ആമിനുമ്മയുടെ ആത്മകഥ - 2
ഭാഗ്യം. ഉമ്മാക്ക് ഒന്നും സംഭവിച്ചില്ല. ആള്‍ക്കൂട്ടം അയല്‍ക്കൂട്ട യോഗത്തിന്റേതാണ്.
ആമിനുമ്മയാണ് അധ്യക്ഷ. വീട്ടമ്മമാര്‍ മാത്രമാണ് അംഗങ്ങള്‍. അയ്യഞ്ചു പേരുവീതമുള്ള ഗ്രൂപ്പുകള്‍. ആഴ്ചയിലൊരിക്കല്‍ ഇഷ്ടമുള്ള സംഖ്യ നിക്ഷേപിക്കും. അടച്ച തുകയുടെ ഇരട്ടി പലിശയില്ലാതെ വായ്പ നല്‍കും. വായ്പയെടുത്തവര്‍ വായ്പ തുകയും കുറേശ്ശെയായി തിരിച്ചടക്കണം. വീടിന്റെ പടി കടന്നപ്പോള്‍ നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്ന ആമിനുമ്മയെയാണ് കണ്ടത്. സുനിത ചമ്രം പടിഞ്ഞിരുന്നു കണക്കെഴുതുന്നുണ്ട്.
'പെമ്പെറുന്നോങ്ങളെ...'
അങ്ങനെയാണ് ആമിനുമ്മ സ്ത്രീകളെ വിളിക്കുക. സന്ദര്‍ഭത്തിനനുസരിച്ചു ആമിനുമ്മക്ക് രസകരമായ ഓരോ വാക്കുകളും പ്രയോഗങ്ങളുമുണ്ട്.
'ഹസ്രത്ത് വാടിയില്‍ പലിശക്കാര് ചെക്കന്മാര് നിന്റെയൊക്കെ വീട്ടിന്റെ വാതിക്കലും ഉള്ളിലും കിടന്ന് നിരങ്ങുന്ന അവസ്ഥണ്ടാകരുത്. പറഞ്ഞേക്കാം...'
കാശെണ്ണുന്നതിനിടയില്‍ അയല്‍ക്കൂട്ടത്തിന്റെ രീതിയെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും ഉമ്മ വിശദീകരിക്കുന്നുണ്ട്.
'ഇന്നലെ ദേ ഇബള് സുബൈദൂന്റെ പുത്യാപ്‌ള ഇബ്ട വന്നു. സുബൈദൂന്റെ കണക്കില് അയ്യായിരം രൂപ ബായ്പ്പ വേണംന്ന് പറഞ്ഞ്.....ഞമ്മള് പറഞ്ഞതെന്താ...? മജീദേ... സുബൈദ ബന്ന് കള്ളാസ് പൂരിപ്പിച്ച് ഒപ്പിടാണ്ട്... ഞമ്മളൊരു അണപൈ നിനക്ക് തരൂല്ല. ഇച്ചിരി നേരം കയ്ഞ്ഞപ്പം ദേ മജീദ്ണ്ട് ബരണ്, സുബൈദാനേം കൊണ്ട്... ആ സമയത്ത് സുബൈദാന്റെ ബരവൊന്നു കാണണാര്ന്ന് നിങ്ങ... രാജകുമാരിന്റെ മാതിരി...അബള് ഒപ്പിട്ട്, ഞമ്മള് പൈസേം കൊട്ത്ത്... ഹല്ല കിടാങ്ങളെ നിങ്ങളേക്ക രാജകുമാരിന്റ മാതിരിയാക്കാനാണ് നമ്മടെ അയല്‍ക്കൂട്ടം....ഇന്നിപ്പം സുബൈദാന്റ മജീദ്... നാളേ നിങ്ങട എല്ലാ പുതിയാപ്പിളമാരേം ഞമ്മളിബ്‌ടെ കൊണ്ട്വരും... നോക്കിക്കോ...'
ജനവാടി ജനങ്ങളുടെ പൂന്തോട്ടമാണ്. അവിടെയെത്തിക്കഴിഞ്ഞാല്‍ മനസ്സിന്റെ ഉള്ളിലൊരു സമാധാനമാണ്. ഇവിടം വിട്ടുപോകാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല. അഛന്‍ രണ്ടു കൊല്ലം ഇവിടെ വില്ലേജ് ഓഫീസറായിരുന്നു. അന്ന് നഗരത്തിലാണ് താമസിച്ചിരുന്നത്. സ്ഥലം മാറ്റം വന്നപ്പോള്‍ എത്ര ആള്‍ക്കാരാണ് അഛനെ ഉപദേശിച്ചതെന്നറിയോ.
അനില്‍കുമാറെ... അങ്ങോട്ടു പോകേണ്ട. വല്ലാത്തൊരു സ്ഥലമാണ്. വൃത്തിയും വെടിപ്പുമില്ല. ചേരിപ്രദേശം. വിവരമില്ലാത്ത ആള്‍ക്കാര്‍. എന്താ സംഭവിക്കാന്ന് ഒരു പിടീംല്ല. തലസ്ഥാനത്ത് പോയി സ്ഥലം മാറ്റം റദ്ദു ചെയ്യാന്‍ പറ്റോന്ന് നോക്ക്. എന്റെയൊരളിയന്‍ ഭരണകക്ഷീലുണ്ട്. ഞാനൊന്നു ശ്രമിക്കട്ടെ... അല്ലെങ്കില്‍ അനിലേ നീ ലീവെടുക്ക്...
അങ്ങനെ പുരോഗമിച്ചു ഉപദേശങ്ങള്‍...
അഛനും ശ്രമിക്കാതിരുന്നില്ല. ചില രാഷ്ട്രീയക്കാരോട് സംസാരിച്ചു. തിരുവനന്തപുരത്ത് രണ്ടു തവണ പോയി. അപ്പോഴും അമ്മയുടെ അഭിപ്രായം മറിച്ചായിരുന്നു.
അപ്പഴേ... ദൈവം നമ്മളെ കൈവിടൂല്ല. നിവൃത്തിയില്ലെങ്കി അവിടെ തന്നെ ജോയിന്‍ ചെയ്യ്.
ഒന്നാം ദിവസം അഛനു പോകാന്‍ പേടിയായിരുന്നു. കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിട്ടൊക്കെയാണ് പോയത്. അത് ഏപ്രില്‍ മാസമായിരുന്നു. അടുത്ത മാസം അഛന്‍ എന്താ ചെയ്‌തെന്നറിയാമോ. നഗരത്തിലെ സ്‌കൂളില്‍ നിന്നും എന്റെ ടീ.സി വാങ്ങി ജനവാടിക്കടുത്തുള്ള സെന്റ് മേരീസില്‍ ചേര്‍ത്തു. ഇതൊക്കെ അഛന്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുകയായിരുന്നു. ജനവാടിയില്‍ വീട് വാടകക്കെടുത്തു അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. അന്ന് അഛനും പറഞ്ഞത് ഇതേ വാക്കുകളാ.
ജനവാടി ജനങ്ങളുടെ പൂന്തോട്ടമാണ്. ഇവിടെയെത്തികഴിഞ്ഞാല്‍ മനസ്സിന്റെ ഉള്ളിലൊരു സമാധാനമാണ്. ഇവിടം വിട്ടുപോകാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല.
ജനവാടിക്ക് ഹസ്രത്ത് വാടി എന്നൊരു പേരു കൂടിയുണ്ട്. ജനവാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഒരു മഹാന്റെ പേരാണ് ഹസ്രത്ത്. ആമിനുമ്മയാണ് ആ കഥ പറഞ്ഞുതന്നത്:
ഒരു വറുതിയുടെ കാലം. തുറമുഖത്ത് കപ്പലുകള്‍ വന്നണഞ്ഞില്ല. കാറ്റും കോളും കാരണം കപ്പലുകള്‍ വഴിതിരിച്ചു വിടുകയായിരുന്നു. കപ്പലുകള്‍ വന്നാല്‍ ഇവിടെ ഉല്‍സവമാണ്. തെരുവീഥികളിലേക്ക് ജനങ്ങള്‍ ഒഴുകും. ചായക്കടകള്‍ കാണുമ്പോളറിയാം ആളുകളുടെ കൈയില്‍ കാശു വന്നോ ഇല്ലേയെന്ന്. ചില്ലലമാരയില്‍ സബാള ബജിയും ഉണ്ടംപൊരിയും പഴം നിറച്ചതും സമൂസയും നിറഞ്ഞു നില്‍ക്കും. പൊറോട്ടയുടേയും ബീഫ് റോസ്റ്റിന്റേയും മണം മൂക്കില്‍ തുളച്ചു കയറും. മണിപ്പുട്ടും മട്ടന്‍ റോസ്റ്റും തിന്നാന്‍ ദൂരസ്ഥലത്തു നിന്നു പോലും ആളുകള്‍ വരും. ചിലര്‍ നാട്ടിലെ മാന്യന്മാരായ വെജിറ്റേറിയന്മാരായിരിക്കും. ഇവിടത്തെ ചായക്കടകളില്‍ ഒരു പ്രാവശ്യം കയറിയാല്‍ പിന്നെ സ്ഥിരതാമസക്കാരാകും. ചിലര്‍ക്ക് പറ്റു പുസ്തകമുണ്ട് ചായക്കടകളില്‍. ആഴ്ചയില്‍ കൂലി കിട്ടുമ്പോഴേ കണക്ക് തീര്‍ക്കൂ. മീനാണ് ഇവിടത്തുകാരുടെ പ്രധാന ആഹാരം. കായലുമായി കടല്‍തീരം കൂട്ടിമുട്ടുന്ന ഭാഗമായതിനാല്‍ രുചിയുള്ള മല്‍സ്യങ്ങള്‍ താവളമടിക്കുന്ന സ്ഥലമാണ്. ജനവാടിയുടെ പരിസരങ്ങളിലായി താവളമടിച്ചിരിക്കുന്ന ആളുകളില്‍ അധികവും കടലില്‍ മല്ലിടുന്നവരാണ്. രാത്രിയായാല്‍ മല്‍സ്യം തിളപ്പിക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും കരിക്കുന്നതിന്റെയും കൊതിപ്പിക്കലുകളാണ് എല്ലാ വീട്ടില്‍ നിന്നും. അടുത്ത വീട്ടിലെ മണമാസ്വദിച്ചു രാത്രി ചോറു തിന്നാമെന്ന് അഛന്‍ തമാശയായി പറയാറുണ്ട്. മീന്‍ കൂടുതലായുള്ള ദിവസങ്ങളില്‍ അയല്‍ വീടുകളില്‍ നിന്നും സമ്മാനമായി മീന്‍ പൊതികള്‍ ലഭിക്കും. ജനവാടിയുടെ അടുത്തു തന്നെയാണ് നിറയെ പാണ്ടികശാലകളുള്ള ബസാറും. ലോറികളുടെ ചാകരയാണ് അവിടെ. മേരിയും സുനിതയുമൊത്ത് നിരന്നു കിടക്കുന്ന ലോറികള്‍ കാണാനായി മാത്രം എത്രയോ തവണ അവിടെ പോയിരിക്കുന്നു. വിവിധ ഭാഷക്കാരായ ഡ്രൈവര്‍മാര്‍ കൗതുകത്തോടെയാണ് ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളെ നോക്കിനില്‍ക്കുക. മെലിഞ്ഞുന്തിയ ചെക്കന്മാരാണ് വലിയ ലോറികളോടിക്കുന്നത്. ചിലര്‍ വെറ്റിലക്കറയുള്ള മോണ കാട്ടി ചിരിക്കും.
തുറമുഖത്ത് കപ്പലുകളില്ലെങ്കില്‍ തീരം ദുഃഖിതയാകും. ചായക്കടകളില്‍ കട്ടന്‍ ചായയുടെയും കാവയുടെയും പപ്പടാപ്പത്തിന്റെയും ഗന്ധം മാത്രമേയുണ്ടാകൂ.
അങ്ങനെയിരിക്കെയാണ് തുറമുഖം ശവപ്പറമ്പ് പോലെ ശൂന്യമായത്. സാധാരണ ചില സന്ദര്‍ഭങ്ങളില്‍ ഒന്നൊന്നര മാസം അതു പതിവുമാണ്. അപ്പോള്‍ ആളുകള്‍ കടം വാങ്ങിച്ചു ജീവിക്കും. അന്യ സംസ്ഥാനങ്ങളില്‍നിന്ന് വന്ന ചില ബ്ലേഡുകാര് പലയിടങ്ങളിലായുണ്ട്. തുറമുഖ തൊഴിലാളികള്‍ക്ക് പണം കടം കൊടുക്കുന്നതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ. കപ്പലുകളുടെ സൈറണ്‍ മുഴങ്ങിയാല്‍ അടുത്ത ദിവസം പലിശ സഹിതം പണം തിരിച്ചുകിട്ടും. തുറമുഖത്ത് കപ്പലുകളില്ലെങ്കില്‍ ബസാറും നിശ്ചലമാകും. കൂനിന്മേല്‍ കുരുവെന്ന കണക്കെ കടലും കനിയാതായി. മല്‍സ്യത്തൊഴിലാളികള്‍ വെറുംകൈയോടെ തിരിച്ചുവരാന്‍ തുടങ്ങി. രണ്ടുമൂന്നു ദിവസം ഇങ്ങനെയായപ്പോള്‍ പിന്നെയവര്‍ പോകാതായി. ഡീസലടിക്കുന്നതു മാത്രം മിച്ചം.
ഒരു ദിവസം ഖാദര്‍ മൂപ്പന്‍ ബോട്ടു കഴുകാനായി വര്‍ഗീസ് സ്രാങ്കിനേയും പണിക്കാരേയും കൊണ്ട് ഹാര്‍ബറിലേക്ക് പോയി. ബോട്ടില്‍ കയറിയതും ഒരു ഞരക്കം കേട്ടു.
ആരാ... ആരാ...?
ഖാദര്‍ മൂപ്പന്‍ വിളിച്ചു ചോദിച്ചു.
ആപ്പ് കോന്‍ ഹൈ...?
മൂപ്പനാകെ അമ്പരന്നു. ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോള്‍ ഒരു വയസ്സന്‍. ക്ഷീണിച്ചു നിലത്തു കിടക്കുന്നു. താടി നീട്ടിയ ഓമനത്തമുള്ള മുഖം. പച്ചക്കുപ്പായം. ശരീരമാകെ നനഞ്ഞിട്ടുണ്ട്. വെള്ളത്തിലൂടെ നീന്തിക്കയറിയതാകാനാണ് സാധ്യത.
ബേട്ടാ....ആപ്പ് കൈസേ ഹൈ?
ഖാലിദ് മൂപ്പന്‍ ഉടനേ നാളുകളോളം ബോംബെയില്‍ ജോലി ചെയ്ത ബോംബെ ഉംബായിയെ വിളിച്ചുവന്നു. ഉംബായി ഹിന്ദിയില്‍ എന്തോയൊക്കെ സംസാരിച്ചു.
ഇപ്പോള്‍ തന്നെ ബോട്ട് പടിഞ്ഞാറോട്ടെടുക്കണം. ഖാലിദ് നീ ഭാഗ്യവാനാകാന്‍ പോവുന്നു.
ഉംബായി പറഞ്ഞതനുസരിച്ചു ബോട്ട് അപ്പോള്‍ തന്നെ പടിഞ്ഞാറോട്ട് പുറപ്പെട്ടു. ഖാലിദ് മൂപ്പനും ഉംബായിയും ബോട്ടിലുണ്ടായിരുന്നു.
എന്താണയാള്‍ പറഞ്ഞത് ഉംബായി. ബോട്ടുമായി അയാള്‍ എങ്ങോട്ടാണ് പോകുന്നത്. നീ പറഞ്ഞ ഹിന്ദി അയാള്‍ക്ക് മനസ്സിലായോ... എന്റെ ബോട്ടുമായി അയാള്‍ കടന്നു കളയുമോ?
മൂപ്പന്റെ മനസ്സിലാകെ അസ്വസ്ഥതയുടെ തിരമാലകളായിരുന്നു.
അതിനു തക്കതായ കാരണമുണ്ട്. ബോട്ട് ഓടിക്കുന്നത് സ്രാങ്കാണെങ്കിലും ദിശ നിര്‍ണയിച്ചു കൊടുക്കുന്നത് വയസ്സനായിരുന്നു.
മുതലാളീ... ഇതെങ്ങോട്ടാ പോണത്. ഇപ്പേതാണ്ട് അതിര്‍ത്തീലെത്തീട്ടിണ്ട്. ഇനിയും മുന്നോട്ട് പോയാ ചിലപ്പം അപ്പറത്തെ രാജ്യത്തിന്റെ പിടീലാകും.
ഉംബായിയുടെയും മൂപ്പന്റെയും ഉള്ള് കാളി. കാരണം വയസ്സനിട്ടിരിക്കുന്നത് പച്ച കുപ്പായമാണ്. പറയുന്നത് ഉറുദുവും. പാക്കിസ്താനിലേക്ക് ബോട്ടു കൊണ്ടുപോകാനുള്ള ശ്രമമായിരിക്കുമെന്ന് രണ്ടു പേരും ധരിച്ചു.
മൂപ്പാ....ഞാന്‍ ഖദീശൂനോട് ചായപ്പൊടി വാങ്ങി ബരാന്നും പറഞ്ഞാ പോന്നത്... അവളിപ്പം എന്നെ അന്വേഷിച്ചു നടക്കുന്നുണ്ടാകും.
ഉംബായി പറഞ്ഞു.
ഇദര്‍...
അയാള്‍ പറഞ്ഞ സ്ഥലത്ത് സ്രാങ്ക് വലയിട്ടു. വയസ്സന്‍ ആകാശത്തേക്ക് നോക്കി വെളുക്കെ ചിരിച്ചു.
ഉംബായിയും മൂപ്പനും അപ്പോഴേക്കും വീല്‍ ഹൗസിലിരുന്നു ക്ഷീണിച്ച് ഉറക്കം തൂങ്ങിത്തുടങ്ങിയിരുന്നു. തിരമാലകള്‍ ബോട്ടിനെ മുക്കുന്ന നിലയിലെത്തിച്ചിരുന്നു. വല വലിച്ചു കയറ്റിയതും സ്രാങ്കും പണിക്കാരും തുള്ളിച്ചാടാന്‍ തുടങ്ങി. ബഹളം കേട്ടാണ് ഉംബായിയും മൂപ്പനും കണ്ണു തുറന്നത്. മീനുകളുടെ പെരുന്നാളായിരുന്നു. ഒറ്റ വലയില്‍ തന്നെ കള്ളി നിറഞ്ഞത് ഖാലിദ് മൂപ്പന് വിശ്വസിക്കാനായില്ല. അയാള്‍ തുള്ളിച്ചാടി.
ഹസ്രത്ത് അങ്ങ് മുത്താണ്. അല്ലാഹു എനിക്ക് തന്ന നിധിയാണ്... ഞാന്‍ താങ്കളെ പൊന്നുപോലെ നോക്കും.
അയാള്‍ ആ മനുഷ്യന്റെ കൈപ്പിടിച്ചു ഉമ്മ വെച്ചു.
ഖാലിദാണ് അയാള്‍ക്ക് ഹസ്രത്ത് എന്ന പേര് നല്‍കിയത്.
ഖാലിദിന്റെ ബോട്ടില്‍ മാത്രമായിരുന്നു അത്രയും മല്‍സ്യം ലഭിച്ചത്. ബാക്കിയുള്ളതെല്ലാം അപ്പോഴും ശൂന്യമായി തിരിച്ചുവരികയായിരുന്നു.
വാര്‍ത്ത ചൂടോടെ നാട്ടിലാകെ പരന്നു. ഖാലിദ് മൂപ്പന്‍ അയാളെ വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ ചെറിയ വീട്ടിലെ ഏറ്റവും വലിയ മുറിയില്‍ ഹസ്രത്തിനെ താമസിപ്പിച്ചു. അയാള്‍ വന്നതിനു ശേഷം കടലില്‍ മല്‍സ്യമുണ്ടായി. തുറമുഖത്ത് കപ്പലുകളുടെ സൈറണുകള്‍ മുഴങ്ങി. ബസാറില്‍ ലോറികള്‍ നിരന്നുകിടന്നു. ചായക്കടകളില്‍ ജനം നിറഞ്ഞു കവിഞ്ഞു.
ഹസ്രത്തിന്റെ ഭാഗ്യം ലഭിക്കാന്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെയടുത്ത് താമസിക്കാന്‍ മല്‍സരിച്ചു. ജനം നിറഞ്ഞതിനാല്‍ ആ സ്ഥലത്തിനു ജനവാടി എന്ന പേരു ലഭിച്ചു. ഹസ്രത്ത് താമസിക്കുന്നതുകൊണ്ട് ഹസ്രത്ത് വാടി എന്ന പേരുമുണ്ടായി.
ആമിനുമ്മ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ രസമാണ്. കൊല്ലങ്ങള്‍ക്ക് മുമ്പുള്ള കഥയാണെങ്കിലും ആമിനുമ്മ അന്ന് ജീവിച്ചിരുന്നതു പോലെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുക. കഥ പറയുമ്പോഴുള്ള മുഖത്തെ ഭാവമാണ് രസം. ഇടക്ക് ശ്രോതാക്കളില്‍ അമ്പരപ്പ് ഉണ്ടാക്കി കഥ അവസാനിപ്പിക്കും.
രണ്ടു ദിവസം കഴിഞ്ഞില്ല. വണ്ടികളുമായി വലിയൊരു പോലീസ് വ്യൂഹം ജനവാടി വളഞ്ഞു. ആയുധധാരികള്‍ റോന്ത് ചുറ്റി. പോലീസ് വിളിച്ചുപറഞ്ഞു.
എല്ലാവരും വീട്ടില്‍ തന്നെയിരിക്കുക. പോലീസിന്റെ നിര്‍ദേശം പാലിക്കുക. പോക്കാക്കില്ലത്ത് ഖാലിദ് മൂപ്പന്‍ ഉടന്‍ പുറത്തിറങ്ങുക. ഹസ്രത്ത് ഉടന്‍ പുറത്തിറങ്ങുക.ജനം പേടിച്ചരണ്ടു. കുഞ്ഞുങ്ങള്‍ കരച്ചില്‍ തുടങ്ങി. ഹസ്രത്തും ഖാലിദ് മൂപ്പനും പുറത്തിറങ്ങുന്നത് കാണാന്‍ സ്ത്രീകള്‍ മച്ചിന്‍പുറത്ത് കയറി ഒളിഞ്ഞു നോക്കി.
(തുടരും)
വര: തമന്ന സിത്താര വാഹിദ്