മരതകക്കുന്നുകളില്‍ നക്ഷത്രങ്ങള്‍ വിരിയുമ്പോള്‍
സീനത്ത് മാറഞ്ചേരി
december 2022
പച്ചപ്പിന്റെ ഹരം പിടിപ്പിക്കുന്ന ചിത്രങ്ങളാണ് കശ്മീരിലെ ഓരോ പ്രദേശവും.
കശ്മീരിന്റെ മഞ്ഞു പൊതിഞ്ഞ സ്തൂപികാഗ്രിത വനങ്ങളെക്കുറിച്ച് പഠിച്ചും പഠിപ്പിച്ചും നാളുകളേറെയായി. സൗന്ദര്യവും സൗകുമാര്യവും പേറുന്ന ആ നാടിന്റെ കാഴ്ചകള്‍ കാണാന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. ആഗസ്റ്റ് മാസത്തില്‍ മഞ്ഞു കാഴ്ചകള്‍ക്കു പകരം പച്ചപ്പിന്റെ ഹരം പിടിപ്പിക്കുന്ന ചിത്രങ്ങളാണ് കശ്മീരിലെ ഓരോ പ്രദേശവും. കലാകാരന് പകര്‍ന്നു വച്ച അതിവിദഗ്ധമായ ചിത്രങ്ങള്‍!
പ്രസിദ്ധമായ മുഗള്‍ ഗാര്‍ഡനുകള്‍ ഓരോന്നും രാജകീയ പ്രൗഢിയില്‍ ഒന്നിനൊന്ന് മുന്നിട്ടു നില്ക്കുന്നു. ആഗസ്റ്റ് പതിനാലിനാണ് എട്ട് വയസ്സുകാരിയടക്കം ഞങ്ങള്‍ അഞ്ചു പേര് പരി മഹല്‍ ഗാര്ഡന് സന്ദര്‍ശിച്ചത്. നിര്‍മാണരംഗത്ത് അത്യത്ഭുതങ്ങള്‍ സൃഷ്ടിച്ച മുഗള്‍ രാജാവ് ഷാജഹാന്റെ പുത്രന് ദാരാ ഷിക്കോയുടെ കൈയൊപ്പു പതിഞ്ഞവയാണ് ഇതിന്റെ ഓരോ മുക്കും മൂലയും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാന വ്യൂ പോയിന്റുകളിലെല്ലാം ദേശീയ പതാക പറത്തിയിരുന്നു. പതാകയെ സല്യൂട്ട് ചെയ്തും പട്ടാളക്കാരോടൊപ്പം പോസ് ചെയ്തും മനോഹരമായൊരുക്കിയ പൂന്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ സമയപരിമിതി മാത്രമാണ് അവിടം വിടാനുള്ള ഏക നിമിത്തം.
കോണിപ്പടികളിറങ്ങിയിറങ്ങി വീണ്ടും വീണ്ടും പുതുമ തേടിപ്പോകാന്‍ പ്രേരിപ്പിക്കുന്ന, തട്ടുതട്ടായി നിര്‍മിച്ച ഈ കരവിരുത് സമ്മതിക്കുക തന്നെ വേണം. 1650-ലാണ് 'മാലാഖമാരുടെ കളിത്തോട്ടം' പണി പൂര്‍ത്തിയായത്. ഏഴ് തട്ടുകളായി നിര്‍മിക്കപ്പെട്ട ഈ പൂന്തോട്ടത്തിന്റെ മുകള്‍തട്ടില്‍ നിന്നാല്‍ ശ്രീനഗറിന്റെയും ദാല്‍ തടാകത്തിന്റെയും മനോഹര ദൃശ്യം ആസ്വദിക്കാം. ഒരു നിരീക്ഷണാലയമായും വാനനിരീക്ഷണ കേന്ദ്രമായും അക്കാലത്ത് ഇത് ഉപയോഗിച്ചിരുന്നു. ദാരാ രാജകുമാരനും ബീഗം നാദിറയും ഇവിടെ കഴിഞ്ഞിട്ടുണ്ട്. കലയെ പ്രണയിക്കുന്ന ഏതൊരാള്‍ക്കും ഈ ഉദ്യാനഭംഗി ആസ്വദിക്കാതിരിക്കാനാവില്ല. ആര്‍ച്ചുകളാല്‍ സമ്പന്നമായ അതിന്റെ പൗരാണിക നിര്‍മാണ രീതി മുഗള്‍-പേര്‍ഷ്യന്‍ കരവിരുത് വിളിച്ചോതുന്നുണ്ട്.
രണ്ടാമത്തെ വലിയ മുഗള്‍ പൂന്തോട്ടത്തിലേക്ക് പോകുമ്പോള്‍ അല്പം ക്ഷീണിച്ചിരുന്നു. അടുത്തുള്ള ഹോട്ടലില്‍ നിന്ന് ചുവപ്പും മഞ്ഞയും നിറമുള്ള കശ്മീരി ബിരിയാണിയാണ് കഴിച്ചത്. പിറ്റേ ദിവസം ആഗസ്റ്റ് പതിനഞ്ച് ആയതിനാല്‍ ഹോട്ടലിലെ അന്നത്തെ അവസാനത്തെ ബിരിയാണിയാണ്. കട പെട്ടെന്ന് അടക്കാന്‍ റോഡില്‍ നില്ക്കുന്ന പട്ടാളക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വാസ് വാന്‍ എന്ന സ്പെഷ്യല്‍ ഡിഷിനെക്കുറിച്ച് കേട്ടിരുന്നു. അത് പിന്നീട് കഴിക്കാമെന്ന് വെച്ചു.
വാസാ എന്ന വാക്കില്‍ നിന്നാണ് വാസ് വാന്‍ എന്ന പേര് ഉണ്ടായതത്രേ. പതിനാലാം നൂറ്റാണ്ടില്‍ നസ്റുദ്ദീന്‍ മുഹമ്മദ് തുഗ്ലക്കിന്റെ നാട്ടുരാജ്യത്തെ മംഗോളിയനായ തിമൂര്‍ ആക്രമിച്ച് കീഴ്പ്പെടുത്തി. തുടര്‍ന്ന് നിപുണരായ തൊഴിലാളികളെ സമര്ഖന്തില്നിന്ന് കശ്മീരിലേക്ക് കൊണ്ടുവന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന പാചകത്തൊഴിലാളികളെ വാസാ (waza) എന്നാണ് വിളിച്ചുവന്നത്. ഫ്രഷ് മാംസം വ്യത്യസ്ത രൂപങ്ങളിലായി ഷെയ്പ് ചെയ്ത് രുചികരമായ ഗ്രേവിയോടു കൂടിയാണ് ഇത് തയാറാക്കുന്നത്. ഇതിന് പ്രത്യേകം മസാലക്കൂട്ടുകളുണ്ട്. പ്രത്യേക തരം ചെമ്പുപാത്രങ്ങളില്‍ ഡ്രൈ ഫ്രൂട്ട്സ് മരങ്ങളുടെ ഉണങ്ങിയ വിറകിന്റെ തീക്കനലില്‍ പ്രത്യേക തരത്തില്‍ ചൂട് ക്രമീകരിച്ചാണ് വസ് വാന്‍ വിഭവങ്ങള്‍ തയാറാക്കുക.
വലിയ ചെമ്പ് നിര്‍മിതമായ പ്ലെയ്റ്റുകളിലാണ് ഇവ വിളമ്പുക. വിളമ്പുന്നതിന് പ്രത്യേക രീതിയുണ്ട്. ചോറിനു മേല്‍ ആദ്യം അലങ്കരിക്കുന്ന വറുത്ത ചിക്കന്‍, കബാബ്, തബക് വാസ് തുടങ്ങിയവ കഴിച്ച ശേഷമാണ് അവസാന വിഭവങ്ങളായ വാസ് വാന്‍, ഗോഷ്ത്താബ എന്നിവയൊക്കെ വിളമ്പുന്നത്. മിക്കവാറും രാത്രികളിലാണ് കശ്മീരികളുടെ ആഘോഷങ്ങളും കല്യാണങ്ങളും നടക്കുക. പ്രത്യേക തരത്തിലുള്ള ഖവാലിയും കല്യാണാഘോഷത്തിന്റെ ഭാഗമാണ്. അത് കാണാന്‍ റോഡില്‍ കാവല്‍ നില്ക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല ഇഷ്ടമാണത്രെ.
ഹോട്ടലില്‍നിന്ന് നടന്നാണ് ഞങ്ങള്‍ നിഷാത്ത് ബാഗില്‍ എത്തിയത്. 12 തട്ടുകളിലായി നിരവധി ജല സംഭരണികളും ജലധാരകളും മനോഹരമായ പുല്‍ത്തകിടികളും ഒക്കെയുള്ള ഈ പൂന്തോട്ടം നൂര്‍ജഹാന്റെ പിതാവും അന്നത്തെ മുഗള്‍ പ്രധാനമന്ത്രിയുമായിരുന്ന ആസിഫ് ഖാന് പണികഴിപ്പിച്ചതാണ്. ശ്രീനഗറിലെ വലിയ പൂന്തോട്ടങ്ങളില്‍ പ്രധാനമായ നിഷാത്ത് ബാഗ് അക്ഷരാര്‍ഥത്തില്‍ സന്തോഷം പകരുന്നതാണ്. പീര്‍ പഞ്ചല്‍ മലനിരകള്‍ അതിരിട്ട് 46 ഏക്കറുകളില്‍ വിശാലമായിക്കിടക്കുന്ന മഹാ നിര്‍മിതിയുടെ ഒരു കുഞ്ഞു ഭാഗം വീഡിയോ എടുത്തു. ദാല്‍ തടാകത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടത്തില്‍ മുഗള്‍ രാജകുമാരി സുഹ്റ ബീഗം, ആലംഗീര്‍ രണ്ടാമന്റെ മകന് ജഹദര് ഷാ എന്നിവരുടെ ഖബ്റിടങ്ങളുണ്ട്.
നിഷാത്ത് ബാഗ് എന്ന ഉര്‍ദു പദത്തിന്റെ അര്‍ഥം സന്തോഷത്തിന്റെ പൂന്തോപ്പ് എന്നാണ്. ഷാജഹാന് ചക്രവര്‍ത്തി ഇതിനെ പല പ്രാവശ്യം പ്രശംസിച്ചിട്ടുണ്ട്. ഈ ഗാര്ഡന് അദ്ദേഹത്തിന് സമ്മാനമായി നല്കാന് വിസമ്മതിച്ചതിനാല്‍ ഇവിടേക്കുള്ള ജല വിതരണം നിര്‍ത്തിവെച്ചതായും ഇതില്‍ മനം നൊന്ത ആസിഫ് ഖാന് ഒരു മരച്ചുവട്ടില്‍ നിരാശനായി കിടക്കുന്നത് കണ്ട് വിഷമം തോന്നിയ പരിചാരകന് ഷാലിമാര്‍ ഗാര്‍ഡനില്‍ നിന്ന് ജലം എത്തിച്ചതായും ചരിത്രം. ജലത്തിന്റെ കളകളാരവം കേട്ട് അദ്ദേഹം ഉന്മേഷവാനായിത്തീര്ന്നെങ്കിലും മരുമകനായ ചക്രവര്‍ത്തിയുടെ അപ്രീതി ഭയന്ന് അത് നിര്‍ത്തിവെക്കാന്‍ കല്പിച്ചു. പക്ഷേ, രാജാവിന് അതില്‍ എതിര്‍പ്പുണ്ടായില്ല. മാത്രമല്ല, പരിചാരകന്റെ ആത്മാര്‍ഥ സ്നേഹത്തില്‍ സന്തുഷ്ടനാവുകയും ചെയ്തു. അങ്ങനെ കുറച്ച് കാലം ഉണങ്ങിക്കിടന്ന ആ പൂന്തോട്ടത്തില്‍ വീണ്ടും പച്ചപ്പ് വിരിയാനും പൂക്കള്‍ തല പൊക്കാനും തുടങ്ങി.
വെയിലിലും മഞ്ഞിലും മാറി മാറി മായാത്ത ചിത്രങ്ങള്‍ പതിപ്പിക്കുന്ന മന്ത്രവാഹിനിയാണ് കശ്മീര്‍. പരിമഹല്‍ ഗാര്‍ഡനില്‍നിന്ന് അഞ്ച് മിനിറ്റ് വണ്ടിയോടിയാല്‍ എത്താവുന്ന ദൂരമേയുള്ളൂ ചെഷ്മ ഷാഹി ഗാര്‍ഡനിലേക്ക്. പരിമഹലില്നിന്ന് അവിടെ എത്തുമ്പോള്‍ കത്തുന്ന വെയിലായിരുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു കശ്മീരി സുന്ദരന്‍ രണ്ട് പെട്ടികളിലായി വാല്‍നട്ട് നിറച്ചു വച്ചിട്ടുണ്ട്. കിലോയ്ക്ക് 500 രൂപ വില കൊടുത്ത് അത് വാങ്ങുമ്പോള്‍ അവന്റെ മുഖത്ത് വലിയ സന്തോഷം. അവര്‍ തന്നെ വീട്ടില്‍ വച്ച് ഉണക്കിയെടുത്തതാണെന്നാണ് പറഞ്ഞത്. അവസാനം തന്ന ഡിസ്കൗണ്ട് ഞങ്ങള്‍ നിരസിച്ചപ്പോള്‍ ആ അന്‍പത് രൂപ നെഞ്ചോടു ചേര്‍ത്ത് അവന് ഒരു പ്രാര്‍ഥനാമന്ത്രം ഉരുവിട്ടു.
ചെഷ്മാ ഷാഹി എന്നാല്‍ രാജകീയ വസന്തം എന്നാണ്. അതിന്റെ ഭംഗി റോഡില്‍നിന്ന് നോക്കിയാല്‍ത്തന്നെ ആസ്വദിക്കാം. കൃത്യമായി സംവിധാനം ചെയ്ത സ്റ്റെപ്പുകളും മനസ്സിനെ പിടിച്ചു വലിക്കുന്ന പൂന്തോട്ടവും കശ്മീരിന്റെ സ്വന്തം പ്രകൃതി ശൈലി ആവോളം പ്രകടിപ്പിക്കുന്നുണ്ട്. ശ്രീനഗറിലെ മനോഹര കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത വസന്തം തന്നെയാണ് ഈ പൂന്തോട്ടത്തില്‍.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ കാലത്ത് തന്നെയാണ് ഇത് നിര്‍മിക്കപ്പെട്ടത്. തന്റെ പുത്രൻ ദാര ഷിക്കോവിന് പാരിതോഷികമായി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 1632-ല്‍ ഇത് നിര്‍മിക്കുകയായിരുന്നു. സബര്‍വാന്‍ മലനിരകള്‍ പിന്‍വരി കുറിക്കുന്ന ഈ പൂന്തോട്ട വിസ്മയം മലനിരകളില്‍നിന്ന് നേരിട്ടൊഴുകുന്ന ഒരു നീരുറവയുടെ ചുറ്റുമായാണ് വിതാനിച്ചിട്ടുള്ളത്. തട്ടു തട്ടായി ഒഴുകി വരുന്ന ഉറവ പുറപ്പെടുന്നത് കശ്മീരി രീതിയിലുള്ള ഒരു വീടിന്റെ ഉള്ളിലൂടെയാണ്. ഔഷധ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഈ കുട്ടിനദിയില് നിന്ന് ശേഖരിച്ച കുടിവെള്ളത്തിന് പ്രത്യേക രുചി തോന്നി. പൂന്തോട്ട മന്ദിരം കടന്നെത്തുന്ന ഈ വെള്ളം കെട്ടിനിര്‍ത്തി ജലധാരകള്‍ ഒരുക്കിയിട്ടുണ്ട്. പൂക്കളുടെ പറുദീസ തീര്‍ക്കുന്ന വിശാലമായ പുല്‍ത്തകിടികളും സസ്യമനോഹാരിതയും ഒഴുകുന്ന അരുവിയുമെല്ലാം നിത്യവാസത്തിന് പ്രേരിപ്പിക്കും വിധം ആകര്‍ഷകമാണ്. ദാല്‍ തടാകത്തിന് വലത് ഭാഗത്ത് ഒരേക്കറില്‍ പരന്നുകിടക്കുന്നു ഈ കൊച്ചു മുഗള്‍ ഗാര്ഡന്.
ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കശ്മീരിന്റെ സസ്യലതാദികളുടെ അപാര സൗന്ദര്യം വിളിച്ചോതുന്ന വിശാലമായ മൈതാനങ്ങള്‍ പരന്നുകിടക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഇവ കണ്ട് നടന്നു തീര്‍ക്കാനാവില്ല. കശ്മീരി വില്ലോ, സൈപ്രസ് മരങ്ങള്‍, കശ്മീരിന്റെ ദേശീയ വൃക്ഷമായ ചിനാര്‍ മരങ്ങള്‍ തുടങ്ങിയവ സമ്മേളിച്ചിരിക്കുകയാണ് ഇവിടെ. പൂക്കളും പൂച്ചെടികളും ഒരുക്കുന്ന നല്ലൊരു വിരുന്ന് തന്നെ. ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തിനുപയോഗിക്കുന്ന കശ്മീരി വില്ലോ, ആപ്പിള്‍ പെട്ടികള്‍ തയാറാക്കുന്ന സഫേദമരങ്ങള്, കശ്മീരിന്റെ ചൂടും കുളിരും ഹൃദയത്തിലേക്ക് ആവാഹിച്ച് മഞ്ഞയായി ചിരി തൂകിയും രക്ത വര്‍ണം സ്വീകരിച്ചും സ്വയം പൊഴിഞ്ഞും വീണ്ടും ഹരിതാഭമായും വികാരവായ്പോടെ നില്ക്കുന്ന ചിനാർ ... ഇതൊക്കെ എത്രയെത്ര സഞ്ചാരികളെയാണ് അങ്ങോട്ടടുപ്പിക്കുന്നത്! തലയില്‍ ഒരു വന്‍ കിരീടം ചൂടി നില്ക്കുന്ന, 400 വര്‍ഷം പഴക്കമുള്ള ഒരു ചിനാര്‍ മരത്തണലില്‍ അല്പ സമയം ചെലവഴിക്കാനായി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഗളന്മാര് പേര്‍ഷ്യയില്‍നിന്ന് കൊണ്ടുവന്ന് കശ്മീരില്‍ നട്ടുപിടിപ്പിച്ച ചിനാര്‍ മരങ്ങള്‍ ഇന്ന് ഓരോ കശ്മീരിയുടെയും വികാരമാണ്. അതിന്റെ കിരീടത്തില്‍ സൂര്യപ്രഭ വീഴുമ്പോഴുള്ള ശോഭ കശ്മീരിന്റെ സൗന്ദര്യവും.
'കശ്മീരിന്റെ കിരീടം' എന്നറിയപ്പെടുന്ന ഷാലിമാര്‍ ബാഗ് അതി മനോഹരമാണ്. ദാല്‍ തടാകത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തടാകവുമായി ബന്ധിപ്പിക്കുന്ന ഒരു നിര്‍ത്ധരി ഈ പൂന്തോട്ടത്തിലുണ്ട്. മുഗള്കലാ പാരമ്പര്യം വിളിച്ചോതുന്ന ഈ പൂന്തോട്ട മന്ദിരം നിര്‍മിച്ചത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. ജഹാംഗീര്‍ ചക്രവര്‍ത്തി ഭാര്യ നൂര്ജഹാന് നിര്‍മിച്ചുകൊടുത്തതാണ് ഈ സ്വപ്ന മന്ദിരം. നിറയെ ജലധാരകളും വാട്ടര്‍ പൂളും അവക്കപ്പുറം നീര് നര്‍ത്തനമാടുന്ന മനോഹര വാസ്തുവിദ്യയും. ധാരാളം സ്കൂള്‍ കുട്ടികള്‍ അവരുടെ അധ്യാപകരുമായി ഇവിടം സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അതീവ സുന്ദരമായാണ് ഈ ഗാഡന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴും പ്രൗഢിയോടെ നില്ക്കുന്ന ഈ ഗാഡന്‍ ഒരു കാലത്ത് റാണിമാരുടെയും രാജകുമാരിമാരുടെയും പറുദീസാ ഗേഹമായിരുന്നിരിക്കണം.
പഴയ കശ്മീര്‍ സിറ്റിയിലെ നൗഹട്ടയില്‍ സ്ഥിതി ചെയ്യുന്ന അല്‍ജാമിയ ജുമാ മസ്ജിദ് ഇന്നത്തെ ശ്രീനഗറിന്റെ അഭിമാനമാണ്. 33,333 പേര്‍ക്ക് ഒരേ സമയം നമസ്കാരം നിര്‍വഹിക്കാവുന്ന ഈ മസ്ജിദിന്റെ പണി തുടങ്ങിയത് 1394-ല്‍ സുല്‍ത്താന്‍ സിക്കന്തര്‍ ഷാ കശ്മീരിയുടെ കാലത്താണ്. ആഢ്യതയുടെ പരിവേഷത്തില്‍ 370 മരത്തൂണുകളോടു കൂടി ഇന്തോ മുഗള്‍ ആര്കിടെക്ചര് രീതിയില്‍ പണിതിരിക്കുന്ന ഈ പള്ളി അവസാനമായി പുനര്‍ നിര്‍മാണം നടത്തിയത് മഹാരാജാ പ്രതാപ് സിങ്ങിന്റെ കാലത്താണ്. സുല്‍ത്താന്‍ ഹസന് ഷാ (1479), ഇബ്രാഹീം മാഗര്‍ (1503), മുഗള്‍ രാജാക്കന്മാരായ ജഹാംഗീര്‍ (1620), ഔറംഗസീബ് (1674) തുടങ്ങിയവര്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ ഈ പള്ളിയെ പുനര്‍ നിര്‍മിച്ചവരാണ്. സൈപ്രസ് മരങ്ങളുടെ പ്രാര്ഥനാപൂര്ണമായ അഗ്രങ്ങളും ചിനാര്‍ മരങ്ങളുടെ രാജകിരീടങ്ങളും കൊണ്ട് അലംകൃതമായ ഉദ്യാനം നിറയെ പൂക്കളുടെ മനോഹാരിതയാണ്. ഇതിന്റെ നടുമുറ്റത്തായി ഒരു വലിയ ജലസംഭരണിയും ജലധാരയുമുണ്ട്. 'ലഷ്മകൂള്' അരുവിയില്‍ നിന്നാണ് ഇതിലേക്ക് ജലം നിറയുന്നത്. അതിന്റെ മാര്‍ബിളില്‍ പണിത മിഹ്റാബില്‍ 99 ദൈവനാമങ്ങള്‍ മനോഹരമായി കൊത്തിവച്ചിരുന്നു. മിമ്പറിന്റെ ഭാഗത്തേക്കടുത്തപ്പോള് ഒരു കാവൽക്കാരൻ ഞങ്ങള്‍ സ്ത്രീകളോട് വഴി മാറിപ്പോകാന്‍ പറഞ്ഞിരുന്നു. കശ്മീരിന്റെ ഏഴ് പതിറ്റാണ്ടുകളായി തുടരുന്ന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷിയാണ് ഈ മഹാ മന്ദിരം.
ദാല്‍ തടാകത്തിന്റെ വടക്ക് ഭാഗത്തായി വെണ്ണക്കല്‍ മാര്‍ബിളില്‍ ഇസ്ലാമിക വാസ്തുവിദ്യയില്‍ നിര്‍മിച്ച മനോഹര മന്ദിരമാണ് ഹസ്രത്ത് ബാല്‍ പള്ളി. ശ്രീനഗറിലെ ഹസ്രത്ത് ബാല്‍ എന്ന സ്ഥലത്താണിത്. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഈ പള്ളിക്ക് ഖുബ്ബകളും ധാരാളം മിനാരങ്ങളും അഴക് ചാര്‍ത്തുന്നു. കശ്മീരില്‍ ഖുബ്ബകളുള്ള മറ്റു പള്ളികള്‍ ഇല്ല. ഇവിടെനിന്ന് നിഷാത്ത് ബാഗിലേക്ക് റോഡുമാര്‍ഗം കുറഞ്ഞ ദൂരമേയുള്ളു. കശ്മീരികള്‍ വളരെയധികം ആദരിക്കുന്ന ഇടമാണിത്. നമസ്കാരത്തിനുള്ള പ്രത്യേക സ്ഥലത്തിനു പുറമെ ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള മനോഹരമായ പുറം സ്ഥലങ്ങളും ഉണ്ട്. ഞങ്ങള്‍ ഇവിടെയെത്തിയപ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി ഹരിപര്‍ബത് മലകളെ പ്രണയിക്കുന്ന ദാല്‍ തടാകത്തിന്റെ നിറമാര്‍ന്ന കാഴ്ച നന്നായി ആസ്വദിക്കാനായി. ഇവിടത്തെ കല്പടവുകള് തടാകത്തിലേക്ക് ഇറക്കിപ്പണിതവയാണ്. പരന്നുകിടക്കുന്ന ആഹാരക്കടകളും മറ്റു കൗതുക വസ്തുക്കളുടെ വില്പനയും ഉള്ളതിനാല്‍ ഇവിടം വിനോദസഞ്ചാരികള്‍ക്ക് കുറേ നേരം തങ്ങാന്‍ പറ്റിയ ഇടമാണ്.
ദാല്‍ തടാകത്തിലെ ശിക്കാരകളെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം കൊതിയൂറുന്ന ഒരു മോഹം ഉള്ളില്‍ ഒഴുകിയെത്താറുണ്ട്. അത് ഈ യാത്രയില്‍ സാക്ഷാത്കരിക്കാനായി. ചാരിക്കിടന്ന് സഞ്ചരിക്കാന്‍ പാകത്തില്‍ സീറ്റുകളും കര്‍ട്ടനുകളുമുള്ള നൗകകള്‍ ഒഴുകിയെത്തുന്നതു കാത്ത് ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനായി എത്തിച്ചേരുന്ന ചെറുവള്ളക്കാര്‍ പലവിധ വിഭവങ്ങളുമായി നമ്മെ സമീപിക്കുന്നു. മഞ്ഞ നിറത്തിലുള്ള കശ്മീരി കഹ് വയില്‍ നട്സുകള്‍ നുറുക്കിച്ചേര്ത്ത് രുചി കൂട്ടിത്തന്ന മുഹബ്ബത്തിന്റെ ചായ കഴിക്കുമ്പോള്‍ കശ്മീര്‍ അനുഭൂതിയുടെ സുഗന്ധം സിരകളില്‍ പടരാന്‍ തുടങ്ങും.
(തുടരും)