അമ്മായിയമ്മയും മരുമകളും

ഡോ. ജാസിമുല്‍ മുത്വവ്വ
ഫെബ്രുവരി 2024
അമ്മായിയമ്മമാരോടുള്ള പെരുമാറ്റത്തില്‍ ഒരു പ്രത്യേക 'സ്‌കില്‍' ഉണ്ടാകേണ്ടതുണ്ട്. 'ഡിസ്റ്റന്‍സ് സ്‌കില്‍' എന്നാണ് അതിന് പേര്.

അവര്‍ പറഞ്ഞു തുടങ്ങി: "എന്റെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. അമ്മായിയമ്മ വല്ലാതെ അധികാരം ചെലുത്തുന്നവളും സ്വാര്‍ഥയും എന്തിനും ഏതിനും ദ്വേഷ്യം പിടിക്കുന്ന സ്വഭാവക്കാരിയുമാണ്. അവരോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിഞ്ഞുകൂടാ.''
ഞാന്‍: "നിങ്ങള്‍ ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം അതേ വീട്ടില്‍ തന്നെയാണോ താമസിക്കുന്നത്?''
അവര്‍: "അതെ, ഞാനും അവരോടൊപ്പം അതേ വീട്ടില്‍ തന്നെയാണ് താമസം; ഒന്നാം നിലയില്‍.''
ഞാന്‍: "നിങ്ങളുടെ വീട്ടിലേക്ക് പ്രത്യേകം വഴിയുണ്ടോ?"

അവര്‍: "ഇല്ല, എല്ലാവര്‍ക്കുമുള്ള പൊതുവഴിയാണ്." അമ്മായിയമ്മയുടെ പെരുമാറ്റത്തില്‍ അങ്ങേയറ്റം അസന്തുഷ്ടയാണ് ഞാന്‍. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യത്തിലും അവര്‍ ഇടപെടും. ഒരുനേരം പുറത്തു പോയി ഭക്ഷണം കഴിക്കാനോ ടൂറിനോ യാത്രക്കോ ഒരുങ്ങുകയാണെങ്കില്‍ അവര്‍ക്കും ഞങ്ങളോടൊപ്പം പോരണം. മകനോട് അത് തുറന്ന് പറയും, ആവശ്യപ്പെടും. എനിക്ക് എന്റെ ഭര്‍ത്താവിനോടൊപ്പം തനിച്ച് പോകാനാണ് ആഗ്രഹം. ഞങ്ങളുടെ സ്വകാര്യത കാത്തുകൊണ്ട് ഞങ്ങള്‍ക്ക് ഒറ്റക്ക് താമസിക്കണമെന്നാണ് എന്റെ ആശ. പക്ഷേ, അമ്മായിയമ്മ അതിന് സമ്മതിക്കില്ല.
 

എന്റെ ഭര്‍ത്താവ് അവരുടെ ഏക മകനാണ്. കഴിയുന്നതും അവരോട് എതിര്‍ത്ത് നില്‍ക്കാതെ നോക്കും ഞാന്‍. പ്രശ്നങ്ങള്‍ രൂക്ഷമാവാതിരിക്കാനുള്ള എന്റെ കരുതലാണ് അത്. എന്നാല്‍ അനാവശ്യമായ കുറെ ദുശ്ശീലങ്ങളുണ്ട് അവര്‍ക്ക്. ഞങ്ങളുടെ മുറിയില്‍ കയറിവന്ന് അലമാര പരിശോധിക്കും. വസ്ത്രങ്ങളൊക്കെ അടുക്കി വെച്ചത് നോക്കും. അങ്ങനെ കൊച്ചുകൊച്ചുകാര്യങ്ങളിലെല്ലാം ഇടപെടുന്ന സ്വഭാവമാണ്.

ഉമ്മയുടെ പെരുമാറ്റത്തെക്കുറിച്ചും ഇടപെടലിനെക്കുറിച്ചും ഭര്‍ത്താവിനോട് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഒന്ന് മാത്രം: 'അവര്‍ എന്റെ ഉമ്മയാണ്. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അവരോട് നയത്തിലും മയത്തിലും പെരുമാറാന്‍ ശ്രമിച്ചുനോക്കൂ. അവരോടൊപ്പം അധികം ഇരിക്കേണ്ട', ഇതാണ് ഭര്‍ത്താവിന്റെ പ്രതികരണം.
ഞാന്‍: "നിങ്ങളുടെ ഭര്‍ത്താവിന് തന്റെ ഉമ്മയെ നന്നായി അറിയാമെന്ന് വ്യക്തം. അവരുടെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. അവരോട് എങ്ങനെ നില്‍ക്കണമെന്ന് നിങ്ങള്‍ക്ക് നല്‍കിയ ഉപദേശവും നല്ലത് തന്നെ. നിങ്ങളുടെയും ഭര്‍ത്താവിന്റെയും ഉമ്മയോടുള്ള സമീപനത്തില്‍ വ്യത്യാസം ഉണ്ടാവുന്നത് സ്വാഭാവികം. അതേ അവസരത്തില്‍ അമ്മായിയമ്മയുടെ ചില പ്രത്യേക സ്വഭാവരീതികളെക്കുറിച്ചും നിങ്ങള്‍ തുടക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായല്ലോ.''

ഞാന്‍ തുടര്‍ന്നു: "അവരോട് നയത്തില്‍ നില്‍ക്കാനും 'ഡിപ്ലോമസി'യോടെ പെരുമാറാനും നിങ്ങള്‍ക്ക് സാധിക്കുകയുണ്ടായോ?''
അവര്‍: "ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരെ വിട്ട് നമുക്ക് ഒരു വീടെടുത്ത് വേറെ താമസിക്കാമെന്ന് ഞാന്‍ ഭര്‍ത്താവിനോട് ആവത് പറഞ്ഞുനോക്കി. ഭര്‍ത്താവ് പറയുന്നത്: ഞാന്‍ അവരുടെ ഏക മകനാണ്. എന്റെ മാതാപിതാക്കള്‍ക്ക് പല ആവശ്യങ്ങളുമുണ്ടാവും. ഞാന്‍ അവരോടൊപ്പം ഉണ്ടാവേണ്ടത് അനിവാര്യമാണ്.''

ഞാന്‍: "നിങ്ങളുടെ കുടുംബ വീടിന്റെ അടുത്ത് തന്നെ ഒരു വീട് വാങ്ങാന്‍ നിങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞ് നോക്കൂ.''
അവര്‍: "ഞാനത് പറഞ്ഞു. പക്ഷേ, അദ്ദേഹം പറയുന്നത് തനിക്കിപ്പോള്‍ അതിനുള്ള കഴിവില്ലെന്നാണ്."
ഞാന്‍: "ഇത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ അമ്മായിയമ്മയോട് നയചാതുരിയോടും യുക്തിയോടും പെരുമാറണം. കാരണം, അവര്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ഉമ്മയാണ്. നിങ്ങളുടെ മക്കളുടെ വല്യുമ്മയാണ്. നിങ്ങളുടെ ഭര്‍ത്താവിന് നിര്‍ബന്ധ ബാധ്യതയാണ് ഉമ്മയോടുള്ള നല്ല പെരുമാറ്റം. എന്നാല്‍, നിങ്ങളുടെ ഭര്‍ത്താവിന്റെ ഉമ്മ നിങ്ങളുടെ രക്തബന്ധത്തില്‍ പെട്ടതല്ല. അല്ലെങ്കില്‍ നിങ്ങളുടെ പിതൃസഹോദരിയോ മാതൃസഹോദരിയോ ആവേണ്ടിയിരുന്നു.നിങ്ങളുടെ ഈ അമ്മായിയമ്മയോടുള്ള പെരുമാറ്റത്തിന് ഞാന്‍ ആറ് വഴികള്‍ നിര്‍ദേശിക്കാം.

ഒന്ന്: ഭര്‍ത്താവിന്റെ ഉമ്മയോട് സംസാരം അധികരിപ്പിക്കാതിരിക്കാന്‍ നോക്കുക. കാരണം അധിക വര്‍ത്തമാനം അവരുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയേക്കും.

രണ്ട്: ഉമ്മയോടൊപ്പം ഇരിക്കുമ്പോള്‍ അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുക. ചില കാര്യങ്ങളിലൊക്കെ അവരുമായി കൂടിയാലോചനയും ആവാം. പാചകം, വീട്ടിലെ മറ്റ് കാര്യങ്ങള്‍... അങ്ങനെ പലതും. അപ്പോള്‍ അവര്‍ക്ക് നിങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുകയും ഈര്‍ഷ്യ കുറയുകയും ചെയ്യും.

മൂന്ന്: ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കുക. ചില ഘട്ടങ്ങളില്‍ നിങ്ങള്‍ മുന്‍കൈയെടുത്ത് അവരെ സഹായിക്കണം. നിങ്ങള്‍ അവരുമായി സഹകരിക്കുന്ന പെണ്‍കുട്ടിയാണെന്ന് അങ്ങനെ അവര്‍ക്ക് തോന്നിത്തുടങ്ങും.

നാല്: അവരുമായി മത്സരിക്കാന്‍ നില്‍ക്കരുത്. താന്‍ പെറ്റു പോറ്റിയ മോനെ സ്വന്തമാക്കിയതും പോരാ, പിന്നെ തന്നോട് മത്സരിക്കാനും വന്നിരിക്കുന്നു ഒരുമ്പെട്ടവള്‍ എന്ന് അവരുടെ മനസ്സില്‍ തോന്നും.

അഞ്ച്: സ്ഥിതിഗതികള്‍ നന്നാക്കാന്‍ ശ്രമിക്കാം. അതേ അവസരത്തില്‍ കയറി ഭരിക്കാന്‍ അനുവദിക്കേണ്ടതില്ല.
ആറ്: ഉപദ്രവം സഹിക്കാതാവുമ്പോള്‍ ഭര്‍ത്താവിനോട് ഉമ്മയെ ഉപദേശിക്കാന്‍ പറയാം. ഉപദേശമെന്നാല്‍ ഉമ്മയെ വെറുപ്പിക്കുക എന്ന് അര്‍ഥമില്ല. അതും 'ബിര്‍റി'ല്‍ പെട്ടതാണ്.

അവരുടെ പെരുമാറ്റം എത്രതന്നെ നിങ്ങള്‍ക്ക് അഹിതകരമായി തോന്നിയാലും ചിലപ്പോള്‍ അവരുടെ ഹൃദയത്തില്‍ സ്നേഹവും വാത്സല്യവുമൊക്കെ ഉണ്ടാവും. വീട് നോക്കി നടത്താനുള്ള കെല്‍പും ഉണ്ടാവും അവര്‍ക്ക്. അവരില്‍നിന്ന് അവയൊക്കെ പഠിക്കാന്‍ ശ്രമിക്കുക. അവരുടെ ഗുണവശങ്ങള്‍ സ്വന്തമാക്കുക. ചീത്ത വശങ്ങളുടെ നേരെ കണ്ണ് ചിമ്മിയേക്കുക.
ഇത്തരം അമ്മായിയമ്മമാരോടുള്ള പെരുമാറ്റത്തില്‍ ഒരു പ്രത്യേക 'സ്‌കില്‍' നിങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. 'ഡിസ്റ്റന്‍സ് സ്‌കില്‍' എന്നാണ് അതിന് പേര്‍. 'ഭര്‍ത്താവിനോടൊത്തുള്ള സ്വൈര ജീവിതം അത് ഉറപ്പുവരുത്തും. സൂര്യതാപമേറ്റ് ഭൂമി കരിഞ്ഞ് പോകാതിരിക്കുന്നത് ദൂരപരിധി പാലിക്കുന്നത് മൂലമാണ്. സൂര്യന്‍ ഭൂമിയോട് വല്ലാതെ അടുത്താല്‍ ഭൂമി കരിഞ്ഞു പോകും. വല്ലാതെ അകന്നാല്‍ തണുത്തുറഞ്ഞു പോകും. സാമൂഹിക ബന്ധങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് ഭര്‍ത്താവിന്റെ മാതാവിനോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ ഈ "ദൂരപരിധി സിദ്ധാന്തം" ഫലം ചെയ്യുമെന്നാണ് എന്റെ അഭിപ്രായം."

 

വിവ: പി.കെ.ജെ 
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media