി മുപ്പത്തിയഞ്ചോളം അംഗങ്ങളുള്ള വലിയൊരു കുടുംബത്തിന്റെ ഒരേയൊരു ആശ്രയമായിരുന്ന പിതാവ് പാറക്കല്‍ ആലിക്കുട്ടിയുടെ ചായ മക്കാനിയിലെ രസകരമായ ചില അനുഭവങ്ങള്‍ 'ബാവിച്ചിയുടെ ചായമക്കാനി 'എന്ന അദ്ധ്യായത്തില്‍ പങ്കുവെക്കുന്നു.
കൃഷിയാണ് ആമിനയുടെ മുഖ്യ വിനോദം. മാതാപിതാക്കളായിരുന്നു പ്രചോദനമായത്. സ്വന്തം വീട്ടുമുറ്റത്ത് പൂന്തോട്ടവും ജൈവ പച്ചക്കറി തോട്ടവും ഒരുക്കി മികച്ച ജൈവ കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ പലതവണ ലഭിച്ചിട്ടുണ്ട്. 'കോന്തലക്കിസ്സകള്‍' പ്രകാശന ചടങ്ങിന് സാക്ഷികളാവാന്‍ ഒരു പ്രദേശം മുഴുവനും, അയല്‍പ്രദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ഒഴുകിയെത്തി.

എഴുത്തുകാരി ബി.എം സുഹ്‌റയുടെ പ്രൗഢമായ അവതാരികയും സഹോദരപുത്രന്‍ ജാഫറലി പാറക്കലിന്റെ വരകളും പുസ്തകത്തെ കൂടുതല്‍ മികവുറ്റതാക്കി. ഭര്‍ത്താവ് ചേന്ദമംഗല്ലൂര്‍ സ്വദേശിയായ ചെട്ട്യന്‍ തൊടികയിലെ സി.ടി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ക്കും മക്കളായ തൗഫീഖ്, അമാനുല്ല, അജ്മല്‍ ഹാദി, നജുമുന്നിസ, ഫാരിസ് എന്നീ മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം ഏറെ സന്തോഷവതിയായാണ് ആമിന പാറക്കല്‍ ജീവിക്കുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media