'വിശ്വാസത്തിന്റെ കരുത്തില്‍ ആത്മാഭിമാനത്തെ ഉയര്‍ത്തുക' എന്ന തലക്കെട്ടില്‍ ജി.ഐ.ഒ കേരള, പത്തിരിപ്പാല മൗണ്ട് സീന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച 'ഡിസ്കേര്‍സോ മുസ്ലിമ' ദ്വിദിന ക്യാമ്പസ് കോണ്‍ഫറന്‍സിലെ രണ്ട് ദിവസം വ്യത്യസ്ത അനുഭവങ്ങളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. മുന്‍പരിചയമില്ല, രക്തബന്ധവുമില്ല, ആത്മബന്ധം ഒട്ടുമില്ല. എന്നിട്ടും നേരില്‍ കാണണമെന്നാഗ്രഹിച്ച, ഉള്ളുരുകി പ്രാര്‍ഥിച്ച, കേള്‍വി കൊണ്ട് ഏറ്റം അടുത്ത ഒരുപാട് പേര് മുന്നില്‍ അണിനിരന്നു. അതിജീവനപ്പോരാളികളുടെ മുന്‍നിരയില്‍ നീതിനിഷേധിക്കപ്പെട്ടവരുടെ പ്രതിനിധാന സ്വരങ്ങളായി മാറിയവരും അവരുടെ കുടുംബങ്ങളും...
ഇരുപത്തിമൂന്നിലധികം സെഷനുകളില്‍ എണ്‍പത്താറോളം പ്രഗല്ഭരായ വ്യക്തികള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥിനികളുമായി സംവദിച്ചു. ഹന്ദല, ഇന്‍തിഫാദ, തദ്രീസ്, കഫിയ്യ, ബിത്തീഖ്, സൈത്തൂന്‍, മിഫ്ത്താഹ്, തൂഫാന് തുടങ്ങി ഇമ്പമുള്ള പേരുകളാല്‍ ഓരോ വേദിയും തിളങ്ങി. സര്‍ഗാത്മക പ്രതിരോധങ്ങളുടെ അടയാളങ്ങളെയൊക്കെയും നഗരിയില്‍ സുന്ദരമായി ആവിഷ്കരിച്ചിരുന്നു. ഫ്രെയിം ചെയ്തുവെക്കപ്പെട്ട പെന്‍സില്‍ ആര്‍ട്ടുകള്‍, മികവുറ്റ ഒരു കൈപണിക്കാരന്റെ ഭാവനയില്‍ കൊത്തിവെച്ച ശില്പങ്ങളൊക്കെ ഖുദ്സിന്റെ പടയാളികളുടെ ധീര വിമോചന സ്വപ്നങ്ങളെ പ്രതിഫലിപ്പിച്ചു. ഹന്‍ളലയും ഇന്തിഫാദയും ഒക്കെ മുഴക്കമുള്ള ശബ്ദ ധ്വനികളായി നിരന്തരം വേദിയില്‍ മുഴങ്ങി.
'ഹന്ളല...' ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീനിന്റെ പ്രതിരോധത്തെ വരച്ചു കാട്ടുന്ന ചിത്രം. അധിനിവേശം അവസാനിക്കുന്നതുവരെ പത്ത് വയസ്സുകാരനായി തുടരുന്ന, എത്ര തന്നെ വെട്ടി മാറ്റിയാലും പിഴുതെറിഞ്ഞാലും വീണ്ടും തഴച്ചുവളരുന്ന, ആഴത്തില്‍ വേരുള്ള ഹന്ദല എന്ന ചെടിയുടെ നാമമുള്ക്കൊണ്ട്, ഏതു വെല്ലുവിളികളെയും നേരിടാനും അതിജയിക്കാനുമുള്ള നിശ്ചയദാര്ഢ്യത്തെക്കുറിക്കുന്ന നഗ്നപാദനായ ഹന്ളല പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും സൂചകമാണ്' എന്നുപറഞ്ഞു തീരുമ്പോഴൊക്കെയും ഞങ്ങള്‍ ഫലസ്തീനിയന്‍ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലിയെ ഓര്‍മിച്ചു.
സൂഫിയ മദനിയില് തുടങ്ങി, ഈ വേദിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ഇരകളുടെ എണ്ണം വലുതായപ്പോള്‍, ഇരകള്‍ എന്ന് നീതി നിഷേധിക്കപ്പെട്ടവരെ വിളിക്കരുത്, അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കുകയും ശബ്ദം ഉയര്‍ത്തുകയും ചെയ്തതുകൊണ്ടാണ് അവര്‍ ജയിലഴിക്കുള്ളിലായതെന്ന് പതിമൂന്ന് വര്‍ഷമായി നിരപരാധിയായി ജയിലില്‍ കഴിയുന്ന ശിബിലിയുടെ ഭാര്യ നജീബ ഓര്മിപ്പിച്ചപ്പോള് സദസ്സ് ഈറനണിഞ്ഞു. ഉറച്ച സ്വരത്തില്‍ അവര്‍ പറഞ്ഞു: 'ജനങ്ങളുടെ മുന്നില്‍ കരയാന്‍ ഞാന്‍ വരാറില്ല, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല, സൃഷ്ടിച്ച നാഥന്റെ മുന്നിലല്ലാതെ സങ്കടം പറഞ്ഞിട്ടുമില്ല, ജി.ഐ.ഒ വിളിച്ചപ്പോള്‍ സമൂഹത്തില്‍ എനിക്ക് ഒരു ദൗത്യമുണ്ടെന്ന തോന്നലുണ്ടായി. അതുകൊണ്ട് മാത്രമാണ് ഈ വേദിയില്‍ വരാന്‍ സമ്മതിച്ചത്.'
ഷര്‍ജീല്‍ ഉസ്മാനി സദസ്സിനെ അഭിമുഖീകരിച്ചു: 'ഇത്തരമൊരു അനുഭവം എന്റെ ജീവിതത്തില്‍ ആദ്യത്തെതാണ്, ഈ വലിയ പെണ്‍സാന്നിധ്യം എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ ഡിഗ്രി ഒന്നാംവര്‍ഷം പഠിക്കുന്ന പെങ്ങള് ഇവിടെ ഈ കൂട്ടത്തോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു.
മെഡിക്കല്‍, എഞ്ചിനീയറിങ്, നിയമം, ആര്‍ട്സ്, സയന്‍സ്, മാധ്യമ, കോമേഴ്സ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രഗല്ഭരുമായുള്ള കൂടിക്കാഴ്ച ഇസ്ലാമിക പ്രമാണങ്ങളില്‍, സദാചാര ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ചിന്തകള്‍ക്ക് വേദിയായി. കൗമാരത്തിനും യുവത്വത്തിനുമിടയിലെ സുപ്രധാന തീരുമാനങ്ങളുടെ ഗതി നിര്‍ണായക ഘട്ടത്തെ എങ്ങനെ നേരിടണമെന്നും വിവാഹ ജീവിതവും പ്രൊഫഷനും ബാലന്‍സ് ചെയ്യുന്നതിന്റെ ആശങ്കകളും പങ്കുവെക്കപ്പെട്ടു. ഖുര്‍ആനിനോടും പ്രവാചകനോടും ആരാധനാ അനുഷ്ഠാനങ്ങളോടും വിശ്വാസിക്ക് ഉണ്ടാകേണ്ട നിലപാടുകളും, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധാനവും ചര്‍ച്ച ചെയ്യപ്പെട്ടു.
മെഡിക്കല്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ത്വാഹ മതീന്, ഡോ. അബ്ദുറഹ്മാന് ദാനി, ഡോ. ശാക്കിറ, ഡോ. ഹിഷാം ഹൈദര്‍ എന്നിവര്‍ സംസാരിച്ചു.
'പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭ പാത്രത്തിലെ അണ്ഡവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതൊരു ശീതീകരിച്ച അറയില്‍ സൂക്ഷിക്കപ്പെട്ടതു പോലെ, സംരക്ഷിക്കുന്നു. അനുയോജ്യമായ ബീജത്തോട് ചേരാന്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് ശേഷം ഉല്സര്ജിക്കപ്പെടുന്നു. അഞ്ഞൂറിലധികം പ്രാവശ്യം ഓരോ ഡി.എന്‍.എയും ശുദ്ധീകരണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നുണ്ട്. പുരുഷ ബീജത്തിന്റെ ജനിതക തകരാറുകള്‍ ഇല്ലായ്മ ചെയ്ത് കുഞ്ഞിനെ ആരോഗ്യവാനാക്കുന്ന പ്രക്രിയ ചെയ്യുന്നത് സ്ത്രീയുടെ അണ്ഡമാണ്. തലമുറകളുടെ ശുദ്ധീകരണ പ്രവര്‍ത്തനമെന്ന വലിയ ദൗത്യത്തെക്കൂടി അത് പഠിപ്പിക്കുന്നു' എന്ന് പറഞ്ഞു മനോഹരമായ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച്, ഹംദോട് കൂടി അവസാനിച്ചു ആ വൈജ്ഞാനിക ഉല്‍ബോധനം. ഡോ ത്വാഹ മതീന് വിവാഹ ജീവിതത്തെ കുറിച്ചും പഠനത്തെക്കുറിച്ചുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കിയത് സദസ്സിലിരിക്കുന്ന, ഏഴ് മക്കളുടെ മാതാവും ഡോക്ടറുമായ ഭാര്യയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.
മീഡിയാ വണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ നിഷാദ് റാവുത്തര്‍, മീഡിയാ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ്, ഉറച്ച നിലപാടും വീക്ഷണവുമുള്ള ഹിജാബിട്ട മാധ്യമ പ്രവര്‍ത്തക ഗസാല അഹമ്മദ് തുടങ്ങിയവരെ ആവേശത്തോടെയാണ് വിദ്യാര്‍ഥിനികള്‍ സ്വീകരിച്ചത്. സയന്‍സ് വിദ്യാര്‍ഥികളോട് സയൂബ് വി.സി, ഡോ. എസ്. അനസ്, ഡോ. അസ്വീല്‍ അഹ്മദ് അനീസ മുഹിയുദ്ദീന്, ആര്‍ട്സ് സ്റ്റുഡന്റ്സിനോട് ഡോ. സൈഫുദ്ദീന് കുഞ്ഞ്, ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ കെ ടി ഹുസൈന്, റിസര്‍ച്ച് സ്കോളര്‍ നൂറുന്നിദ, ഡോ. അലി, പി. കാസിം, പി.എച്ച്.ഡി സ്കോളര്‍ വഫാ റസാഖ്, കൊമേഴ്സ് സ്റ്റുഡന്റ്സ്നോട് ഡോ. ലുത്തുഫി. എം, ഡോ. നസ്റീന കെ.കെ, പി.എം സ്വാലിഹ് മുനീറ, നിയമ വിദ്യാര്‍ഥികളോട് അഡ്വക്കേറ്റ് കവല് പ്രീത് കൗര്‍, അഡ്വ. അമീന് ഹസന്, അഡ്വ: തമന്ന സുല്‍ത്താന, എം.ത്വാഹ. എഞ്ചിനീയറിംഗ്സ്റ്റുഡന്സിനോട് അംജദ് അലി ഇ.എം, ഫെബിന് സീതി. വി, ആയിഷ നശാത് പാഷ എന്നിവരും സംസാരിച്ചു.
ഡിജിറ്റല്‍ സ്ക്രീനില്‍ തെളിഞ്ഞ ചാനല്‍ കോൺഫറന്‍സുകള്‍ പോലെ സുന്ദരമായ ഓപണ്‍ സ്റ്റേജുകളില്‍ പ്രസന്റേഷന് സ്ലൈഡുകള്‍ ഉപയോഗിച്ച് കോഡ് ലെസ്സ് മൈക്കുകളിലെ സുന്ദര അവതരണങ്ങള്‍, തീപ്പൊരി പ്രഭാഷണങ്ങള്‍, ചെയറിലിരുന്നുള്ള ശാന്തമായ ഇന്റലെക്ച്വല്‍ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍, ഒരു റിമോട്ടിനാല്‍ മിന്നി മാഞ്ഞ രണ്ട് ദിവസം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പറന്നുപോയ പോലെ.