നിറങ്ങളുടെ വസന്തം

നജ്‌ല പുളിക്കല്‍
ഫെബ്രുവരി 2024

അരീക്കോട് പുത്തലത്തുള്ള ആല്‍ഫ വില്ലയുടെ പൂമുഖം മുതല്‍ അടുക്കള വരെ നിറങ്ങളുടെ വസന്തമാണ്. കാലം മഞ്ഞും മഴയും വേനലുമായി അതിന്റെ ശല്കങ്ങള്‍ പൊഴിച്ചു തുടങ്ങിയാലും ആല്‍ഫയില്‍ നിറങ്ങള്‍ പെയ്തുകൊണ്ടിരിക്കും. ഇവിടെ നിറക്കാഴ്ചയൊരുക്കുന്ന മിടുക്കിയായ ഒരു വീട്ടമ്മയുണ്ട് ജഷീല സഫീര്‍ മാമ്പുഴ എന്ന ജാസ് മാമ്പുഴ.

നിറങ്ങളുടെ ലോകത്തേക്ക് എത്തും മുമ്പെ ജഷീല ചങ്ങാത്തം കൂടിയത് അക്ഷരങ്ങളോടാണ്. വീട്ടിലുള്ളവര്‍ നല്ല വായനക്കാരായിരുന്നു. അടുത്തുള്ള ലൈബ്രറികളില്‍ നിന്നെല്ലാം എടുത്തുകൊണ്ടു വരുന്ന പുസ്തകങ്ങളുടെ ആദ്യ വായനക്കാരി പക്ഷേ കുഞ്ഞു ജഷീലയാകും. വായന ജഷീലയെ എഴുത്തിലേക്കും പതിയെ വരയിലേക്കും അടുപ്പിച്ചു.

ഏതൊരു ശരാശരി മലയാളി മുസ്ലിം പെണ്‍കുട്ടിയെയും പോലെ ചെറുപ്പത്തിലേ തന്നെ വിവാഹിതയായെങ്കിലും നിറങ്ങളെ പൂര്‍ണമായി ജീവിതത്തില്‍നിന്ന് തുടച്ചുമാറ്റാന്‍ ജഷീല അനുവദിച്ചില്ല. കാലത്തോട് പട വെട്ടി പഠനം തുടര്‍ന്നു. മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം, പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ എന്നിവയൊക്കെ നേടി.

ഭര്‍ത്താവ് സഫീറിന്റെ പൂര്‍ണ പിന്തുണ ജഷീലക്ക് ശക്തിപകര്‍ന്നു. 2005ല്‍ തിരുവനന്തപുരം സിഡാകില്‍ (CDAC) ജോലി. മലപ്പുറം ഐ.ടി മിഷനില്‍ കുറച്ചു കാലം. പക്ഷേ, മകന്‍ ചെറിയ കുട്ടിയായതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

വീണ്ടും വര്‍ഷങ്ങള്‍ കടന്നുപോയി. അപ്പോഴൊക്കെയും എന്തോ ഒരു അപൂര്‍ണത മനസ്സില്‍നിന്ന് വിട്ടൊഴിയാതെ നിന്നു. തനിക്ക് അറിവും കഴിവുമുള്ള പലതും മാറ്റിവെച്ചുകൊണ്ടുള്ള ജീവിതത്തെ നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്നു.
പിന്നീട് ജീവിതം മാറ്റിമറിച്ചത് നാലു വര്‍ഷം മുമ്പ് വെളിപാടു പോലെ വന്ന ചില ചിന്തകളാണ്. ഉള്ളിലെ കഴിവുകള്‍ ഓരോന്നായി പുറത്തെത്തിക്കണമെന്ന വാശി. വീണ്ടും എഴുത്തു തുടങ്ങി.

ആ സമയത്താണ് പഴയ അലുംനി ഗ്രൂപ്പുകളില്‍ സജീവമാകുന്നത്. സ്‌കൂള്‍ കാലത്ത് എഴുതിയിരുന്ന കഥകളും കവിതകളും പഴയ ഡയറി താളുകളില്‍നിന്ന് പൊടിതട്ടിയെടുത്ത് ഗ്രൂപ്പുകളില്‍ അയച്ചു. പക്ഷേ അതിശയിപ്പിക്കുന്ന പ്രതികരണമാണ് കിട്ടിയത്. അപ്പോള്‍ ആത്മവിശ്വാസമായി. പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതം. നിരവധി കവിതകളും പാട്ടുകളും ആ തൂലികയില്‍ പിറന്നു.
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം ചെയ്തിരുന്ന ചിത്രകല പൊടിതട്ടിയെടുത്തു. ക്യാന്‍വാസില്‍ നിറങ്ങള്‍ പടര്‍ന്നപ്പോള്‍ കൂടുതല്‍ ധൈര്യമായി. കവിതയും പാട്ടും കഥകളും ചിത്രങ്ങളും പൂമ്പാറ്റകളെപ്പോലെ പാറി നടന്ന് ആല്‍ഫ വില്ല ഒരു പൂന്തോപ്പായി മാറി.

സാഹിത്യ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ഞാന്‍ അരൂപി നീ അനാമിക' എന്ന കഥാസമാഹാരം ഇറങ്ങിയത്  2022ലാണ്. ഒരു കവിതാസമാഹാരവും നോവലും അടുത്ത വര്‍ഷങ്ങളില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയില്‍ ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ എഴുതി. പ്രശസ്തരായ പല സംഗീതജ്ഞരും അതിന് സംഗീതം നല്‍കി. വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിങ്ങനെ അനുഗൃഹീതരായ നിരവധി ഗായകരുടെ ശബ്ദത്തില്‍ അവ മ്യൂസിക് ആല്‍ബങ്ങളായി പുറത്തിറങ്ങി. 'ജാസ് മാമ്പുഴ' എന്ന പേരിലാണ് പാട്ടുകളെഴുതുന്നത്.

നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുകയും സാഹിത്യ ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്താറുണ്ടെങ്കിലും ഒരു ഏകാംഗ ചിത്രപ്രദര്‍ശനമാണ് ഉള്ളില്‍ കൊണ്ടുനടക്കുന്ന സ്വപ്നം.
കൊച്ചി ആര്‍ട്ട് ബക്കറ്റ് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത് URF ന്റെ ഏഷ്യന്‍ റെക്കോര്‍ഡ് അടക്കം അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കേരള ചിത്രകലാ പരിഷത്തിന്റെ മലപ്പുറം ജില്ലാ വൈസ്പ്രസിഡണ്ടാണിപ്പോള്‍ ജഷീല. കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ച 'മൈ സ്റ്റാമ്പ്' പദ്ധതി പ്രകാരമുള്ള സ്റ്റാമ്പ് ലഭിച്ച ഇന്ത്യയിലെ ആദ്യ ചിത്രകാരികളുടെ കൂട്ടായ്മയായ 'മേരാകി'യിലെ അംഗം കൂടിയാണ്.
പാട്ടും വരയും എഴുത്തും ജന്മസിദ്ധമാണ് ജഷീലക്ക്. ഇനിയുള്ള കാലവും ഇവയൊക്കെയും പ്രാധാന്യത്തോടെ കൂടെ കൂട്ടാനാണ് ഈ കലാകാരി ആഗ്രഹിക്കുന്നത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മാനേജറായ അഹ്‌മദ് സഫീര്‍, വിദ്യാര്‍ഥികളായ മകള്‍ ഹയാലിഫ്, മകള്‍ ഹനിയ എന്നിവരടങ്ങിയതാണ് ജഷീലയുടെ കുടുംബം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media