അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ ബോധവല്‍ക്കരണം

സാഹിറ എം.എ
ഫെബ്രുവരി 2024

2023 ഡിസംബറില്‍ യുവ വനിതാ ഡോക്ടറുടെ ആത്മഹത്യയോടെയാണ് ഒരിടവേളക്ക് ശേഷം സ്ത്രീധന പീഡനങ്ങള്‍ കേരളീയ സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. പിന്നീടങ്ങോട്ട് ഒരു മാസത്തിനിടെ തുടര്‍ച്ചയായി അഞ്ചോളം സ്ത്രീധന മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗമനം അവകാശപ്പെടുമ്പോഴും ഈ വിഷയത്തില്‍ നാം ഇപ്പോഴും അന്ധകാരത്തില്‍ തന്നെയാണ് എന്ന് തെളിയിക്കുകയാണ് ഈ സംഭവങ്ങള്‍. ഈ സാഹചര്യത്തിലാണ്  സ്ത്രീയുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്നോട്ട് വരുന്നത്.

സാമൂഹിക ബോധവല്‍ക്കരണം കൊണ്ട് മാത്രം ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. കൃത്യമായ നിയമപാലനവും ഭരണകൂട ഇടപെടലുകളും ഈ വിഷയത്തില്‍ അനിവാര്യമാണ്. ഈ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്തുന്ന നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സ്ത്രീധനത്തിനെതിരായ നിയമങ്ങള്‍ കാര്യക്ഷമമാക്കുക, നിയമ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, നിയമങ്ങളിലെ അപാകതകള്‍ പരിഹരിച്ചു നിയമങ്ങള്‍ പരിഷ്‌കരിക്കുക, വളര്‍ന്നു വരുന്ന തലമുറയില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുന്ന തരത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുക, സാമൂഹ്യ നീതി ഉറപ്പുവരുത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നിവേദനം കൈമാറിയത്.

ഡിസംബര്‍ 10-ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിത പരിപാടി വിശദീകരിച്ചു. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ തുടച്ചുനീക്കുന്ന നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 1961-ല്‍ സ്ത്രീധനത്തിനെതിരെ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ വീഴ്ച മൂലം കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. നിയമവും നിയമ സംവിധാനങ്ങളും സ്ത്രീകള്‍ക്ക് അനുകൂലമല്ല എന്നതാണ് ഈ അവസ്ഥ തുടര്‍ന്നുപോകുന്നതിനുള്ള കാരണം. ഇതിനൊരു പരിഹാരം ഉണ്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് സി.വി ജമീല, ജനറല്‍ സെക്രട്ടറി കെ.ടി നസീമ, ഡോ. സി.എം നസീമബി, മുബീന എച്ച് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച 'സ്ത്രീധനം: ഈ അനീതി ഇനി എത്രനാള്‍..? സ്ത്രീ ചോദ്യങ്ങളുടെ ജാഗ്രതാ ചത്വരം' ആളുകളുടെ പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജെ. ദേവിക പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍കാലത്ത് സ്ത്രീകള്‍ക്ക് വിവാഹ സമയത്ത് നല്‍കിയിരുന്ന സമ്മാനങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് വരന്റെ നിലവാരത്തിനനുസരിച്ചു വില നല്‍കുന്ന തരത്തിലേക്ക് സ്ത്രീധനം പരിണമിച്ചിരിക്കുന്നു എന്നവര്‍ വിലയിരുത്തി. മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം എന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഇസ്ലാമോഫോബിയ വളര്‍ത്താനേ ഉപകരിക്കുകയുള്ളൂ. കേരളത്തിൽ മാതാപിതാക്കള്‍ മരണപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് അവകാശപ്പെട്ട സ്വത്ത് മുഴുവന്‍ പിതൃ സഹോദരന്മാര്‍ കൈക്കലാക്കുകയാണെന്ന രീതിയിലുള്ള ആഖ്യാനങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അവര്‍ സൂചിപ്പിച്ചു. പി.ടി.പി സാജിത  അധ്യക്ഷത വഹിച്ചു. കുടുംബം കൂടുതല്‍ സ്ത്രീ സൗഹൃദപരമായ ഒരിടമായി മാറണമെന്നും ഇസ്ലാമിക മൂല്യങ്ങള്‍ കുടുംബത്തിനുള്ളില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടുംബ സംവിധാനങ്ങള്‍ക്ക് നമ്മുടെ തലമുറയെ അനീതികള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പ്രതികരിക്കാനുള്ള ആര്‍ജവം നൽകുക എന്ന ഉത്തരവാദിത്വം കൂടിയുണ്ട്. നിയമപാലകരും ഭരണകൂടവും ഈ സാമൂഹ്യ തിന്മക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു നില്‍ക്കണം. ധൈര്യമുള്ള നിലപാടെടുക്കണമെന്നും സ്ത്രീധന വിവാഹങ്ങളോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഡോ. വി.പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. സ്ത്രീധനത്തിനെതിരായ നിയമങ്ങളും അതിലെ ചില പഴുതുകള്‍ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ആധികാരികമായി ബോധ്യപ്പെടുത്തുന്നതായിരുന്നു അഡ്വ. ഫരീദയുടെ പ്രഭാഷണം.
ഇസ്ലാം മുന്നോട്ട് വെക്കുന്ന വൈവാഹിക സങ്കല്‍പവും കുടുംബത്തിന്റെ സാമൂഹിക മാനവും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് വൈസ് പ്രസിഡന്റ് സി വി ജമീല ഓര്‍മിപ്പിച്ചു. സാമ്പത്തിക ചിന്തകള്‍ക്കതീതമായി കുടുംബത്തെ പടുത്തുയര്‍ത്തിയാല്‍ സ്ത്രീധനചിന്ത ഇല്ലാതാക്കാം. പ്രതിസന്ധിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രാപ്തമാക്കാന്‍ കഴിയാത്ത വിദ്യാഭ്യാസ വ്യവസ്ഥയെ അവര്‍ ചോദ്യം ചെയ്തു. സംസ്ഥാന സമിതിയംഗം റുഖിയ്യ റഹ്‌മത്ത് പ്രമേയം അവതരിപ്പിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.അമീന്‍, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സഫീദ ഹുസൈന്‍, വിമന്‍ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് ഷംല തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു സംസാരിച്ചു.
വിവാഹത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവ മഹിമയാണ് പ്രധാനമായി പരിഗണിക്കേണ്ടതെന്ന് ഇസ്ലാമിക പ്രമാണങ്ങളുടെ. വെളിച്ചത്തില്‍ ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു ജനറല്‍ സെക്രട്ടറി കെ.ടി നസീമ സമാപനം നടത്തിയത്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media