അടുക്കള തോട്ടങ്ങളിലെ, ഔഷധച്ചെടികളില്‍ വിക്‌സ് തുളസി, മധുര തുളസി ചെടികള്‍ താരങ്ങളാണ്. വിക്‌സ് ചെടിയുടെ ഇലകള്‍ ജലദോഷം, മൂക്കടപ്പ്, തലവേദന എന്നിവക്ക് ഏറെ ആശ്വാസം പകരുന്നതാണ്. 'ഒന്നോ രണ്ടോ ഇലകള്‍ തിരുമ്മി മൂക്കില്‍ വലിച്ചാല്‍ മതി, വിക്‌സ് വലിക്കുന്നതുപോല ആശ്വാസം കിട്ടും. ഇലകള്‍ വായിലിട്ടു ചവച്ചാല്‍ നല്ല എരിവും ഗ്യാസും അനുഭവപ്പെടും. ഇലകള്‍ തിളച്ച വെള്ളത്തിലിട്ട് ആവി പിടിച്ചാല്‍ മൂക്കടപ്പ്, തൊണ്ടവേദന മാറി കിട്ടും. വായ്‌നാറ്റം മാറ്റാന്‍ വിക്‌സ് തുളസി ഇലകള്‍ വായിലിട്ട് ചവക്കാറുണ്ട്. തലവേദനക്ക് നെറ്റിയില്‍ ചതച്ചിട്ടാല്‍ മതി. വിക്‌സ് തുളസി ചെടിക്ക് മൗത്ത് ഫ്രഷ് പ്ലാന്റ് എന്ന പേരിലും അറിയപ്പെടുന്നു. ഇലകള്‍ക്ക് നല്ല വാസനയാണ്. മിന്റ് എന്ന പേരും ഇതിനുണ്ട്. പഞ്ചാബ്, ജപ്പാന്‍, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ വ്യവസായികമായി കൃഷി ചെയ്യപ്പെടുന്നു. കേരളത്തില്‍ കാസര്‍കോടും കൃഷിയാരംഭിച്ചിട്ടുണ്ട്. മൗത്ത് വാഷ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, ഓയില്‍ എന്നിവയില്‍ ഇവയുടെ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. നഴ്‌സറികളില്‍നിന്ന് ചെടികള്‍ ലഭിക്കും. തലവേദനക്കും ദഹനത്തിനും വീട്ടുമുറ്റത്ത് ചട്ടികളിലോ നിലത്തോ ഒന്നോ രണ്ടോ തൈകള്‍ നട്ടാല്‍ ആവശ്യത്തിന് പ്രയോജനപ്പെടുത്താം. ഇലയോട് കൂടി തണ്ടുകള്‍ മുറിച്ചെടുത്താണ് നടുന്നത്. അത്യാവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. വെയില്‍ കൂടുതലായാല്‍ വാടും. ചട്ടികളില്‍ ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത് വീടുകളിലെ ബാല്‍ക്കണിയില്‍ വെച്ച് വളര്‍ത്തിയാല്‍ മരുന്നായും പച്ചപ്പിന്റെ ഭംഗിക്കും പ്രയോജനപ്പെടുത്താം. അധികകാലം ചെടി നിലനില്‍ക്കാത്തതിനാല്‍ തണ്ടുകള്‍ മുറിച്ച് പുതിയ ചെടികള്‍ വെച്ചുപിടിപ്പിക്കണം.
വിക്‌സ് തുളസിയെ പോലെ തന്നെ വീടുകളില്‍ നട്ടു പിടിപ്പിക്കാന്‍ പറ്റിയ ഔഷധച്ചെടിയാണ് മധുര തുളസി, പഞ്ചസാരയുടെ മുപ്പത് ഇരട്ടി മധുരമാണ് മധുര തുളസിയിലക്കുള്ളത്. ഇലകള്‍ ചവച്ചാല്‍ നല്ല മധുരമാണ്. പൂജ്യം കലോറിയായതിനാല്‍ മധുര തുളസി പ്രമേഹരോഗികള്‍ക്ക് കഴിക്കാം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് ഭക്ഷിക്കുന്നതിനുള്ള അനുമതി അടുത്ത കാലത്താണ് നല്‍കിയത്. പഞ്ചസാരക്ക് പകരമായി ഉപയോഗിക്കാന്‍ പറ്റിയ ഔഷധച്ചെടിയെന്ന സവിശേഷതയും മധുര തുളസിക്കുണ്ട്. മിഠായികളിലും ബിസ്‌ക്കറ്റുകളിലും സോഫ്റ്റ് ഡ്രിങ്കുകളിലും മധുര തുളസിയില ഉപയോഗിക്കുന്നു. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവക്കും ശരീരഭാരം കുറക്കുന്നതിനും ആശ്വാസമാണ്. മധുര തുളസിയിലകള്‍ ഉണക്കിപ്പൊടിച്ച് പൗഡറാക്കിയതും, ഇലകളുടെ സത്തെടുത്തതും, ഇലകള്‍ സംസ്‌കരിച്ച് പഞ്ചസാര തരികള്‍ പോലെ വെള്ള നിറത്തിലാക്കിയതും വിപണിയില്‍ ലഭ്യമാണ്. പഞ്ചസാരയുടെ ക്രിസ്റ്റല്‍ മാതൃകയില്‍ ചായയിലിട്ട് ഉപയോഗിക്കാന്‍ പറ്റിയ ചെറിയ പാക്കറ്റുകളും വിപണിയിലുണ്ട്. സാധാരണ വീടുകളില്‍ ചായ, കാപ്പി തയ്യാറാക്കുമ്പോള്‍ രണ്ടോ മൂന്നോ ഇലകളിട്ടാല്‍ പ്രകൃത്യാ തന്നെയുള്ള ചായയോ കാപ്പിയോ റെഡിയാവും. അമേരിക്കയാണ് മധുര തുളസിയുടെ ജന്മനാട്. ചൈനയിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. കേരളത്തില്‍ കാസര്‍കോട്ട് വ്യവസായികമായി മധുര തുളസി കൃഷി ചെയ്യുന്നു. മണ്ണും വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും ചേര്‍ത്ത് ചട്ടികളിലും നിലത്തും കൃഷി ചെയ്യാം. പിടിച്ച് കിട്ടാന്‍ അല്‍പം താമസമുണ്ടാകും. ജലം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ വളരില്ല.