കനല്‍പഥം താണ്ടിയ സ്ത്രീ ജീവിതത്തിന്റെ വിജയമാഘോഷിച്ചാണ് പുതുവർഷത്തിന്റെ തുടക്കം. ഭരണകൂടത്തില്‍ നിന്നും ഭീകര ഫാസിസത്തില്‍ നിന്നും തുല്യതയില്ലാത്ത അതിക്രമം സഹിക്കേണ്ടി വന്നിട്ടും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നും, നീതിയും നിയമവും ഈ നാട്ടില്‍ ഇനിയും പുലരേണ്ടതുണ്ടെന്നും സ്വന്തം ജീവിതംകൊണ്ട് ബോധ്യപ്പെടുത്തിയവളുടെ പേരാണ് ബില്‍കീസ് ബാനു.
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിമോചകനായി സ്വയം അവരോധിക്കുന്ന ഭരണാധികാരി, എല്ലാറ്റിനുമുപരി മുസ്‌ലിം സ്ത്രീയുടെ വിമോചനമാണ് തനിക്കിനി നിര്‍വഹിക്കാനുള്ളത് എന്ന മട്ടിൽ മുത്തലാഖ് നിരോധിച്ചത് നാടുനീളെ ആഘോഷിച്ചു നടക്കുന്നതിനിടയിലാണ് ഓര്‍ക്കാപ്പുറത്തെ അടിയായി ബില്‍കീസ് ബാനു കേസിലെ സുപ്രീം കോടതി വിധി.
2002-ലെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് വംശഹത്യാ ഭീകരതയുടെ ജീവിക്കുന്ന നേര്‍സാക്ഷ്യമാണ് ബില്‍കീസ് ബാനു. 14 പേരെ കൊലപ്പെടുത്തുകയും ഗര്‍ഭിണിയായ ബില്‍കീസിനെ ബലാത്സംഗം ചെയ്യുകയും ചെയ്ത വംശീയ ഭ്രാന്തന്മാരെ ജയിലില്‍നിന്ന് വിട്ടയക്കുകയും, ബ്രാഹ്‌മണരായതിനാല്‍ കുറ്റം ചെയ്യില്ലെന്നു പറഞ്ഞു മാലയിട്ടു സ്വീകരിക്കുകയും ചെയ്തത് 2023-ലെ സ്വാതന്ത്ര്യദിനത്തെ പരിഹാസ്യമാക്കിക്കൊണ്ടായിരുന്നു.
പക്ഷേ, സുപ്രീം കോടതി വിധിയില്‍ ലിംഗനീതിയുമായും സ്ത്രീ സമത്വവാദവുമായും ബന്ധപ്പെട്ട പൊതു ആഖ്യാന ചര്‍ച്ചകള്‍ക്കപ്പുറം ചില മാനങ്ങളുണ്ട്. ഒന്ന്, രാജ്യം ആണ്ടുപോകുന്ന വർഗീയ വിദ്വേഷ ചതുപ്പില്‍നിന്ന് രാജ്യത്തെ രക്ഷിച്ച്, നാടിന്റെ ജനാധിപത്യ - മതേതര സങ്കല്‍പത്തിനും നീതിന്യായ ബോധത്തിനും പ്രതീക്ഷ നല്‍കുന്നു. രണ്ട്, അതിക്രമങ്ങളാല്‍ ശക്തിയാര്‍ജിച്ചൊരു ഭരണകൂടത്തോടും വ്യവസ്ഥയോടും അവര്‍ പൊരുതിയത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു. ''ഞാന്‍ ബില്‍കീസ് ബാനു, ഫാസിസ്റ്റ് പുരുഷന്റെ ബലാത്സംഗ പ്രത്യയശാസ്ത്രത്തിന്റെ ഇര. എനിക്ക് നീതി വേണം'' എന്നവര്‍ കോടതിക്കു മുമ്പാകെ വന്നുപറഞ്ഞത് അവരുടെ മുഖം വെളിവാക്കിക്കൊണ്ടായിരുന്നു. അതിജീവിതകളായി അറിയപ്പെടാന്‍ വിധിക്കപ്പെട്ട അനേകം ഇന്ത്യന്‍ പെണ്‍കൊടിമാരില്‍ നിന്ന് ബിൽക്കീസിനെ വ്യത്യസ്തയാക്കിയത് സ്വന്തം സ്വത്വം വെളിപ്പെടുത്താനുള്ള ഈ ആര്‍ജവമാണ്. കുടുംബവും ഭര്‍ത്താവും അവളെ ചേര്‍ത്തുപിടിച്ചു.
പര്‍ദയെ സ്വയം ബോധ്യമില്ലാത്ത പെണ്‍ അടയാളമായിക്കാണുന്ന, ത്വലാഖ് വീരന്മാരായി മുസ്ലിം പുരുഷൻമാരെ ചിത്രീകരിക്കുന്ന നവ പൊതുബോധ നിർമിതികളെ തിരുത്തുന്നത് കൂടിയാണ് ഈ വിധി. ബില്‍കീസ് മാത്രമല്ല, അവളോടൊപ്പം കൂടെനിന്ന് പോരാട്ടം നയിച്ച ഇന്ദിര ജയ്‌സിംഗ്, മഹുവ മൊയ് ത്ര, ശോഭാ ഗുപ്ത, സുഭാഷിണി അലി, വൃന്ദാ കാരാട്ട്, അപര്‍ണ ഭട്ട്, രേവത് ലോല്‍ തുടങ്ങിയവരും ആദരവും ബഹുമാനവും അര്‍ഹിക്കുന്നു. അവരോടെല്ലാം നന്ദി പറയുന്നു; നാടിനെ നിയമവാഴ്ചയിലേക്ക് വീണ്ടെടുത്തതിന്.