നീതിക്കും ന്യായത്തിനും മീതെ ആര് പറന്നാലും
ആ ചിറകുകള്‍ക്കു കീഴെ ഒതുങ്ങിയിരിക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവരും
കഴിവും സര്‍ഗാത്മകതയും യോഗ്യതയും കൊണ്ട് തിളങ്ങിയവരും ഏറെയുണ്ട്
2022-ലെ പെണ്ണനക്കങ്ങള്‍
പേടിക്കേണ്ട, ഇവള്‍ രക്ഷക്കെത്തും
2021-ല്‍ കേരള സര്‍ക്കാരിന്റെ മികച്ച ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് നൗഷാബ നാസ്. വിവിധ എന്‍.ജി.ഒകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ മേഖലയില്‍ അഞ്ച് വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. 2018, 2019 കേരള പ്രളയം, കോവിഡ്, താനെ ചുഴലിക്കാറ്റ്, അസമിലെ ബോഡോ-മുസ്ലിം സംഘര്‍ഷം (മിനിമം പ്രാരംഭ സേവന പാക്കേജ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്), ജബല്‍പൂര്‍, മുംബൈ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രോജക്റ്റുകള്‍ ചെയ്തിട്ടുണ്ട്. ഒരു എന്‍.ജി.ഒയുമായി സഹകരിച്ച് മുംബൈ സ്‌ഫോടന ഇരകള്‍ക്കായി കൗണ്‍സലിംഗ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരള ഗവണ്‍മെന്റിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്റെ മാസ്റ്റര്‍ ട്രെയ്‌നറായും സ്ഫിയര്‍ സ്റ്റാന്‍ഡേര്‍ഡ് (മാനുഷിക പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ദുരന്തനിവാരണത്തില്‍ ഗുണനിലവാരവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഏജന്‍സി) ട്രെയ്‌നറായും പ്രവര്‍ത്തിക്കുന്നു. ന്യൂ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയയില്‍നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദം നേടിയ നൗഷാബ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസില്‍നിന്ന് മൂന്നാം റാങ്കോടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
നയതന്ത്രജ്ഞ
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ (ഐ.എഫ്.എസ്) നയതന്ത്രജ്ഞയാണ് ഹംന മറിയം ഖാന്‍. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലറായി സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അഭിമാനകരമായ സേവനം ചെയ്യുകയാണ് ഹംന. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരമായ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ബന്ധം പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന സമയത്താണ് കോണ്‍സുലേറ്റ് ടീമില്‍ ആദ്യ വനിതാ ഐ.എഫ്.എസ് ഓഫീസറായി ഹംന പദവി ഏറ്റെടുത്തത്. പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ ഫ്രഞ്ച് ഭാഷാ പരിശീലനം പൂര്‍ത്തിയാക്കിയതിനുശേഷമായിരുന്നു ഈ നിയമനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഹംന കോഴിക്കോട് ഫാറൂഖ് കോളേജില്‍ അസി. പ്രൊഫസറായിരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28-ാം റാങ്ക് കരസ്ഥമാക്കിയത്.
വൈകല്യം വിഷയമല്ല
കേരള സംസ്ഥാന സാക്ഷരതാ കാമ്പയിനിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് മലപ്പുറം വെള്ളിലക്കാട് സ്വദേശിനിയായ കെ.വി റാബിയ. ശാരീരിക വൈകല്യത്തെ അതിജയിച്ച് സാമൂഹിക പ്രവര്‍ത്തനരംഗത്ത് തന്നെ മനോഹരമായി അടയാളപ്പെടുത്തുന്ന റാബിയയെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച വര്‍ഷമാണ് 2022. ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ദേശീയ യുവ അവാര്‍ഡ്, സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള സംഭാവനകള്‍ക്ക് കണ്ണകി സ്ത്രീ ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായി. പോളിയോ മൂലം കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ട അവര്‍ തന്റെ പ്രദേശവാസികളായ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി സാക്ഷരതാ കാമ്പയിന്‍ ആരംഭിച്ചതോടെയാണ് ലോക ശ്രദ്ധ നേടിയത്. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന വെള്ളിലക്കാട് ഗ്രാമത്തില്‍ സ്ത്രീകള്‍ക്കായി ചെറുകിട ഉല്‍പാദന യൂണിറ്റ്, വനിതാ ലൈബ്രറി, യൂത്ത് ക്ലബ്ബ് എന്നിവക്ക് തുടക്കം കുറിച്ച് സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കി. മലപ്പുറം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷര ജില്ലയാക്കി മാറ്റിയ 'അക്ഷയ: ബ്രിഡ്ജിംഗ് ദി ഡിജിറ്റല്‍ ഡിവൈഡ്' പദ്ധതിയിലും അവര്‍ പങ്കാളിയായി.
'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥയും 'നിശബ്ദമായ കണ്ണുനീര്‍' എന്ന പേരില്‍ മറ്റൊരു പുസ്തകവും എഴുതി. 'റാബിയ മൂവ്സ്' എന്ന പേരില്‍ അവരെക്കുറിച്ച് ഡോക്യുമെന്ററിയും ഇറങ്ങിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിവിധ പ്രസിദ്ധീകരണങ്ങളില്‍ അവരുടെ കൃതിയെക്കുറിച്ച് നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
വാനില്‍ പറന്ന്...
2018 മുതല്‍ ഇന്‍ഡിഗോയുടെ എയര്‍ലൈന്‍ പൈലറ്റാണ് മലപ്പുറം താനൂര്‍ സ്വദേശിയായ അഫ്ര അബ്ദുള്ള. താനൂരിലെ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി സെന്‍ട്രല്‍ സ്‌കൂളിലും തിരൂരിലുമായിരുന്നു പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം. 2012-ല്‍ പുതുച്ചേരിയിലെ ഓറിയന്റ് ഫ്ളൈറ്റ് സ്‌കൂളില്‍ ചേരുകയും 2014-ഓടെ സി.പി.എല്‍ പരിശീലനവും ലൈസന്‍സിംഗും പൂര്‍ത്തിയാക്കുകയും ചെയ്ത അഫ്ര 2017-ല്‍ ബഹ്‌റൈനിലും ഷാര്‍ജയിലും എയര്‍ബസ് 320 ജെറ്റ് വിമാനത്തില്‍ ടൈപ്പ് റേറ്റിംഗ് പരിശീലനവും അംഗീകാരവും നേടി. 2018-ല്‍ ഇന്‍ഡിഗോയില്‍ ജോലിയില്‍ പ്രവേശിച്ചു. കൃത്യമായ കാഴ്ചപ്പാടും കഠിനാധ്വാനവും അഫ്രയെ ഇന്ന് 'വാനോളം' എത്തിച്ചിരിക്കുന്നു.
വാനമ്പാടി
മലയാളിയായ ആയിശ അബ്ദുല്‍ ബാസിത്ത് അബുദാബിയില്‍ സ്ഥിരതാമസമാക്കിയ അറിയപ്പെടുന്ന മലയാളി ഗായികയാണ്. ഇസ്ലാമിക ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് 17-കാരിയായ ആയിശ. ചെറുപ്പം മുതലേ ഇസ്ലാമിക ഗാനങ്ങളോടുള്ള അഭിനിവേശമുണ്ടായിരുന്ന ആയിശ 2013-ല്‍ യൂട്യൂബ് ചാനല്‍ തുറന്നതോടെയാണ് ശ്രുതിമധുരമായ അവളുടെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭാഷാഭേദമന്യേ ശ്രവിക്കാനായത്. 2016-ല്‍ ഹാഫിസ് അബൂബക്കര്‍ ഹൈദരിയുടെ 'ഹസ്ബി റബ്ബി ജല്ലല്ലാഹ്' എന്ന മ്യൂസിക് വീഡിയോ 80 ദശലക്ഷം ആളുകളാണ് കണ്ടത്. അവളുടെ ആദ്യ സിംഗിള്‍ പെര്‍ഫോമന്‍സായ 'തസ്ബീഹ്' 15 ദശലക്ഷത്തിലധികം ആസ്വാദകരിലെത്തി. ആറാം വയസ്സു മുതല്‍ ഹിന്ദുസ്ഥാനി വോക്കല്‍ പരിശീലനം നേടിയ ആയിശ ഇപ്പോള്‍ പാശ്ചാത്യ വോക്കല്‍ പരിശീലിക്കുന്നു. യൂട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിച്ചിട്ടുണ്ട്. യൂട്യൂബില്‍ 3.2 മില്യനും ഫേസ്ബുക്കില്‍ 1.9 മില്യനും ഫോളോവേഴ്‌സുള്ള ആയിശ അബ്ദുല്‍ ബാസിത്ത് അറബി, ഉര്‍ദു, ഇന്തോനേഷ്യന്‍, ചെച്നിയന്‍, തുര്‍ക്കിഷ്, പഞ്ചാബി, തമിഴ്, മലയാളം തുടങ്ങി പത്തോളം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി. പ്രശസ്ത ഗായകന്‍ സാമി യൂസുഫിന്റെ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ബോളിവുഡിലെ സംഗീത സംവിധായകരായ സലീം -സുലൈമാന്‍ ടീമിനൊപ്പം ഗാനമാലപിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
വേദനിക്കുന്നവരുടെ പ്രതിനിധി
നീതിന്യായവ്യവസ്ഥയില്‍ വിശ്വാസവും പ്രതീക്ഷയുമര്‍പ്പിച്ച് പോരാടുന്നവരുടെ അഭിമാനമാണ് ബില്‍ക്കീസ് ബാനു. രാജ്യത്തിന്റെ നീതി വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് കഴിഞ്ഞ 22 വര്‍ഷമായി ബില്‍ക്കീസ് ബാനു പൊരുതി നില്‍ക്കുകയാണ്. 2002 മാര്‍ച്ചിലാണ് ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍, 19 വയസ്സുള്ള ബില്‍ക്കീസ് കൂട്ടബലാത്സംഗത്തിന് വിധേയയായത്. അവളുടെ മൂന്ന് വയസ്സുള്ള മകള്‍ സലേഹയടക്കം കുടുംബത്തിലെ പതിനാലു പേരെ ഹിന്ദുത്വ തീവ്രവാദികള്‍ കൊന്നു. ആ സമയത്ത്, ബില്‍ക്കീസ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. 2003 ഡിസംബറില്‍ സുപ്രീം കോടതി നിര്‍ദേശാനുസാരം, സി.ബിഐ കേസന്വേഷണം ഏറ്റെടുത്തു. നാലുവര്‍ഷത്തിനു ശേഷം 2008 ജനുവരിയില്‍, സി.ബി.ഐ പ്രത്യേക കോടതി 20 പേരില്‍ 13 പേരെ കുറ്റക്കാരായി കണ്ടെത്തുകയും പതിനൊന്നുപേരെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. ഏഴുപേരെ വിട്ടയച്ച വിധി, 2017 മേയില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കുകയും 11 പേരുടെ ആജീവനാന്ത തടവ് ശരിവെക്കുകയും ചെയ്തു. നൂറിലധികം വീടുകളിലാണ് ഇക്കാലയളവില്‍ അവര്‍ക്ക് മാറിത്താമസിക്കേണ്ടി വന്നത്. സമാനതകളില്ലാത്ത പീഡനമനുഭവിച്ച ബില്‍ക്കീസ് ബാനുവിനെയും അവളോടൊപ്പം നിന്നവരെയും നിരാശപ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍ രൂപവത്കരിച്ച ജയില്‍ ഉപദേശകസമിതിയുടെ ശിപാര്‍ശ പ്രകാരം, 2022 ഓഗസ്റ്റ് 15-ന്, പതിനൊന്ന് പ്രതികളും മോചിപ്പിക്കപ്പെട്ടു. ഭരണകൂട പ്രേരണയാല്‍ നീതിയും നിയമവും കൈയെത്താ ദൂരത്താണെന്നു കണ്ട് വേദനിക്കേണ്ടി വരുന്നവരുടെ പ്രതിനിധിയായാണ് 2023 ബില്‍ക്കീസ് ബാനുവിനെ വരവേല്‍ക്കുന്നത്.
ഇവള്‍ പുലിയാണ്
പുലിറ്റ്സര്‍ പുരസ്‌കാരം നേടുന്ന കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെയാളാണ് 28-കാരി സന ഇര്‍ഷാദ് മട്ടു. ഇന്ത്യയിലെ കോവിഡ് ദുരന്തങ്ങള്‍ ചിത്രങ്ങളില്‍ പകര്‍ത്തിയതിന് ഫീച്ചര്‍ ഫോട്ടോ വിഭാഗത്തില്‍, കൊല്ലപ്പെട്ട ദാനിഷ് സിദ്ദീഖിയടക്കം 'റോയിറ്റേഴ്‌സ്' സംഘത്തിലെ മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് അംഗീകാരം. ഫോട്ടോ ജേര്‍ണലിസ്റ്റും ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമായ സനയുടെ റിപ്പോര്‍ട്ടുകള്‍, സൈനിക വിന്യാസം എങ്ങനെ കശ്മീരിലെ സാധാരണ ജീവിതത്തെ ബാധിക്കുന്നു എന്ന് വരച്ചുകാട്ടുന്നുവെന്ന് പുലിറ്റ്സര്‍ അഭിപ്രായപ്പെടുന്നു. ശ്രീനഗര്‍ സ്വദേശിനിയായ സന, കണ്‍വര്‍ജന്റ് ജേര്‍ണലിസത്തില്‍ കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അല്‍ ജസീറ, ടി.ആര്‍.ടി വേള്‍ഡ്, സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ്, കാരവന്‍ എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി കാണാവുന്ന സന നിരന്തരമായ സ്റ്റേറ്റ് വേട്ടയാടലുകളെയും അപരവത്കരണത്തെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്.
തിളങ്ങുന്ന പ്രാതിനിധ്യം
പത്രപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഷീമ മൊഹ്‌സിന്‍ കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗമാണ്. സ്ത്രീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത, വഖ്ഫ് ബോര്‍ഡ് പോലുള്ള നിയമാനുസൃത ബോഡിയിലെ അവരുടെ നിയമനം ചരിത്രം സൃഷ്ടിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഹാര്‍മണി (IRH) വഴി കേന്ദ്ര-സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ പദ്ധതികളെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതില്‍ ഷീമ സജീവമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, സ്വാമി അഗ്നിവേശ്, കുല്‍ദീപ് നയ്യാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച 'ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി' എന്ന സംഘടനയുടെ (എഫ്.ഡി.സി.എ) കര്‍ണാടക ചാപ്റ്ററിന്റെ സെക്രട്ടറി കൂടിയാണ്. വിമന്‍സ് സെല്‍ ഓഫ് സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് (സി.സി.ഡി) കണ്‍വീനറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഹാര്‍മണി (IRH)യുടെ സ്ഥാപക സെക്രട്ടറിയും ഹ്യൂമാനിറ്റേറിയന്‍ റിലീഫ് സൊസൈറ്റിയുടെ (HRS) ഗ്രൂപ്പ് ലീഡറുമാണ്. മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും വളരെ സജീവമാണ് ഷീമ.
യു.എ.പി.എ കെണിയില്‍
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ സോഷ്യോളജി വിദ്യാര്‍ഥിനി സഫൂറ സര്‍ഗാര്‍ പൗരത്വ സമരത്തിനിറങ്ങി അറസ്റ്റിലാവുന്നത് ഗര്‍ഭിണിയായിരിക്കെയാണ്. പൗരത്വ പ്രക്ഷോഭം മറയാക്കി ഡല്‍ഹിയില്‍ കലാപം നടത്തിയെന്ന കുറ്റം ചാര്‍ത്തിയാണ് 2020 ഏപ്രില്‍ 10-ന് സഫൂറയെ പിടികൂടുന്നത്. രണ്ടു തവണ അപേക്ഷ നിരസിക്കപ്പെട്ടെങ്കിലും ജൂണ്‍ 23-ന് മാനുഷിക പരിഗണനയില്‍ ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ഥികളടക്കം ഈ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട 18 പേരില്‍ സഫൂറക്കും ഫൈസാന്‍ ഖാനും മാത്രമേ പുറംലോകം കാണാന്‍ കഴിഞ്ഞിട്ടൂള്ളൂ. തിഹാര്‍ ജയിലില്‍നിന്ന് ജാമ്യം നേടി പുറത്തു വന്ന് കുഞ്ഞിന് ജന്മം നല്‍കി. ഒപ്പം എം.ഫില്‍ തിസീസ് പൂര്‍ത്തിയാക്കുന്നതോടൊപ്പം ഭരണകൂടം കാശ്മീരി മുസ്ലിമായ തനിക്കെതിരെ കെട്ടിച്ചമച്ച കൊലപാതകം, ഭീകരവാദം, വധശ്രമം... ഉള്‍പ്പെടെ 34 ഗുരുതര ക്രിമിനല്‍ കേസുകളെ നേരിടുകയാണ് സഫൂറ.
തോല്‍പിക്കാനാവില്ല
ഓര്‍മവെച്ച നാള്‍ മുതല്‍ ജീവിച്ച സ്വന്തം വീട് ഭരണകൂടം ഇടിച്ചുനിരത്തിയപ്പോഴും, തോല്‍പിക്കാനാവില്ലെന്നും നഷ്ടപ്പെട്ടതോര്‍ത്ത് കരഞ്ഞിരിക്കാന്‍ മനസ്സില്ലെന്നും പറഞ്ഞ് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ സമരകാവ്യം രചിച്ചു അഫ്രീന്‍ ഫാത്തിമ. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ദേശീയ സെക്രട്ടറിയും സോഷ്യല്‍ ആക്ടിവിസ്റ്റും വിദ്യാര്‍ഥി നേതാവുമായ അഫ്രീന്റേത് വെറും വാക്കല്ല; മോദി-യോഗി ഉന്മാദ ഭീകരവാഴ്ചക്കെതിരെ, ബുള്‍ഡോസര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരെ പുതിയ പോര്‍മുഖം തുറക്കുമെന്നു തന്നെയാണ് ആ പ്രഖ്യാപനത്തിനര്‍ഥം. ഇന്ത്യയെന്ന ആശയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലാത്തവരൊക്കെ അവള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ഹാഷ് ടാഗായി അവളിപ്പോഴും കത്തിനില്‍ക്കുന്നത്; അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരെ ശ്രദ്ധയോടെ കേള്‍ക്കുന്നതിന്റെ കാരണവും അതുതന്നെ. അലീഗഢ് യൂനിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ കോളേജ് യൂനിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഫ്രീന്‍ അന്നുതൊട്ടേ, രാജ്യത്തെ ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. കൂടാതെ സ്ത്രീ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി 'മുസ്ലിമ അലഹബാദ്' എന്ന പേരില്‍ കൂട്ടായ്മക്കും രൂപം നല്‍കി. പിഎച്ച്.ഡി പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പിലാണ്.
ഭരണകൂടത്തിന്റെ ഇര
ഹിന്ദുത്വ ഫാഷിസം വാഴുന്ന ഇന്ത്യയില്‍ സത്യം വിളിച്ചുപറയുന്ന ജേര്‍ണലിസ്റ്റുകളുടെ പരിണതി എന്താകുമെന്നതിന്റെ സാക്ഷ്യമാണ് റാണാ അയ്യൂബ്. ജയിലറകളെ പേടിക്കാത്തവരേ പേനകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ധൈര്യപ്പെടുകയുള്ളൂ. ആ പട്ടികയില്‍ തലയെടുപ്പോടെ നില്‍ക്കുന്നവരില്‍ മുന്‍നിരയിലാണ് ഈ മാധ്യമപ്രവര്‍ത്തക. തെഹല്‍ക മാഗസിനു വേണ്ടി സിനിമാ പ്രവര്‍ത്തക എന്ന വ്യാജേന ഗുജറാത്ത് കലാപത്തെ കുറിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലൂടെ രാജ്യത്തെ വിറപ്പിക്കുന്ന സത്യങ്ങളുടെ ചുരുള്‍ അഴിയുകയായിരുന്നു. ഏഴു മാസത്തെ നിരന്തര പ്രയത്‌നത്തിന്റെ വിയര്‍പ്പുലവണങ്ങള്‍, നിദ്രാവിഹീനമായ രാത്രികള്‍, താണും ഉയര്‍ന്നും സ്പന്ദിച്ച മിടിപ്പുകള്‍, സത്യത്തെ മാളത്തില്‍നിന്ന് പുറത്തുചാടിക്കാന്‍ സാധിച്ചതിന്റെ നിര്‍വൃതി... എല്ലാം അതില്‍ തുളുമ്പിനിന്നു. ആ കടലാസു കെട്ടുകള്‍ തെഹല്‍ക്കയുടെ മേശപ്പുറത്ത് എഡിറ്റര്‍ സമക്ഷം സമര്‍പ്പിക്കപ്പെട്ടു. വായനക്കൊടുവില്‍ സീനിയര്‍ എഡിറ്റര്‍ ഷോമ ചൗധരിയുടെയും തേജ്പാലിന്റെയും സിരകളിലേക്ക് അതുവരെയില്ലാത്ത ഭയം അരിച്ചുകയറി. അത് പ്രസിദ്ധീകരിച്ചാല്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് അവര്‍ വിശകലനം ചെയ്തു. ആ അന്വേഷണാത്മക റിപ്പോര്‍ട്ട് തിരസ്‌കരിക്കപ്പെട്ട വേദനയോടെ തെഹല്‍കയുടെ പടിയിറങ്ങിയ അവര്‍ ആത്മധൈര്യത്തോടെ മുന്നോട്ടു നടന്നു. 2016-ല്‍ 'Gujarat Files: Anatomy of a Cov--er Up' എന്ന പേരില്‍, സ്വന്തം ചെലവില്‍ പ്രസിദ്ധപ്പെടുത്തി. ഭരണകൂട ഗൂഢാലോചനയാല്‍ അരങ്ങേറിയ കലാപത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ഗുജറാത്ത് ഫയല്‍. ഒരു ലക്ഷം വിദ്യാര്‍ഥി സമൂഹത്തിന് സൗജന്യമായി നല്‍കിയ ഗുജറാത്ത് ഫയല്‍ ആഗോള തലത്തില്‍ ഹിന്ദുത്വക്കേല്‍പിച്ച പരിക്ക് ചെറുതല്ല. അതിന്റെ പേരിലുള്ള വേട്ടയാണ് ഇ.ഡിയുടെ രൂപത്തില്‍ അവരുടെ കതകില്‍ തുടരെത്തുടരെ മുട്ടുന്നത്.
വിദേശ യാത്രാ വിലക്ക്, അവഗണനകള്‍ തുടങ്ങി ഭരണകൂട സംഘ് പരിവാര്‍ അനുയായികളുടെ ടാര്‍ഗറ്റ് ചെയ്തുള്ള പലതരം ആക്രമണങ്ങളെയും അതിജീവിച്ചാണ് അവര്‍ മുന്നോട്ട് പോകുന്നത്.
l