പഠിപ്പിക്കാം നമസ്‌കരിക്കാന്‍

കെ.കെ ഫാത്തിമ സുഹ്‌റ
december 2022
ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ നമസ്‌കാര ശീലം എങ്ങനെ പഠിപ്പിക്കാം

കുട്ടികളെ എങ്ങനെയാണ് നമസ്‌കാരം ശീലിപ്പിക്കുക? പല ഉമ്മമാരെയും അലട്ടുന്ന ചോദ്യമാണിത്. നമസ്‌കാരം ചിട്ടയോടെ നിര്‍വഹിക്കാന്‍ പരിശീലിപ്പിക്കുക എന്നുള്ളത് അതിപ്രധാനമായ ശിക്ഷണ മുറകളില്‍ പെട്ടതാണ്. കാരണം, നമസ്‌കാരം ഇസ്ലാമിന്റെ  പഞ്ചസ്തംഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പരലോകത്ത് കര്‍മങ്ങളില്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതുമാണ്. നമസ്‌കാരം പരിശീലിപ്പിക്കേണ്ട പ്രായം നബി(സ) പഠിപ്പിച്ചത് പ്രകാരം ഏഴ് വയസ്സാണ്. 'നിങ്ങളുടെ കുട്ടികള്‍ക്ക് ഏഴ് വയസ്സായാല്‍ അവരോട് നമസ്‌കരിക്കാന്‍ കല്‍പ്പിക്കുക' എന്ന നബിവചനം ശ്രദ്ധേയമാണ്. എന്നാല്‍, ഏഴ് വയസ്സു മുതല്‍ കുട്ടി നമസ്‌കാരം പതിവായി നിര്‍വഹിച്ചുതുടങ്ങണമെങ്കില്‍ അതിന് കുട്ടിയെ പരിശീലിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്യണമല്ലോ. അത് എങ്ങനെ സാധിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കുട്ടിക്ക് നമസ്‌കാരം ഹരമാക്കി തീര്‍ക്കുവാന്‍ ഒരുപാട് ആക്ടിവിറ്റികളും പരിപാടികളും മാതാപിതാക്കള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ചെറിയ കുട്ടികള്‍, ധാരാളമായി നമസ്‌കരിക്കുന്ന മാതാപിതാക്കളെ അനുകരിക്കുന്നു. രണ്ടുമൂന്നു വയസ്സാകുമ്പോഴേക്കും  അനുകരിക്കുക മാത്രമല്ല, നമസ്‌കരിക്കുന്ന സ്ഥലത്ത് പലവിധ കളികളിലേര്‍പ്പെടുകയും ചെയ്യുന്നു. എല്ലാറ്റിനെയും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രായമാണ് രണ്ടു വയസ്സ്. മൂന്നു വയസ്സാകുമ്പോള്‍ നമസ്‌കരിക്കുന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് കളിക്കുകയും ഓടുകയും ചാടുകയും ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നതോടൊപ്പം ഇടയ്ക്കിടെ മാതാപിതാക്കളുടെ അരികില്‍നിന്ന് നമസ്‌കരിക്കുകയും നമസ്‌കാരത്തില്‍നിന്ന് പിരിഞ്ഞു വീണ്ടും കളിക്കുകയും ചെയ്യുന്നത് നാം കാണാറില്ലേ. പലതും നിരീക്ഷിച്ചു തുടങ്ങുന്ന പ്രായമാകുമ്പോള്‍ അവര്‍ നമസ്‌കാര പായ മറിച്ചിടുകയും തിരിച്ചിടുകയും അതിനിടയില്‍ ഒളിക്കുകയും ഇടക്ക് നമസ്‌കരിക്കുകയും ചെയ്യും.
കുട്ടികളുടെ ഈ അനുകരണം ഏഴ് വയസ്സുവരെ തുടരുന്നു. ഈ പ്രായത്തില്‍ നമസ്‌കാരത്തെ അനുകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പതിവായിത്തീരും വരെ അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ അവരുടെ ജീവിതത്തില്‍ അതൊരു ശീലമായി മാറും. നമസ്‌കാരവും കഅ്ബയും ത്വവാഫും നേരിട്ടോ കമ്പ്യൂട്ടര്‍ വഴിയോ കാണുകയും ബാങ്ക് കേള്‍ക്കുകയും ചെയ്യുമ്പോള്‍ അത് കുട്ടിയുടെ ഓര്‍മയില്‍ ഇടം പിടിക്കുകയും ഭാവിയില്‍ നമസ്‌കാരത്തോടുള്ള താല്‍പര്യം ജനിക്കാന്‍ അത് ഹേതുവായിത്തീരുകയും ചെയ്യും.
പലപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുള്ള കളികളാണ് കുട്ടികളെ ഈ പ്രായത്തില്‍ നമസ്‌കാരത്തില്‍നിന്ന് അശ്രദ്ധരാക്കുന്നത്. അതിനാല്‍, നമസ്‌കാര സമയങ്ങളില്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ മുഴുകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. നമസ്‌കാര സമയത്തോടുള്ള ആദരവ് അവന്റെ മനസ്സില്‍നിന്ന് മായാതെ നിലനില്‍ക്കുവാന്‍ അത് ഉപകരിക്കും.
കുടുംബത്തില്‍ നമസ്‌കാരക്കാരെ കാണുക, സംഘം ചേര്‍ന്നുള്ള നമസ്‌കാരങ്ങളില്‍ പങ്കെടുക്കുക, ബാങ്ക് പ്രത്യേകം ശ്രദ്ധിക്കുക, ബാങ്കിലെ വചനങ്ങള്‍ ശ്രദ്ധാപൂര്‍വം ഉരുവിടുക, പെണ്‍കുട്ടികളാണെങ്കില്‍ സ്ത്രീകള്‍ക്കായുള്ള നമസ്‌കാര വേഷം ധരിപ്പിക്കുക, കുട്ടികള്‍ക്ക് പ്രത്യേകമായി നമസ്‌കാര പായകള്‍ വാങ്ങാനായി അങ്ങാടികളില്‍ പോവുക, നമസ്‌കാരത്തിനായി അവയവങ്ങള്‍ ശുദ്ധിയാക്കുക തുടങ്ങിയവ നാലു വയസ്സു മുതല്‍ ആറു വയസ്സു വരെയുള്ള  കുട്ടികളില്‍ നമസ്‌കാരത്തോടുള്ള താല്‍പര്യം ജനിപ്പിക്കാന്‍ ഏറെ സഹായകരമാണ്. മറ്റു കുട്ടികള്‍ നമസ്‌കരിക്കുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കാണാന്‍ അവസരം ഒരുക്കുന്നത് കുട്ടികളില്‍ നമസ്‌കാരത്തോട് സ്‌നേഹം ജനിപ്പിക്കും. നമസ്‌കാരത്തിന്റെ രൂപങ്ങള്‍ കൃത്യമായി പഠിപ്പിക്കാന്‍ ഏഴ് വയസ്സാണ് ഏറ്റവും പറ്റിയ പ്രായം. അപ്പോഴേ  നമസ്‌കാരം ഒരു പതിവ് ശീലമായി മാറിവരികയുള്ളൂ.
സൂറത്തുല്‍ ഫാത്തിഹയും ചെറിയ സൂറകളും മനപ്പാഠമാക്കാന്‍ അവരെ പരിശീലിപ്പിക്കണം. നമസ്‌കാരത്തിലൂടെ അല്ലാഹുവെ കണ്ടുമുട്ടാം, നമസ്‌കാരത്തിലൂടെ നമുക്ക് സന്തോഷിക്കാം തുടങ്ങി നമസ്‌കാരത്തിന് അവരെ പ്രേരിപ്പിക്കുന്ന വാചകങ്ങള്‍ നിരന്തരം പറഞ്ഞു കൊടുക്കാം. നമസ്‌കാരത്തില്‍ അവര്‍ വീഴ്ച വരുത്തിയെന്ന് വരും. ചിലപ്പോള്‍ ഒരു റക്അത്ത് മാത്രം നമസ്‌കരിച്ച് അവസാനിപ്പിക്കും, അല്ലെങ്കില്‍ അംഗ ശുദ്ധി വരുത്താതെ നമസ്‌കരിക്കും... ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ഒരിക്കലും കുട്ടികളെ വിചാരണ ചെയ്യരുത്. കാരണം, ചെറിയ കുട്ടികളായതുകൊണ്ട് തന്നെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ പരലോകത്ത് അവര്‍ വിചാരണ ചെയ്യപ്പെടുന്നവരല്ല. നമുക്ക് ഒരു  വൃക്ഷം അവര്‍ക്കു വേണ്ടി വരക്കാം. അവര്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ആ മരത്തിന് ഒരു പച്ച വര്‍ണം കൊടുക്കാം. നമസ്‌കരിച്ചില്ലെങ്കില്‍ ഒരു മഞ്ഞ വര്‍ണം കൊടുക്കാം. വല്ല നന്മയും ചെയ്താല്‍ മരത്തില്‍ ഒരു കായ വരക്കാം. ആ കായക്ക് ചുവപ്പ് വര്‍ണം കൊടുക്കാം. അങ്ങനെയൊക്കെ അവരെ നമസ്‌കാരത്തില്‍ തല്‍പരരും നമസ്‌കാരത്തോട് സദാ ബന്ധം പുലര്‍ത്തുന്നവരുമാക്കാം.  
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media