സകാത്ത് ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മര്‍മമാണ്
മിച്ചധനത്തിന്റെ ഒരു വിഹിതം വ്യവസ്ഥാപിതമായും സംഘടിതമായും എട്ട് വിഭാഗം ജനങ്ങള്‍ക്ക് ഫലപ്രദമായി നല്‍കലാണ് സകാത്ത്. ഈ നിര്‍ബന്ധ ദാനം ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരമെന്ന സുപ്രധാന അനുഷ്ഠാനത്തോട് ചേര്‍ത്താണ് സകാത്തിനെയും ഊന്നിപ്പറഞ്ഞത്. നമസ്‌കാരം സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ബാധ്യതയാണെങ്കില്‍ സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്. സകാത്ത് ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മര്‍മം കൂടിയാണ്.
ജീവിതം ശുദ്ധീകരിക്കപ്പെടുന്നു
ഇസ്ലാമിക സാമ്പത്തിക ദര്‍ശനം അതിന്റെ പ്രപഞ്ച വീക്ഷണത്തിലധിഷ്ഠിതമാണ്. സകല പ്രപഞ്ചങ്ങളുടെയും അഖില വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവും പരിപാലകനും അല്ലാഹുവാണ്. വിഭവങ്ങളിന്മേലുള്ള പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരവും പരമാധികാരവും അവന് മാത്രമാണ്. അഖില പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും അല്ലാഹുവിന്റെ അലംഘനീയ വ്യവസ്ഥകള്‍ക്ക് വിധേയവുമാണ്. അടിമ ഉടമയെ പ്രതിനിധീകരിക്കുമ്പോള്‍ ഈ വസ്തുത മറന്നുകൂടാത്തതാണ്. സമ്പത്തുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ പ്രയോഗങ്ങള്‍ ഈ പൊരുള്‍ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. അല്ലാഹുവിന്റെ ഭൂമി (4: 97,39:10), അല്ലാഹുവിന്റെ സമ്പത്ത് (24:33), അല്ലാഹുവിന്റെ ഔദാര്യം (62:10, 73:20), അല്ലാഹുവിന്റെ വിഭവം (67:15, 2:60) തുടങ്ങിയവയുടെ മേല്‍ അല്ലാഹു മനുഷ്യരെ പ്രതിനിധികളാക്കിയിരിക്കുകയാണെന്ന് (57:7) വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്ലാമിക നിയമത്തില്‍ വ്യക്തിക്കോ സമൂഹത്തിനോ സ്റ്റേറ്റിനോ സമ്പത്തില്‍ പൂര്‍ണാര്‍ഥത്തിലുള്ള ഉടമാവകാശമില്ല. ''നിങ്ങളുടെ നിലനില്‍പിന്റെ നിദാനമായി അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ കാര്യവിചാരമില്ലാത്തവര്‍ക്ക് വിട്ടുകൊടുക്കരുത്'' (4:5). വ്യക്തിക്ക് സമ്പത്തിന്മേലുള്ള അവകാശം സ്വതന്ത്രമോ നിരുപാധികമോ അല്ല. അത്യാവശ്യഘട്ടങ്ങളില്‍ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യക്തിയുടെ ഉടമസ്ഥതയെ സമൂഹത്തിന് നിയന്ത്രിക്കാവുന്നതാണ്. ഈ തത്ത്വം സാമൂഹിക ജീവിയായ മനുഷ്യന്റെ ഭൂമിയിലെ സ്ഥാനത്തോടും ജീവിതവുമായി ബന്ധപ്പെട്ട പ്രകൃതി സത്യത്തോടും പ്രപഞ്ച ഘടനയോടും ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ്.
സകാത്ത് മര്യാദ പ്രകാരം കൃത്യമായി കൊടുത്തുവീട്ടാത്തവനെയാണ് വിശുദ്ധ ഖുര്‍ആന്‍ 'മുശ് രിക്ക്' എന്ന് ആക്ഷേപിക്കുന്നത്. ''സകാത്ത് നല്‍കാത്ത മുശ് രിക്കുകള്‍ (ബഹുദൈവാരാധകര്‍)ക്കാണ് മഹാ നാശം. അവര്‍ പരലോകത്തെ നിഷേധിക്കുന്നവരുമാകുന്നു'' (41:7). സമ്പത്തിനെപ്പറ്റി ശരിയായ കാഴ്ചപ്പാടില്ലാത്തവര്‍ക്ക് വിശ്വാസ വ്യതിയാനങ്ങള്‍ സംഭവിക്കും. അല്ലാഹുവാണ് സമ്പത്തിന്റെ ദാതാവും ഉടമസ്ഥനും. ഉടയവനായ അല്ലാഹു അനുശാസിച്ച നിശ്ചിത വിഹിതം അതിന്റെ അവകാശികള്‍ക്ക് എത്തിച്ചു കൊടുക്കണം. അപ്രകാരം ചെയ്യാതിരിക്കുന്നത് കടുത്ത ദൈവധിക്കാരവും നിഷേധവുമാണ്. നമസ്‌കരിച്ചും മറ്റും അല്ലാഹുവിനെ ആരാധിക്കുകയും സകാത്ത് നല്‍കാതെ സമ്പത്ത് കെട്ടിപ്പൂട്ടി വെച്ച് ധനപൂജ നടത്തുകയും ചെയ്താല്‍ അയാള്‍ ബഹുദൈവാരാധകനായിത്തീരുന്നു. പള്ളിയില്‍ ചെന്ന് അല്ലാഹുവിനെ ആരാധിക്കുകയും കച്ചവട സ്ഥാപനത്തിലും വീട്ടിലുമെല്ലാം നിരന്തരം ധനപൂജ നടത്തുകയും ചെയ്യുമ്പോള്‍ അയാൾ അല്ലാഹുവിനെ മാറ്റി നിർത്തി ധനപൂജ നടത്തുകയാണ്. വിഗ്രഹ പൂജ അര്‍ഥശൂന്യവും അനര്‍ഥവുമാണ്.
തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഒരുവന്‍ ഏകദൈവ വിശ്വാസത്തിലെത്തുന്നത്. ആദര്‍ശത്തെ ഗ്രസിച്ചേക്കാനിടയുള്ള ധനപൂജാ സംസ്‌കാരത്തിനെതിരിലുള്ള ഫലപ്രദമായ പ്രതിരോധ നടപടിയാണ് സകാത്തും മറ്റിതര ദാനധര്‍മങ്ങളും. ഖുര്‍ആന്‍ പുണ്യത്തെ (ബിര്‍റ്) നിര്‍വചിക്കുന്നേടത്ത് സത്യവിശ്വാസത്തിന്റെ (ഈമാന്‍) അടിത്തറ പറഞ്ഞതില്‍ പിന്നെ വിശദമായി ഉദാരമായ ദാനധര്‍മങ്ങള്‍ (ഇന്‍ഫാഖ്) പറഞ്ഞത് ഇക്കാരണത്താലാണ്. അതിന് ശേഷമാണ് നമസ്‌കാരവും സകാത്തും പറഞ്ഞത് (സൂറ: അല്‍ബഖറ). ദാനധര്‍മങ്ങള്‍ ഉദാരമായി നിര്‍വഹിക്കലും സകാത്ത് നല്‍കലും തനിക്ക് ധനപൂജയെന്ന ശിര്‍ക്ക് ബാധിക്കാതിരിക്കാനും സമ്പത്തിന്റെ നേരെയുള്ള നിലപാട് കൃത്യമായിരിക്കാനും വീക്ഷണ-വിശ്വാസ ശുദ്ധി കാത്തുസൂക്ഷിക്കാനും അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം പരലോകത്ത് നേരിടേണ്ടി വരുന്ന കഠിനശിക്ഷയെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക: ''സ്വര്‍ണവും വെള്ളിയും ശേഖരിച്ച് കെട്ടിപ്പൂട്ടി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ കഠിന ശിക്ഷയെപ്പറ്റി 'സുവിശേഷ'മറിയിക്കുക. നരകാഗ്‌നിയില്‍വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും അവരുടെ പാര്‍ശ്വങ്ങളിലും നെറ്റികളിലും മുതുകുകളിലും ചൂടേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന നാളില്‍ (അവരോട് പറയപ്പെടും): നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ശേഖരിച്ച് നിക്ഷേപിച്ചുവെച്ചതാണിത്. ആകയാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക'' (9:34,35). ഇത്തരം കഠിന ശിക്ഷക്ക് പാത്രമാവാതിരിക്കാന്‍ സകാത്ത് കൃത്യമായും ഫലപ്രദമായും നല്‍കേണ്ടതുണ്ട്. ഇത് സമ്പന്നന്റെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച്, പാവങ്ങള്‍ക്ക് സമ്പത്തിന്റെ ഉടയോനും ദാതാവുമായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന (70:24,25) നിലക്കായിരിക്കണം.
ഇതിലൂടെ പാവങ്ങളെ സഹായിക്കലല്ല പ്രഥമവും പ്രധാനവുമായി സംഭവിക്കുന്നത്; മറിച്ച്, സമ്പത്ത് കൈവശം വെക്കുന്നവന്റെ സംസ്‌കരണമാണ്. സകാത്ത് എന്നത് അവിഹിതമായി ധനം വാരിക്കൂട്ടാനുള്ള അനുമതിയോ എങ്ങനെയെല്ലാമോ അവിഹിതമായി വാരിക്കൂട്ടിയ ധനം ശുദ്ധീകരിക്കാനുള്ള പരിപാടിയോ അല്ല; മറിച്ച് ആര്‍ത്തി, പരിധിയില്ലാത്ത ദുര, സ്വാര്‍ഥത, കുടിലത, ലുബ്ധ്, സങ്കുചിതത്വം, ക്രൂരത തുടങ്ങിയ പലവിധ ദുര്‍ഗുണങ്ങളില്‍നിന്ന് ശുദ്ധീകരിച്ച് അവനില്‍ ദയ, സമസൃഷ്ടിബോധം, സ്നേഹം, ത്യാഗമനസ്‌കത, ദാനശീലം, ഔദാര്യബോധം, സാമൂഹികബോധം, പരക്ഷേമ തല്‍പരത തുടങ്ങിയ സല്‍ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒന്നാണത്. അപ്പോഴാണ് ശുദ്ധീകരണം, സംസ്‌കരണം എന്നിങ്ങനെ സകാത്തിന്റെ പൊരുള്‍ പുലരുന്നതും അര്‍ഥപൂര്‍ണമാവുന്നതും. ''(നബിയേ), താങ്കള്‍ അവരുടെ ധനങ്ങളില്‍ നിന്നും നിര്‍ബന്ധ ദാനം വസൂല്‍ ചെയ്ത് അവരെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുക''(9:103). 'അവരെ' എന്ന പ്രയോഗം വഴി സമ്പത്തിനെയല്ല, മറിച്ച് സകാത്ത് ദാതാവിന്റെ മനസ്സിനെയും വീക്ഷണത്തെയും ജീവിതത്തെയുമാണ് ശുദ്ധീകരിക്കുന്നത് എന്നത്, വളരെ വ്യക്തമാണ്.
കൂട്ടായ്മയുടെ നന്മകള്‍
മനുഷ്യന്‍ സാമൂഹിക ജീവിയാണ്. അവന് സാമൂഹികതയിലധിഷ്ഠിതമായിട്ടേ സന്തുഷ്ട ജീവിതം നയിക്കാനാവൂ. ആകയാല്‍ മനുഷ്യന് നിര്‍ദേശിക്കപ്പെട്ട അനുഷ്ഠാനങ്ങളും ആരാധനകളുമെല്ലാം സംഘടിതമായി സാമൂഹികാടിസ്ഥാനത്തില്‍ നിര്‍വഹിക്കാനാണ് ദൈവകല്‍പന. കൂട്ടായ്മയുടെ നന്മകള്‍ വിവരണാതീതമാണ്. നമസ്‌കാരം, വ്രതം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളെല്ലാം സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. ആഘോഷങ്ങള്‍ ഉള്‍പ്പെടെ മറ്റ് പല സംഗതികളും കൂട്ടായ്മയിലാണ് നാം നടത്തുന്നത്. നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ പോലെ സകാത്തും സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം സകാത്ത് ശേഖരണ - വിതരണ ഉദ്യോഗസ്ഥരാണെന്ന് (9:60) വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന് ശേഷമുള്ള ഇസ്ലാമിക ഭരണകൂടവും മുന്‍കാല മുസ്ലിം സമുദായവുമെല്ലാം സംഘടിതമായിട്ടാണ് സകാത്ത് നല്‍കിയത്. അപ്പോഴേ സകാത്തിന്റെ ബഹുമുഖ നന്മ അനുഭവവേദ്യമാവുകയുള്ളൂ.
സകാത്ത് അര്‍ഹരായ എല്ലാവര്‍ക്കും ജാതിമത ഭേദമന്യേ വിശാലമായ കാഴ്ചപ്പാടോടെ നല്‍കാവുന്നതാണെന്നാണ് ഇസ്ലാമിന്റെ നിലപാട്. മുസ്ലിംകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുസ്ലിംകളോട് നിരന്തരം കഠിന വിരോധം പുലര്‍ത്തുന്നവരെ ഒഴിവാക്കണമെന്നും മാത്രമാണ് പരിധി നിര്‍ണയം. എട്ട് അവകാശികളില്‍ പലരെയും മുസ്ലിം- അമുസ്ലിം എന്ന് വിഭജിക്കാവതല്ല. ഫീ സബീലില്ലാഹ് (ദൈവികമാര്‍ഗത്തില്‍ ധര്‍മ സംസ്ഥാപനാര്‍ഥമുള്ള പരിശ്രമത്തിന്റെയും പോരാട്ടത്തിന്റെയും മാര്‍ഗത്തില്‍) എന്നതൊഴികെ ബാക്കിയെല്ലാം പൊതു പ്രയോഗമായി മനസ്സിലാക്കാവുന്നതാണ്. മുസ്ലിംകളില്‍നിന്ന് ശേഖരിച്ചുണ്ടാക്കുന്ന സമ്പത്തില്‍ മുസ്ലിംകള്‍ക്ക് വളരെ മുന്‍ഗണന നല്‍കണമെന്ന ന്യായം തികച്ചും ശരിയാണ്. എന്നാല്‍, ഇസ്ലാമിന്റെ നന്മ ആസ്വദിക്കാന്‍ അമുസ്ലിംകള്‍ക്കും സാധിക്കേണ്ടത് ഇസ്ലാമിന്റെ പ്രബോധനപരമായ ആവശ്യമാണ്. ഇത് ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ പ്രസക്തവുമാണ്. മാത്രമല്ല, എട്ട് അവകാശികളില്‍ ഒരു വിഭാഗമായ മുഅല്ലഫത്തുല്‍ ഖുലൂബ് എന്നത് അമുസ്ലിംകളാണെന്നതില്‍ തര്‍ക്കവുമില്ല.
മുസ്ലിംകള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ അല്ലാഹു സ്നേഹബന്ധമുണ്ടാക്കിയേക്കാം എന്ന ആമുഖത്തിന് ശേഷം ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവന ഇങ്ങനെയാണ്: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ ഗേഹങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).
സകാത്തും ദാനധര്‍മങ്ങളും
സകാത്ത് ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും അടിസ്ഥാന ജീവിതാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവക്കുമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നാടിന്റെ വികസന നിര്‍മാണ പദ്ധതികള്‍ക്ക് സകാത്ത് ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ന്യായമായ മാര്‍ഗേണ മാന്യമായിട്ടേ സമ്പത്ത് സമാര്‍ജിക്കാന്‍ പാടുള്ളൂ. ചൂഷണവും മോഷണവും നിഷിദ്ധമാണ്. നിഷിദ്ധ മാര്‍ഗേണ സമ്പത്ത് വാരിക്കൂട്ടി അതിന് സകാത്ത് കൊടുത്താല്‍ അത് പരലോകത്ത് പ്രതിഫലാര്‍ഹമായ സുകൃതമായിരിക്കില്ല. സകാത്ത് കൊടുക്കാനുള്ള പ്രേരണ പരലോകത്ത് കിട്ടുന്ന മഹത്തായ പ്രതിഫലത്തെയും നരക ശിക്ഷയില്‍ നിന്നുള്ള വിമുക്തിയെയും കുറിച്ചുള്ള ചിന്തയായിരിക്കണം. ഇസ്ലാമിക ഭരണകൂടം ഇല്ലാഞ്ഞിട്ടും കോടിക്കണക്കിന് മുസ്ലിംകള്‍ സ്വമേധയാ സകാത്ത് കൊടുക്കുന്നത് പരലോക ചിന്തയാല്‍ പ്രചോദിതരായിട്ടു തന്നെയാണ്. ''നാളെ പരലോകത്ത് സര്‍വശക്തനായ അല്ലാഹുവിന്റെ കോടതിയില്‍ ഒരാള്‍ക്കും ഒരടി മുന്നോട്ട് നീങ്ങാന്‍ സാധ്യമല്ല; അഞ്ച് കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാലല്ലാതെ...'' (നബി വചനം). അതില്‍ നാല് സംഗതികളെ പറ്റി ഒരു ചോദ്യം മാത്രം. എന്നാല്‍, സമ്പത്തിനെക്കുറിച്ച് രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. 'നീ സമ്പത്ത് എങ്ങനെ, എവിടുന്ന് സമ്പാദിച്ചു?' എന്നതാണ് ഒരു ചോദ്യം. മറ്റൊരു ചോദ്യം: 'നീ അത് എവിടെ, എങ്ങനെ ചെലവഴിച്ചു' എന്നതാണ്.
സകാത്ത് കൊടുക്കേണ്ട ബാധ്യത വന്നുചേരുന്നത് നിശ്ചിത അളവില്‍ മിച്ച ധനം അവന്റെ പക്കല്‍ മറ്റിതര ചെലവുകളൊന്നും വന്നുചേരാതെ ഒരു വര്‍ഷക്കാലം അവശേഷിക്കുമ്പോഴാണ്. 2.5% ആണ് സാമാന്യനിരക്ക്. അതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നതിന് വിരോധമൊന്നുമില്ല. 2.5% ല്‍ കുറഞ്ഞുകൂടാ എന്നത് കണിശമാണ്. സകാത്ത് ബാധകമാകുന്നതിനുള്ള നിശ്ചിത പരിധി ഇന്നത്തെ നിലക്ക് ഏതാണ്ട് 5 ലക്ഷം രൂപ (85 ഗ്രാം സ്വര്‍ണം) നിശ്ചയിച്ചതില്‍നിന്ന് ഇസ്ലാമിന്റെ സന്തുലിത സമീപനം വ്യക്തമാണ്. ഒരു വ്യക്തിക്ക് വ്യക്തിപരമായി എത്രയും ദാനധര്‍മങ്ങള്‍ എപ്പോഴും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ നിര്‍ബന്ധ ദാനം (സകാത്ത്) സമ്പന്നാവസ്ഥ കൈവന്നാല്‍ മാത്രമേ ഉള്ളൂ. പതിവായുള്ള ഐച്ഛികമായ ചില്ലറ ദാനധര്‍മങ്ങളും പരോപകാരവും എല്ലാവരും എപ്പോഴും ചെയ്യേണ്ടതാണ്. അതൊന്നും സകാത്തായി ഗണിക്കാവതല്ല. ''നാമവര്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് അവര്‍ അന്യര്‍ക്ക് വേണ്ടി ചെലവഴിക്കുന്നവരാണ്'' എന്ന് ഖുര്‍ആന്‍ പറഞ്ഞത് എല്ലാ സത്യവിശ്വാസികളുടെയും പതിവ് നിലപാട് എന്ന നിലക്കാണ്.