പാറിപ്പറന്ന് ആഇശ ഒരു വനിതാ സംരംഭക യാത്ര

ആഷിക്ക്. കെ.പി
december 2022
യാത്രകളിലൂടെ സംരംഭകത്വത്തിന്റെ വലിയ സാധ്യതകള്‍ കണ്ടെത്തിയ ആഇശയെന്ന പെണ്‍കുട്ടിയുടെ വിജയ രഹസ്യങ്ങള്‍

ഒന്‍പത് രാജ്യങ്ങള്‍, ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍- ഒരു തവണയല്ല, പല പ്രാവശ്യം സഞ്ചാരികളെയും കൊണ്ട്, അവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അനിഷ്ടങ്ങളുമറിഞ്ഞ് അവരിലൊരാളായി പാറിപ്പറന്ന് നടക്കുകയാണ് 'യാത്രാ പ്രാന്തി'യെന്ന സ്റ്റാര്‍ട്ടപ്പ് സംരംഭക ആഇശ. ഇഷ്ടപ്പെടാത്തത് പഠിച്ച് മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലൊതുങ്ങാനോ, ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ജീവിതം തീര്‍ക്കാനോ ആഇശ തയ്യാറായില്ല. കോഴിക്കോട് ഒരു യാഥാസ്ഥിതിക കൂട്ടുകുടുംബത്തിലാണ് ആഇശ ജനിച്ചത്. തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വെച്ച് പറത്തി, അതിന്റെ പിന്നാലെ ആരും കാണാത്ത കാഴ്ചകള്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ് ഈ യുവ സംരംഭക. ഒരു ഗോവന്‍ യാത്രയിലാണ് ആഇശയെ അടുത്തറിഞ്ഞത്. തികച്ചും മുന്‍പരിചയമില്ലാത്ത കുറെ ആളുകളുടെ കൂടെ ഒരു യാത്ര പോവാന്‍ കുറെക്കാലമായി ആഗഹിച്ചിരുന്നു. മറ്റൊരു യാത്രാ പ്രാന്തിയായ ഭാര്യയുടെ അന്വേഷണമാണ് 'യാത്രാ പ്രാന്തി'യെന്ന ടൂര്‍ ഏജന്‍സിയുമായി അടുപ്പിച്ചത്. ഒട്ടും അറിയാത്തവരായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിപ്പിച്ച പ്രിയ ശിഷ്യര്‍ റാസിക്കും റാഫിയും യാദൃഛികമായി ഗ്രൂപ്പിലെത്തി.  
ഞങ്ങളെ എല്ലാവരെയും അല്‍ഭുതപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു യാത്ര സംഘടിപ്പിച്ച ആഇശയുടേത്. ഒരു സ്റ്റാര്‍ട്ടപ്പ് എന്ന തലത്തില്‍നിന്ന് ലാഭകരവും, ഇഷ്ടം പോലെ പ്രോഗ്രാമുകളുമുള്ള സംരംഭകയായി ആഇശ മാറിയത് സ്വന്തം ഇഷ്ടത്തോടൊപ്പം സഞ്ചരിച്ചതുകൊണ്ടു മാത്രമാണ്. പോകുന്ന സ്ഥലങ്ങളിലൊക്കെ ചിരപരിചിത ബന്ധം. ഓരോ ട്രിപ്പിനും രണ്ട് പ്ലാനുകള്‍; പ്ലാന്‍ എ, പ്ലാന്‍ ബി. മികച്ച ഏകോപനം. ചുരുങ്ങിയ ചെലവ്. എല്ലാ യാത്രയിലും കൂടെ ആഇശയും പോകും. 'യാത്രാ പ്രാന്തി' വളര്‍ന്നതിന് പിന്നില്‍ മറ്റു രഹസ്യങ്ങള്‍ ഇല്ല.

ആഇശയുടെ തുടക്കം
കോഴിക്കോട് അരക്കിണറിലെ ഒരു കൂട്ടുകുടുംബത്തില്‍ ജനനം. ദരിദ്രമായ ചുറ്റുപാടുകള്‍. ബാപ്പ കൊണ്ടുവരുന്ന ചെറിയ വരുമാനം. മദ്റസയില്‍ ഉസ്താദ് പറഞ്ഞുകൊടുത്ത, ഖദീജാ ബീവിയുടെ യാത്രയും റസൂലിന്റെയും സഹാബികളുടെയും മരുഭൂമിയിലെ താമസവും കൊച്ചു ആഇശയെ സ്വപ്നങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹൂര്‍ലീങ്ങളെയും ഒട്ടകപ്പുറത്തെ സഞ്ചാരവും അവള്‍ സ്വപ്നം കണ്ടു. അന്നേ കൂട്ടുകാരികള്‍ പ്രാന്തിയെന്ന് കളിയാക്കി. ബാപ്പ മാത്രം മകളെ കളിയാക്കിയില്ല. മടിയിലിരുത്തി കഥകള്‍ പറഞ്ഞുകൊടുത്തു. ആയിരത്തൊന്നു രാവുകളിലൂടെ ഓരോ നാടും കടന്ന് അവളങ്ങനെ ഒട്ടിയ വയറുമായി സ്വപ്ന സഞ്ചാരം നടത്തി. പ്ലസ് ടു കഴിയുമ്പോഴേക്ക് വിവാഹം.
തുടര്‍ പഠനം ട്രാവല്‍ ആന്റ് ടൂറിസം ആയിക്കോട്ടെ എന്ന് പറഞ്ഞത് ഭര്‍ത്താവ് ഷബ്‌നുവാണ്. എന്തിനും ഏതിനും എതിരു പറയാത്ത, യാത്രകള്‍ ഇഷ്ടപ്പെടുന്ന ഷബ്‌നുവിന്റെ പ്രേരണയാല്‍ അയാട്ടാ പഠനം കഴിഞ്ഞയുടന്‍ ഒരു ട്രാവല്‍സില്‍ ജോലി കിട്ടി. അപ്പോഴും തന്റെ സ്വപ്നങ്ങളെ ചങ്ങലക്കിടാന്‍ ആയിശ തയ്യാറായില്ല. യാത്രകള്‍ ഇഷ്ടപ്പെടുന്ന, സാഹചര്യങ്ങള്‍ കാരണം അതിന് കഴിയാത്ത ആളുകളെക്കുറിച്ച് ഒരു പഠനം നടത്തി. ഒരുപാടാളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, അവിവാഹിതര്‍ തുടങ്ങി എത്രയോ പേര്‍, സുരക്ഷിതരാണെങ്കില്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരാണെന്ന്  മനസ്സിലായി. അതില്‍ എല്ലാവരും പെടും. ഡോക്ടര്‍മാര്‍, റിട്ടയര്‍ ചെയ്തവര്‍, വീട്ടമ്മമാര്‍, അന്നന്നത്തെ തൊഴിലെടുത്ത് ജീവിക്കുന്നവര്‍. എല്ലാവരെയും ഒരുപോലെ ഒരേ തലത്തിലാക്കാന്‍ ആഇശക്ക് നിഷ്പ്രയാസം സാധിച്ചു. യാത്രാ പ്രാന്തിയെന്ന സംരംഭത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

ആദ്യ യാത്ര
ഒരു ചെറിയ ടീമിനെയും കൊണ്ട് വയനാട്ടിലേക്കായിരുന്നു ആദ്യ യാത്ര. എല്ലാവരും പോകാത്ത സ്ഥലങ്ങളില്‍ ഗസലും നൃത്തവും ഒക്കെയായി വേറിട്ട അനുഭവം. യാത്രകള്‍ ഒന്നില്‍നിന്ന് രണ്ടായി, പിന്നീട് കേരളത്തിന് പുറത്തേക്ക്, ഇന്ത്യക്ക് പുറത്തേക്ക്, വ്യത്യസ്ത ഗ്രൂപ്പുകളായി സഹ പങ്കാളികളായ ഷബ്‌നുവും സലീമും ഒപ്പം ആഇശയും യാത്രികരില്‍ ഒരാളായി  യാത്രകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ഓരോ സ്ഥലത്തും ചെന്ന് എല്ലാം ഓക്കെയെന്ന് ബോധ്യമായാല്‍ പിന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ അറിയിക്കുന്നു. ആദ്യമൊക്കെ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ടൂറ്. പിന്നെ പിന്നെ കുട്ടികള്‍ക്ക് മാത്രമായി, കുടുംബങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, എന്നു വേണ്ട ആര്‍ക്കും പോകാന്‍ കഴിയുന്ന ഏജന്‍സിയായി. അങ്ങനെ മറ്റു ടൂര്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് ഏറെ ഭിന്നയായി മാറുന്നു ആഇശ.
ബഡ്ജറ്റ് ടൂറുകളാണ് ഏറെയും. ചെറിയ ലാഭം, ഗുണമേന്മയുള്ള സേവനം. എല്ലാ കാര്യങ്ങളും ആദ്യമേ വെളിപ്പെടുത്തുന്നു. ഉപഭോക്താവില്‍ നിന്ന് കൃത്യമായി ഫീഡ്ബാക്ക് തേടുന്നു. മുഴുവന്‍ ചെലവുകളും ഭക്ഷണം, താമസം, യാത്ര എല്ലാം ആദ്യമേ പറഞ്ഞിരിക്കും. ഇതൊക്കെയാണ് 'യാത്രാ പ്രാന്തി'യെന്ന സംരംഭത്തിന്റെ വിജയമന്ത്രങ്ങള്‍.
വയനാട്ടിലെ കോടമഞ്ഞു മുതല്‍ തവാങ്ങ് മലനിരകള്‍ വരെ ട്രക്കിംഗും താമസവും ഒക്കെയായി എത്രയോ യാത്രകള്‍. മാലി മുതല്‍ തായ്‌ലന്‍ഡ് വരെ. ഗള്‍ഫ് രാജ്യങ്ങള്‍, സിങ്കപ്പൂര്‍, ആഫ്രിക്ക... സഞ്ചാര സംരംഭകത്വത്തിന് പുതിയ രൂപവും ഭാവവും നിറവും നല്‍കുകയാണീ സംരംഭക.
ടൂറിസം രംഗത്തെ സംരംഭകത്വ 
സാധ്യതകള്‍
യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. സുരക്ഷിതവും ചുരുങ്ങിയ ചെലവിലുമാണെങ്കില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒരു പ്രയാസവുമില്ല. മറ്റേതു സംരംഭത്തെക്കാളും സേവന സംരംഭമെന്ന നിലയില്‍ പ്രാരംഭ ചെലവുകള്‍ വളരെ കുറവാണ്. പോകേണ്ട സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം. ചെലവുകള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തണം. റിസ്‌കുകള്‍ മുന്‍കൂട്ടി മനസ്സിലാക്കണം. എല്ലാം സുതാര്യമായിരിക്കുക. എന്നാല്‍  അസ്വസ്ഥതയും പ്രശ്‌നങ്ങളും ഒഴിവാക്കാം. സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ് പ്രചാരണ ഉപാധികളില്‍ ഏറ്റവും നല്ലത്. യാത്രികരെ എല്ലാവരെയും ഒരുപോലെ കാണണം, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. പരിഹരിക്കാന്‍ കഴിയുന്നതാണെങ്കില്‍ ഉടന്‍ പരിഹരിക്കണം. നല്‍കുന്ന എല്ലാ സേവനങ്ങളും ആദ്യമേ പറയണം.
ഇത്രയൊക്കെയേ ഒരു യാത്രാ സംരംഭം വിജയിക്കാന്‍ വേണ്ടൂ. ആഇശയിലെ സംരംഭക നൈപുണി ഇതൊക്കെയാണ്. അനുബന്ധ സേവനങ്ങള്‍ക്കു വേണ്ടി തെരഞ്ഞെടുക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ ഇവരുടെ റേറ്റ് മാത്രം നോക്കാതെ ഗുണമേന്മ, നൈതികത എന്നിവക്ക് മുന്‍ഗണന നല്‍കി അവരെ പങ്കാളികളാക്കുക, ഇടപാടുകള്‍ പെട്ടെന്ന് തീര്‍ക്കുക, ലാഭം കൃത്യമായി വീതിച്ച് നല്‍കുക - ഇങ്ങനെയൊക്കെയാണ് സമാന സംരംഭകരോട് ആഇശ 'യാത്രാ പ്രാന്തി'യുടെ വിജയരഹസ്യങ്ങള്‍ പറയുന്നത്. യാത്രകളോടൊപ്പം  സന്തുഷ്ട കുടുംബജീവിതവും നയിക്കുന്ന ആഇശക്ക് ഡാനിയേല്‍ എന്ന ഒരു മകനുണ്ട്. വീട്ടിലെത്തിയാല്‍ മകനും കിടപ്പു രോഗിയായ ബാപ്പക്കുമൊപ്പം ആഇശ അധിക സമയവും ചെലവഴിക്കുന്നു.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media