ഗര്‍ഭഛിദ്രം ചില വര്‍ത്തമാനങ്ങള്‍

അലവി ചെറുവാടി
december 2022
ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വിധികളെക്കുറിച്ച്

മനുഷ്യ ജീവന് പവിത്രതയും ആദരവും നല്‍കിയ മതമാണ് ഇസ്ലാം. 'ഇക്കാരണത്താല്‍ ഇസ്‌റാഈല്യരോട് നാം അനുശാസിച്ചിട്ടുണ്ടായിരുന്നു: ഒരു ജീവന് പകരമായോ അല്ലെങ്കില്‍ നാട്ടില്‍ നാശമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ, ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതു പോലെയാകുന്നു. വല്ലവനും ഒരാളെ ജീവിപ്പിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരെയും ജീവിപ്പിച്ചതു പോലെയാകുന്നു'' (ഖുര്‍ആന്‍ 5:32). ഈ ഖുര്‍ആനിക വചനത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ കോടതി വിധിയെ വിലയിരുത്താന്‍.
ഗര്‍ഭഛിദ്രത്തെപ്പറ്റി നേര്‍ക്കുനേരെ വ്യക്തമായ നിര്‍ദേശങ്ങളൊന്നും ഖുര്‍ആനിലില്ല. എന്നാല്‍, ഗര്‍ഭഛിദ്രം ഹറാം (നിഷിദ്ധം) ആണെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ സൂചനയുണ്ടെന്ന് പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. സൂറ അല്‍ മുംതഹിന 12-ാം സൂക്തത്തെ ആധാരമാക്കിയാണത്: ''അല്ലയോ പ്രവാചകരേ, വിശ്വാസിനികളായ സ്ത്രീകള്‍ താങ്കളുടെ അടുക്കല്‍ വന്ന്, അവര്‍ അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും സന്താനങ്ങളെ വധിക്കുകയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ ഒരു വിധത്തിലുള്ള കള്ളവും കെട്ടിച്ചമക്കുകയില്ലെന്നും ഒരു സല്‍ക്കര്‍മത്തിലും താങ്കള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്താല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി പാപമോചനം തേടുക. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.''
ഈ വചനത്തിലെ 'തങ്ങളുടെ മക്കളെ വധിക്കുകയില്ല' എന്ന പരാമര്‍ശം, ജാഹിലീ കാലത്തെ അറബികളില്‍ നടമാടിയിരുന്ന പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന സമ്പ്രദായത്തെ കുറിച്ചാവാന്‍ തരമില്ല. കാരണം, ആണ്‍മക്കളെയും പെണ്‍മക്കളെയും ഉള്‍ക്കൊള്ളുന്ന 'ഔലാദ്' എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. മാത്രമല്ല, ആ തെറ്റായ കൃത്യം ചെയ്തിരുന്നതാവട്ടെ പുരുഷന്മാരായിരുന്നു.
പെണ്‍സന്താനഹത്യയുടെ പ്രധാന പ്രേരകം അപമാനത്തില്‍നിന്ന് രക്ഷ നേടുകയായിരുന്നുവെങ്കില്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിശുദ്ധ ഗ്രന്ഥം വിലക്കിയ സന്താനഹത്യയുടെ പ്രേരകം ദാരിദ്ര്യമാണെന്നാണ് മറ്റു സൂക്തങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. (ഖുര്‍ആന്‍ 6:51, 17:31). കുട്ടികള്‍ ജനിച്ച ശേഷം ദാരിദ്ര്യം ഭയന്നുകൊണ്ട് അവരെ കൊന്നുകളയുന്ന സമ്പ്രദായം അറബികള്‍ക്കിടയിലുണ്ടായിരുന്നതായി ചരിത്രത്തിലില്ല. ഇതാണ് നബിയുടെ അടുത്തെത്തി വിശ്വാസിനികളായ സ്ത്രീകള്‍ ചെയ്യുന്ന പ്രതിജ്ഞയിലെ സന്താനഹത്യാ പരാമര്‍ശം ഗര്‍ഭഛിദ്രത്തെയാണ് അടയാളപ്പെടുത്തുന്നത് എന്ന നിരീക്ഷണത്തിനടിസ്ഥാനം.
ഭ്രൂണത്തിന് ജീവന്‍ നല്‍കപ്പെടുന്ന 120 ദിവസങ്ങള്‍(4 മാസം)ക്കു ശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് നിഷിദ്ധമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതിരിക്കുന്ന ഘട്ടത്തില്‍ മാത്രമേ, ഗര്‍ഭസ്ഥ ശിശുവിന് ജീവന്‍ നല്‍കപ്പെട്ട ശേഷമുള്ള ഗര്‍ഭഛിദ്രം ഇസ്ലാം അനുവദിക്കുന്നുള്ളൂ.
ജീവന്‍ നല്‍കപ്പെടുന്നതിനു മുമ്പ് (നാലുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പ്) ഗര്‍ഭം അലസിപ്പിക്കുന്നതില്‍ കര്‍മശാസ്ത്രജ്ഞര്‍ വ്യത്യസ്ത വീക്ഷണം വെച്ചുപുലര്‍ത്തുന്നു. ജീവന്‍ നല്‍കപ്പെടുന്നതിനും മനുഷ്യരൂപം പ്രാപിക്കുന്നതിനും മുമ്പുതന്നെ ഗര്‍ഭഛിദ്രം നടത്തുന്നത് നിഷിദ്ധമാണെന്നാണ് ഒരു പക്ഷം. മാതാവ് രോഗിയാവുകയും മുലപ്പാല്‍ നിലച്ചുപോവുകയും മുലയൂട്ടാന്‍ പോറ്റമ്മയെ ഏല്‍പിക്കുന്നതിന് പിതാവിന് ശേഷിയില്ലാതെ വരികയും ചെയ്യുന്ന സന്ദര്‍ഭത്തില്‍, ഭ്രൂണത്തിന് ജീവന്‍ നല്‍കപ്പെടുന്നതിന് മുമ്പ് ഗര്‍ഭം അലസിപ്പിക്കാമെന്നാണ് മറ്റൊരു വീക്ഷണം. മനുഷ്യരൂപം പ്രാപിച്ചു കഴിഞ്ഞാല്‍ ജീവന്‍ നല്‍കപ്പെടുന്നതിന് മുമ്പാണെങ്കിലും ഗര്‍ഭഛിദ്രം നിഷിദ്ധമാണെന്നാണ് മറ്റൊരഭിപ്രായം.

മദ്ഹബുകളില്‍
ഗര്‍ഭധാരണത്തിനു ശേഷം നാല്‍പതു ദിവസം പൂര്‍ണമാകുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം അനുവദനീയമാണെന്ന് ശാഫിഈ പണ്ഡിതനായ അബൂഇസ്ഹാഖ് മര്‍വസി അഭിപ്രായപ്പെടുന്നു. ഇമാം ഗസാലി തന്റെ വിഖ്യാത ഗ്രന്ഥമായ ഇഹ് യാ ഉലൂമിദ്ദീനില്‍ ഇങ്ങനെ എഴുതുന്നു: 'കൊല പോലെയും ഗര്‍ഭഛിദ്രം പോലെയുമല്ല ഗര്‍ഭനിരോധം. ആദ്യം പറഞ്ഞ രണ്ടും സംഭവ്യമായ അസ്തിത്വത്തിനു നേരെയുള്ള അതിക്രമമാണ്. അസ്തിത്വത്തിന്റെ ഘട്ടങ്ങള്‍ പലതാണ്. ബീജം ഗര്‍ഭാശയത്തില്‍ കടന്ന് സ്ത്രീയുടെ അണ്ഡവുമായി ചേരുക. അങ്ങനെയത് ജീവന്‍ സ്വീകരിക്കാന്‍ പര്യാപ്തമാവുക. ഈ ഘട്ടത്തില്‍ അതിനെ നശിപ്പിക്കല്‍ പാപമാണ്. ബീജം രക്തപിണ്ഡമായാല്‍ അത് നശിപ്പിക്കുക അതിനേക്കാള്‍ നികൃഷ്ടമായ കുറ്റം. ആത്മാവ് ഊതപ്പെടുകയും സൃഷ്ടി നടക്കുകയും ചെയ്താല്‍ അതിനെക്കാള്‍ വലിയ കുറ്റവും. കുറ്റത്തിന്റെ പാരമ്യത്തിലെത്തുന്നത് ജീവിയായി വേര്‍തിരിഞ്ഞ ശേഷവും.''
ഹനഫീ പണ്ഡിതന്മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. ഗര്‍ഭധാരണ ശേഷം ഭ്രൂണം മനുഷ്യരൂപം പ്രാപിക്കാത്ത അവസ്ഥയില്‍ ഗര്‍ഭഛിദ്രം അനുവദനീയമാണെന്നാണ് ഹനഫീ പണ്ഡിതനായ കമാല്‍ ഇബ്‌നുല്‍ ഹുമാം അഭിപ്രായപ്പെടുന്നത്. 'മനുഷ്യ രൂപം കൈവരിക്കാതിരിക്കെ ഭ്രൂണം അലസിപ്പിച്ചതിന്റെ പേരില്‍ സ്ത്രീയുടെ മേല്‍ കുറ്റമില്ല' എന്നാണ് ഇബ്‌നു നുജൈം നിരീക്ഷിച്ചിട്ടുള്ളത്. മനുഷ്യഭ്രൂണം പവിത്രമാണെന്ന അടിസ്ഥാനത്തില്‍, ജീവന്‍ നല്‍കുന്നതിന് മുമ്പും കാരണമൊന്നുമില്ലാതെ ഗര്‍ഭം അലസിപ്പിക്കുന്നത് നിഷിദ്ധമാണെന്നാണ് രണ്ടാമത്തെ വീക്ഷണം.
ഭ്രൂണ വളര്‍ച്ച നാല്‍പത് ദിവസമാകുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം അനുവദനീയമാണെന്നാണ് ഹമ്പലീ പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 'ഗര്‍ഭപാത്രത്തില്‍നിന്ന് ഭ്രൂണം പുറത്തേക്ക് പുറപ്പെടുവിക്കുന്നതിനായി അനുയോജ്യമായ മരുന്നുസേവ അനുവദനീയമാണെ'ന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭഛിദ്രം ജീവന്‍ നല്‍കപ്പെടുന്നതിന് മുമ്പാണെങ്കിലും നിഷിദ്ധമാണെന്നാണ് മാലികികളുടെ പ്രബല വീക്ഷണം. മാലികീ ഗ്രന്ഥമായ ശര്‍ഹുല്‍ കബീറില്‍ പറയുന്നത്, 'ഗര്‍ഭഛിദ്രം ഗര്‍ഭധാരണം നടന്ന് നാല്‍പതു ദിവസത്തിന് മുമ്പാണെങ്കിലും അനുവദനീയമല്ല' എന്നാണ്. എന്നാല്‍, നാല്‍പതു ദിവസത്തിനു മുമ്പാണെങ്കില്‍ അനുവദനീയമാണെന്നാണ് മാലികീ പണ്ഡിതനായ ലഖ്മിയുടെ അഭിപ്രായം.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media