ആസ്വദിച്ചുകൊണ്ട് ജീവിക്കാം

ബഹിയ
ഫെബ്രുവരി 2024

'എവിടെച്ചെന്നാലും ജനമനസ്സുകളെ ആകര്‍ഷിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്ന മായികവിദ്യ കൈവശമുള്ളതുപോലെ തോന്നും ഇവരെ കണ്ടാല്‍. ഇവര്‍ക്കൊക്കെ ജനമനസ്സുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നതിന്റെ രഹസ്യമെന്താണ്? മനസ്സുകളെ കൈക്കലാക്കാനുള്ള ചില കൗശലവിദ്യകളാണത്.' റിയാദിലെ കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായ ഡോ. മുഹമ്മദ് അല്‍അരീഫി അറബിഭാഷയില്‍ രചിക്കുകയും അബ്ദുറഹ്‌മാന്‍ ആദൃശ്ശേരി മലയാളത്തിലേക്ക് 'ജീവിതം ആസ്വദിക്കൂ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥമാണ് 'ഇസ്തംതിഅ് ബി ഹയാത്തിക്.' അറബിയിലും ഇംഗ്ലീഷിലും പല പതിപ്പുകള്‍ ഇറങ്ങിയ ഈ ഗ്രന്ഥം മലയാള ഭാഷയിലും ആയിരക്കണക്കിന് ആളുകളുടെ വായനയും ജീവിതപരിസരങ്ങളും നിറക്കുകയുണ്ടായി. ജീവിതം ആസ്വദിക്കൂ എന്ന ഈ മലയാള പരിഭാഷാ ഗ്രന്ഥം ആറാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, പെരുമാറ്റം, സംസ്‌കാരം, വ്യക്തിത്വം, ജീവിതവിജയം, സന്തോഷം തുടങ്ങി അനേക തലങ്ങളിലൂടെ സഞ്ചരിക്കുന്ന മഹത്തായ ഗ്രന്ഥമാണ് 'ജീവിതം ആസ്വദിക്കൂ' എന്നത്. ഇസ്ലാമിക ഗ്രന്ഥരചനാരംഗത്തെ തികച്ചും വ്യത്യസ്തമായ രീതിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്. മാതൃകകള്‍ക്കും ജീവിത വിജയത്തിനും ഒരു കുറുക്കുവഴിയും തേടി പോകേണ്ടതില്ലെന്നും, മനുഷ്യരില്‍ ഏറ്റവും മഹനീയ വ്യക്തിത്വത്തിനുടമയായ നബി(സ)യുടെ ജീവിതത്തില്‍ അതിനെല്ലാമുള്ള ഉദാഹരണങ്ങളും ഉത്തരങ്ങളും ഉണ്ടെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. സാധാരണ ഗതിയില്‍ പൊതുജീവിതത്തില്‍ വിജയം നേടിയവര്‍ കുടുംബത്തിന് കൊള്ളാത്തവരായിരിക്കും. ഇനി കുടുംബത്തിന് പൂര്‍ണമായും തൃപ്തിപ്പെട്ടവനാണെങ്കിലോ സമൂഹത്തിന് അയാളെ കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകാറില്ല. എന്നാല്‍, കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരേപോലെ വിജയം നേടുക എന്നത് ഒട്ടും എളുപ്പമല്ലാഞ്ഞിട്ടും അത് സാധ്യമാണെന്ന് നമ്മെ പഠിപ്പിച്ചത് പ്രവാചകനാണ്. അത്തരത്തില്‍ എങ്ങനെ നമ്മുടെ പെരുമാറ്റത്തെ മാറ്റിയെടുക്കാമെന്നും നാം ഇടപഴകുന്ന തികച്ചും വ്യത്യസ്തരായ ഓരോരുത്തരെയും നമ്മുടെ പെരുമാറ്റ കല കൊണ്ട് എങ്ങനെ കീഴ്‌പ്പെടുത്താമെന്നും അപക്വമതികളുടെ പെരുമാറ്റങ്ങള്‍ നമ്മുടെ മനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍ എന്തു ചെയ്യണമെന്നും ഈ ഗ്രന്ഥം പഠിപ്പിക്കുന്നു. 'ശരി - തെറ്റുകള്‍, തെറ്റ് തിരുത്താനുള്ള വഴികള്‍, അപകര്‍ഷബോധം, ആത്മവിശ്വാസമില്ലായ്മ, അമിതമായ ആത്മവിശ്വാസം, അഹന്ത തുടങ്ങിയ മാനസിക വൈകല്യങ്ങളെ എങ്ങനെ നേരിടാം... എന്നിവയെല്ലാം പ്രവാചക ജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ പറയുന്നതാണ് ഗ്രന്ഥത്തിന്റെ സവിശേഷത.
   

തൊണ്ണൂറ്റൊന്നോളം മനോഹരമായ തലക്കെട്ടുകളെ ദൃഢമായ ഇസ്ലാമിന്റെ പാശത്തില്‍ ഒന്നിന് പിറകെ ഒന്നായി കോര്‍ത്തുകോര്‍ത്തെടുത്ത സുന്ദരമായ ഒരു മാലയാണ് ഈ ഗ്രന്ഥം. തൂവിപ്പോയ പാല്‍, ആരോടാണ് നിങ്ങള്‍ക്ക് പ്രിയം, മനസ്സുകള്‍ കീഴടക്കാന്‍ 100 വഴികള്‍, ശരിയായ ചേരുവകള്‍, ആദ്യ കാഴ്ചയില്‍ തന്നെ മനം കവരുക, പലരും പല തരക്കാര്‍, മനസ്സിന്റെ പൂട്ടുകള്‍ തുറക്കാം, മനോഗതം തിരിച്ചറിയുക, ഇഷ്ടം തുറന്നു പറയുക, പേരുകള്‍ ഓര്‍ത്തുവെക്കുക, വേണ്ടാത്ത കാര്യങ്ങളില്‍ തലയിടരുത്, വടിയുടെ നടുവില്‍ പിടിക്കുക തുടങ്ങി, എന്തായിരിക്കും അതിനകത്തെന്ന് വായനക്കാരനെ വായിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ഓരോ അധ്യായത്തിന്റെ പേരും.
  ജീവിതത്തിന്റെ സര്‍വ മേഖലകളുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങള്‍, ലളിതമായ ഭാഷ, രസകരമായ അവതരണം, ഉദാഹരണമായി ചേര്‍ക്കുന്ന കഥകളും ഉപകഥകളും ചരിത്ര സംഭവങ്ങളും. ഇങ്ങനെ വ്യത്യസ്തതകളാല്‍ ഏറെ വിലപ്പെട്ടതാകുന്നു ഈ ഗ്രന്ഥം. 'രഹസ്യങ്ങള്‍' എന്ന അധ്യായം 'നാം എത്രത്തോളം രഹസ്യം സൂക്ഷിക്കുന്നുവോ, അത്രത്തോളം ആളുകള്‍ നമ്മെ ഇഷ്ടപ്പെടുമെന്നും അവര്‍ നമ്മോട് മനസ്സ് തുറക്കുമെന്നും അവരുടെ മനസ്സില്‍ നമുക്കുള്ള മതിപ്പ് വര്‍ധിക്കുമെന്നും നാം വിശ്വസ്തനാണെന്ന ബോധം വളരുമെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. ഓരോ അധ്യായത്തിലും ഇങ്ങനെ മനോഹരങ്ങളായ സാരവത്തായ കാര്യങ്ങളും ബോധനങ്ങളും കഥകളും ചരിത്രങ്ങളും കാണാം.
   

ജീവിതം ആസ്വദിക്കുക എന്നാല്‍ പലവിധ വിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ടേയിരിക്കുക എന്നല്ല അര്‍ഥം. മറിച്ച്, സമാധാന പൂര്‍ണമായ ജീവിതം സാധ്യമാവുക എന്നതാണ്. ആസമാധാന പൂര്‍ണമായ ജീവിതം പരലോകത്ത് സന്തോഷകരമായ ജീവിതത്തിന് നിദാനമാകുന്നതാണെങ്കിലോ? അത് ഇരട്ടി മധുരം ആയിരിക്കും. അങ്ങനെ ആ രണ്ടു മധുരങ്ങളും സ്വന്തമാക്കാനാകും വിധം ജീവിതം ആസ്വദിക്കാന്‍ തന്നെയാണ് ദൈവം മനുഷ്യനെ പടച്ചത്.

പുസ്തകം: 'ജീവിതം ആസ്വദിക്കൂ'
പ്രസാധനം: അറേബ്യന്‍ ബുക്ക് ഹൗസ്
പേജ്: 400
വില: 300 രൂപ 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media