പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന്
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ലോക ജനസംഖ്യയില്‍ പത്ത് ശതമാനത്തോളം കാഴ്ച പരിമിതികളും കേള്‍വി പ്രശ്‌നങ്ങളും ഉള്ളവരും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിക്കണമെങ്കില്‍ അവര്‍ക്ക് വേണ്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ സാമൂഹിക നീതി, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ കഴിയൂ.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഭിന്ന ശേഷിക്കാരുടെയും ഉന്നമനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാവാന്‍ സമൂഹത്തിന്റെ പിന്തുണ വേണം. ഭിന്നശേഷിക്കാരായ വ്യക്തികളോടുള്ള സാമൂഹിക മനോഭാവം മാറ്റുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സമൂഹത്തിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. അവര്‍ കേവലം ഏതെങ്കിലും ഒരു കാര്യത്തിന് ശേഷി കുറഞ്ഞവരാണെങ്കിലും വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന മറ്റു ധാരാളം ശേഷികള്‍ അവര്‍ക്കുണ്ട്. അത് തിരിച്ചറിഞ്ഞ് അതിനെ പൂര്‍ണമായി പ്രോത്സാഹിപ്പിച്ച് അവരെ ധീരരാക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാവേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ.്
ശൈശവാവസ്ഥയിലുള്ള തിരിച്ചറിയല്‍
പലപ്പോഴും ഭിന്നശേഷിക്കാര്‍ കൂടുതലും ഉണ്ടാവുന്നത് നിരക്ഷരരുടെയോ ദരിദ്രരുടെയോ ഇടയിലാണ്. ഇതിന്റെ പ്രധാന കാരണം അജ്ഞതയും ചികില്‍സയില്ലായ്മയുമാണ്. അതുകൊണ്ടുതന്നെ ഗര്‍ഭിണികളെയും കുടുംബാംഗങ്ങളെയും സാംസ്‌കാരിക സാമൂഹിക കൂട്ടായ്മകളിലൂടെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് വേണ്ട ആരോഗ്യ പരിരക്ഷ നല്‍കുകയും ചെയ്യേണ്ടതുണ്ട്. കൃത്യമായ ചികിത്സയും നേരത്തെയുള്ള തിരിച്ചറിയലും വൈകല്യങ്ങളെ ശൈശവാവസ്ഥയില്‍ തന്നെ കണ്ടുപിടിച്ചു മാറ്റുന്നതിനു സഹായിക്കുന്നു.
രണ്ടാമത്, വിദ്യാഭ്യാസമാണ്. പലപ്പോഴും നാം ഇത്തരം അവശതകള്‍ അനുഭവിക്കുന്നവരെ മറ്റു കുട്ടികളുടെ കൂടെ വിദ്യാഭ്യാസം ചെയ്യിക്കാറുണ്ട്. എന്നാല്‍ ശാരീരികമാനസിക വൈകല്യം, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് എന്നിവ ഒരു പരിമിതിയാണെന്ന് തിരിച്ചറിഞ്ഞ,് പരിമിതികള്‍ ഇല്ലാത്തവരോട് തുല്യരാക്കുന്നതിന് പകരം ഇത്തരത്തിലുള്ളവര്‍ക്ക് വേണ്ട സവിശേഷമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ,് അതിനനുയോജ്യമായ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം നടത്താനുള്ള സൗകര്യമുണ്ടാക്കുകയാണ് വേണ്ടത്. ഓരോരുത്തരുടെയും വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായ വിദ്യാഭ്യാസം നല്‍കി മറ്റുള്ളവരെപ്പോലെ ഉയര്‍ത്തുമ്പോഴാണ് തുല്യത എന്ന സങ്കല്‍പത്തില്‍ നമ്മള്‍ എത്തുന്നത്.ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തില്‍ സംയോജിത വിദ്യാഭ്യാസം എന്നത് ഒരുമിച്ചു പഠിപ്പിക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കുക എന്നത് മാത്രമായി മാറുന്നു. ഇത്തരം കുട്ടികള്‍ക്ക് സവിശേഷ ശ്രദ്ധ കൊടുത്ത് അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്ന സംവിധാനങ്ങള്‍ ഇപ്പോഴും ഇല്ല. വൈകല്യമുള്ളവരുടെ വ്യത്യസ്ത ഡാറ്റ ബാങ്കുകള്‍ പഞ്ചായത്തുതലത്തില്‍ തയാറാക്കി അതിനനുസരിച്ച വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് ജീവിക്കാനുള്ള അത്താണി ഉണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
തൊഴില്‍ പരിശീലനങ്ങള്‍
തൊഴില്‍ പരിശീലനങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടതാണ്. ഏതെങ്കിലും ഒരു അവയവത്തിന് തകരാറുകള്‍ ഉള്ള ആളുകള്‍ക്ക് ധാരാളം കഴിവുകള്‍ മറ്റു അവയവങ്ങളിലൂടെ സ്വായത്തമാവുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള പരിശീലന സൗകര്യങ്ങള്‍ നല്‍കാനുള്ള കേന്ദ്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതാണ്. തൊഴില്‍ സംവരണവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈയടുത്ത് 40 ശതമാനത്തിന് മുകളില്‍ വൈകല്യമുള്ളവര്‍ക്കുള്ള സംവരണ സീറ്റുകള്‍ മൂന്നു ശതമാനത്തില്‍ നിന്ന് 5% ആയി ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള എല്ലാ നടപടികളും ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. 40 ശതമാനത്തിന് മുകളില്‍ വൈകല്യമുള്ളവര്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 356 തസ്തികകളുടെ പട്ടിക വിജ്ഞാപനം ചെയ്തിട്ടുണ്ട്. വികലാംഗര്‍ക്ക് യുനീക് ഐഡന്റിറ്റി കാര്‍ഡ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം 715 ജില്ലകളിലായി 70 ലക്ഷത്തോളം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച് എല്ലാ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും ഒരു പോര്‍ട്ടലില്‍ ചേര്‍ത്ത് ഡിജിറ്റലൈസ് ചെയ്യാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്.
പൊതു ഇടങ്ങള്‍
ഭിന്നശേഷി സൗഹൃദമാക്കുക
ആക്‌സസബ്ള്‍ ഇന്ത്യ ക്യാമ്പയിന്‍ പ്രധാനമന്ത്രി 2015 ഡിസംബര്‍ മൂന്നിന് ഉദ്ഘാടനം ചെയ്തു. മിക്ക സംസ്ഥാനങ്ങളിലും ഇതിനുമുമ്പ് പൊതു ഇടങ്ങള്‍, പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവയൊന്നും വികലാംഗ സൗഹൃദമായിരുന്നില്ല. എന്നാല്‍, ഇന്ന് ഭിന്നശേഷി സൗഹൃദ സാഹചര്യം ഉണ്ടാകുന്നത് നിയമത്താല്‍ കര്‍ക്കശമാക്കിയതുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ എല്ലാ പൊതു ഇടങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പോലും സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലുകള്‍ മൂലം വലിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്. ഇത് പരിപൂര്‍ണാര്‍ഥത്തില്‍ വിജയിക്കണമെങ്കില്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം നിര്‍ബന്ധമാണ്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി സന്നദ്ധ സംഘടനകള്‍ രൂപവല്‍ക്കരിച്ച് അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ്,
ആത്മവിശ്വാസം
ഇത്തരത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ സഹതാപവും കാരുണ്യവും നേടുകയോ ജീവിതത്തെ ശപിച്ച് ദുഃഖിച്ചിരിക്കുകയോ ആനുകൂല്യങ്ങള്‍ക്ക് കാത്തിരുന്ന് സമയം കളയുകയോ അമിത വാത്സല്യം നല്‍കി വഷളാക്കുകയോ ചെയ്യരുത്. പകരം അവര്‍ക്കു വേണ്ട ജീവിത മാര്‍ഗങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങുക. ഇത്തരത്തില്‍ പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയ ധാരാളം ആളുകളുണ്ട്. ഭിന്നശേഷിക്കാരായ അവരുടെ കുട്ടികള്‍ നല്ല നിലയില്‍ ജീവിച്ചുവരുന്നു. എല്ലാം നേടാനുള്ള വെപ്രാളമല്ല, തന്റെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് അവയെ എങ്ങനെ ജീവിത വിജയത്തിന് ഉപയുക്തമാക്കാം എന്ന് ദൃഢനിശ്ചയം ചെയ്യുമ്പോഴാണ് വിജയം നമ്മിലേക്ക് കടന്നുവരുന്നത്. അപ്പോഴാണ് തുല്യത, നീതി എന്നിവ പുലരുന്നത്.